ഭൂവിഷയങ്ങൾ ശാശ്വത പരിഹാരത്തിലേക്ക്: ജോസ് പാലത്തിനാൽ
1567872
Tuesday, June 17, 2025 12:08 AM IST
ഇരട്ടയാർ: ജില്ലയിലെ ഭൂമി സംബന്ധമായ വിഷയങ്ങൾക്ക് ചട്ടരൂപീകരണത്തോടെ ശ്വശ്വതപരിഹാരമാകുമെന്ന് കേരള കോണ്‍ഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ.
കേരള കോണ്‍ഗ്രസ് (എം) വാർഡ് മുന്നൊരുക്ക സായാഹ്ന സദസുകൾ പൂർത്തിയാക്കി മണ്ഡലം കണ്‍വൻഷനുകൾ ആരംഭിച്ചതിന്റെ ജില്ലാ തലത്തിലെ ആദ്യ കണ്വൻഷൻ ഇരട്ടയാർ സാസ്കാരിക നിലയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു പാലത്തിനാൽ.
എൽഡിഎഫ് സർക്കാരിന്റെ ഇച്ഛാശക്തിയും മന്ത്രി റോഷി അഗസ്റ്റ്യന്റെ ഇടപെടലുമാണ് ഭൂവിഷയങ്ങൾക്ക് ശാശ്വത പരിഹാരം ഉണ്ടാക്കുന്നതിനു കാരണമായതെന്നും ജില്ലാ പ്രസിഡന്റ് പറഞ്ഞു. ജില്ലാ പഞ്ചായത് പ്രസിഡന്റ് രാരിച്ചൻ നീറണാകുന്നേൽ മുഖ്യപ്രഭാഷണം നടത്തി.
ഇടുക്കി ജില്ലയുടെ വികസന മുന്നേറ്റം കണ്ട നാളുകളാണ് കടന്നുപോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. എസ്എൽസി , പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് കിട്ടിയ വിദ്യാർഥികളെ ചടങ്ങിൽ ആദരിച്ചു. പാർട്ടി മണ്ഡലം പ്രസിഡന്റ് ലാലച്ചൻ വെള്ളക്കട അധ്യക്ഷത വഹിച്ചു.
നിയോജക മണ്ഡലം പ്രസിഡന്റ് ജിൻസണ് വർക്കി, സംസ്ഥാന കമ്മിറ്റി അംഗം ജോസുകുട്ടി കണ്ണമുണ്ട, ജിമ്മിച്ചൻ കാര്യമറ്റം, ടി.കെ. അപ്പുക്കുട്ടൻ, ഷേർളി സൽജൂ, സണ്ണി കുഴിയാംപ്ലാവിൽ,ബിനോയി അഗസ്റ്റ്യൻ, ബെന്നി കുഴിയോടി തുടങ്ങിയവർ പ്രസംഗിച്ചു.