Sports
ന്യൂയോർക്ക്: ലോകകപ്പിന്റെ ആവേശപ്പോരാട്ടങ്ങൾക്കൊടുവിൽ ടൂർണമെന്റിലെ മികച്ച താരങ്ങൾക്കുള്ള വ്യക്തിഗത പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ ഗോൾഡൻ ബൂട്ട് പുരസ്കാരം സ്വന്തമാക്കി. ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ അടിച്ചുകൂട്ടിയ താരത്തിനാണ് ഈ ബഹുമതി.
ടൂർണമെന്റിൽ 10 ഗോളുകളാണ് എംബാപ്പെ നേടിയത്. കിരീടം ചൂടിയ സ്പാനിഷ് പടയുടെ ക്യാപ്റ്റൻ റോഡ്രിക്ക് ടൂർണമെന്റിലെ ഏറ്റവും മികച്ച കളിക്കാരനുള്ള ഗോൾഡൻ ബോൾ പുരസ്കാരം ലഭിച്ചു. മധ്യനിരയിൽ സ്പെയിനിന്റെ കളി നിയന്ത്രിച്ച നായകമികവിനാണ് റോഡ്രിക്ക് ഈ നേട്ടം.
സ്പെയിനിന്റെ ലോകകപ്പ് വിജയത്തിൽ ഗോൾവലയ്ക്ക് മുന്നിൽ വിശ്വസ്തനായി നിലകൊണ്ട ഉനായ് സിമോൺ മികച്ച ഗോൾകീപ്പർക്കുള്ള ഗോൾഡൻ ഗ്ലൗ പുരസ്കാരവും സ്വന്തമാക്കി. കിരീടനേട്ടത്തിനൊപ്പം വ്യക്തിഗത പുരസ്കാരങ്ങളിലും സ്പാനിഷ് താരങ്ങൾ ആധിപത്യം ഉറപ്പിക്കുന്ന കാഴ്ചയ്ക്കാണ് ലോകകപ്പ് സാക്ഷ്യം വഹിച്ചത്.
2010ന് ശേഷം ഫിഫ ലോകകപ്പിൽ കിരീടം ചൂടി സ്പാനിഷ് യുവനില ചരിത്രം കുറിച്ചിരിക്കുകയാണ്. വീറും വാശിയും നിറഞ്ഞ കലാശപ്പോരിൽ എക്സ്ട്രാ ടൈമിലെ ഗോളിന് ലാറ്റിനമേരിക്കൻ കരുത്തരായ അർജന്റീനയെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് അവർ വിജയമാഘോഷിച്ചത്.
നിശ്ചിത സമയത്തും ഇഞ്ചുറി ടൈമിലും ഇരുടീമുകൾക്കും ഗോൾ കണ്ടെത്താനാകാത്തതിനെ തുടർന്ന് മത്സരം എക്സ്ട്രാ ടൈമിലേക്ക് നീളുകയായിരുന്നു. ഒടുവിൽ മത്സരത്തിന്റെ 106-ാം മിനിറ്റിൽ ഫെറാൻ ടോറസ് നേടിയ തകർപ്പൻ ഗോളാണ് സ്പെയിനെ വീണ്ടും ലോകത്തിന്റെ നെറുകയിലെത്തിച്ചത്.
Sports
ന്യൂജേഴ്സി: ഫിഫ റാങ്കിങ്ങിലെ ഒന്നാം സ്ഥാനക്കാരെ വേട്ടയാടുന്ന ലോകകപ്പ് ശാപം ഇത്തവണയും മാറിയില്ല. കലാശപ്പോരാട്ടത്തിൽ ഒന്നാം റാങ്കുകാരായ അർജന്റീനയെ എക്സ്ട്രാ ടൈമിൽ തകർത്തുവിട്ട് രണ്ടാം റാങ്കുകാരായ സ്പെയിൻ ലോകകിരീടത്തിൽ മുത്തമിട്ടു.
1993-ൽ ഫിഫ ഒഫീഷ്യൽ റാങ്കിംഗ് സംവിധാനം ആരംഭിച്ചതു മുതൽ ഇന്നുവരെ ലോകകപ്പിനെത്തുമ്പോൾ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ഒരു ടീമും കിരീടം ഉയർത്തിയിട്ടില്ല. ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി ഫിഫ റാങ്കിങ്ങിലെ ഒന്നും രണ്ടും സ്ഥാനക്കാർ നേർക്കുനേർ വന്ന കനത്ത ഫൈനൽ പോരാട്ടത്തിനൊടുവിലാണ് സ്പെയിനിന്റെ കിരീടധാരണം.
ടൂർണമെന്റിലുടനീളം ഒന്നാം റാങ്കുകാരായി പൊരുതിയ അർജന്റീനയ്ക്ക് ഒടുവിൽ രണ്ടാം സ്ഥാനക്കാരായ സ്പാനിഷ് പടയ്ക്ക് മുന്നിൽ മുട്ടുമടക്കേണ്ടി വന്നു. 2010-ൽ ദക്ഷിണാഫ്രിക്കയിൽ കന്നിക്കിരീടം നേടിയതിന് ശേഷം ഇതാദ്യമായാണ് സ്പെയിൻ വിശ്വവിജയികളാകുന്നത്.
2022ൽ ഖത്തറിൽ അർജന്റീന ലോക ചാമ്പ്യന്മാരാകുമ്പോൾ ഫിഫ റാങ്കിങ്ങിൽ അവർ മൂന്നാം സ്ഥാനത്തായിരുന്നു. കിരീടം നേടിയ ശേഷവും ബ്രസീലിന് പിന്നിൽ രണ്ടാമതായിരുന്ന അർജന്റീന 2023-ലാണ് അവർ റാങ്കിങ്ങിൽ ഒന്നാമതെത്തുന്നത്.
ഇത്തവണ ലോകകപ്പ് ടൂർണമെന്റിനിടെ ഇടയ്ക്ക് രണ്ടാം സ്ഥാനത്തേക്ക് പോയെങ്കിലും ഫൈനലിന് തൊട്ടുമുമ്പ് അവർ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചിരുന്നു. എന്നാൽ, റാങ്കിങ്ങിലെ ഈ ഒന്നാം നമ്പർ പദവി ഒടുവിൽ അർജന്റീയ്ക്ക് നിർഭാഗ്യത്തിന്റെ ശാപമായി മാറുകയായിരുന്നു.
Sports
മയാമി: ഫിഫ ലോകകപ്പ് ഫുട്ബോൾ ചരിത്രത്തിൽ ഒരു എഡിഷനിൽ 10 ഗോൾ നേടുന്ന താരങ്ങളുടെ പട്ടികയിൽ ഫ്രഞ്ച് സൂപ്പർ സ്റ്റാർ കിലിയൻ എംബപ്പെ. കഴിഞ്ഞ 56 വർഷത്തിനിടെ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ താരമാണ് എംബപ്പെ.
2026 ഫിഫ ലോകകപ്പിന്റെ ലൂസേഴ്സ് ഫൈനലിൽ ഇംഗ്ലണ്ടിന് എതിരേ രണ്ടു തവണ വലകുലുക്കിയതോടെ എംബപ്പെയുടെ ഗോൾ നേട്ടം 10 ആയി. നാല് ഗോളിന് അസിസ്റ്റും നടത്തിയിട്ടുണ്ട്. ഇതോടെ 2026 ലോകകപ്പിൽ എംബപ്പെയുടെ ഗോൾ പങ്കാളിത്തം 14 ആയി.
ഇംഗ്ലണ്ടിന് എതിരായ ലൂസേഴ്സ് ഫൈനലിൽ ഫ്രാൻസ് 6-4നു പരാജയപ്പെട്ടു. ലോകകപ്പ് നോക്കൗട്ട് റൗണ്ടിൽ ഈ നൂറ്റാണ്ടിൽ ഏറ്റവും കൂടതുൽ ഗോൾ പിറന്ന മത്സരമാണിത്. 1954 ലോകകപ്പ് ക്വാർട്ടറിൽ (ഓസ്ട്രിയ 7-5 സ്വിറ്റ്സർലൻഡ്) 12 ഗോൾ പിറന്നതാണ് റിക്കാർഡ്.
ലോകകപ്പിൽ എംബപ്പെയുടെ ആകെ ഗോൾ നേട്ടം 22 ആയി. അർജന്റൈൻ താരം മെസിയെ (21) ഇതോടെ പിന്തള്ളി.
Sports
ന്യൂയോർക്ക്: ഫിഫ ലോകകപ്പിന്റെ ആവേശപ്പോരാട്ടത്തിൽ ലാറ്റിനമേരിക്കൻ കരുത്തരായ അർജന്റീനയെ വീഴ്ത്തി സ്പെയിന് ലോകകിരീടം. വീറും വാശിയും നിറഞ്ഞ ഫൈനൽ പോരാട്ടത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് സ്പാനിഷ് പട വിജയക്കൊടി പാറിച്ചത്. സ്പെയിനിന്റെ ചരിത്രത്തിലെ രണ്ടാം ലോകകപ്പ് കിരീടനേട്ടമാണിത്.
2010-ൽ ദക്ഷിണാഫ്രിക്കയിൽ മുത്തമിട്ടതിന് ശേഷം ഒന്നരപ്പതിറ്റാണ്ടിന്റെ കാത്തിരിപ്പ് അവസാനിപ്പിച്ചാണ് സ്പാനിഷ് പട വീണ്ടും ലോകത്തിന്റെ നെറുകയിലെത്തിയത്. നിശ്ചിത സമയത്തും ഇഞ്ചുറി ടൈമിലും ഇരുടീമുകൾക്കും ഗോൾ കണ്ടെത്താനാകാത്തതിനെ തുടർന്ന് മത്സരം എക്സ്ട്രാ ടൈമിലേക്ക് നീളുകയായിരുന്നു.
മത്സരത്തിലുടനീളം സ്പെയിൻ നിറഞ്ഞു കളിച്ചപ്പോൾ അർജന്റീനയ്ക്ക് കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ഒടുവിൽ എക്സ്ട്രാ ടൈമിൽ (105 -ാം മിനിറ്റിൽ) ഫെറാൻ ടോറസ് നേടിയ തകർപ്പൻ ഗോൾ സ്പെയിനെ ലോകകിരീടത്തിലേക്ക് നയിച്ചു. സ്പാനിഷ് ടിക്കി-ടാക്ക മാജിക് നിറഞ്ഞാടിയ മത്സരത്തിന്റെ ഭൂരിഭാഗം സമയവും അർജന്റീന ചിത്രത്തിലേ ഇല്ലായിരുന്നു.
സ്പാനിഷ് പ്രതിരോധം കാത്ത കരുത്തുറ്റ പ്രകടനത്തിന് മുന്നിൽ അർജന്റീനൻ നിര പാടെ പതറിപ്പോയി. സൂപ്പർ താരം ലയണൽ മെസിക്ക് പന്ത് തൊടാൻ പോലും കിട്ടാത്ത സ്ഥിതിയായിരുന്നു മൈതാനത്ത്. മത്സരത്തിൽ മൊത്തം 120 മിനിറ്റ് കളിച്ചിട്ടും വെറും രണ്ട് ഷോട്ടുകൾ മാത്രമാണ് അർജന്റീനയ്ക്ക് സ്പെയിൻ പോസ്റ്റ് ലക്ഷ്യമാക്കി ഉതിർക്കാനായത്.
നിശ്ചിത സമയത്തോ ഇഞ്ചുറി ടൈമിലോ സ്പെയിൻ ഗോൾപോസ്റ്റ് ലക്ഷ്യമാക്കി ഒരു ഷോട്ട് പോലും അടിക്കാൻ അവർക്കായില്ല എന്നത് സ്പാനിഷ് പ്രതിരോധത്തിന്റെ കരുത്ത് വ്യക്തമാക്കുന്നു. ഇതിനിടെ ഇഞ്ചുറി ടൈമിൽ രണ്ടാം മഞ്ഞക്കാർഡും പിന്നാലെ മാർച്ചിംഗ് ഓർഡറും ലഭിച്ച് മിഡ്ഫീൽഡർ എൻസോ ഫെർണാണ്ടസ് പുറത്തായതോടെ അർജന്റീന പത്തു പേരായി ചുരുങ്ങിയതും അവർക്ക് കനത്ത തിരിച്ചടിയായി.
കടുത്ത പോരാട്ടത്തിനൊടുവിൽ സ്പാനിഷ് പ്രതിരോധപ്പൂട്ടിന് മുന്നിൽ അർജന്റീനയുടെ ലോകകപ്പ് മോഹങ്ങൾ പൊലിയുകയായിരുന്നു. അതിനിടെ ഗ്രൗണ്ടിനു പുറത്തെ മോശം പെരുമാറ്റത്തിന്റെ പേരിൽ അർജന്റീന കോച്ച് ലയണൽ സ്കലോനിക്ക് യെല്ലോ കാർഡും ലഭിച്ചു.
