ബൈക്കും ജീപ്പും കൂട്ടിയിടിച്ച് രണ്ടു യുവാക്കൾ മരിച്ചു
1568125
Tuesday, June 17, 2025 10:27 PM IST
അണക്കര: ബൈക്ക് ജീപ്പുമായി ഇടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടു യുവാക്കൾ മരിച്ചു. അണക്കര എട്ടാംമൈൽ വെള്ളറ ഷൈജുവിന്റെ മകൻ ഷാനെറ്റ് (18), കൊടുവേലിക്കുളത്ത് ഷിബുവിന്റെ മകൻ അലൻ (17) എന്നിവരാണു മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ ചെല്ലാർകോവിൽ-മൈലാടുംപാറ റോഡിലാണ് അപകടമുണ്ടായത്.
കൊച്ചറയിൽനിന്ന് ചെല്ലാർകോവിലിലേക്കുവരുകയായിരുന്ന ബൈക്കും ചെല്ലാർകോവിൽനിന്ന് കന്പംമെട്ടു വഴി തമിഴ്നാട്ടിലേക്കു തൊഴിലാളികളുമായി പോയ ജീപ്പുമായി ഇടിക്കുകയായിരുന്നു. അമിത വേഗതയിലായിരുന്ന ബൈക്ക് നിയന്ത്രണംവിട്ടു മറിഞ്ഞ് ജീപ്പിലിടിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
സംഭവ സ്ഥലത്തു വച്ചുതന്നെ ഒരാൾ മരിച്ചു. ഒരാൾ പുറ്റടി സർക്കാർ ആശുപത്രിയിലേക്കു കൊണ്ടുപോകുന്ന വഴി മധ്യയുമാണ് മരിച്ചത്.
ഇരുവരും അണക്കര സർക്കാർ സ്കൂളിൽ പ്ലസ് ടു വിദ്യാർഥികളായിരുന്നു. പരീക്ഷാ ഫലം വന്ന് ഇരുവരും ഉപരി പഠനത്തിനു തയാറെടുക്കുകയായിരുന്നു.
കുവൈറ്റിൽ ജോലി ചെയ്യുന്ന ജിനുവാണ് ഷാനെറ്റിന്റെ അമ്മ. ഇളയ സഹോദരൻ ഷിയോ (ആറ്). ബീനയാണ് അലന്റെ അമ്മ. വിദേശത്ത് ജോലിക്കാരിയാണ്. അക്ഷയാണ് സഹോദരി. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.