കണ്ണംപടിയിൽ ആദിവാസിക്കോളനിയിൽ നീറ്റ് റാങ്ക്
1567581
Sunday, June 15, 2025 11:48 PM IST
ഉപ്പുതറ: നീറ്റ് പരീക്ഷയിൽ 416 മാർക്ക് നേടി കണ്ണംപടി ആദിവാസി കോളനിയിൽ റാങ്ക് തിളക്കം. കണ്ണംപടി കിഴുകാനം പുത്തൻപുരയ്ക്കൽ പി.കെ. ലിയോ ആണ് അഭിമാന നേട്ടം കൈവരിച്ചത്. കണ്ണംപടി ആദിവാസിക്കുടിയിൽനിന്നും ഡോക്ടറാകാനൊരുങ്ങുന്ന ആദ്യത്തെ പുരുഷ വിദ്യാർഥിയാണ് ലിയോ. ഓൾ ഇന്ത്യാതലത്തിൽ യോഗ്യത നേടിയ 15,000 വിദ്യാർഥികളിൽ 2441 -ാം റാങ്കാണ് ലിയോയിക്ക്. ഇവിടെനിന്ന് രണ്ടുപേർ മെഡിസിൽ ബിരുദം നേടിയിട്ടുണ്ടെങ്കിലും ഇരുവരും പെണ്‍കുട്ടികളാണ്.
കണ്ണംപടി കിഴുകാനം പുത്തൻപുരയ്ക്കൽ പി.കെ. കുമാരന്റെയും സിജിമോളുടെയും മൂന്നു മക്കളിൽ മൂന്നാമത്തെ മകനാണ് ലിയോ. പിതാവ് കൃഷിക്കാരനും പ്രേഷിത പ്രവർത്തകനുമാണ്. ആദിവാസി പിന്നാക്ക സമുദായങ്ങൾക്കിടയിൽ സേവനം ചെയ്യുകയാണ് ലിയോയുടെ സ്വപ്നം. മാട്ടുതാവളം സെന്റ് സെബാൻ സ്കൂൾ, മേരികുളം മരിയൻ സ്കൂൾ, ജവഹർ നവോദയ വിദ്യാലയം എന്നിവിടങ്ങളിലായിരുന്നു പഠനം.
പട്ടികവർഗ വകുപ്പിന്റെ സ്കോളർഷിപ്പോടെ എറണാകുളത്തുള്ള സ്വകാര്യ സ്ഥാപനത്തിലാണ് നീറ്റ് പരിശീലനം. മൂത്ത സഹോദരൻ ഫ്രെഡി സിഎ വിദ്യാർഥിയാണ്. രണ്ടാമത്തെ സഹോദരൻ ടൈറ്റസ് ചരിത്രവിഭാഗം ബിരുദാനന്തര ബിരുദ വിദ്യാർഥിയുമാണ്.