Sports
ഫിഫ 2026 ലോകകപ്പ് ഫുട്ബോള്‍ അതിന്റെ ക്ലൈമാക്സിലേക്ക് എത്തിയപ്പോള്‍ ഗോള്‍ മഴ. ഫൈനലിനു മുമ്പായി നടന്ന മൂന്നാം സ്ഥാന പോരാട്ടത്തില്‍ ഇംഗ്ലണ്ട് കരുത്തരായ ഫ്രാന്‍സിനെ ഗോളില്‍ മുക്കി. 10 ഗോള്‍ പിറന്ന റിക്കാര്‍ഡ് പോരാട്ടത്തില്‍ 6-4നായിരുന്നു ഇംഗ്ലീഷ് ടീമിന്റെ ജയം. സെമിയില്‍ അര്‍ജന്റീനയോട് 2-1നു പരാജയപ്പെട്ടാണ് ഇംഗ്ലണ്ട് ലൂസേഴ്സ് ഫൈനലിലേക്ക് എത്തിയത്. സ്പെയിനിനോടായിരുന്നു ഫ്രാന്‍സിന്റെ സെമി പരാജയം (2-0).ഇംഗ്ലീഷ് മുഖ്യപരിശീലകന്‍ തോമസ് ടൂഹെലും ഫ്രഞ്ച് പരിശീലകന് ദിദിയെ ദേഷാംപും സെമിയില്‍ കളിച്ച സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ ഏഴ് മാറ്റങ്ങൾ വരുത്തി.
വണ്‍സൈഡ് പകുതി
64,478 കാണികള്‍ നിറഞ്ഞ, മയാമി ഗാര്ഡെന്സിലെ ഹാര്‍ഡ് റോക്ക് സ്റ്റേഡിയത്തില്‍ അരങ്ങേറിയ ലൂസേഴ്സ് ഫൈനലിന്റെ ആദ്യപകുതി വണ്‍സൈഡ് മാച്ചായിരുന്നു. ആദ്യ പകുതിക്കു പിരിയുമ്പോള്‍ ഇംഗ്ലണ്ട് 4-0ന്റെ അദ്ഭുത ലീഡ് സ്വന്തമാക്കി.
മൂന്നാം മിനിറ്റില്‍ ഡെക്ലാന് റൈസ് ഇംഗ്ലണ്ടിന്റെ ഗോളടിക്കു തുടക്കമിട്ടു. പന്തുമായി ഫ്രഞ്ച് ഫൈനല്‍ തേര്‍ഡിലേക്കു കയറിയ റൈസ്, 25 വാര അകലെനിന്നു തൊടുത്ത ഷോട്ട് വളഞ്ഞ് ഫ്രഞ്ച് വലയുടെ വലത് താഴ്ത്തട്ടില്‍ വിശ്രമിച്ചു. 18-ാം മിനിറ്റില്‍ എസ്രി കോന്സയിലൂടെ ഇംഗ്ലണ്ട് ലീഡ് ഉയര്‍ത്തി.
ഡെക്ലാന് റൈസ് എടുത്ത കോര്‍ണര്‍ കിക്കില്‍നിന്ന് മികച്ചൊരു ഹെഡറിലൂടെ ആയിരുന്നു കോന്‍സയുടെ ഗോള്‍. 28-ാം മിനിറ്റില്‍ എംബപ്പെ വലകുലുക്കി. എന്നാല്‍, ഓഫ് സൈഡ് ഫ്ളാഗ് ഉയര്‍ന്നു.
37-ാം മിനിറ്റില്‍ ഇംഗ്ലണ്ടിന്റെ മൂന്നാം ഗോള്‍. മാര്‍ക്കസ് റാഷ്ഫോഡിന്റെ അസിസ്റ്റില്‍ ബുക്കായൊ സാക ഫ്രഞ്ച് വല കുലുക്കി. ഉജ്വലമായൊരു ക്ലിനിക്കല്‍ ഫിനിഷിംഗ് ആയിരുന്നു അത്. ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിന്റെ ആദ്യമിനിറ്റില്‍ ബുക്കായൊ സാക (45+1-ാം മിനിറ്റ്) വീണ്ടും ഗോള്‍ നേടി.
എംബപ്പെ 2, സാക 3
ഉസ്മാന് ഡെംബെലെ, ബ്രാഡ്ലി ബെര്ക്കോള, ലൂകാസ് ഡിഗ്നെ, ഉപമെക്കാനോ എന്നിവരെ ഒന്നിച്ച് കളത്തിലിറക്കിയാണ് ഫ്രാന്‍സ് രണ്ടാം പകുതി തുടങ്ങിയത്. 48-ാം മിനിറ്റില്‍ മൈക്കല്‍ ഒലിസിന്റെ അസിസ്റ്റില്‍ കിലിയന്‍ എംബപ്പെ ഫ്രാന്‍സിനായി ഒരു ഗോള്‍ മടക്കി. 54-ാം മിനിറ്റില്‍ എംബപ്പെയുടെ അസിസ്റ്റില്‍ ബര്‍ക്കോളയും വല കുലുക്കി. 12 മിനിറ്റിന്റെ ഇടവേളയില്‍ എംബപ്പെയുടെ (66-ാം മിനിറ്റ്) ഗോള്‍. മൈക്കല്‍ ഒലിസിന്റെ അസിസ്റ്റിലായിരുന്നു എംബപ്പെ തന്റെ രണ്ടാം ഗോള്‍ സ്വന്തമാക്കിയത്.
86-ാം മിനിറ്റില്‍ ജെഡ് സ്പെന്‍സിനെ ബോക്സിനുള്ളില്‍ വീഴ്ത്തിയതിനു ഫ്രാന്‍സിന് എതിരേ റഫറി പെനാല്‍റ്റി വിധിച്ചു. കിക്കെടുക്കാനെത്തിയത് ഹാട്രിക്കിന്റെ വക്കിലുള്ള സാക. പന്ത് കൃത്യമായി വലയിലാക്കി സാക്ക ഹാട്രിക് സ്വന്തമാക്കി. ഇംഗ്ലണ്ട് 5-4നു മുന്നില്‍.
സ്റ്റോപ്പേജ് ഡ്രാമ
90 മിനിറ്റിനുശേഷം മിനിമം ഏഴ് മിനിറ്റ് സ്റ്റോപ്പേജ് ടൈം അനുവദിച്ചുള്ള റഫറിയുടെ സൈന്‍ ബോര്‍ഡ്. സ്റ്റോപ്പേജ് ടൈമിന്റെ ആറാം മിനിറ്റില്‍ ഉപമെക്കാനോ നല്കിയ പാസുമായി ഇംഗ്ലീഷ് ബോക്സില്‍ കയറിയ ഉസ്മാന് ഡെംബെലെയുടെ ഉജ്വല കര്‍വിംഗ് ഫിനിഷ്. സ്കോര്‍ 4-5. ജൂഡ് ബെല്ലിങ്ഗമിലൂടെ (90+8) ഇംഗ്ലണ്ട് ലീഡ് ഉയര്‍ത്തി ജയമാഘോഷിച്ചു. ബോക്സിനുള്ളിലേക്കു പന്തുമായി മുന്നേറിയ ബെല്ലിങ്ഗം, ഇംഗ്ലീഷ് ഡിഫെന്‍ഡര്‍മാരെ കബളിപ്പിച്ച് ഗോള്‍ വലയ്ക്കു സമാന്തരമായി പന്തുമായി സോളോ റണ്‍ ചെയ്തശേഷമായിരുന്നു ഫിനിഷ് ചെയ്തത്.
ഫിഫ ലോകകപ്പ് ഫുട്ബോളില്‍ ഹാട്രിക്ക് നേടുന്ന നാലാമത് ഇംഗ്ലീഷ് താരമെന്ന നേട്ടം ബുക്കായൊ സാകയ്ക്ക്. ജെഫ് ഹസ്റ്റ് (1966ല്‍ ജര്‍മനിക്ക് എതിരേ), ഗാരി ലിനേക്കര്‍ (1986ല്‍ പോളണ്ടിന് എതിരേ), ഹാരി കെയ്ന്‍ (2018ല്‍ പാനമയ്ക്ക് എതിരേ) എന്നിവരായിരുന്നു ഇതിനു മുമ്പ് ഹാട്രിക് നേടിയ ഇംഗ്ലീഷ് താരങ്ങള്‍.
Sports
ഫ്രഞ്ച് താരം മൈക്കല്‍ ഒലിസ് 2026 ലോകകപ്പില്‍ നടത്തിയ അസിസ്റ്റുകളുടെ എണ്ണം ഏഴ്.
കഴിഞ്ഞ 60 വര്‍ഷത്തിനിടെ ഒരു ലോകകപ്പ് എഡിഷനില്‍ ഏറ്റവും കൂടുതല്‍ അസിസ്റ്റ് നടത്തുന്ന റിക്കാര്‍ഡും ഇതോടെ ഒലിസ് സ്വന്തമാക്കി. 1970 ലോകകപ്പില്‍ ആറ് അസിസ്റ്റ് നടത്തിയ ബ്രസീല്‍ ഇതിഹാസത്തിന്റെ റിക്കാര്‍ഡാണ് ഒലിസ് മറികടന്നത്.
ഒലിസ് നടത്തിയ ഏഴ് അസിസ്റ്റില്‍ അഞ്ചും കിലിയന്‍ എംബപ്പെയ്ക്കു വേണ്ടി ആയിരുന്നു എന്നതും ശ്രദ്ധേയം. കഴിഞ്ഞ 60 വര്‍ഷത്തിനിടെ ലോകകപ്പ് എഡിഷനില്‍ ഒരു താരം മറ്റൊരു താരത്തിനു നടത്തുന്ന ഏറ്റവും കൂടുതല്‍ അസിസ്റ്റാണിത്.
Sports
കിലിയന്‍ എംബപ്പെ ഫിഫ 2026 ലോകകപ്പ് പോരാട്ടം അവസാനിപ്പിച്ചു മടങ്ങി. ഫ്രാന്‍സിനെ ഫൈനലില്‍ എത്തിക്കാന്‍ സാധിക്കാത്തതിന്റെ നിരാശയിലാണ് മടക്കം. സെമി ഫൈനല്‍വരെ പായുംകുതിരയായ ഫ്രാന്‍സ്, സ്പെയിനിനു മുന്നില്‍ 2-0നു പരാജയപ്പെട്ടു.
അതിനുശേഷം ലൂസേഴ്സ് ഫൈനലില്‍ ഇംഗ്ലണ്ടിനെതിരേ ഇറങ്ങിയെങ്കിലും അതിലും പരാജയപ്പെട്ടു. എന്നാല്‍, ലൂസേഴ്സ് ഫൈനലില്‍ രണ്ട് ഗോള്‍ നേടുകയും ഒരു അസിസ്റ്റ് നടത്തുകയും ചെയ്തു.
27കാരനായ എംബപ്പെയ്ക്ക് ഫിഫ ലോകകപ്പില്‍ ആകെ ഗോള്‍ എണ്ണം 22 ആയി. അര്‍ജന്റീന x സ്പെയിന് ഫൈനല്‍ കിക്കോഫിനു മുമ്പുള്ള കണക്കാണിത്. 21 ഗോള്‍ നേടിയ അര്‍ജന്റൈന്‍ താരം ലയണല്‍ മെസി, ഫൈനലില്‍ സ്പെയിനിന് എതിരേ ഗോള്‍ നേടിയില്ലെങ്കില്‍ എംബപ്പെ റിക്കാര്‍ഡില്‍ തുടരും.
2026 ലോകകപ്പില്‍ മാത്രം 10 ഗോളാണ് എംബപ്പെ സ്വന്തമാക്കിയതെന്നതും ശ്രദ്ധേയം. മാത്രമല്ല, 23-ാം ലോകകപ്പ് എഡിഷനില്‍ നാല് ഗോളിന് അസിസ്റ്റും നടത്തി. ഈ ലോകകപ്പില്‍ എംബപ്പെയുടെ ഗോള്‍ പങ്കാളിത്തം 14 ആണെന്നതും ഹൈലൈറ്റ്.
കഴിഞ്ഞ ആറ് ലോകകപ്പില്‍ ഇത്രയും ഗോള്‍ പങ്കാളിത്തം ഒരു എഡിഷനില്‍ സ്വന്തമാക്കുന്ന ആദ്യ താരമാണ് എംബപ്പെ. ഫിഫ ലോകകപ്പ് സെമിയില്‍ ഇതുവരെ എംബപ്പെയ്ക്കു ഗോള്‍ നേടാന്‍ സാധിച്ചിട്ടില്ലെന്നതും വസ്തുത. എംബപ്പെ ഇതിനോടകം മൂന്നു ലോകകപ്പ് സെമിയില്‍ കളിച്ചു (2018, 2022, 2026). ഈ മൂന്നു സെമിയിലും എംബപ്പെയ്ക്കു ഗോളില്ല.
ഫിഫ 2030 ലോകകപ്പില്‍ ഫ്രാന്‍സിന് ഒപ്പം ലോകകപ്പ് വേദിയില്‍ എംബപ്പെ എത്തുമെന്നാണ് കരുതപ്പെടുന്നത്. 2018 മുതല്‍ ലോകകപ്പില്‍ തുടരുന്ന ഫോം നിലനിര്‍ത്തിയാല്‍ 2030 ലോകകപ്പില്‍ എംബപ്പെയ്ക്ക് 25 ഗോള്‍ എന്ന നാഴികക്കല്ല് പിന്നിടാം.
