നെല്‍പ്പാടങ്ങള്‍ മിത്രകീടങ്ങള്‍ക്ക് വാസസ്ഥലം
നെല്‍പ്പാടങ്ങള്‍ മിത്രകീടങ്ങള്‍ക്ക് വാസസ്ഥലം
Saturday, May 14, 2022 3:06 PM IST
പരിസ്ഥിതിയെ മലിനമാക്കാത്തതും എന്നാല്‍, സുരക്ഷിത ഭക്ഷണം ഉറപ്പാക്കുന്നതുമായ കൃഷിരീതികള്‍ക്കാണ് ഇപ്പോള്‍ ഊന്നല്‍ കൊടുക്കുന്നത്. അതുകൊണ്ടുതന്നെ പ്രകൃതി വിഭവങ്ങളെ ഉപയോഗപെടുത്തുന്ന കൃഷി രീതികളോടുള്ള ആഭിമുഖ്യവും ഏറി വരുന്നുണ്ട്. ഇതു പ്രകൃതിയോട് ഇണങ്ങു ന്നതിനും, അതിലെ വൈവിധ്യം സംരക്ഷിക്കപെടുന്നതിനും സഹായകമാകും.

ജന്തുജാലങ്ങളിലെ വൈവിധ്യം ഏറെ പ്രയോജനകരമാകുന്നതു കീട നിയന്ത്രണ ത്തിനാണ്. വിളകളെ ആക്രമിക്കുന്ന കീടങ്ങളുടെ വര്‍ധനവ് തടയാന്‍ കൃഷിയിട ങ്ങളിലെ തന്നെ മിത്രകീടങ്ങള്‍ സഹായകമാകുന്നത് ജൈവിക കീടനിയന്ത്രണത്തില്‍ സുപ്രധാനമാണ്. എല്ലാ കൃഷിയിടങ്ങളിലും ശത്രു-മിത്ര പ്രാണികള്‍ കണ്ടുവരുന്നു ണ്ടെങ്കിലും നെല്‍പാടങ്ങളിലാണ് മിത്രപ്രാണികളിലെ വൈവിധ്യം ഏറെയുള്ളത്.

മിത്രകീടങ്ങളിലെ പരാദങ്ങളും ഇരപിടിയന്മാരും ജൈവിക കീടനിയന്ത്രണത്തില്‍ മുഖ്യപങ്കു വഹിക്കുന്നു. പരാദങ്ങള്‍ കീടങ്ങളുടെ വളര്‍ച്ച ഘട്ടങ്ങളെ ആക്രമിക്കു മ്പോള്‍, ഇരപിടിയന്മാര്‍ അഥവാ പരഭോജികള്‍ കീടങ്ങളെ മുഴുവനായും തിന്നു തീര്‍ക്കുന്നു. പരാദങ്ങള്‍ ചെറുപ്രാണികളായതിനാല്‍ കൃഷിയിടങ്ങളിലെ അവയുടെ സാനിധ്യം പെട്ടെന്ന് മനസിലാക്കാനാവില്ല. എന്നാല്‍, ഇരപിടിയമാരെ, പ്രത്യേകിച്ചു നെല്‍വയലുകളില്‍ കണ്ടു വരുന്നവയെ എളുപ്പം തിരിച്ചറിയാം. അവയില്‍ പ്രധാനപ്പെട്ടവ ചുവടെ.

ചിലന്തികള്‍

നെല്‍വയലുകളിലെ പ്രധാന ഇരപിടിയന്മാരാണ് ചിലന്തികള്‍. വലകള്‍ നെയ്തും അല്ലാതെയും കീടങ്ങളെ വരുതിയിലാക്കുന്നു. ശരാശരി മൂന്നു മുതല്‍ നാല് മാസം വരെ ദൈര്‍ഘ്യമുള്ള ജീവിത ചക്രത്തില്‍ പെണ്‍ ചിലന്തികള്‍ 200 മുതല്‍ 800 മുട്ടകള്‍ വരെ ഇടുന്നു. അഞ്ചു മുതല്‍ പതിനഞ്ചു കീടങ്ങളെ വരെ ഒരു ദിവസം ഭക്ഷണമാക്കാന്‍ ഇവയ്ക്കു കഴിയും.

ഇലകളില്‍ കാലുകള്‍ നീട്ടിയിരിക്കുന്ന തരത്തില്‍ കാണപ്പെടുന്ന വലിയ വായന്‍ ചിലന്തിയും, വൃത്താകൃതിയില്‍ നിറങ്ങളോടു കൂടിയ വലകള്‍ നിര്‍മിക്കുന്ന തുന്നല്‍ക്കാരന്‍ ചിലന്തിയും ഇക്കൂട്ടത്തില്‍ പ്രധാനികളാണ്. കൂടാതെ ചട്ടക്കാരന്‍ ചിലന്തികള്‍, ലൈക്കോസ ചിലന്തികള്‍ എന്നിങ്ങനെയുള്ള വിവിധയിനം ചിലന്തികളും നെല്‍വയലുകളില്‍ കണ്ടുവരുന്നു. പച്ചത്തുള്ളന്‍മാരെയും, ശലഭ കീടങ്ങളെയും മറ്റു ചെറുപ്രാണികളെയും ഇവ ഭക്ഷിക്കുന്നു.

