അൽഫാസിന്റെ റാങ്കിന് തങ്കത്തിളക്കം
1567868
Tuesday, June 17, 2025 12:08 AM IST
ചെറുതോണി: പ്രതികൂല സാഹചര്യങ്ങളോട് പടവെട്ടി മെഡിക്കൽ നീറ്റ് എൻട്രൻസ് പരീക്ഷയിൽ ദേശീയ തലത്തിൽ അൽഫാസ് ഷെക്കീർ നേടിയ റാങ്കിന് തങ്കത്തിളക്കം. വാഴത്തോപ്പ് പഞ്ചായത്തിൽ മണിയാറൻകുടി സ്വദേശി ഓട്ടോറിക്ഷ ഡ്രൈവറായ കെ.എം. ഷെക്കീറിന്റെ മകനാണ് അൽഫാസ്. 7-ാം ക്ലാസ് വരെ ലക്ഷംകവല കെസിഡബ്ല്യു സിബിഎസ്ഇ സ്കൂളിലും തുടർന്ന് പ്ലസ് ടു വരെ വാഴത്തോപ്പ് സെന്റ് ജോർജ് എച്ച്എസ്എസിലുമാണ് പഠനം പൂർത്തിയാക്കിയത്.
8ാം ക്ലാസിൽ പഠിക്കുമ്പോൾ ഇടുക്കി വോളിബോൾ അക്കാദമിയിൽ പ്രവേശനം ലഭിച്ചു. ജില്ലാ വോളിബോൾ സബ് ജൂനിയർ ടീമിൽ അംഗമായിരുന്നു. പ്ലസ് ടുവിന് 98.6. ശതമാനം മാർക്കോടെ ഉപരിപഠനത്തിന് യോഗ്യത നേടി. തുടർന്ന് തന്റെ ജീവിതസ്വപ്നമായ എംബിബിഎസ് ലക്ഷ്യത്തിനുവേണ്ടി ഓൺലൈൻ ബാച്ച് തെരഞ്ഞെടുത്തു. ലക്ഷങ്ങൾ ഫീസ് നൽകി പഠിക്കാനുള്ള സാമ്പത്തിക സാഹചര്യവും ചുറ്റുപാടും അൽ ഫാസിനില്ലായിരുന്നില്ല. ദേശീയ തലത്തിൽ 7042 -ാം റാങ്കോടെ നീറ്റ് പരീക്ഷ വിജയിച്ചു. സംസ്ഥാനതലത്തിൽ 564 -ാം റാങ്കുമുണ്ട്.
കേരളത്തിലെ മെഡിക്കൽ കോളജിൽ പ്രവേശനം ലഭിച്ച് തുടർപഠനത്തിന് കാത്തിരിക്കുകയാണ് അൽഫാസ്. കോട്ടയം, തൃശൂർ മെഡിക്കൽ കോളജിൽ അഡ്മിഷൻ ലഭിക്കണമെന്നാണ് അൽഫാസിന്റെ ആഗ്രഹം. റാങ്ക് വിവരമറിഞ്ഞതോടെ ജനപ്രതിനിധികളും നാട്ടുകാരും വിവിധ സാമൂഹ്യ പ്രവർത്തകരും അൽഫാസിനെ നേരിൽക്കണ്ട് അഭിനന്ദനമറിയിക്കാൻ എത്തിക്കൊണ്ടിരിക്കുകയാണ്. നസീനയാണ് മാതാവ്. സഹോദരി അഫിയ.