Sports
മയാമി: ഫ്രഞ്ച് പുരുഷ ഫുട്ബോള്‍ ടീമിന്റെ മുഖ്യപരിശീലക സ്ഥാനത്തുനിന്ന് ദിദിയെ ദേഷാംപ് പടിയിറങ്ങി. ഫിഫ 2026 ലോകകപ്പ് ലൂസേഴ്സ് ഫൈനലില്‍ ഇംഗ്ലണ്ടിന് എതിരായതായിരുന്നു ഫ്രഞ്ച് മുഖ്യപരിശീലകന്‍ എന്ന നിലയില്‍ ദേഷാംപിന്റെ അവസാന മത്സരം.
ഫിഫ ലോകകപ്പില്‍ മാത്രം ഫ്രാന്‍സിനെ 27 മത്സരങ്ങളില്‍ പരിശീലിപ്പിച്ചു. ഫിഫ ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ മാനേജര്‍ ആയതിന്റെ റിക്കാര്‍ഡും ദേഷാംപിനു സ്വന്തം. ഇതില്‍ 20 മത്സരത്തില്‍ ജയം സ്വന്തമാക്കി. 2018 ലോകകപ്പ് നേടിയപ്പോള്‍ 2022ല്‍ രണ്ടാം സ്ഥാനം. ഇത്തവണ നാലാം സ്ഥാനവും.
2012ല്‍ ഫ്രഞ്ച് ടീമിന്റെ കോച്ചായി. ദേഷാംപിന്റെ ശിക്ഷണത്തില്‍ 185 മത്സരങ്ങളില്‍ ഇറങ്ങിയ ഫ്രാന്‍സ് 120 എണ്ണം ജയിച്ചു. 35 സമനിലയും 30 തോല്‍വിയും. 64.9 ആണ് വിജയ ശതമാനം.
നേട്ടങ്ങള്‍:
ഫിഫ ലോകകപ്പ്:
2018 ചാമ്പ്യന്‍, 2022 റണ്ണേഴ്സ് അപ്പ്
യുവേഫ നേഷന്‍സ് ലീഗ്:
2020-21 ചാമ്പ്യന്‍. 2024-25 മൂന്നാം സ്ഥാനം
യൂറോ കപ്പ്: 2016 റണ്ണേഴ്സ് അപ്പ്
Sports
ന്യൂയോർക്ക്: ഫിഫ ലോകകപ്പ് 2026ന്റെ ഫൈനലിനുള്ള ആദ്യ ഇലവൺ പുറത്തുവിട്ട് അർജന്റീനയും സ്പെയിനും. മൂന്ന് മാറ്റങ്ങളുമായാണ് അർജന്റീന കളത്തിലിറങ്ങുന്നത്. മോളീന, പരേഡസ്, സിമിയോണി എന്നിവർക്ക് പകരം മോണ്ടിയൽ, ഡീപോൾ, നിക്കോ ഗോൾസാലസും ആദ്യ ഇലവണിലെത്തി.
അർജന്റീന ആദ്യ ഇലവൺ: എമിലിയാനോ മാർട്ടിനസ്, ക്രിസ്റ്റ്യൻ റൊമേറോ, ലിസാൻഡ്രോ മാർട്ടിനസ്, നിക്കോളാസ് ടാഗ്ലിയാഫിക്കോ, ഗോൺസാലോ മോണ്ടിയൽ, റോഡ്രിഗോ ഡീപോൾ, എൻസോ ഫെർണാണ്ടസ്, അലക്സിസ് മക് അലിസ്റ്റർ, നിക്കോ ഗോൺസാലസ്, ജൂലിയൻ അൽവാരസ്, ലയണൽ മെസി.
സ്പെയിൻ ആദ്യ ഇലവൺ: ഉനയ് സിമോൺ, കുബാർസി, ലപോർട്ടെ, പോറോ, കുക്കുറെല്ല, റോഡ്രി, ഫാബിയാന്‍ റൂയിസ്, ലമൈൻ യമാൽ, ഡാനി ഓൽമോ, ബയേന, ഒയർസബാൽ.
Kerala
കൊച്ചി: ഫിഫ ലോകകപ്പ് ഫുട്ബോൾ ഫൈനലുമായി ബന്ധപ്പെട്ട് കൊച്ചി നഗരത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കി കൊച്ചി സിറ്റി പോലീസ്. വിജയാഘോഷങ്ങൾ ഒരു കാരണവശാലും അക്രമസംഭവങ്ങളിലേക്കോ ഫാൻ ഫൈറ്റുകളിലേക്കോ നയിക്കരുത്. ഇത്തരം നിയമവിരുദ്ധ പ്രവൃത്തികളിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കും.
2026 ഫിഫ ലോകകപ്പ് മത്സരങ്ങൾക്ക് ശേഷം വിജയാഘോഷങ്ങളുടെ പേരിൽ ഹെൽമെറ്റ് ധരിക്കാതെ വാഹനമോടിക്കൽ, ഡ്രൈവിംഗ് ലൈസൻസ് ഇല്ലാതെ വാഹനമോടിക്കൽ, മദ്യപിച്ച് വാഹനമോടിക്കൽ, അമിതവേഗത്തിലും അപകടകരമായും വാഹനമോടിക്കൽ, വാഹനങ്ങളിൽ അനുവദനീയമായതിലധികം ആളുകളെ കയറ്റി യാത്ര ചെയ്യൽ, അമിതശബ്ദത്തിൽ ഹോൺ മുഴക്കൽ എന്നിവയുൾപ്പെടെ പൊതുജനങ്ങളുടെ സ്വൈര്യജീവിതത്തിന് തടസ്സം സൃഷ്ടിക്കുന്ന പ്രവണതകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
ഇത്തരം നിയമലംഘനങ്ങൾ ഗുരുതര അപകടങ്ങൾക്കും ജീവഹാനിക്കും കാരണമാകാൻ സാധ്യതയുള്ളതിനാൽ പൊതുസുരക്ഷ മുൻനിർത്തി ബന്ധപ്പെട്ട വാഹനങ്ങൾ പിടിച്ചെടുക്കുകയും കോടതിയിൽ ഹാജരാക്കുകയും ചെയ്യും. അപകടകരമായ രീതിയിൽ വാഹനമോടിക്കുന്നവർക്കെതിരെ കർശന നിയമനടപടികളും സ്വീകരിക്കുമെന്ന് പൊലീസ് നിർദേശം നൽകി.
പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നഗരത്തിലെ എല്ലാ പ്രധാന കേന്ദ്രങ്ങളിലും അധിക പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്നും വാഹന പരിശോധനയും ശക്തമാക്കി. സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നഗരത്തിലെ പ്രധാന സ്ഥലങ്ങളിൽ കൂടുതൽ വനിതാ പോലീസ് ഉദ്യോഗസ്ഥരെയും വിന്യസിപ്പിച്ചു. എല്ലാവരും പോലീസ് ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്.
Kerala
ഷില്ലോംഗ്: കേരളത്തിന് പിന്നാലെ ഫിഫ ലോകകപ്പ് 2026 ഫൈനൽ മത്സരം കാണാൻ വിദ്യാർഥികൾക്ക് അവസരമൊരുക്കി മേഘാലയ സർക്കാരും. ഫൈനൽ ആവേശം കണക്കിലെടുത്ത് തിങ്കളാഴ്ച (ജൂലൈ 20) സംസ്ഥാനത്തെ മുഴുവൻ സ്കൂളുകൾക്കും കോളജുകൾക്കും സർക്കാർ അവധി പ്രഖ്യാപിച്ചു.
മേഘാലയ മുഖ്യമന്ത്രി കോൺറാഡ് കെ. സാംഗ്മ ഞായറാഴ്ച സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് ഈ അസാധാരണ തീരുമാനം അറിയിച്ചത്. ഫുട്ബോളിനോടുള്ള സംസ്ഥാനത്തെ ജനങ്ങളുടെ അദമ്യമായ അഭിനിവേശം മുൻനിർത്തിയാണ് ഈ തീരുമാനമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
"മേഘാലയയിലെ സ്കൂളുകളും കോളേജുകളും ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നു. ഫൈനൽ മത്സരം പരമാവധി ആസ്വദിക്കൂ... നിങ്ങൾ ഏത് ടീമിനെയാണ് പിന്തുണയ്ക്കുന്നത്?" - കോൺറാഡ് സാംഗ്മ വീഡിയോയിലൂടെ ചോദിച്ചു.
ഇന്ത്യൻ സമയം അനുസരിച്ച് അർദ്ധരാത്രിക്ക് ശേഷമാണ് ലോകകപ്പ് കിരീടപ്പോരാട്ടം നടക്കുന്നത്. ഫൈനൽ മത്സരം കണ്ട് വൈകി ഉറങ്ങുന്ന വിദ്യാർത്ഥികൾക്ക് തിങ്കളാഴ്ച രാവിലെ ക്ലാസുകളിൽ ഹാജരാകുക ബുദ്ധിമുട്ടാകും എന്നതിനാലാണ് ഭരണകൂടത്തിന്റെ ഈ ഇടപെടൽ. ഫുട്ബോളിനെ നെഞ്ചിലേറ്റുന്ന മേഘാലയയിലെ പതിനായിരക്കണക്കിന് വിദ്യാർഥികൾക്ക് വലിയ ആശ്വാസവും ആവേശവും പകരുന്നതാണ് സർക്കാരിന്റെ ഈ പ്രഖ്യാപനം.
Kerala
ഇടുക്കി: ലോകകപ്പ് ഫൈനൽ പ്രമാണിച്ച് നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സർക്കാർ അവധി നൽകിയതിന് പിന്നാലെ വൈദ്യുതി മന്ത്രി സണ്ണി ജോസഫിനെ ട്രോളി സിപിഎം നേതാവ് എം.എം. മണി. അവധി മാത്രം കൊണ്ട് കാര്യമില്ല, ഫൈനൽ കാണണമെങ്കിൽ സണ്ണിച്ചായൻ കൂടി കനിയണമെന്നാണ് എം എം മണിയുടെ ഫേസ്ബുക്ക് കുറിപ്പ്.
കറന്റിനും വേണം ഗ്യാരന്റി എന്നും മണി കൂട്ടിച്ചേർത്തു. അതേസമയം, ലോകകപ്പ് ഫുട്ബോൾ ഫൈനല്‍ കാണുന്നതില്‍ ആശങ്ക വേണ്ടെന്ന് കെഎസ്ഇബി അറിയിച്ചിരുന്നു. ഇന്ന് വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ല. എത്ര വില കൊടുത്താലും വൈദ്യുതി വാങ്ങുമെന്നാണ് കെഎസ്ഇബി പറഞ്ഞിരിക്കുന്നത്.
ലോകകപ്പ് ഫൈനലിൽ അർജന്റീനയും സ്പെയിനുമാണ് നേർക്കുനേർ ഏറ്റുമുട്ടുന്നത്. ഫൈനൽ ആവേശം ചോരാതിരിക്കാൻ കൂടുതല്‍ വിലനൽകി വൈദ്യുതി വാങ്ങിയിരിക്കുതയാണ് കെഎസ്ഇബി.
വൈദ്യുതി ഉപഭോഗം മുൻകാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി വർധിച്ചിരിക്കുകയാണെന്നും ഇതോടൊപ്പം രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വർധിച്ചതിനാൽ പവർ എക്സ്ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ് അനുഭവപ്പെടുന്നുണ്ട്. അതിനാൽ ഇന്ന് ഭാഗിക വൈദ്യുതി നിയന്ത്രണ സാധ്യതയുണ്ടെന്നും വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് അറിയിച്ചിരുന്നു.
Sports
തിരുവനന്തപുരം: ഫിഫ ഫുട്ബോള്‍ ഫൈനല്‍ മത്സരം സര്‍ക്കാര്‍ തീയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കും. തിരുവനന്തപുരത്തും കോഴിക്കോടും പ്രദര്‍ശിപ്പിക്കാനാണ് തീരുമാനം.
സിനിമ മന്ത്രി പി.സി. വിഷ്ണുനാഥിന്റെ നിര്‍ദ്ദേശ പ്രകാരമാണ് തീരുമാനത്തിലേക്കെത്തിയത്. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലെ കൈരളി തീയറ്ററുകളിലാണ് പ്രദര്‍ശനം നടത്താന്‍ അനുമതി.
കോഴിക്കോടും തിരുവനന്തപുരത്തും രണ്ട് സ്ക്രീനുകളിലാണ് പ്രദര്‍ശനം ഉണ്ടാവുക. തിരുവനന്തപുരത്ത് കൈരളിയിലും നിളയിലും പ്രദർശനമുണ്ടാകും. കായിക പ്രേമികളുടെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് മന്ത്രി നിര്‍ദേശം നല്‍കിയത്.
അതേസമയം, ഫുട്ബോള്‍ ഫൈനല്‍ നടക്കുന്നതിനാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി നല്കാന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിര്‍ദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കള്‍ അവധി നല്‍കാനാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം.
