മഴയും വെയിലും കൊണ്ട് മാലിന്യ ചാക്കുകള്‍ വീണ്ടും റോഡരികില്‍
1565503
Saturday, June 7, 2025 5:33 AM IST
കോഴിക്കോട്: ഹരിത കര്‍മ്മ സേന വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ശേഖരിക്കുന്ന മാലിന്യ ചാക്കുകെട്ടുകള്‍ വീണ്ടും റോഡരികില്‍ ചീഞ്ഞുനാറുന്നു.
പലയിടത്തും ചാക്കുകെട്ടുകള്‍ മഴയും വെയിലും കൊണ്ട് ദുര്‍ഗന്ധം പരത്തി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൂമ്പാരമായിരിക്കുകയാണ്. മഴ ശക്തമായതോടെ പലയിടത്തും ഇതില്‍ നിന്നും ഒലിച്ചിറങ്ങുന്ന ദുര്‍ഗന്ധം വമിക്കുന്ന വെള്ളം ചവിട്ടിവേണം വിദ്യാര്‍ഥികളും പ്രായമായവരുമടക്കം നഗരത്തിലെ പ്രധാന റോഡുകളിലൂടെ പോലും യാത്ര ചെയ്യാന്‍.
നഗരമധ്യത്തില്‍ ടൗണ്‍ ഹാള്‍ റോഡിന് സമീപം മാലിന്യം ശേഖരിക്കാനായി രണ്ടു കണ്ടെയ്നറിനുകള് സ്ഥാപിച്ചിട്ടുണ്ടെങ്കിലും കണ്ടെയ്നറിന് പിന്‍വശത്തായി മാലിന്യചാക്കുകള്‍ കൂടികിടക്കുന്ന അവസ്ഥയാണ്. കാരപ്പറമ്പ്, സിവില്‍ സ്റ്റേഷന്, കല്ലായി, കോതി, മാറാട്, ബേപ്പൂര്‍ ഗ്വോതീശ്വരം തുടങ്ങി പലയിടത്തും ഇത്തരത്തില്‍ മാലിന്യചാക്കുകള്‍ കൂടികിടക്കുകയാണ്.
ഇതോടെ പേവിഷബാധ മരണങ്ങള് അടക്കം ജില്ലയില്‍ തെരുവുനായ ശല്യം രൂക്ഷമാകുന്നതിനിടയിലാണ് ബന്ധപ്പെട്ട അധികൃതര്‍ തന്നെ ഇത്തരം അപകട സാഹചര്യങ്ങള്‍ ഉണ്ടാക്കുന്നതെന്ന രൂക്ഷ വിമര്‍ശനവും ഉയരുന്നുണ്ട്.
കൂടാതെ പനി, മഞ്ഞപിത്തം, ഡെങ്കിപ്പനി, കൊവിഡ് തുടങ്ങിയ കേസുകള്‍ കൂടുന്ന സാഹചര്യത്തിലാണ് കോര്‍പറേഷന്റെ നിരുത്തരവാദപരമായ സമീപനം. അതേസമയം നഗരത്തിലെ പല പ്രധാന റോഡുകള്‍ക്ക് വശങ്ങളിലും നടപ്പാതയോട് ചേര്‍ന്നും ഒറ്റപ്പെട്ട ചാക്കുകളില്‍ മാലിന്യം നിക്ഷേപ്പിക്കുന്ന സ്ഥിതിയുമുണ്ട്.
വസ്ത്രങ്ങള്‍, പ്ലാസ്റ്റിക് കവറുകള്‍, ഭക്ഷണ അവശിഷ്ടങ്ങള്‍ എന്നിവയാണ് പല ചാക്കുകളിലുമുള്ളത്. ചാലപ്പുറം മുതല്‍ മൂരിയാട് വരെയുള്ള ഭാഗങ്ങളില്‍ ഇന്റര്‍ലോക്ക് വിരിച്ച നടപ്പാതകള്‍ക്ക് സമീപവും ഇത്തരം ചാക്കുകള്‍ കാണാം. റാം മോഹന്‍ റോഡിലെ ക്രൈംബ്രാഞ്ച് ഓഫീസിനു മുന്‍പിലും ഇത്തരത്തില്‍ ഉപേക്ഷിച്ച നിലയില്‍ വസ്ത്രങ്ങളടങ്ങിയ ചാക്കുകള്‍ ഉണ്ട്.