വാളറ കാവേരിപ്പടിക്ക് സമീപം മണ്‍തിട്ടയില്‍ നിന്നിരുന്ന ഭീമന് ഇല്ലിത്തുറു റോഡിൽ പതിച്ചു
1567583
Sunday, June 15, 2025 11:48 PM IST
അടിമാലി: ദേവികുളം താലൂക്കില്‍ മഴ ശക്തമായി. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയും പെയ്യുകയാണ്. തുടര്‍ച്ചയായി മഴ പെയ്യുന്നതിനാല്‍ പലയിടത്തും മണ്ണിടിച്ചില്‍ ഭീഷണി രൂപം കൊണ്ടിട്ടുണ്ട്. നവീകരണ ജോലികള്‍ നടക്കുന്ന ദേശീയപാത - 85 ലാണ് കൂടുതലായി മണ്ണിടിച്ചില്‍ സാധ്യത നിലനില്‍ക്കുന്നത്.
കൊച്ചി - ധനുഷ്കോടി ദേശീയപാതയില്‍ വാളറ കാവേരിപ്പടിക്ക് സമീപം നേരിയ മണ്ണിടിച്ചിലുണ്ടായി ഗതാഗതം ഭാഗികമായി തടസപ്പെട്ടു. മണ്‍തിട്ടയില്‍ നിന്നിരുന്ന ഭീമന് ഇല്ലിത്തുറു റോഡിലേക്ക് പതിക്കുകയായിരുന്നു. ദേശീയപാതയില്‍ മണ്ണ് നീക്കിയ ഇടങ്ങളിലെ വീടുകള്‍ പലതും അപകടഭീഷണിയിലാണ്. പരക്കെ മഴ ലഭിച്ചതോടെ വിവിധ അണക്കെട്ടുകളിലേക്കൊഴുകിയെത്തുന്ന വെള്ളത്തിന്റെ അളവും വര്‍ധിച്ചു.
കല്ലാര്‍കുട്ടി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്ന് വെള്ളം പുറത്തേക്കൊഴുക്കുന്നുണ്ട്. മാട്ടുപ്പെട്ടി, കുണ്ടള, പൊന്മുടി അണക്കെട്ടുകളിലേക്കും കൂടുതല്‍ വെള്ളം ഒഴുകിയെത്തി.
വിനോദസഞ്ചാര മേഖലയേയും മഴ പ്രതികൂലമായി ബാധിച്ചു. മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിലെ സാഹസിക വിനോദ സഞ്ചാരത്തിനും ജലവിനോദങ്ങള്‍ക്കും നിയന്ത്രണമുണ്ട്. മൂന്നാര്‍ ഗ്യാപ് റോഡില്‍ ഈ മാസം 17 വരെ രാത്രിയാത്രയ്ക്ക് നിരോധനമുണ്ട്.