ലോകകപ്പ് ഫുട്ബോള്‍ ഫൈനല്‍ മത്സരം തിങ്കളാഴ്ച പുലര്‍ച്ചെ നടക്കുന്ന സാഹചര്യത്തിലാണ് അവധി. എന്നാൽ മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കില്ല. ഫൈനല്‍ മത്സരം നടക്കുന്നതിനാല്‍ അവധി വേണമെന്ന ആവശ്യവുമായി കുട്ടികള്‍ അടക്കം രംഗത്തെത്തിയിരുന്നു.
Kerala
തിരുവനന്തപുരം: ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരം കാണുന്നതിൽ ആരാധകർക്ക് ആശങ്ക വേണ്ടെന്ന് കെഎസ്ഇബി. ഫൈനൽ മത്സരം തടസമില്ലാതെ ആസ്വദിക്കാൻ ആവശ്യമായ വൈദ്യുതി ഉറപ്പാക്കാൻ ഏത് വിലകൊടുത്തും വൈദ്യുതി വാങ്ങുമെന്ന് കെഎസ്ഇബി വ്യക്തമാക്കി. ലോകകപ്പ് ഫൈനലിൽ അർജന്റീനയും സ്പെയിനും തമ്മിലുള്ള പോരാട്ടം ആവേശം ചോരാതെ കാണാൻ, കൂടുതൽ പണം മുടക്കി വൈദ്യുതി വാങ്ങാനാണ് കെഎസ്ഇബിയുടെ തീരുമാനം.
രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വർധിച്ചതും, പവർ എക്സ്ചേഞ്ചുകളിൽ നിന്നുള്ള വൈദ്യുതി ലഭ്യത കുറഞ്ഞതും വൈദ്യുതി വകുപ്പിന് വെല്ലുവിളിയായിരുന്നു. ഇതേതുടർന്ന് സംസ്ഥാനത്ത് ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ടെന്ന് നേരത്തെ വൈദ്യുതി മന്ത്രി സണ്ണി ജോസഫ് അറിയിച്ചിരുന്നു. എന്നാൽ, ഈ പ്രതിസന്ധികൾക്കിടയിലും ഉപഭോക്താക്കളുടെ താത്പര്യം മുൻനിർത്തി തടസമില്ലാത്ത വൈദ്യുതി വിതരണം ഉറപ്പാക്കാൻ കെഎസ്ഇബി അടിയന്തര നടപടികൾ സ്വീകരിച്ചിരിക്കുകയാണ്.
Kerala
തിരുവനന്തപുരം: ലോകകപ്പ് ഫൈനൽ ആവേശം അണപൊട്ടുമ്പോൾ, നാളെ സ്കൂളുകൾക്ക് കോളേ ജുകൾക്കും അവധി പ്രഖ്യാപിച്ച് സർക്കാർ. ഫൈനൽ മത്സരം ആവേശം ചോരാതെ ആസ്വദിക്കാൻ സംസ്ഥാനത്തെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ പൊതുവിദ്യാഭ്യാസ വകുപ്പിന് നിർദേശം നൽകി.
സ്കൂളുകൾക്കും കോളേജുകൾക്കും അവധി ബാധകമായിരിക്കും. മുഖ്യമന്ത്രി നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ വിദ്യാഭ്യാസ വകുപ്പ് ഉടൻ തന്നെ ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവിറക്കും. അതേസമയം, മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ല. ഫൈനൽ മത്സരം ആവേശം ചോരാതെ കാണാൻ കഴിയുന്ന രീതിയിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
Sports
മയാമി: വെങ്കല മെഡലിനായുള്ള ഫുട്ബോൾ ലോകകപ്പ് മത്സരത്തിൽ 6-4ന് ഫ്രാൻസിനെ പരാജയപ്പെട്ടുത്തി ഇംഗ്ലണ്ട്. ആദ്യ പകുതിയിൽ കാഴ്ചക്കാരായിനിന്ന് ഫ്രഞ്ചുപട രണ്ടാം പകുതിയിൽ തിരിച്ചുവരവ് നടത്തിയെങ്കിലും ഇംഗ്ലീഷ് കുതിപ്പിൽ അടിതെറ്റുകയായിരുന്നു.
രണ്ടാം പകുതി ആരംഭിച്ച് നിമിഷങ്ങൾക്കകം മത്സരത്തിന്റെ 48-ാം മിനിറ്റിലും 66-ാം മിനിറ്റിലും സൂപ്പർ താരം കിലിയൻ എംബാപ്പെയിലൂടെ ഫ്രാൻസ് ഗോളുകൾ നേടി. ഈ ഗോളോടെ ലോകകപ്പിൽ എംബാപ്പെയുടെ ആകെ ഗോൾ നേട്ടം പത്തായി ഉയർന്നു. ഇതോടെ ഗോൾഡൻ ബൂട്ടിനായുള്ള പോരാട്ടത്തിൽ എട്ട് ഗോളുകളുമായി തൊട്ടുപിന്നിലുള്ള അർജന്റീനൻ നായകൻ ലയണൽ മെസിയെ മറികടന്ന് എംബാപ്പെ ഒന്നാം സ്ഥാനത്തെത്തി. ഫ്രാൻസിന് വേണ്ടി 54-ാമത്തെ മിനിറ്റിൽ ബ്രാഡ്ലി ബർക്കോളയാണ് മറ്റൊരു ഗോൾ നേടിയത്.
എന്നാൽ 87-ാം മിനിട്ടിൽ സാക്കാ തന്റെ മൂന്നാം ഗോൾ വലയിലാക്കിയതോടെ ഇംഗ്ലണ്ടിന്റെ ലീഡ് അഞ്ചായി ഉയർന്നു. തുടർന്ന് 90 + 6- ാം മിനിട്ടിൽ ഡെംബെലെ ഫ്രാൻസിനായി നാലാം ഗോൾ വലയിലാക്കിയെങ്കിലും 90 + 8 -ാം മിനിട്ടിൽ ബെല്ലിംഗ്ഹാം ഇംഗ്ലണ്ടിന്റെ ആറാം ഗോളുമായി ഫ്രഞ്ചുപടയെ പൂട്ടി. ആദ്യ പകുതിയിലെ മോശം പ്രകടനത്തിന് ശേഷം ഫ്രഞ്ച് കോച്ച് ദിദിയർ ദെഷാംപ്സ് വരുത്തിയ മാറ്റങ്ങളാണ് രണ്ടാം പകുതിയിൽ ഫ്രാൻസിനെ ഗോൾ നേടാൻ സഹായിച്ചത്.
Sports
മയാമി: ഫിഫ ലോകകപ്പ് 2026ന്റെ മൂന്നാം സ്ഥാനക്കാർക്കായുള്ള ലൂസേഴ്സ് ഫൈനൽ പോരാട്ടത്തിൽ ആദ്യപകുതിയിൽ ഇംഗ്ലണ്ടിന്റെ തേരോട്ടം. ഫ്രാൻസിനെതിരെ ഇംഗ്ലണ്ട് നാലു ഗോളിന്റെ ലീഡാണ് നേടിയത്. നായകൻ ഹാരി കെയ്നെ ബെഞ്ചിലിരുത്തി ഡിക്ലാൻ റൈസിന് ക്യാപ്റ്റൻ തൊപ്പി നൽകിയാണ് ഇംഗ്ലണ്ട് കളത്തിലിറങ്ങിയത്.
കളി തുടങ്ങി മൂന്നാം മിനിറ്റിൽ ക്യാപ്റ്റൻതന്നെ ഇംഗ്ലണ്ടിനായി ആദ്യ ഗോൾ നേടി. ഫ്രാൻസിന്റെ പ്രതിരോധനിരയെ കാഴ്ചക്കാരാക്കി കോൻസ ഇംഗ്ലണ്ടിന് വേണ്ടി 18-ാം മിനിറ്റിൽ വീണ്ടും വല കുലുക്കി. ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപ് രണ്ട് തവണ വല കുലുക്കി സാക്ക ഇംഗ്ലണ്ടിന്റെ ലീഡ് 4-0 ആയി ഉയർത്തി.
സൂപ്പർ താരം കിലിയൻ എംബാപ്പെ മുന്നേറ്റനിരയിലുണ്ടായിട്ടും ഇംഗ്ലണ്ടിന്റെ അക്രമണ ശൈലിക്ക് മുന്നിൽ ആദ്യ പകുതിയിൽ ഫ്രാൻസിന് ഒന്നും ചെയ്യാനായില്ല. ഫ്രഞ്ച് കോച്ചായിട്ടുള്ള ദിദിയർ ദെഷാംപ്സിന്റെ 14 വർഷം നീണ്ട കരിയറിലെ അവസാന മത്സരമാണിത്.
Sports
രണ്ടു തന്ത്രജ്ഞന്മാര്; അർജന്റീനയുടെ ലിയോണല്‍ സ്കലോണിയും സ്പെയിനിന്റെ ലൂയിസ് ഡെ ലാ ഫ്യൂന്റെയും. ഫിഫ 2026 ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍ ഇറങ്ങുമ്പോള്‍ ഇവരുടെ തന്ത്രങ്ങളുടെ ഫൈനല്‍ ആക്ട് കൂടിയാണത്. ഭൂഗോള കാല്‍പ്പന്ത് ക്ലൈമാക്സിലെ രണ്ട് മാന്ത്രികരുടെ തന്ത്രങ്ങളുടെ ക്ലൈമാക്സ്...
ലിയോണൽ സ്കലോണി
2018ൽ അർജന്റീനയുടെ സഹപരിശീലകൻ. അന്നത്തെ മുഖ്യപരിശീലകൻ ഹോർഹെ ലൂയിസ് സാംപോളി ലോകകപ്പിനുശേഷം വിരമിച്ചപ്പോൾ ഇടക്കാല പരിശീലകനായി. അതേ വർഷം നവംബർ 29ന് സ്ഥിരം പരിശീലകൻ. പിന്നെ ലിയോണൽ സ്കലോണിയെന്ന അർജന്റീന പരിശീലകന് നെടുവീർപ്പിടേണ്ടിവന്നിട്ടില്ല. സ്കലോണിയും മെസിയും അർജന്റീനയും ഒരു ടീമായി.
1978ൽ അർജന്റീനയിലെ സാന്താ ഫേ പ്രവിശ്യയിലെ പുജാറ്റോയിൽ ജനനം. കളിച്ചുവളർന്ന് രാജ്യത്തിനായി ഒരു ലോകകപ്പിലടക്കം ഏഴു മത്സരങ്ങളിൽ ബൂട്ടണിഞ്ഞു.
2021ൽ 28 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് കോപ്പ അമേരിക്ക പിടിച്ചു. 2022ൽ ഇറ്റലിയെ തോൽപ്പിച്ച് ഫൈനലിസിമയും പോക്കറ്റിലാക്കി. ഖത്തർ ലോകകപ്പിൽ ഫ്രാൻസിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപ്പിച്ച് 36 വർഷത്തിനു ശേഷം അർജന്റീന ലോകചാമ്പ്യന്മാരായി. 2024ൽ കോപ്പ അമേരിക്ക കിരീടം നിലനിർത്തി. ഇപ്പോഴിതാ തുടർച്ചയായ രണ്ടാം ലോകകപ്പിൽ ഫൈനലിൽ. എല്ലാം സ്കലോണിയുടെ തൊപ്പിയിലെ പൊൻതൂവലുകൾ. സ്ഥിരതയുടെ മറുവാക്കായ പരിശീലകൻ.
രാജ്യാന്തര കരിയറിൽ മെസിയും സ്കലോണിയും നിഴലും നിലാവുംപോലെ. ശാന്തതയും എളിമയുമാണ് സ്കലോണിയുടെ മുഖമുദ്ര. എതിരാളിയുടെ ശക്തിക്കനുസരിച്ച് തന്ത്രം മാറ്റാൻ മടിയില്ല. തുടർച്ചയായ രണ്ടാം ലോകകപ്പ് വിജയരാവിലേക്ക് ഉറ്റുനോക്കി കാത്തിരിക്കുന്നു.
ലൂയിസ് ഡെ ലാ ഫ്യൂന്റെ
ക്ഷമ, കഠിനാധ്വാനം, പ്രതിബദ്ധത. സ്പാനിഷ് കോച്ച് ലൂയിസ് ഡെ ലാ ഫ്യൂന്റെയുടെ വിജയരഹസ്യം. തളരാത്ത പോരാളി. ഫ്യൂന്റെയ്ക്ക് എല്ലാം ഒരു കാളപ്പോരിന് സമാനമാണ്. അദ്ദേഹം സ്വയം ഒരു ടോറിനോ (കാളപ്പോരിന്റെ കടുത്ത പ്രണയി) എന്ന് വിശേഷിപ്പിക്കുന്നു. 2010ലെ ജേതാക്കൾ ഏറെ മാറി. അന്ന് ഒരു തത്വശാസ്ത്രത്തിന്റെ വിജയമായിരുന്നു. ഇന്ന് തന്ത്രപരമായ വഴക്കത്തിന്റെ ഫലവും. സാഹചര്യങ്ങൾക്കനുസരിച്ച് അദ്ദേഹം മെഴുകിലെന്നപോലെ തന്ത്രങ്ങൾ രൂപപ്പെടുത്തി.
