കൃഷിയിടങ്ങളെയെല്ലാം പ്രളയത്തിൽ മുക്കി അടിച്ചുതകർക്കുന്ന ദുരന്തക്കാഴ്ച്ചകൾ സാധാരണയായിരിക്കുന്നു. കാലം തെറ്റിയുള്ള മഴയും ഭ്രാന്ത് പിടിച്ചതുപോലെ പേമാരിയും തുടർന്നു വരുന്ന പ്രളയവും കൊടും വരൾച്ചയുമൊക്കെ നിത്യ സംഭവങ്ങളായിരിക്കുന്നു.
ഇന്ത്യൻ കാലാവസ്ഥാഗവേഷണ കേന്ദ്രം 2016 മുതൽ നടത്തിയ പഠനത്തിൽ കേരളത്തിൽ തിരി മുറിയാതെ മഴപെയ്യും എന്ന് നാം കരുതുന്ന തിരുവാതിര ഞാറ്റുവേലക്കാലത്തിനു പോലും സ്ഥാനഭ്രംശം വന്നിരിക്കുന്നു.
വർഷപാതം പോലെ തന്നെ വരൾച്ചയും നമ്മുടെ കാർഷിക സ്വപ്നങ്ങളെ കരിച്ചുകളയാറുണ്ട്. ഇവിടെ മഴ വേണ്ടത്ര ലഭിക്കാത്തതാണ് ഭാരതപ്പുഴ പോലുള്ള വലിയ നദികൾ പോലും വറ്റിവരണ്ടുപോകാൻ കാരണം.
നെൽക്കൃഷിയെ മാത്രമല്ല അമിതമഴയും വരൾച്ചയും പ്രതികൂലമായി ബാധിക്കുക. തെങ്ങ്, കുമുക്, വാഴ, സുഗന്ധവ്യഞ്ജന വിളകൾ. കൊക്കോ, കാപ്പി തുടങ്ങി നിരവധി വിളകൾക്ക് ഇത് ദോഷകരമാണ്.
കൊയ്ത്തുത്സവങ്ങൾ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങൾക്കും തങ്ങളുടേതായ കൊയ്ത്തുത്സവങ്ങളും കൂടിച്ചേരലുകളുമുണ്ട്. വിവിധ പേരുകളിലാണ് ഇവ അറിയപ്പെടുന്നതെങ്കിലും കർഷകന്റെ അറയും മനവും നിറയുന്ന വിളവെടുപ്പുകാലമാണ് ഇവയുടെയെല്ലാം ആഘോഷ സമയം.
മലയാളക്കരയിൽ ഓണമാണ് കൊയ്ത്തുത്സവമെങ്കിൽ ഇതര സംസ്ഥാനങ്ങളിൽ ഇങ്ങനെയാണ്.
പൊങ്കൽ നാലു ദിവസം നീണ്ടു നിൽക്കുന്ന പൊങ്കൽ തമിഴ്നാട്ടിലെ കൊയ്ത്തുത്സവമാണ്. നിറവിളവിന് നന്ദിസൂചകമായാണ് പൊങ്കൽ ആഘോഷിക്കുന്നത്. എല്ലാവർഷവും ജനുവരി മാസമാണ് പൊങ്കൽ ആഘോഷം.
ലോഹറി പരന്പരാഗത നൃത്ത-സംഗീതങ്ങളുടെ അകന്പടിയോടെ ആഘോഷിക്കുന്ന ലോഹറി പഞ്ചാബിലെ വിളവെടുപ്പുത്സവമാണ്. ശീതകാലം അവസാനിക്കുകയും സൂര്യൻ ഉത്തരധ്രുവത്തിലേക്ക് മടങ്ങിയെത്തുകയും ചെയ്യുന്നതിന്റെ സൂചകം കൂടിയാണ് ലോഹറി.
ധാന്യങ്ങളുടെയും ചോളത്തിന്റെയും കരിന്പിന്റെയുമൊക്കെ വിളവെടുപ്പ് ആഘോഷിക്കുന്ന വേളയാണിത്.
ബൈശാഖി നിറവിളവു തന്നെ ശക്തിക്ക് നന്ദി പറയാൻ പഞ്ചാബിലും ഹരിയാനയിലും ആഘോഷിക്കുന്ന വിളവെടുപ്പുത്സവമാണ് ബൈശാഖി/വൈശാഖി. കടും നിറമുള്ള വസ്ത്രങ്ങളണിഞ്ഞ് ആട്ടവും പാട്ടുമായി ജനങ്ങൾ ഇതിൽ പങ്കുചേരുന്നു.
പുരുഷൻമാർ ഈയവസരത്തിൽ ഭംഗ്ര നൃത്തം ചവിട്ടുന്പോൾ സ്ത്രീകളാകട്ടെ ജനപ്രിയ നാടോടി നൃത്തമായ ഗിദ്ദയാണ് ചെയ്യുക.
ബോഹഗ് ബിഗു എല്ലാ വർഷവും ഏപ്രിൽ മാസം ആസാമിലെ ജനങ്ങളാണ് ബോഹഗ് ബിഹു എന്ന വിളവെടുപ്പുത്സവം ആഘോഷിക്കുന്നത്. ആസാമിലെ പുതിയ വർഷത്തിന്റെ തുടക്കം കൂടെയാണിത്.
