വിദ്യാർഥികൾ അവസരങ്ങൾ ഉപയോഗപ്പെടുത്താൻ പ്രാപ്തിയുള്ളവരാകണം: എഡിഎം
1567865
Tuesday, June 17, 2025 12:08 AM IST
കട്ടപ്പന: മുന്നിൽ തുറക്കപ്പെട്ടിരിക്കുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്താൻ വിദ്യാർഥികൾ പ്രാപതരായിത്തീരണമെന്ന് ഇടുക്കി എഡിഎം ഷൈജു പി. ജേക്കബ്. കട്ടപ്പന സെന്റ് ജോർജ് ഫൊറോന ഓഡിറ്റോറിയത്തിൽ ദീപിക -സീക് അക്കദമിക് എക്സലൻസ് അവാർഡ്ദാനച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പുതിയ തലമുറ മുൻ തലമുറയെ അപേക്ഷിച്ച് കൂടുതൽ അനുഗൃഹീതരാണ്. ആധുനിക കാലത്ത് വിവധ മേഖലകളിൽ ഒട്ടേറെ അവസരങ്ങളുണ്ട്. അതു കണ്ടെത്താനും ഉപയോഗപ്പെടുത്താനും എല്ലാവർക്കും ഒരുപോലെ കഴിയും. ഡിജിറ്റൽ യുഗം നമുക്കുമുന്നിൽ തുറന്നിട്ടിരിക്കുന്നത് വിശാലമായ ലോകമാണ്.
എല്ലാവരും ഒരേ അഭിരുചിയും കഴിവും ഉള്ളവരല്ല. എന്നാൽ, എല്ലാവരും അഭിരുചിയും കഴിവും ഉള്ളവരാണ്. അതു തിരിച്ചറിഞ്ഞ് പ്രയോജനപ്പെടുത്തുന്പോഴാണ് ജീവിതവിജയം നേടുന്നത്. പ്രതിസന്ധികളെ തരണം ചെയ്യുന്പോഴാണ് വിജയം ഉണ്ടാകുന്നത്. പ്രതിസന്ധികൾ ഒരിക്കലും നമ്മെ തളർത്തരുത്. ജീവിതവഴിയിൽ പ്രതിസന്ധികളും പരാജയങ്ങളും വിജയങ്ങളും നേട്ടങ്ങളും എല്ലാം ഉണ്ടാകും. അതിനെയെല്ലാം സമചിത്തതയോടെ അഭിമുഖീകരിക്കാനുള്ള കഴിവാണ് വിദ്യാഭ്യാസത്തിലൂടെ ആർജിക്കേണ്ടതെന്നും എഡിഎം വിദ്യാർഥികളെ ഉദ്ബോദിപ്പിച്ചു.
സഹജീവി സ്നേഹവും കരുതലുമാണ് നല്ല മനുഷ്യത്വത്തിന്റെ അടയാളമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ഇടുക്കി രൂപത മുഖ്യ വികാരി ജനറാൾ മോണ്‍. ജോസ് കരിവേലിക്കൽ പറഞ്ഞു. ഏതു തൊഴിലും മഹത്വരമാണ്. തൊഴിലിലെ മഹത്വം തൊഴിൽ ചെയ്യുന്നവരുടെ മഹത്വമാണ്. നാം ആയിരിക്കുന്നിടത്തെ വിജയമാണ് പരമപ്രധാനം. കഠിനാധ്വാനവും ദൈവാശ്രയവും അത്മവിശ്വാസവുമാണ് ജീവിത വിജയത്തിന്റെ അടിസ്ഥാന ഘടകമെന്നും മോണ്‍. ജോസ് കരിവേലിക്കൽ പറഞ്ഞു.