2015ൽ അണ്ടർ-19 യൂറോ കപ്പ് നേടിയ ഇലവനിൽ റോഡ്രി, ഉനായ് സിമോൺ, മെറിനോ എന്നിവരുണ്ടായിരുന്നു. നാലു വർഷത്തിനുശേഷം ഫാബിയൻ റൂയിസ്, ഓൾമോ, ഒയർസബാൽ എന്നിവർ അണിനിരന്ന ഒരു ടീമിനെ നയിച്ച് അണ്ടർ-21 യൂറോ കപ്പും സ്വന്തമാക്കി. ഫെരാൻ ടോറസ്, പെഡ്രി, മാർക്ക് കുക്കറെയ്യ എന്നിവരെയെല്ലാം അണ്ടർ-19 അല്ലെങ്കിൽ അണ്ടർ-21 തലങ്ങളിൽ പരിശീലിപ്പിച്ചിട്ടുണ്ട്. അവരുടെ ഓരോ കുതിപ്പും കിതപ്പും അദ്ദേഹം ഹൃദയത്തിൽ കൊണ്ടറിയും. സ്നേഹനിധിയായ പിതാവിന്റെ ചിത്രമാണ് കളിക്കാരുടെ മനസിൽ.
ഹാരോയിൽ ജനിച്ച ഫ്യൂന്റെ അത്ലറ്റിക് ബിൽബാവോ, സെവിയ്യ, അലാവെസ് എന്നീ പ്രമുഖ സ്പാനിഷ് ക്ലബ്ബുകളുടെ പ്രതിരോധനിരയിൽ കളിച്ചിട്ടുണ്ട്. സ്പെയിനിന്റെ അണ്ടർ-21, അണ്ടർ-23 ടീമുകളെയും പ്രതിനിധീകരിച്ചു.
SUNDAY DEEPIKA
ഫിഫ 2026 ലോകകപ്പ് ഫൈനലില്‍ സ്പെയിനും അര്‍ജന്റീനയും ഏറ്റുമുട്ടുമ്പോള്‍ അതിനെ നൂറ്റാണ്ടിന്റെ പോരാട്ടം എന്നല്ലാതെ മറ്റൊന്നുകൊണ്ടും വിശേഷിപ്പിക്കാനാവില്ല. 48 ടീമുകള്‍ തുടങ്ങിയ യാത്രയിലെ ഏറ്റവും മികച്ച രണ്ടു ടീമുകളായാണ് സ്പെയിനും അര്‍ജന്റീനയും ഫൈനല്‍ കിക്കോഫിനായി തയാറെടുക്കുന്നത്. വാര്, സാങ്കേതിക വിദ്യകള്‍, എഐ തുടങ്ങിയ എല്ലാ ആധുനികതയാലും സമ്പുഷ്ടമായ ലോകകപ്പ്.
പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം 32ല്‍നിന്ന് 48 ആക്കിയപ്പോള്‍, ലോകകപ്പിന്റെ സൗന്ദര്യം നഷ്ടപ്പെടുമെന്നുള്ള വിമര്‍ശനങ്ങള്‍ കാറ്റിൽപറത്തിയാണ് 23-ാം എഡിഷന് സമാപനവേദിയില്‍ എത്തിനില്ക്കുന്നതെന്നതും ശ്രദ്ധേയം. റാങ്കിംഗ് കളത്തിലല്ല കടലാസില്‍ മാത്രമാണെന്നു തെളിയിക്കാനും ഈ ലോകകപ്പിനു സാധിച്ചു. അതിന്റെ ഉദാഹരണമായിരുന്നു കേപ് വെര്‍ദെയുടെ മുന്നേറ്റം.
ചെറു രാജ്യങ്ങള്‍പോലും കനത്ത പോരാട്ടം കാഴ്ചവച്ച് കാണികളുടെ മനംകവര്‍ന്ന ലോകകപ്പ്. അട്ടിമറി ഭീഷണി ഉയര്‍ത്തിയെങ്കിലും നാടകീയ തിരിച്ചുവരവിലൂടെ പരമ്പരാഗത ശക്തികള്‍ മത്സരം തിരിച്ചുപിടിച്ചത് ഈ ലോകകപ്പിനെ ഏറെ ആവേശത്തിലാക്കി.
ലാ റോജ എന്നറിയപ്പെടുന്ന സ്പെയിന് യുവരക്തത്തിളപ്പിലാണുള്ളത്. 90 മിനിറ്റും ഓരേ വേഗത്തിലും താളത്തിലും കളിക്കുന്ന ടീമാണ് സ്പെയിന്. കളിക്കളത്തില്‍ പന്ത് നഷ്ടപ്പെട്ടുകഴിഞ്ഞാല് ഒരുപോലെ ഡിഫെന്‍സിലേക്ക് വലിയാനും സെക്കന്‍ഡുകള്‍ക്കകം പന്തിന്റെ നിയന്ത്രണം തിരികെ പിടിച്ചെടുക്കാനുമുള്ള സ്പെയിനിന്റെ കഴിവ് ഇതിനോടകം വ്യക്തം. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി സ്പെയിന് നടത്തുന്ന പൊസഷന്‍ ഫുട്ബോള്‍ എതിരാളികള്‍ക്കുമേല്‍ ആധിപത്യം പുലര്‍ത്തുന്നതാണ്. ഇന്ത്യപോലുള്ള രാജ്യങ്ങള്‍ കണ്ടുപഠിക്കേണ്ടും ഇതുതന്നെ.
ശാരീരികമായ മേധാവിത്വത്തിനപ്പുറം ടെക്നിക്കല്‍/ടാക്റ്റിക്കല്‍ മികവാണ് സ്പെയിനിന്റെ കരുത്ത്. കളിക്കളത്തില്‍ പൂര്‍ണമായി ഡോമിനേറ്റ് ചെയ്തു കളിക്കുന്നു എന്നതാണ് അവരുടെ സൗന്ദര്യം. യുവത്വവും പരിചയ സമ്പത്തും ഒന്നുപോലെ സമന്വയിപ്പിച്ച ടീമിനെ ഒരു അധ്യാപകന്റെ പക്വതയോടെയാണ് മുഖ്യപരിശീലകന്‍ ലൂയിസ് ഡെ ലാ ഫ്യൂന്റെ നിയന്ത്രിക്കുന്നത്. ഫ്യൂന്റെയുടെ ബുദ്ധിവൈഭവവും സ്പെയിനിന്റെ ഹൈലൈറ്റാണ്.
ഗോള്‍ കീപ്പര്‍ ഉനായ് സിമോണ്‍, സെന്‍ട്രല്‍ ഡിഫെന്‍ഡറായി എയ്മെറിക് ലാപോര്‍ട്ടെ, തൊട്ടുമുന്നിലായി ആധുനിക ഫുട്ബോളിലെ ഏറ്റവും പ്രധാനപ്പെട്ട പൊസിഷനായ ഡിഫെന്‍സീവ് മിഡ്ഫീല്‍ഡ് റോളില്‍ നായകനായ റോഡ്രി.
അറ്റാക്കിംഗില്‍ ആധുനിക മെസി എന്ന നിലയിലേക്ക് ഉയരുന്ന ലാമിന് യമാല്‍ നയിക്കുന്ന നിരയില്‍ മൈക്കല്‍ ഒയര്‍സബാല്‍, ഡാനി ഓള്‍മോ, നിക്കോ വില്യംസ്, പെഡ്രി എന്നീ വ്യത്യസ്ത ശൈലിയില്‍ കളിക്കുന്ന വൈവിധ്യം നിറഞ്ഞ നിര. ഒപ്പം ബ്രയാന്‍ റൂയിസ്, സൂപ്പര്‍ സബ്ബായ മൈക്കല്‍ മെറിനോ. ഓരോ മത്സരത്തെയും വ്യത്യസ്തമായ തരത്തില്‍ സമീപിച്ച് താളം നഷ്ടപ്പെടാതെ ഓരേ വേഗത്തില്‍ കളിക്കുന്ന ടീമാണ് സ്പെയിന്. 2010ല്‍ ലോകകപ്പ് നേടിയ കാലത്തെ ഓര്‍മിപ്പിക്കുന്ന ടീം.
ഇറ്റലി (1934, 38), ബ്രസീല്‍ (1958, 62) ടീമുകള്‍ക്കുശേഷം ഫിഫ ലോകകപ്പ് നിലനിര്‍ത്തുന്ന മൂന്നാമതു സംഘം എന്ന നേട്ടത്തിനായാണ് അര്‍ജന്റീന ഇറങ്ങുന്നത്. അദ്ഭുതവും അവിശ്വസനീയവും എന്നല്ലാതെ അര്‍ജന്റൈൻ ടീമിന്റെ പ്രകടനത്തെക്കുറിച്ച് വിവരിക്കാനാകില്ല. തോല്‍വിയുടെ വക്കില്‍നിന്നും ആവേശകരമായ വിജയം, ഒന്നല്ല പലവട്ടം; അതു മെസിയുടെ അര്ജന്റീനയ്ക്കല്ലാത മറ്റാര്‍ക്കും ഇതുവരെ സാധിച്ചിട്ടില്ല. 2022 ഖത്തര്‍ ലോകകപ്പ് നേടിയ ടീമിലെ ഭൂരിഭാഗം കളിക്കാരെയും നിലനിര്‍ത്തിയ കോച്ച് ലിയോണല്‍ സ്കലോനിയുടെ തന്ത്രം പൂര്‍ണമായും വിജയിച്ചെന്നു പറയാം.
കഴിഞ്ഞ തവണത്തെ അത്രഫോമില് അല്ലെങ്കിലും ഗോള്‍കീപ്പിംഗ് എമിലിയാനൊ മാര്‍ട്ടിനെസിന്റെ കൈകളില്‍ ഭദ്രം. ക്രിസ്റ്റ്യന്‍ റൊമേറോയും ലിസാന്‍ഡ്രോയും നയിക്കുന്ന ഡിഫെന്‍സ്. മധ്യനിരയില്‍ എന്‍സോ ഫെര്‍ണാണ്ടസ്-മക് അല്ലിസ്റ്റര്‍-പരേഡസ് സഖ്യം. അവര്‍ക്കു മുന്നില്‍ സാക്ഷാല്‍ മെസി. മുന്നേറ്റത്തില്‍ ഉഗ്രശേഷിയുള്ള, എപ്പോള്‍വേണമെങ്കിലും ഗോള്‍നേടാന്‍ കഴിയുന്ന ജൂലിയന്‍ ആല്‍വരെസും ലൗതാരൊ മാര്‍ട്ടിനെസും.
മധ്യനിരയില്‍ സ്ലോ ബില്ഡപ്പുമായി മുന്നേറുന്ന അര്‍ജന്റീന അറ്റാക്കിംഗില്‍ വ്യക്തിഗത മികവിനാണ് പ്രാധാന്യം കൊടുക്കുന്നത്. ഫൈനലില്‍ എന്തെങ്കിലും അദ്ഭുതം ഒളിപ്പിച്ചിട്ടുണ്ടോയെന്നു കണ്ടറിയണം. ലോകഫുട്ബോള്‍ ചരിത്രത്തിലെ അപൂര്‍വ പ്രതിഭാസമായി മെസിയുടെ പേര് തങ്കലിപികളില്‍ എഴുതുമോ എന്നതായിരിക്കും ഈ ഫൈനല്‍ കഴിഞ്ഞാലുള്ള ചര്‍ച്ച. ഫൈനല്‍ എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം നല്‍കും. സ്പെയിനിന്റെ മികവിനെ അംഗീകരിക്കുകയും സ്നേഹിക്കുകയും ചെയ്യുമ്പോഴും മെസിയുടെ അര്‍ജന്റീനയെ തള്ളാന്‍ ആര്‍ക്കുണ്ടാകും ചങ്കൂറ്റം..? കാല്‍പ്പന്തു കളി വീണ്ടും ഒരിക്കല്‍ക്കൂടി വിജയിച്ചു എന്ന അമിതാഹ്ലാദം മാത്രം...
SUNDAY DEEPIKA
കറ്റാലന്മാർക്കും തൊട്ടപ്പുറമുള്ള മാഡ്രിഡുകാർക്കും അർജന്റൈൻ കോച്ച് ലിയോണൽ സ്കലോണി എഴുതുന്ന സുവിശേഷം... പടകിലെ പടിയിലയാൾ മയങ്ങുകയായിരുന്നു. കാറ്റുംകോളും കണ്ട് അവർ പരിഭ്രമിച്ചു. അയാൾ ഉണർന്നു. കടൽ ശാന്തമായി. അവർ കരയിലേക്ക് തുഴഞ്ഞു. അതൊരു വിശ്വാസമാണ്.
