കാറ്റിലും മഴയിലും വീടുകള്‍ക്ക് നാശനഷ്ടം
1436664
Wednesday, July 17, 2024 2:16 AM IST
ചങ്ങനാശേരി: കാറ്റിലും മഴയിലും പായിപ്പാട് പഞ്ചായത്തില്‍ ഒന്നാം വാര്‍ഡില്‍ പൂവം എസി റോഡരികിലെ വീടുകള്‍ക്ക് നാശനഷ്ടം. തിങ്കളാഴ്ച വൈകിട്ട് പൂവം ഭാഗത്തെ വീടുകളുടെ മേല്‍ക്കൂരകള്‍ പറന്ന് എസി റോഡില്‍ പതിച്ചു. കവിതാലയം വീട്ടില്‍ കുമാരി ജയപ്രകാശ്, പ്രവീണ നിവാസില്‍ കെ. പ്രസന്നന്, ലത എന്നിവരുടെ വീടുകള്‍ക്കാണ് നാശനഷ്ടം സംഭവിച്ചത്.
പഞ്ചായത്തംഗം ജി. ജയന്റെ നേത്യത്വത്തില്‍ നാട്ടുകാരുമായി ചേര്‍ന്ന് വീടിന്റെ ഷീറ്റുകളും മറ്റും നീക്കം ചെയ്തു. നാരകത്തറ ചേലച്ചിറ ടി.പി. അനിയന്റെ വീട് പൂര്‍ണമായും തകര്‍ന്നതോടെ സമീപത്തെ അങ്കണവാടിയില്‍ ഇദ്ദേഹം അഭയം തേടി.
തേക്കും പ്ലാവും കടപുഴകി വീണ് മാടപ്പള്ളി കുറുമ്പനാടം നെടുമ്പറമ്പില്‍ തോമസ് ജോസഫിന്റെ വീടിന്റെ അടുക്കള, വാട്ടര്‍ ടാങ്ക് എന്നിവ നശിച്ചു. ആര്‍ക്കും പരുക്കില്ല. പഞ്ചായത്തംഗം ഫിലോമിന മാത്യു സ്ഥലം സന്ദർശിച്ചു.