തുമ്പികള്‍

നെല്‍ച്ചെടികളുടെ മുകളിലൂടെ പറന്നു നടക്കുന്ന തുമ്പികള്‍ ചെറുപ്രാണികളെ ഭക്ഷണമാക്കുന്നു. പ്രധാന വിഭാഗങ്ങളായ ഡ്രാഗണ്‍ തുമ്പികളും (വലുത്), ഡാംസല്‍ തുമ്പികളും (ചെറുത്) കീടനിയന്ത്രണത്തിന് സഹായകമാണ്. ഇവയുടെ ചെറുദശകള്‍ (ലാര്‍വകള്‍) വെള്ളത്തിലാണ് കാണപ്പെടുന്നത്. അതുകൊണ്ടുതന്നെ വെള്ളത്തില്‍ വീഴുന്ന ചെറുകീടങ്ങളെ ഇവയും ഭക്ഷണമാക്കുന്നു.


ചാഴികള്‍

ചാഴികളെ പൊതുവെ ശത്രു കീടങ്ങളായാണു കരുതുന്നതെങ്കിലും ഇവയില്‍ ചിലത് മിത്രപ്രാണികളാണ്. നെല്ലിലെ നീരൂറ്റിക്കുടിക്കുന്ന കീടമായ മുഞ്ഞയുടെ മുഖ്യശത്രുവാണു മിറിഡ് ചാഴികള്‍. മുഞ്ഞയുടെ മുട്ടകളെയും ചെറുദശകളെയും ഇവ ആക്രമിച്ചു നീരൂറ്റിക്കുടിക്കുന്നു. ഒരു ദിവസത്തില്‍ മുഞ്ഞയുടെ പത്തോളം മുട്ടകളെയും അഞ്ചോളം ചെറുദശകളെയും ഇവ ഭക്ഷിക്കുന്നു. ശരീരഭാഗങ്ങള്‍ക്ക് പച്ചനിറവും തലഭാഗത്തിന് കറുപ്പ് നിറവുമായിരിക്കും. ഇവയെ മുഞ്ഞയുടെ ചെറുദശകളോടൊപ്പം നെല്ലിന്റെ കട ഭാഗത്തു ധാരാളമായി കണ്ടുവരുന്നു.

വണ്ടുകള്‍

നെല്ലിലെ ഓലചുരുട്ടിയുടെ പ്രധാന ശത്രുവാണു തറവണ്ടുകള്‍. ഇലമടക്കുകള്‍ക്കുള്ളില്‍ നിന്ന് തന്നെ ചെറുപുഴുക്കളെ കണ്ടെത്തി ആക്രമിക്കുന്ന ഈ മിത്രപ്രാണികള്‍, ഒരു ദിവസത്തില്‍ മൂന്ന് മുതല്‍ അഞ്ചു പുഴുക്കളെ വരെ തിന്നും. 'കരാബിഡേ' എന്ന കുടുംബത്തിലാണ് ഇവര്‍ ഉള്‍പ്പെടുന്നത്. 'ഒഫിയോണിയ' ജനുസില്‍പ്പെടുന്ന തറവണ്ടുകളാണു നെല്‍വയലുകളില്‍ ധാരാളമായി കണ്ടുവരുന്നത്. ഓലചുരുട്ടി പുഴുക്കള്‍ക്കു പുറമേ ചാഴിയുടെ മുട്ടകളെയും ഇവ ആക്രമിക്കും.

തറവണ്ടുകള്‍ക്ക് പുറമേ ആമവണ്ടുകളും നെല്‍പ്പാടങ്ങളില്‍ സുലഭമാണ്. 'കോക്‌സിനെല്ലിഡേ' എന്ന കുടുംബത്തില്‍പ്പെട്ട ഇവ നീരൂറ്റിക്കുടിക്കുന്നതും, മൃദുശരീരമുള്ളതുമായ കീടങ്ങള്‍ക്ക് ഭീഷണിയാണ്. ഇവ പകല്‍ സമയത്തു നെല്ലോലകളിലൂടെ സഞ്ചരിക്കും. പൂര്‍ണ വളച്ചയെത്തിയ വണ്ടുകളും ലാര്‍വല്‍ ദശകളും മികച്ച ഇരപിടിയന്മാരാണ്.

അനാവശ്യ കീടനാശിനി പ്രയോഗം ഒഴിവാക്കുന്നതും കൃഷിയിടം വൈവിധ്യപൂര്‍ണമാക്കുന്നതും മിത്രകീടങ്ങള്‍ക്ക് ഗുണകരമാണ്.

ഡോ. ജ്യോതി സാറാ ജേക്കബ്
അസി. പ്രഫസര്‍, നെല്ല് ഗവേഷണ കേന്ദ്രം, മങ്കൊമ്പ്