സാഹിത്യകാരന്മാർക്ക് രാഷ്ട്രീയം വേണം: ബെന്യമിൻ
1567579
Sunday, June 15, 2025 11:48 PM IST
അണക്കര: എഴുത്തുകാർക്കും സാഹിത്യകാരന്മാർക്കും രാഷ്ട്രീയം വേണമെന്ന് പ്രശസ്ത എഴുത്തുകാരൻ ബെന്യമിൻ. അണക്കര എസ്എൻ ഓഡിറ്റോറിയത്തിൽ വിവിധ സാംസ്കാരിക സംഘടനകൾ ചേർന്ന് സംഘടിപ്പിച്ച ജില്ലയിലെ സർഗാത്മക പ്രതിഭകളെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എഴുത്തുകാർ രാഷ്ട്രീയം പറയണമോ വേണ്ടയോ എന്ന ചർച്ച സജീവമായ കാലഘട്ടത്തിൽ അരാഷ്ട്രീയ സമീപനം അനുചിതമല്ലെന്ന് ബെന്യമിൻ പറഞ്ഞു.
അരാഷ്ട്രീയ നിലപാടുകളുടെ ഉത്പന്നമാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വലിയ ധനികൻ പ്രസിഡന്റായാൽ രക്ഷപ്പെടുമെന്ന അമേരിക്കൻ ജനതയുടെ അരാഷ്ട്രീയ മനോഭാവം ആപത്തായതായി ബെന്യമിൻ പറഞ്ഞു.
കഥകളും നോവലുകളും മാനവികതയും സംസ്കാരവും വളർത്തും. ഗുഹാജീവികളായിരുന്ന മനുഷ്യനെ മാനവികതയിലേക്ക് ഉയർത്തിയത് കഥകളും സാഹിത്യ സൃഷ്ടികളുമാണ്. മനുഷ്യന്റെ ഉള്ളിൽ നീതിബോധം സൃഷ്ടിക്കുവാൻ കഥകൾക്കും നോവലുകൾക്കും കഴിഞ്ഞിട്ടുണ്ട്. പൗരാണിക കഥകളാണ് പലപ്പോഴും സംസ്കൃതികളായിട്ടുള്ളത്. വൈഞ്ജാനിക വായനകൾക്ക് ആധുനിക കാലഘട്ടത്തിൽ പ്രസക്തിയില്ല. പരീക്ഷകൾക്കു മാർക്കുവാങ്ങാനുള്ള ഉപാധിമാത്രമാണ് വൈജ്ഞാനിക വായനകൾ - ബെന്യമിൻ പറഞ്ഞു.
സാഹിത്യകാരൻ ജിജി കെ. ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാക്കുന്നേൽ, ജില്ലാ വികസനസമിതി ഉപാധ്യക്ഷൻ സി.വി. വർഗീസ്, ദ്രോണാചാര്യ തോമസ് മാഷ്, മാധ്യമ പ്രവർത്തകൻ ഹർഷൻ, ബാബു സുരഭി, മെറീന ജോണ്, ജോസ് വെട്ടിക്കുഴ തുടങ്ങിയവർ പ്രസംഗിച്ചു.