ഏത് കാറ്റിലുംകോളിലും അർജന്റീനയ്ക്കൊരു രക്ഷകനുണ്ടെന്ന്. അവന്റെ ഇടംകാലിന്റെ ശക്തി അവരെ രക്ഷിക്കുമെന്ന്. അയാളൊരു പ്രത്യാശയാണ്. ജീവിതത്തിന്റെ അവസാന നിമിഷംവരെ പൊരുതാനുള്ള ഊർജം നൽകുന്ന പ്രത്യാശ. ഡി പോൾ, മക് അല്ലിസ്റ്റർ, റൊമേരോ, എൻസോ, ലൗതാരോ എല്ലാവരും ശരാശരിക്കാർ, വെറും സാധാരണക്കാർ. മുങ്ങിത്താഴുമെന്നുറച്ച എത്രയെത്ര നിമിഷങ്ങളാണുണ്ടായത്. അവർ അവരുടെ പടത്തലവനിൽ വിശ്വസിച്ചു. ലയണൽ ആന്ദ്രസ് മെസി എന്ന അയാൾ അവരുടെ വിശ്വാസം കാത്തു.
ഏതു കടലും ആൽബിസെലസ്റ്റകൾക്ക് കൈലേസായി. കേപ് വെർദെ, സ്വിറ്റ്സർലൻഡ്, ഈജിപ്ത് ഒടുവിൽ ഇംഗ്ലണ്ട്. തീച്ചൂളയിലൂടെയാണ് കടന്നുപോയത്. എന്നിട്ടും വെന്തുപോയില്ല, ഒന്നു പൊള്ളിയതുമില്ല... ഒറ്റയടിയിൽ തീർത്തുകളയാമെന്ന തോമസ് ടൂഹെലിന്റെ കണക്കുകൂട്ടലാണ് മെസിയെന്ന കുറിയ മനുഷ്യൻ സെമി ഫൈനലിൽ പൊളിച്ചടുക്കിയത്. അതോടെ "ടു ഹെൽ' എന്നായി ഇംഗ്ലണ്ടിന്റെ അവസ്ഥ.
ബോക്സിൽ കയറ്റാതെ അയാളെ പൂട്ടിയെന്നത് നേര്. എന്നാൽ, ഗോളടിക്കാത്ത മെസിയാണ് കൂടുതൽ അപകടകാരിയെന്ന് ത്രീ ലയൺസ് മറന്നു. 85-ാം മിനിറ്റിൽ ബോക്സിന്റെ വെളിയിൽ മധ്യഭാഗത്തേക്ക് എൻസോയ്ക്കൊരു പാസ്. ഇഞ്ചുറി ടൈമിൽ ബോക്സിന്റെ വലതു പാർശ്വത്തിൽനിന്നും ലൗതാരോയ്ക്കൊരു ഏരിയൽ ക്രോസ്. കളി നിശ്ചിത സമയത്ത് തീർത്ത് ഫൈനലിലേക്ക്.
ഇനി സ്പെയിൻ. ലാ റോജയുടെ തോട്ടങ്ങളുടെ കാവൽക്കാരാ, നിങ്ങളുടെ തോട്ടത്തിലെ മുള്ളുകൾക്കിടയിൽ അവർ വിത്തുകളെപ്പോലെ മയങ്ങിക്കിടക്കുകയാവും. തൃണങ്ങളായെണ്ണി അവരെ പിഴുതുകളെഞ്ഞെന്ന അമിതാഹ്ലാദത്തിൽപ്പെട്ടുപോകരുത്. കളിമുറുകി അന്തരീക്ഷം തപിക്കുമ്പോൾ, ചൂട് കൂടുമ്പോൾ. മണ്ണട്ടികൾ പിളർന്ന് അവർ സൂര്യകാന്തി വിത്തുകളെപ്പോലെ കരുത്തോടെ മുകളിലേക്ക് കുതിച്ചുയരും. നിങ്ങളുടെ പൂന്തോട്ടങ്ങൾക്കു മേലെ പലനിറമഞ്ഞയിൽ അവർ സൂര്യകാന്തികളാവും.
അല്ലയോ, ലാ റോജയുടെ തോട്ടക്കാരാ... കപ്പ് അർജൻസിയുമായി അർജന്റീനയാണ് ഫൈനലിൽ നിങ്ങളുടെ എതിരാളി. ഗോൾ വഴങ്ങിയശേഷം സടകുടഞ്ഞെണീക്കുന്ന സ്കലോണിയുടെ നവ ഗർജന സംഘം... സൂക്ഷിച്ചുകൊൾക...
SUNDAY DEEPIKA
അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസിക്ക് ഇതു മൂന്നാം ഫിഫ ലോകകപ്പ് ഫൈനല്‍. ആറ് ഫിഫ ലോകകപ്പില്‍ കളിച്ചതിന്റെ റിക്കാര്‍ഡ് പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയ്ക്ക് ഒപ്പം പങ്കിടുകയാണ് മെസി.
ഫിഫ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ മത്സരം (ഫൈനല്‍ കളിക്കുമ്പോള്‍ 34) എന്ന റിക്കാര്‍ഡ് സ്വന്തമായുള്ള ലയണല്‍ മെസി, ലോകകപ്പ് ഫൈനല്‍ ഏറ്റവും കൂടുതല്‍ കളിച്ചതിന്റെ റിക്കാര്ഡിനൊപ്പവും എത്താന്‍ ഒരുങ്ങുന്നു. 2014, 2022 ഫൈനലുകളിലാണ് മെസി മുമ്പു കളിച്ചത്. ബ്രസീലിന്റെ കഫു, ജര്‍മനിയുടെ ലോഥര്‍ മത്തേയൂസ്, പിയറി ലിറ്റ്ബാര്‍സ്കി എന്നിവര്‍ മാത്രമാണ് ഇതുവരെ മൂന്നു ഫിഫ ലോകകപ്പ് ഫൈനല്‍ കളിച്ചത്.
ലോകകപ്പ് ഫൈനല്‍ കൂടുതല്‍ തവണ കളിച്ചവര്‍:
കഫു (ബ്രസീല്‍): 1994, 1998, 2002
ലോഥര്‍ മത്തേയൂസ് (ജര്‍മനി): 1982, 1986, 1990
പിയറി ലിറ്റ്ബാര്‍സ്കി (ജര്‍മനി): 1982, 1986, 1990
ലയണല്‍ മെസി (അര്‍ജന്റീന): 2014, 2022, 2026
SUNDAY DEEPIKA
1930 മുതല്‍ 1970 വരെ ജൂള്‍സ് റിമെറ്റ് ട്രോഫി
ഫിഫ മുന്‍ പ്രസിഡന്റ് ജൂള്‍സ് റിമെറ്റിന്റെ ബഹുമാനാര്‍ഥം 1946 ല്‍ പുനര്‍നാമകരണം ചെയ്യപ്പെട്ടു. ഫ്രഞ്ച് ശില്പിയായ ആബേല്‍ ലാഫ്ലര്‍ ആണ് രൂപകല്‍പ്പന ചെയ്തത്. 1966 ലെ ടൂര്‍ണമെന്റിന് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഇംഗ്ലണ്ടില്‍വച്ച് ട്രോഫി മോഷ്ടിക്കപ്പെട്ടു. പക്ഷേ, പിക്കിള്‍സ് എന്നു പേരുള്ള ഒരു നായ അത് വീണ്ടെടുത്തു.
മൂന്ന് തവണ ജയിക്കുന്ന ഏതൊരു രാജ്യത്തിനും ട്രോഫി സ്ഥിരമായി നിലനിര്ത്താമെന്നുണ്ടായിരുന്നു. 1970ല്‍ മൂന്നാം തവണയും ചാമ്പ്യന്മാരായതോടെ ബ്രസീല്‍ ഈ ട്രോഫി സ്വന്തമാക്കി. 1983ല്‍ ബ്രസീല്‍ തലസ്ഥാനമായ റിയോ ഡി ഷാനെറോയില്‍ നിന്ന് റിമെറ്റ് ട്രോഫി മോഷ്ടിക്കപ്പെട്ടു. ഇതുവരെ തിരികെ ലഭിച്ചിട്ടില്ല.
1974 ലോകകപ്പിനായി ഫിഫ ഡിസൈന്‍ മത്സരം നടത്തി. ഇറ്റാലിയന്‍ ശില്പിയായ സില്‍വിയോ ഗസാനിഗയുടെ ഡിസൈന്‍ തെരഞ്ഞെടുക്കപ്പെട്ടു. 36.5 സെന്റിമീറ്റര്‍ ഉയരമുള്ള ട്രോഫി 6.175 കിലോഗ്രാം 18 കാരറ്റ് (75%) സ്വര്‍ണത്താല്‍ നിര്‍മിച്ചത്.
നിലവില്‍ വിജയിക്കുന്ന ടീമുകള്‍ക്ക് മത്സരാനന്തര ആഘോഷവേളയില്‍ ഒറിജിനല്‍ ട്രോഫി കൈവശം വയ്ക്കാം. തുടര്‍ന്ന് അത് സ്വിറ്റ്സര്‍ലന്‍ഡിലെ സൂറിച്ചിലുള്ള ഫിഫ മ്യൂസിയത്തിലേക്കു മാറ്റും. വിജയിക്കുന്ന ടീമിന് ഫിഫ വേള്‍ഡ് കപ്പ് വിന്നേഴ്സ് ട്രോഫി എന്നറിയപ്പെടുന്ന സ്വര്‍ണം പൂശിയ വെങ്കലത്തിന്റെ പകര്‍പ്പ് സ്ഥിരമായി നല്‍കും.
വര്‍ഷം, ജേതാക്കള്‍, സ്കോര്‍, റണ്ണേഴ്സ് അപ്പ്
1930 ഉറുഗ്വെ 4-2 അര്‍ജന്റീന
1934 ഇറ്റലി 2-1 ചെക്കോസ്ലോവാക്യ
1938 ഇറ്റലി 4-2 ഹംഗറി
1950 ഉറുഗ്വെ 2-1 ബ്രസീല്‍
1954 ജര്‍മനി 3-2 ഹംഗറി
1958 ബ്രസീല്‍ 5-2 സ്വീഡന്
1962 ബ്രസീല്‍ 3-1 ചെക്കോസ്ലോവാക്യ
1966 ഇംഗ്ലണ്ട് 4-2 ജര്‍മനി
1970 ബ്രസീല്‍ 4-1 ഇറ്റലി
1974 ജര്‍മനി 2-1 നെതര്‍ലന്‍ഡ്സ്
1978 അര്‍ജന്റീന 3-1 നെതര്‍ലന്‍ഡ്സ്
1982 ഇറ്റലി 3-1 ജര്‍മനി
1986 അര്‍ജന്റീന 3-2 ജര്‍മനി
1990 ജര്‍മനി 1-0 അര്‍ജന്റീന
1994 ബ്രസീല്‍ 0(3)-(2)0 ഇറ്റലി
1998 ഫ്രാന്‍സ് 3-0 ബ്രസീല്‍
2002 ബ്രസീല്‍ 2-0 ജര്‍മനി
2006 ഇറ്റലി 1(5)-(3)1 ഫ്രാന്‍സ്
2010 സ്പെയിന് 1-0 നെതര്‍ലന്‍ഡ്സ്
2014 ജര്‍മനി 1-0 അര്‍ജന്റീന
2018 ഫ്രാന്‍സ് 4-2 ക്രൊയേഷ്യ
2022 അര്‍ജന്റീന 3(4)-(2)3 ഫ്രാന്‍സ്
SUNDAY DEEPIKA
ഒരു ജെനറേഷന്റെ ഫിഫ ലോകകപ്പിനാണ് ഇത്തവണ പര്യവസാനമാകുന്നത്. പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ, അര്‍ജന്റീനയുടെ ലയണല്‍ മെസി, ബ്രസീലിന്റെ നെയ്മര്‍, ക്രൊയേഷ്യയുടെ ലൂക്ക മോഡ്രിച്ച്, ജര്‍മനിയുടെ മാനുവല്‍ നോയര്‍, മെക്സിക്കന്‍ ഗോള്‍ കീപ്പര്‍ ഗുയെര്മോ ഒച്ചോഅ എന്നിവരൊന്നും 2030 ലോകകപ്പില്‍ ഉണ്ടായേക്കില്ല... എന്നാല്‍, സ്പെയിനിന്റെ ലാമിന് യമാല്‍, നോര്‍വെയുടെ എര്‍ലിംഗ് ഹാലണ്ട്, ഫ്രാന്‍സിന്റെ കിലിയന്‍ എംബപ്പെ, ബ്രസീലിന്റെ വിനിസ്യൂസ് ജൂണിയര്‍, ഇംഗ്ലണ്ടിന്റെ ജൂഡ് ബെല്ലിങ്ഗം എന്നിങ്ങനെ നീളുന്ന നെക്സ്റ്റ് ജെനറേഷന് താരങ്ങളുടെ തിളക്കവും 2026 ലോകകപ്പില്‍ കണ്ടു...
ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ
ക്രിസ്റ്റ്യാനോയുടെ കരിയറിലെ ട്രോഫി ശേഖരത്തില്‍ ഇടംപിടിക്കാത്ത ഒരേയൊരു പ്രധാന ട്രോഫി ലോകകപ്പാണ്. ആറ് ലോകകപ്പ് കളിച്ച റിക്കാര്‍ഡ് ലയണല്‍ മെസിക്കൊപ്പം പങ്കിടുന്ന താരം. പ്രീ ക്വാര്‍ട്ടറില്‍ സ്പെയിനിനോട് പോര്‍ച്ചുഗല്‍ തോല്‍ക്കുന്നതിന് തൊട്ടുമുമ്പ്, 2026 ലോകകപ്പ് തന്റെ അവസാനത്തേതായിരിക്കുമെന്ന് റൊണാള്‍ഡോയും പ്രഖ്യാപിച്ചിരുന്നു. 41കാരനായ റൊണാള്‍ഡോ ആറ് ലോകകപ്പുകളിലായി 27 മത്സരങ്ങളില്‍ പങ്കെടുക്കുകയും 2,150 മിനിറ്റ് കളിക്കുകയും 11 ഗോളുകള്‍ നേടുകയും ചെയ്തിട്ടുണ്ട്.
റൊണാള്‍ഡോയ്ക്ക് മുമ്പ് പോര്‍ച്ചുഗല്‍ ഒരു രാജ്യാന്തര കിരീടം നേടിയിട്ടില്ല. റൊണാള്‍ഡോയ്ക്ക് കീഴില്‍ 2016ല്‍ യൂറോ കപ്പും 2019ലും 2025ലും യുവേഫ നേഷന്‍സ് ലീഗും പോര്‍ച്ചുഗല്‍ സ്വന്തമാക്കി. കരിയറില്‍ 1000 ഗോളെന്ന നാഴികക്കല്ലിലേക്ക് അടുക്കുകയാണ് സിആര്‍7.
നെയ്മര്‍ ജൂണിയര്‍
ഈ തലമുറയിലെ ഏറ്റവും വലിയ പ്രതിഭയുള്ള കളിക്കാരില്‍ ഒരാളാണ് നെയ്മര്‍. നിരന്തരമായ പരിക്കുകള്‍ നെയ്മറെന്ന പ്രതിഭയെ തളര്‍ത്തി. 34-ാം വയസില്‍ വിരമിക്കുമ്പോള്‍ ബ്രസീലിന്റെ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ ഗോള്‍ എന്ന റിക്കാര്‍ഡ് സ്വന്തം. ബ്രസീലിനായി 129 മത്സരങ്ങളില്‍ നിന്നായി 80 ഗോള്‍ നേടി. 2010 മുതല്‍ ബ്രസീല്‍ ദേശീയ ടീമിനായി കളിക്കുന്ന നെയ്മര്‍, 2012 ഒളിമ്പിക്സില്‍ ടീമിനെ വെള്ളി മെഡലിലേക്കും 2016-ല്‍ സ്വര്‍ണ മെഡലിലേക്കും നയിച്ചു. അവസാന രാജ്യാന്തര മത്സരത്തില്‍ പെനാല്‍റ്റി കിക്കിലൂടെ നോര്‍വെയ്ക്കെതിരേ ഗോള്‍ നേടിയാണ് നെയ്മര്‍ മടങ്ങിയത്. 2010-ല്‍ മെറ്റ്ലൈഫ് സ്റ്റേഡിയത്തിലാണ് നെയ്മര്‍ ബ്രസീല്‍ ജഴ്സിയില്‍ തന്റെ ആദ്യ മത്സരം കളിച്ചത്. അദ്ദേഹത്തിന്റെ അവസാന രാജ്യാന്തര മത്സരവും അതേ സ്റ്റേഡിയത്തില്‍ തന്നെയായിരുന്നു.
ലൂക്ക മോഡ്രിച്ച്
ഫുട്ബോള്‍ ലോകം കണ്ടിട്ടുള്ളതില്‍ ഏറ്റവും മികച്ച മിഡ്ഫീല്‍ഡര്‍മാരില്‍ ഒരാള്‍. കിരീട നേട്ടങ്ങളിലേക്ക് ക്രൊയേഷ്യന്‍ ടീമിനെ എത്തിക്കാനായില്ലെങ്കിലും എക്കാലവും ഓര്‍മിക്കാവുന്ന നേട്ടത്തിലെത്തിച്ചു; 2018 റഷ്യന്‍ ലോകകപ്പില്‍ ഫൈനലിലെത്തി. ആ ലോകകപ്പിലെ മികച്ച താരവും മോഡ്രിച്ചായിരുന്നു. 2022ലെ ലോകകപ്പില്‍ മൂന്നാം സ്ഥാനക്കാരുമായി.
കെവിന് ഡി ബ്രൂയിന്
ബെല്‍ജിയന്‍ ഫുട്ബോളിന്റെ സുവര്‍ണ തലമുറയിലെ അംഗമായ കെവിന് ഡി ബ്രൂയിനും ലോകകപ്പ് വേദിയോട് വിടചൊല്ലും. ബെല്‍ജിയം ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാര്‍ക്കൊപ്പം പന്തുതട്ടിയിട്ടും പ്രധാന ട്രോഫികളൊന്നും നേടായിട്ടില്ലെന്ന ദുഃഖമുണ്ടാകും ഈ മിഡ്ഫീല്‍ഡ് ഓള് റൗണ്ടറിന്. ജര്‍മനിയുടെ ഗോള്‍ കീപ്പര്‍ മാനുവല്‍ നോയര്‍, മെക്സിക്കന്‍ ഗോള്‍ കീപ്പര്‍ ഒച്ചോഅ തുടങ്ങിയവരും 2030 ലോകകപ്പില്‍ ഉണ്ടാകില്ലെന്ന് ഉറപ്പ്.
Kerala
കൊച്ചി: ഫുട്ബോള്‍ ആവേശത്തിന്റെ അലയൊലികള്‍ കേരളത്തിന്റെ ഓരോ മുക്കിലും മൂലയിലും അലയടിക്കുമ്പോള്‍ ലോകകപ്പ് ഫൈനല്‍ പോരാട്ടത്തിനരികെയാണ്. അര്‍ജന്റീനയും സ്പെയിനും തമ്മിലുള്ള വിസ്മയകരമായ ഫൈനല്‍ പോരാട്ടത്തിന് സാക്ഷ്യം വഹിക്കാന്‍ രാജ്യം മുഴുവന്‍ കാത്തിരിക്കുകയാണ്.
സ്വന്തമായി ഒരു ടീം ലോകകപ്പിന്റെ ഭാഗമല്ലെങ്കിലും ഫുട്ബോളിനെ ജീവശ്വാസമായി കാണുന്ന മലയാളികള്‍ക്ക് ഇതൊരു ഉത്സവകാലം തന്നെയാണ്. നീണ്ട കാത്തിരിപ്പിനൊടുവില്‍ എത്തുന്ന ഈ ഫൈനല്‍ വിരുന്നിനെ അതിശയിപ്പിക്കുന്ന ആവേശത്തോടെയാണ് കൊച്ചിയും പരിസരപ്രദേശങ്ങളും വരവേല്‍ക്കുന്നത്.
ഫുട്ബോള്‍ ഭ്രമം കേവലം മുതിര്‍ന്നവരില്‍ മാത്രം ഒതുങ്ങി നില്ക്കുന്നതല്ല. കുട്ടികളുടെ ആവേശം തിരിച്ചറിഞ്ഞുകൊണ്ട് കൊച്ചിയിലെ പല പ്രമുഖ സ്കൂളുകളും മാതൃകാപരമായ തീരുമാനമാണ് കൈക്കൊണ്ടിരിക്കുന്നത്.
ഞായറാഴ്ച രാത്രി നടക്കുന്ന ഫൈനല്‍ മത്സരം ആസ്വദിച്ച ശേഷം കുട്ടികള്‍ക്ക് സുഖമായി ഉറങ്ങാനും കൂടുതല്‍ ഉന്മേഷത്തോടെ സ്കൂളിലെത്താനും അവസരമൊരുക്കി തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിരിക്കുകയാണ് സ്കൂള്‍ അധികൃതര്‍.
കൊച്ചി ഗ്രിഗോറിയന്‍ പബ്ലിക് സ്കൂള്‍, മൂവാറ്റുപുഴ സെന്റ് തോമസ് സ്കൂള്‍ തുടങ്ങിയ വിദ്യാലയങ്ങള്‍ ഇതിനകം തന്നെ ഈ സന്തോഷ വാര്‍ത്ത കുട്ടികളുമായി പങ്കുവച്ചു കഴിഞ്ഞു. ലോകകപ്പിന്റെ ആവേശം മലയാളികളുടെ സിരകളില്‍ എങ്ങനെയാണ് ഒഴുകുന്നതെന്ന് ഈ തീരുമാനങ്ങളിലൂടെ ലോകം വീണ്ടും തിരിച്ചറിയുകയാണ്.
ഫുട്ബോളിനെ നെഞ്ചേറ്റുന്ന ഇന്ത്യന്‍ ആരാധകരുടെ അഭിനിവേശം എത്ര വലുതാണെന്ന് ഈ ഫൈനല്‍ ദിനം ലോകത്തിന് മുന്നില്‍ തുറന്നുകാട്ടപ്പെടും. നാലു വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട്, ലോകകപ്പിന്റെ വിസില്‍ മുഴങ്ങുമ്പോള്‍, സ്കൂള്‍ ബെല്ലുകള്‍ക്ക് പകരം ആവേശം നിറയുന്ന ആര്‍പ്പുവിളികള്‍ക്കായിരിക്കും കൊച്ചി സാക്ഷ്യം വഹിക്കുക.
Special News
2026 ഫിഫ വേൾഡ് കപ്പ് ഫൈനലിന് ഒരൊറ്റ ദിവസം മാത്രം ബാക്കി! അതിനിടയിലും, “മെസി ഏതാ?”, “റൊണാൾഡോ ആരാ?” എന്നൊക്കെ സ്ത്രീകൾ സംശയം ചോദിക്കുന്നതിനെ പറ്റിയുള്ള "വൈഫ് ജോക്സ്' ഫാമിലി ഗ്രൂപ്പുകളിൽ നിറഞ്ഞോടുകയാണ്. വീട്ടിലെ പെണ്ണുങ്ങൾ, വീട്ടിലും പുറത്തുമുള്ള പണികൾ മുഴുവൻ ചെയ്തു തീർത്തിട്ട് അർധരാത്രി മണിക്കൂറുകളോളം കളി കണ്ട് പുലർച്ചെ ഉറങ്ങാൻ പോയാൽ രാവിലെ കൃത്യ സമയത്തു ചായയും പ്രാതലും കിട്ടില്ലെന്നറിയാമെങ്കിലും, അവരുടെ പേരിലിരിക്കട്ടെ ഒരു "നിരുപദ്രവകരമായ' തമാശ എന്നാവും ന്യായം. ആദ്യരാത്രി, കിടപ്പറയിലെ ചുമരിലെ സച്ചിൻ തെൻഡുൽക്കറുടെ ഫോട്ടോ നോക്കി "ഇതാരാ ചേട്ടാ?' എന്നു ചോദിക്കുന്ന ഭാര്യയെ സിനിമയിലും നമ്മൾ കണ്ടിട്ടുള്ളതാണല്ലോ.
എന്നാൽ സ്ത്രീകൾക്ക് ഇതൊരു തമാശയല്ല. വയസറിയിക്കുമ്പോൾ മുതൽ ഒരു പെൺകുട്ടിക്കു പൊതുവിടങ്ങൾ നഷ്ടമാവുകയാണ്. കളിക്കളങ്ങൾ പ്രത്യേകിച്ചും. "നീ മുതിർന്നെ'ന്നും പറഞ്ഞ് പെട്ടെന്നൊരു ദിവസം അവരെ വീടിനു പുറത്തു തനിച്ചു വിടാതാകുമ്പോൾ തൊട്ട്, ആൺകുട്ടികളുടെ ബാല്യകൗമാര നൊസ്റ്റാൾജിയകളായ പാടത്തെ ക്രിക്കറ്റും പറമ്പിലെ ഫുട്ബോളുമെല്ലാം പെൺകുട്ടികൾക്ക് അന്യമായി മാറുകയാണ്.
അതിനു ശേഷം, നാടും വീടും കൂട്ടുകാരും വിട്ടകന്നുള്ള "അന്യ വീട്ടിലെ' ജീവിതം. നിങ്ങളുടെ അമ്മക്കോ ഭാര്യക്കോ അറിയില്ലെന്നു നിങ്ങൾ കളിയാക്കുന്ന "വിവരം' അവർക്ക് നഷ്ടപ്പെട്ട അവസരങ്ങളാണ്. അല്ലെങ്കിൽ തന്നെ, പൊതുവിജ്ഞാനമല്ലല്ലോ: അവർക്ക് "അടക്കവും ഒതുക്കവുമുണ്ടോ', "ചോറും കറിയും വക്കാനറിയാമോ', ഇതൊക്കെയല്ലേ നിങ്ങളുൾപ്പെടുന്ന സമൂഹത്തിന്റെ കൺസേൺ?
