ആലക്കോട് പഞ്ചായത്തിൽ വ്യാപക നാശം
1567884
Tuesday, June 17, 2025 12:08 AM IST
തൊടുപുഴ: കഴിഞ്ഞദിവസം ഉണ്ടായ കാറ്റിലും മഴയിലും ആലക്കോട് പഞ്ചായത്തിൽ വ്യാപക നാശം. തലയനാട് പ്രദേശത്താണ് കൂടുതൽ നാശ നഷ്ടമുണ്ടായത്.
തലയനാട് കോളപ്ര റൂട്ടിൽ പള്ളിക്ക് സമീപം തച്ചപ്പിള്ളിൽ ഓമനക്കുട്ടന്റെ വീടിന്റെ സംരക്ഷണഭിത്തി റോഡിലേക്ക് ഇടിഞ്ഞു വീണ് വീട് അപകടാവസ്ഥയിലായി. ഇത് മൂലം വീട് വിണ്ടു കീറി താമസ യോഗ്യമല്ലാതായി. അഞ്ചു ലക്ഷത്തോളം രൂപ മുടക്കി നിർമിച്ച കരിങ്കൽകെട്ടാണ് മഴയിൽ തകർന്നത്.
ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടോമി കാവാലത്തിന്റെ നേതൃത്വത്തിൽ ഇവരെ മാറ്റി പാർപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചു.
കനത്ത കാറ്റിലും മഴയിലും മരങ്ങൾ കടപുഴകി വീണ് മുണ്ടയ്ക്കൽ ബെന്നിയുടെ 45 വർഷത്തോളം പഴക്കമുള്ള ജാതിമരങ്ങൾ നശിച്ചു. മരങ്ങളും വൈദ്യുതി പോസ്റ്റുകളും വീണ് തലയനാട്-കോളപ്ര റോഡിലെ ഗതാഗതവും പൂർണമായി നിലച്ചിരിക്കുകയാണ്.