കാറ്റും മഴയും: നഷ്ടങ്ങളുടെ കണക്കെടുപ്പ് തുടരുന്നു ; എഴുപതിലധികം വീടുകൾ നശിച്ചു
1436949
Thursday, July 18, 2024 2:50 AM IST
പത്തനംതിട്ട: കഴിഞ്ഞദിവസങ്ങളിലുണ്ടായ കാറ്റിലും മഴയിലും ജില്ലയിൽ ഉണ്ടായ നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് റവന്യു, കൃഷി വകുപ്പുകളുടെ ചുമതലയിൽ തുടരുന്നു. എഴുപതിലധികം വീടുകൾക്ക് ഭാഗികമായ നഷ്ടം ഉണ്ടായെന്നാണ് കണക്കുകൾ.
മല്ലപ്പള്ളി, കോഴഞ്ചേരി, റാന്നി താലൂക്കുകളിലാണ് വീടുകൾക്ക് ഏറെയും നാശനഷ്ടം നേരിട്ടിരിക്കുന്നത്. മരങ്ങൾ കടപുഴകിയും ശിഖരങ്ങൾ ഒടിഞ്ഞുവീണുമാണ് നഷ്ടങ്ങളുണ്ടായത്. പല വീടുകളും നന്നാക്കിയെടുക്കാൻ കഴിയുന്ന സ്ഥിതിയിൽ അല്ലെന്നാണ് വിലയിരുത്തൽ. മഴയ്ക്കൊപ്പമുണ്ടായ കാറ്റിലാണ് നാശനഷ്ടങ്ങൾ ഏറെയുമുണ്ടായത്.
വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചില്ല
കഴിഞ്ഞദിവസങ്ങളിലുണ്ടായ തകരാറുകളുമായി ബന്ധപ്പെട്ട വൈദ്യുതി വിതരണം പൂർണമായി പുനഃസ്ഥാപിക്കാൻ കെഎസ്ഇബിക്കായിട്ടില്ല. തിരക്കിട്ട ജോലികൾ എല്ലാ സെക്ഷനുകളിലും നടക്കുകയാണ്.
വൃക്ഷങ്ങൾ കടപുഴകിയും ശിഖരങ്ങൾ ഒടിഞ്ഞുവീണും തകരാറിലായ വൈദ്യുതി പോസ്റ്റുകളും ലൈനുകളും പുനഃസ്ഥാപിക്കുന്ന ജോലികളാണ് നടന്നുവരുന്നത്. രണ്ടു ദിവസങ്ങൾക്കുള്ളിലാണ് നഷ്ടങ്ങളേറെയുണ്ടായത്. നിരവധി വൈദ്യുതി പോസ്റ്റുകളും ട്രാൻസ്ഫോർമറുകളും നഷ്ടപ്പെട്ടിരുന്നു.
താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട്
മഴയ്ക്കു ശമനമായെങ്കിലും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട്. കിഴക്കൻ മേഖലയിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയേ തുടർന്നാണ് പടിഞ്ഞാറൻ മേഖലയിലേക്ക് വെള്ളം എത്തിയത്. പന്പാനദിയിൽ ഇന്നലെ ജലനിരപ്പ് താഴ്ന്നിരുന്നു. അയിരൂരിൽ 7.63 മീറ്ററും മാരാമണ്ണിൽ 6.17 മീറ്ററും ആറന്മുളയിൽ 5.92 മീറ്ററുമാണ് ഇന്നലത്തെ ജലനിരപ്പ്. മണിമലയാറ്റിൽ വള്ളംകുളത്ത് 5.22 മീറ്ററും കല്ലൂപ്പാറയിൽ 5.89 മീറ്ററും ജലനിരപ്പുണ്ട്. അച്ചൻകോവിലാറ്റിൽ പന്തളത്ത് 8.86 മീറ്ററും തുന്പമണ്ണിൽ 9.36 മീറ്ററും വെള്ളം ഉണ്ട്.
നാല് ദുരിതാശ്വാസ ക്യാന്പുകൾ
മഴക്കെടുതികളുമായി ബന്ധപ്പെട്ട് നാല് ദുരിതാശ്വാസ ക്യാന്പുകൾ തുറന്നു. പുറമറ്റം വില്ലേജിലെ വെണ്ണിക്കുളം എസ്ബിഎച്ച്എസ്എസിൽ തുറന്ന ക്യാന്പിൽ നാലുപേരെയാണ് മാറ്റിപ്പാർപ്പിച്ചിട്ടുള്ളത്. തിരുവല്ല തിരുമൂലപുരം സെന്റ് തോമസ് എച്ച്എസിലെ ക്യാന്പിൽ 22 കുടുംബങ്ങളിലെ 76 പേരെ മാറ്റിപാർപ്പിച്ചു. തോട്ടപ്പുഴശേരി വില്ലേജിലെ നെടുന്പ്രം എംടിഎൽപി സ്കൂൾ ക്യാന്പിൽ ഒന്പത് കുടുംബങ്ങളിലെ 18 പേരാണുള്ളത്.
ഇരവിപേരൂർ മണ്ണൂർ പഞ്ചായത്ത് കമ്ൂണിറ്റി ഹാളിൽ 31 കുടുംബങ്ങളിലെ 98 പേരെയും മാറ്റിപാർപ്പിച്ചു. പ്രളയഭീഷണി നേരിടുന്ന പ്രദേശങ്ങളിൽ നിന്നാണ് ആളുകളെ മാറ്റിയിട്ടുള്ളത്.