എം.എസ്.ധോണി
ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കാരനെന്ന നിലയിലുള്ള കരിയറിന് വിരാമമിട്ട് ഇതിഹാസ താരം എം.എസ്.ധോണി. 2027 സീസണിന് മുന്നോടിയായി ചെന്നൈ സൂപ്പർ കിംഗ്സ് ധോണിയെ ടീമിന്റെ മെന്ററായി നിയമിച്ചു. ഇതോടെ ഐപിഎല്ലിലെ താരമെന്ന നിലയിലുള്ള ധോണിയുടെ 18 വർഷത്തിലേറെ നീണ്ട യാത്രയ്ക്ക് അവസാനമായി.
45കാരനായ ധോണി ചെന്നൈ സൂപ്പർ കിംഗ്സിന് അഞ്ച് ഐപിഎൽ കിരീടങ്ങളും രണ്ട് ചാമ്പ്യൻസ് ലീഗ് ടി20 കിരീടങ്ങളും നേടിക്കൊടുത്തിട്ടുണ്ട്. ഫ്രാഞ്ചൈസിക്കായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമായ ധോണി 272 മത്സരങ്ങളിൽനിന്ന് 5,314 റൺസും സ്വന്തമാക്കി. ടീമിനായി ഏറ്റവും കൂടുതൽ റൺസ് നേടിയവരിൽ രണ്ടാം സ്ഥാനത്താണ് താരം.
പരുക്കുകാരണം കഴിഞ്ഞ ഐപിഎലിൽ താരത്തിന് ഒരു മത്സരം പോലും കളിക്കാൻ സാധിച്ചിരുന്നില്ല. ഇതോടെ താരത്തിന്റെ വിരമിക്കൽ സംബന്ധിച്ച അഭ്യൂഹങ്ങളും ശക്തമായിരുന്നു. ചെന്നൈ സൂപ്പർ കിംഗ്സ് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് പുതിയ ചുമതല സംബന്ധിച്ച പ്രഖ്യാപനം വന്നത്. എന്നാൽ വിരമിക്കലിനെക്കുറിച്ച് ധോണിയുടെ പ്രതികരണം പ്രസ്താവനയിൽ ഉൾപ്പെടുത്തിയിട്ടില്ല.
എം.എസ്. ധോണിയില്ലാതെ ചെന്നൈ സൂപ്പർ കിംഗ്സില്ല. ഏകദേശം രണ്ട് പതിറ്റാണ്ടായി വിജയങ്ങളിലും തിരിച്ചടികളിലും എല്ലാ സാഹചര്യങ്ങളിലും ഞങ്ങൾ ഒരുമിച്ച് മുന്നേറുകയും വളരുകയും ചെയ്തുവെന്ന് ടീം ഉടമ എൻ. ശ്രീനിവാസൻ പറഞ്ഞു. ധോണിയുടെ ക്യാപ്റ്റൻസിയിൽ ചെന്നൈ സൂപ്പർ കിംഗ്സ് 2010,2011,2018,2021, 2023 വർഷങ്ങളിൽ ഐപിഎൽ കിരീടം നേടിയിരുന്നു.
2010ലും 2014 ലും ധോണിക്കു കീഴിൽ ചെന്നെ ചാംപ്യൻസ് ലീഗ് കിരീടങ്ങളും നേടിയിട്ടുണ്ട്. 2022 ൽ ചെന്നൈ ക്യാപ്റ്റൻസി ഒഴിഞ്ഞ ധോണി 2025 ൽ താത്കാലിക ക്യാപ്റ്റനായും പ്രവർത്തിച്ചു. സഹീർ ഖാനാണ് ചെന്നൈയുടെ പുതിയ പരിശീലകൻ.
Tags : Dhoni M.S.Dhoni DhoniRetires Ipl ChennaiSuperKings YellowArmy Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash GlobalNews