ട്രാവിസ് ഹെഡ്
ഹൈദരാബാദ്: സൺറൈസേഴ്സ് ഹൈദരാബാദ് താരം ട്രാവിസ് ഹെഡ് ഐപിഎല്ലിൽ നിന്ന് പിന്മാറി. അടുത്ത സീസണിൽ കളിക്കാനില്ലെന്ന് താരം ടീം മാനേജ്മെന്റിനെ അറിയിച്ചതായാണ് റിപ്പോർട്ട്. ഇതോടെ ഐപിഎല്ലിലെ ഏറ്റവും അപകടകാരികളായ ഓപ്പണിംഗ് കൂട്ടുകെട്ടുകളിലൊന്നായ അഭിഷേക് ശർമ-ട്രാവിസ് ഹെഡ് സഖ്യത്തിന്റെ വെടിക്കെട്ട് അടുത്ത സീസണിൽ കാണാനാകില്ല.
ഓസ്ട്രേലിയയുടെ തിരക്കേറിയ രാജ്യാന്തര മത്സരക്രമമാണ് ഐപിഎല്ലിൽ നിന്ന് വിട്ടുനിൽക്കാനുള്ള ഹെഡിന്റെ തീരുമാനത്തിന് പിന്നിലെന്നാണ് സൂചന. അടുത്ത വർഷം ഓസ്ട്രേലിയക്ക് 20 ടെസ്റ്റ് മത്സരങ്ങളാണുള്ളത്. കൂടാതെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ, ആഷസ് പരമ്പര, ഏകദിന ലോകകപ്പ് തുടങ്ങിയ പ്രധാന ടൂർണമെന്റുകളും ടീമിനെ കാത്തിരിക്കുന്നുണ്ട്.
2024ലെ താരലേലത്തിൽ 6.8 കോടി രൂപയ്ക്കാണ് ഹൈദരാബാദ് ഹെഡിനെ സ്വന്തമാക്കിയത്. പിന്നീട് 2025ലെ താരലേലത്തിന് മുന്നോടിയായി 14 കോടി രൂപയ്ക്ക് താരത്തെ നിലനിർത്തുകയായിരുന്നു. ഹെഡിനെ റിലീസ് ചെയ്യുകയാണെങ്കിൽ ഈ തുക ഡിസംബറിൽ നടക്കാനിരിക്കുന്ന മിനി ലേലത്തിൽ ഉപയോഗിക്കാൻ ഹൈദരാബാദിന് സാധിക്കും.
അതേസമയം പ്രധാന താരങ്ങളെ നിലനിർത്തിയാണ് ഹൈദരാബാദ് പുതിയ സീസണിനായി ഒരുങ്ങുന്നത്. ഹെൻറിച്ച് ക്ലാസൻ (23 കോടി), പാറ്റ് കമ്മിൻസ് (18 കോടി), അഭിഷേക് ശർമ (14 കോടി), നിതീഷ് കുമാർ റെഡ്ഡി (ആറു കോടി) എന്നിവരെയാണ് ടീം നിലനിർത്തിയിരിക്കുന്നത്.
Tags : IPL2027 TravisHead SunrisersHyderabad AustralianCricket AbhishekSharma Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash GlobalNews