പിന്നീട് മണ്ണ് അടിയിൽ വരത്തക്കവിധം വെള്ളം ഒഴിക്കും.12 മണിക്കുറിനു ശേഷം വിത്തോ ചെടികളോ നടും. ഇതിനുശേഷം മണ്ണിന് അനക്കം തട്ടാതെ പാത്രം നിറയെ വെള്ളം ഒഴിക്കും. താമരയും ആന്പലും നടുന്നതിനു മുന്പു വെള്ളം ഒഴിച്ച് ഒരാഴ്ചയോളം അനക്കാതെ വയ്ക്കുന്ന രീതിയുമുണ്ട്.
എട്ടാം ദിവസമാണ് നടീൽ. കീഴങ്ങ് നട്ടു കഴിഞ്ഞു വെള്ളം കലങ്ങാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ആന്പലുകളുടെയും നടീൽ ഇതേ രീതിയിലാണെങ്കിലും രാവിലെ നടീൽ പാത്രം ഒരുക്കി വൈകിട്ടു നടുന്ന രീതിയാണു ലതിക സുധൻ സ്വീകരിച്ചിരിക്കുന്നത്. നടുന്പോൾ കിഴങ്ങിന്‍റെ 80 ശതമാനവും മണ്ണിനടിയിലാകണം.
വർഷക്കാലത്ത് പൊതുവേ പൂക്കൾ കുറവായിരിക്കും. സൂര്യപ്രകാശം കുറഞ്ഞാലും പൂക്കൾ കുറയും. രോഗകീടബാധകൾ കുറവാണ്. എന്നാൽ വല്ലപ്പോഴും കാണപ്പെടുന്ന മുഞ്ഞയെ കൈകൊണ്ട് നശിപ്പിക്കണം. അഴുകിയ ഇലകൾ മാറ്റിക്കളയണം.
തണ്ടുകൾ വെള്ളത്തിനടിയിൽ വച്ച് മുറിച്ചു മാറ്റരുത്. തണ്ടിലൂടെ വെള്ളം ഇറങ്ങി ചെടികൾ നശിക്കാൻ സാധ്യതയുണ്ട്. താമരയുടെ തൈകളേക്കാൾ കിഴങ്ങുകൾ നടുന്നതാണു നല്ലത്. ആദ്യമുണ്ടാകുന്ന മുട്ടുകൾ ചെറുതായിരിക്കും. പിന്നീടാണ് സാധാരണ വലിപ്പത്തിലേക്ക് എത്തുന്നത്. പൂക്കൾ കുറഞ്ഞാൽ അല്പം ഡി.എ.പിയോ എൻ.പി.കെ യോ കീഴികെട്ടി പാത്രത്തിൽ വച്ച് കൊടുത്താൽ മതി.
ബിഗോണിയ, ഫേണുകൾ, അഡീനിയം, ഓർക്കിഡ്, വിവിധതരം വള്ളിച്ചെടികൾ, കുറ്റിച്ചെടികൾ തുടങ്ങിയവയുടെ വിപുലമായ ശേഖരവും ലതിക സുധനുണ്ട്. ചെടികൾ നനയ്ക്കുന്നതോടൊപ്പമാണ് താമര, ആന്പൽ പാത്രങ്ങളിലും വെള്ളം ഒഴിക്കുന്നത്.
പാത്രം കവിഞ്ഞ് പുറത്തേയ്ക്കു പോകുന്നതു വരെ ആഴ്ചയിൽ മൂന്നു ദിവസം നനയ്ക്കും. കടുത്ത വേനലിൽ നന ദിവസവും ഉണ്ട്. താമര നടുന്നപോലെ സഹസ്രദളപദ്മം നട്ടാൽ പൂക്കൾ ഉണ്ടായെന്നു വരില്ല. കാരണം ഇതിനു വളരാൻ കൂടുതൽ സ്ഥലം ആവശ്യമാണ്.
രണ്ടടി ഉയരവും നീളവും വീതിയുമുള്ള ടാങ്കിൽ പത്ത് കിലോ പോട്ടിംഗ് മിശ്രിതവും ടാങ്കിന്‍റെ മുക്കാൽ ഭാഗത്തോളം അരിച്ചെടുത്ത മണ്ണും ഇട്ടു വെള്ളം നിറച്ചു നടുന്നതാണ് ഉത്തമം. വിത്ത് പാകി മുളച്ചു തുടങ്ങിയാൽ രണ്ട് മാസത്തിനകം പുഷ്പിക്കും. നല്ല സൂര്യപ്രകാശം അത്യാവശ്യമാണ്.