വൈക്കോലും കൊണ്ട് കെട്ടിപ്പൊക്കുന്ന വൻകൂടാരങ്ങൾക്ക് തീവയ്ക്കുക, ആകർഷകമായ വസ്ത്രങ്ങൾ ധരിച്ച വനിതകൾ ഗാനമാലപിക്കുകയും നൃത്തം ചവിട്ടുകയും ചെയ്യുക, ബിഹു നൃത്തം നടത്തുക, കാളപോരും കോഴിപ്പോരും സംഘടിപ്പിക്കുക, തുടങ്ങിയവയാണ് ഇതിന്റെ പ്രധാന ആകർഷണം.
നബന്ന പശ്ചിമബംഗാളിലെ വിളവെടുപ്പുത്സവം പുതുതായി വിളവെടുക്കുന്ന നെല്ല് അത്യാഹ്ലാദത്തോടെ ആഘോഷപൂർവം വീടുകളിൽ സംഭരിക്കുന്നതാണ് ഇതിന്റെ പ്രത്യേകത.
വിളവെടുക്കുന്ന ധാന്യം ആദ്യം ലക്ഷമീദേവിക്ക് സമർപ്പിക്കുക ആണ് കർഷകർ ചെയ്യുക. നബാന്ന ഉത്സവവും പുതിയ അരി കൊണ്ട് തയാറാക്കുന്ന പായസത്തിന്റെ വിതരണവുമാണ് പ്രധാനം.
നുവാഖായ് പുതിയ ഭക്ഷണം എന്നാണ് നുവാഖായ് എന്ന വാക്കിനർഥം. ഒറീസയിലെ വിളവെടുപ്പുത്സവമാണ് നുവാഖായ്. മുട്ടയും അരിപ്പൊടിയും ചേർത്തുണ്ടാക്കുന്ന മധുര പലഹാരമാണ് ആഘോഷത്തിലെ മുഖ്യവിഭവം.
വങ്കാല മഞ്ഞുകാലത്തിന്റെ വരവ് വിളിച്ചറിയിക്കുന്ന മേഖാലയത്തിലെയും ആസാമിലെയും കൊയ്ത്തുത്സവമാണ് വങ്കാല. തെക്കുകിഴക്കൻ ഇന്ത്യയിലെ ഗാരോ ആദിവാസികൾ 100 ചെണ്ടകൾ കൊട്ടിയാണ് ഇതാഘോഷിക്കുന്നത്.
സാമൂഹിക ബന്ധം കുടുംബങ്ങൾക്കും സമൂഹങ്ങൾക്കും ഒരുമിച്ച് ഒരേ വേദിയിൽ വരാനുള്ള അപൂർവ അവസരമാണ് ഓരോ കൊയ്ത്തുത്സവവും നൽകുന്നത്.
ഇങ്ങനെ ഒത്തുചേരുന്നവർ ഒരുമയോടെ നൃത്ത-സംഗീതങ്ങളിൽ ഏർപ്പെടുകയും സദ്യകൾ നടത്തുകയും പൂജാസംബന്ധിയായ ചടങ്ങുകൾ നടത്തുകയും ചെയ്യുന്നു.
ഇത് ഒരർഥത്തിൽ ഇവരുടെ സാമൂഹിക ബന്ധം ശക്തിപ്പെടുത്തുകയാണ് ചെയ്യുന്നത്.
സാന്പത്തിക സ്വാധീനം എല്ലാ കൊയ്ത്തുത്സവങ്ങൾക്കും നിർണായകമായ സാന്പത്തിക വിവക്ഷയുമുണ്ട്. കൊയ്ത്തുകാലത്തെ വിളപ്പൊലിമ, ഭക്ഷ്യസുരക്ഷയ്ക്ക് ശക്തി പകരുന്നു എന്നു മാത്രമല്ല, നാടിന്റെ സാന്പത്തികസ്ഥിതിയെ അനുകൂലമായി സ്വാധീനിക്കുകയും ചെയ്യുന്നു.
ഇക്കാലത്ത് വിപണികളും വിപണനവും സജീവമാകുന്നതുകൊണ്ടുതന്നെ സാന്പത്തിക മേന്മയും സുരക്ഷയും ഉറപ്പാക്കാനും സാധിക്കുന്നു.
കാലികമായ പരിവർത്തനം കൊയ്ത്തുത്സവങ്ങളെല്ലാം തന്നെ കാലികമായ പരിവർത്തനത്തിന്റെ സൂചകങ്ങളാണ്. പ്രത്യേകിച്ച് ശൈത്യകാലത്തു നിന്ന് വസന്തകാലത്തേക്കുള്ള ചുവടുമാറ്റത്തിന്റെ പ്രതീകങ്ങൾ. ഈ പരിവർത്തനത്തിന് കാർഷികവും കാലാവസ്ഥാപരവുമായ സ്വാധീനങ്ങളുണ്ട്.
കൊയ്ത്തുത്സവങ്ങൾ ആഘോഷിക്കുന്നതിലൂടെ മാറിവരുന്ന കാലത്തെ സ്വാഗതം ചെയ്യാനും അത് മുന്നോട്ടു വയ്ക്കുന്ന പ്രതിസന്ധികളെയും അവസരങ്ങളെയും ഒരേ മനസോടെ അഭിമുഖീകരിക്കാനും അവസരമുണ്ടാകുന്നു.
മതപരമായ പ്രാധാന്യം ഒട്ടുമിക്ക കൊയ്ത്തുത്സവങ്ങൾക്കും മതപരമായ അർഥങ്ങളുണ്ട്. അതുകൊണ്ടാണ് വിവിധ ജനവിഭാഗങ്ങൾ അവരുടെ പ്രാദേശികമായ വിശ്വാസത്തിനും രീതികൾക്കുമനുസൃതമായി കൃഷിയുമായി ഇതിനെ ബന്ധപ്പെടുത്തിയിരിക്കുന്നത്.
ഫോണ്: 9446306909