കുറഞ്ഞത് 40 പൂക്കൾ വരെ ഒരു വർഷം ഉണ്ടാകും. രണ്ട് മാസത്തിനുള്ളിൽ പൂമുട്ട് ഉണ്ടായില്ലങ്കിൽ പറിച്ചു കിഴങ്ങ് മാത്രം വിസ്താരമുള്ള മറ്റൊരു പാത്രത്തിൽ വീണ്ടും നടണം. എട്ട് മാസം വളർച്ചയെത്തിയ ചെടികളിൽ വിത്ത് കിഴങ്ങുകൾ ഉണ്ടായിട്ടുണ്ടാകും.
ചെടിക്കു കോട്ടം തട്ടാതെ കിഴങ്ങുകൾ അടർത്തിയെടുത്തു പുതിയ തൈകൾ ഉണ്ടാക്കാം. വിത്ത് പാകി മുളപ്പിച്ചെടുക്കാൻ ബുദ്ധിമുട്ടാണെങ്കിലും അഖില ഇനത്തിന്‍റെ വിത്ത് പാകി ലതിക കുറെ തൈകൾ ഉണ്ടാക്കിയെടുത്തിട്ടുണ്ട്.
പരാഗണത്തിലൂടെ വിവിധ ഇനങ്ങളിലുടെ ഗുണങ്ങൾ വിത്തിലേക്ക് പ്രവേശിച്ചതിനാൽ എല്ലാ തൈകളും പുതിയ ഇനങ്ങളായി. അതിൽ മികച്ചത് മാത്രം നിലനിർത്തി. ചെടിയുടെ ചുവട്ടിലുണ്ടാകുന്ന വിത്ത് കിഴങ്ങുകളാണ് വില്പന നടത്തുന്നത്. അതിന് മാതൃചെടിയുടെ എല്ലാ ഗുണങ്ങളുമുണ്ടാകും.
വില്പന എല്ലാ ഇനം ചെടികളും നേരിട്ടു കണ്ടു വാങ്ങുന്നവരാണു മിക്കവരും. താമരയും ആന്പലും കൊറിയർ വഴി ആവശ്യക്കാർക്ക് ഇന്ത്യയിലെവിടെയും എത്തിച്ചു കൊടുക്കും. താമരയുടെ വിത്ത് കിഴങ്ങുകളാണു നൽകുന്നത്. ഒന്നിന് കുറഞ്ഞ വില 150 രൂപയാണ്.
ഇനം അനുസരിച്ച് വിലയിൽ ഏറ്റക്കുറിച്ചിലുണ്ടാകും. ചിലതിന് മോഹവിലയാണ്. ഓരോ വർഷവും വ്യത്യസ്ത ഇനങ്ങൾക്കാണ് ഡിമാൻഡ്. എന്നാൽ ആന്പലിന്‍റെ പൂവോടുകൂടിയ ഒരു തൈയ്ക്ക് 200 രൂപയാണ് ഓണ്‍ലൈൻ വില. ഈർപ്പ സംരക്ഷണം നൽകി പ്രത്യേകം പായ്ക്ക് ചെയ്താണ് അയയ്ക്കുന്നത്.
ഒന്നര ഏക്കറോളം വരുന്ന സ്ഥലത്ത് തെങ്ങു കൃഷിയുമുണ്ട്. നാളികേരത്തിൽ നിന്ന് വെന്ത വെളിച്ചെണ്ണ ഉണ്ടാക്കി വില്പന നടത്തുന്നുമുണ്ട്. ജാതി, വാഴ, മഞ്ഞൾ, ഇഞ്ചി, പച്ചക്കറികൾ തുടങ്ങിയവയുമുണ്ട്. കൃഷിയുടെ മേൽനോട്ടം ഭർത്താവ് സുധനാണ്. 22 -ാം വയസു മുതൽ 57 വരെ ഖത്തറിലെ ഗ്യാസ് കന്പനിയിലായിരുന്നു അദ്ദേഹം.
കലാരംഗത്തും മികവ് തെളിയിച്ച കുടുംബിനിയാണ് ലതിക. വീണ വായനയിൽ സജീവം. അന്പത്തൊന്നാം വയസിൽ ആഗ്രഹം തോന്നി ശാസ്ത്രീയ സംഗീതം പഠിച്ചുകൊണ്ടിരിക്കുന്നു. രണ്ട് പെണ്‍മക്കൾ. മൂത്തയാൾ ശ്രീലക്ഷ്മി എംബിബിഎസ് വിദ്യാർഥിനി. നർത്തകി കൂടിയായ ഇളയ മകൾ ശ്രുതി ലക്ഷ്മി ഫുഡ് സയൻസ് വിദ്യാർഥിനി.
ഫോണ്‍: 99955 45730.