കാലം മാറി
പക്ഷേ, കാലം മാറിപ്പോയി. ഭാര്യയുടെ പൊട്ടത്തരം എന്ന പേരിൽ ആഘോഷിക്കപ്പെടുന്ന ഇത്തരം തമാശകൾ പൊളിറ്റിക്കലി ഇൻകറക്ട് മാത്രമല്ല ഔട്ട്ഡേറ്റഡുമായിക്കൊണ്ടിരിക്കുന്നു. ഇഷ്ടതാരത്തിന്റെ ജേഴ്സിയുമണിഞ്ഞ് പെൺപിള്ളേർ ഉറക്കമൊഴിച്ചിരുന്നു കളികാണുന്നു. ഒന്നു ചോദിച്ചു നോക്കിയാൽ മെസി ആരാണെന്നു മാത്രമല്ല, അദ്ദേഹത്തിന്റെ മുഴുവൻ ചരിത്രവും അവർ നിങ്ങൾക്കു പറഞ്ഞു തരും. ഇത് ഫുട്ബോളിന്റെ കാര്യത്തിൽ മാത്രമല്ല. വീട്ടിനു പുറത്തുള്ള, തന്റേതും കൂടിയായ പൊതുവിടങ്ങളെ, അവർ നേടിയെടുത്തു കഴിഞ്ഞു.
തങ്ങളുടെ മുൻതലമുറയിലെ സ്ത്രീകൾക്ക് അപ്രാപ്യമോ ഭയമോ ആയിരുന്ന പലതിനേയും ഇന്നവർ കീഴടക്കിയിരിക്കുന്നു. സോളോ യാത്രകൾ മുതൽ സാഹസികതകൾ വരെ. തീയറ്ററിൽ ആർപ്പു വിളിക്കുന്നത് മുതൽ പൂരത്തിനു താളം കൊട്ടുന്നത് വരെ. അങ്ങനെ ആൺലോകത്തിന്റെ മാത്രമായിരുന്ന ആഘോഷങ്ങൾ പെണ്ണുങ്ങളുടേതുമായി മാറിക്കൊണ്ടിരിക്കുന്നു.
വാഹനമോടിക്കുന്ന സ്ത്രീകൾ
സ്കൂട്ടി മാത്രമല്ല, ബൈക്കും കാറും മുതൽ ബസും ലോറിയും വിമാനവും ഫൈറ്റ് ജെറ്റുകളും വരെ ഓടിക്കുന്ന സ്ത്രീകളുണ്ട്. എന്നാൽ, "സ്ത്രീകൾക്ക് നന്നായി വാഹനമോടിക്കാൻ കഴിയില്ല' എന്ന മുൻവിധിയുടെ പുറത്ത്, വീട്ടിലും നിരത്തിലും അവർ പലതരത്തിലുള്ള കളിയാക്കലിനും നിരുത്സാഹപ്പെടുത്തലിനും ഹരാസ്മെന്റിനും വിധേയരാകുന്നുണ്ട്.
ഡ്രൈവ് ചെയ്യുന്ന സ്ത്രീകളോട് എന്റെ അമ്മയ്ക്ക് അത്ഭുദാദരവാണ്. അമ്മയെയും കൊണ്ട് ഞാൻ ആദ്യമായി ഡ്രൈവ് ചെയ്ത് പുറത്തേക്കിറങ്ങിയപ്പോൾ അമ്മയ്ക്കു ഭയങ്കര പേടിയായിരുന്നു. ഒരു കിലോമീറ്റർ കഴിഞ്ഞപ്പോൾ അത് അഭിമാനമായി മാറി. പണ്ട് സ്കൂട്ടി ഓടിക്കാൻ പഠിക്കുന്നതിനിടയിൽ മറിഞ്ഞു വീണു സാരമായ പരിക്കു പറ്റിയത് കൊണ്ട് പഠനം മുന്നോട്ടു കൊണ്ടു പോകാൻ അമ്മയെ വീട്ടിലാരും സമ്മതിച്ചില്ല. ആ നഷ്ടബോധം അമ്മയെ ഇന്നും വേട്ടയാടുന്നുണ്ട്. തനിക്ക് നേടാനാവാഞ്ഞത് മകൾ നേടിയെടുക്കുന്നത് കാണുമ്പോൾ, ഇതുപോലെ പല അമ്മമാരുടേയും ഉള്ളിൽ അവരുടെ പെൺകുട്ടിക്കാലം ആനന്ദാശ്രു പൊഴിക്കുന്നുണ്ടാവാം.
തനിച്ചുള്ള യാത്രകൾ
കുടുംബം, അല്ലെങ്കിൽ ഒരു പുരുഷനെങ്കിലും കൂടെയില്ലാതെ സ്ത്രീകളെ വീടിനു പുറത്തേക്കിറങ്ങാൻ അനുവദിക്കാതിരുന്ന കാലത്തുനിന്നും അവർ തനിയെ അപരിചിതങ്ങളായ രാജ്യങ്ങളും ഭൂഖണ്ഡങ്ങളും താണ്ടുന്ന സോളോ ട്രിപ്പുകൾ നടത്തുന്ന കാലത്തിലേക്കു സ്വയം വളർന്നു കഴിഞ്ഞു. എന്റെ മുത്തശി, ഒരു പഞ്ചായത്തിൽനിന്നു മറ്റൊരു പഞ്ചായത്തിലേക്കു പോലും തനിച്ചു സഞ്ചരിച്ചിട്ടില്ല. എന്നാൽ, രണ്ടു മൂന്നു പെട്ടികളും മനസു നിറയെ ആഹ്ളാദവുമായി കൊച്ചു മകൾ ലണ്ടനിലേക്കു പറന്നതു തീർത്തും തനിച്ചായിരുന്നു. സ്യൂറക് വഴിയായിരുന്നു കണക്ഷൻ ഫ്ളൈറ്റ്. സ്വിറ്റ്സർലൻറ്റിന്റെ അതിമനോഹരമായ ഭൂപ്രകൃതിയിൽനിന്നു പറന്നുയർന്ന് ആകാശത്തുനിന്നു ഭൂമിയിലേക്കു നോക്കുമ്പോളുള്ള കാഴ്ച അവിസ്മരണീയമാണ്. എത്രയോ സിനിമകളിൽ കണ്ടു മോഹിച്ച കാഴ്ചയാണത്!
ലണ്ടനിൽ എത്തിയപ്പോൾ എന്റെ ബാഗ് സ്യൂറക്കിൽ കുടുങ്ങിപ്പോയെന്നും ലഭിക്കാൻ ഒന്നു രണ്ടു ദിവസമെടുത്തേക്കുമെന്നും അറിഞ്ഞു. പോരാത്തതിനു ഫോണിലെ പുതിയ സിം ഉപയോഗയുക്തമാകാൻ കുറച്ചു സമയം പിടിക്കുകയും ചെയ്തു.
യാത്രകളിലുണ്ടാകുന്ന ഇത്തരം പ്രതിസന്ധികൾ തനിച്ചു നേരിട്ട് തനിച്ചു പരിഹരിക്കുമ്പോൾ ഉണ്ടാകുന്ന ആത്മവിശ്വാസം ചില്ലറയല്ല. അവിടെ ഭയം ധൈര്യത്തിനു വഴിമാറുന്നു. യാത്രകൾ നമ്മുടെ ജീവിതവീക്ഷണത്തെ അപ്പാടെ മാറ്റിമറിക്കുന്ന ഒന്നാണ്. ലോകം ചുറ്റുമ്പോൾ നമ്മുടെ ചിന്തകളും വിശാലമാകുന്നു.
സ്ത്രീ സൗഹൃദങ്ങളുടെ ആഴം
"പെണ്ണുങ്ങൾ തമ്മിൽ ചേരില്ല', "ഒരു സ്ത്രീ മറ്റൊരു സ്ത്രീയുടെ ശത്രു' എന്നൊക്കെയുള്ള വികലവാദങ്ങൾ നിലനിൽക്കുന്നുണ്ട്. പക്ഷേ, സ്ത്രീസൗഹൃദങ്ങളുടെ സൗന്ദര്യം അനുഭവിച്ചവർക്കറിയാം, അതിന്റെ ആഴവും ശക്തിയും പ്രസക്തിയും. മുൻവിധികളില്ലാതെ കേൾക്കുന്നതിലൂടെ, പരസ്പരം താങ്ങാവുന്നതിലൂടെ, പരിധികളില്ലാതെ വളരാൻ പ്രോത്സാഹിപ്പിക്കുന്നതിലൂടെ അവർ ഒരു എക്കോ സിസ്റ്റം രൂപീകരിക്കുകയാണ്. ഒരാളുടെ അതിജീവനത്തിന്റെ കഥ മറ്റൊരാൾക്കു പ്രതിസന്ധികളെ തരണം ചെയ്യാൻ പ്രചോദനമാവുകയാണ്. സ്ത്രീകൾ കൂട്ടം ചേർന്നു നടത്തുന്ന യാത്രകളും സംരംഭങ്ങളും പ്രസ്ഥാനങ്ങളും കാരുണ്യ പ്രവർത്തനങ്ങളും ഇന്നു നിരവധിയാണ്.
ഒരുപാട് ആൺപെൺ സൗഹൃദത്തിനുടമയാണെങ്കിലും കൂട്ടുകാരികൾ എന്നും എനിക്ക് സ്പെഷൽ ആണ്. ലോകത്തിന്റെ പല നഗരങ്ങളിൽനിന്നാണെങ്കിൽ പോലും, ഞങ്ങളിൽ കുറേ പേർ ഇത്തവണത്തെ ഫിഫ വേൾഡ് കപ്പ് ഫൈനൽ കാണാൻ ഒരു വാട്സ് ആപ്പ് മെസേജിന്റെ ദൂരത്തിനുള്ളിൽ ഒരുമിച്ചുണ്ടാകും.
അപ്പൊ, എന്താണ് നിങ്ങളുടെ പ്ലാൻ?
International
ടെക്സാസ്: ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരെയും സോഷ്യൽ മീഡിയയെയും ഒരേപോലെ ചിരിപ്പിക്കുകയും അതിശയിപ്പിക്കുകയും ചെയ്ത ഒരു ചിത്രമായിരുന്നു കഴിഞ്ഞ ദിവസം നോർവീജിയൻ സൂപ്പർ താരം എർലിംഗ് ഹാളണ്ട് പങ്കുവെച്ചത്. ടീം വിമാനത്തിൽ നിന്നും കയ്യിലൊരു കുപ്പിയുമായി നിൽക്കുന്ന ഒരു ‘റാക്കൂൺ’ രൂപവുമായി ചിരിച്ചുനിൽക്കുന്ന ഹാളണ്ടിന്റെ ചിത്രം നിമിഷങ്ങൾക്കകമാണ് വൈറലായത്. "ഇത് എന്റെ കൂടെ പോന്നതാണ്" എന്ന ക്യാപ്ഷനോടെയായിരുന്നു താരം ചിത്രം പോസ്റ്റ് ചെയ്തത്.
എന്നാൽ വെറുമൊരു കളിപ്പാട്ടമല്ല, മറിച്ച് പ്രകൃതിദത്തമായി സ്റ്റഫ് ചെയ്തെടുത്ത ഒരു യഥാർത്ഥ റാക്കൂണിന്റെ രൂപമാണിത്. ‘വിസ്കി റാക്കൂൺ’ എന്നറിയപ്പെടുന്ന ഈ കൗതുക വസ്തുവിന്റെ വിലയറിഞ്ഞ് കണ്ണുതള്ളിയിരിക്കുകയാണ് ഇപ്പോൾ ആരാധകർ. അമേരിക്കയിലെ ടെക്സസിലുള്ള പ്രശസ്തമായ ‘വൈൽഡ് ബിൽസ് വെസ്റ്റേൺ സ്റ്റോറിൽ’ നിന്നാണ് ഹാളണ്ട് ഈ അപൂർവ രൂപം വാങ്ങിയത്. വില 750 യുഎസ് ഡോളർ, ഏകദേശം 72,000 ഇന്ത്യൻ രൂപ.
കയ്യിൽ ഒരു കുപ്പിയുമായി മദ്യപിച്ചിരിക്കുന്ന രീതിയിൽ സ്റ്റഫ് ചെയ്തെടുത്ത ഈ റാക്കൂൺ രൂപത്തിന് വിപണിയിൽ ഇപ്പോൾ വൻ ഡിമാൻഡാണ്. മാഞ്ചസ്റ്റർ സിറ്റിയുടെ സൂപ്പർ സ്ട്രൈക്കറായ ഹാളണ്ടിന്റെ ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെ ഈ ഉത്പന്നം വാങ്ങാൻ ആളുകളുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. കടയിലും ഓൺലൈൻ സൈറ്റുകളിലും ഉണ്ടായിരുന്ന ‘വിസ്കി റാക്കൂൺ’ രൂപങ്ങൾ മണിക്കൂറുകൾക്കകം പൂർണമായും വിറ്റുതീർന്നു.
District News
കളത്തൂര്‍: ഫുട്ബോള്‍ ആരാധകര്‍ക്ക് ആവേശം പകരാന്‍ കളത്തൂര്‍ പൗരസമിതിയുടെ ആഭിമുഖ്യത്തില്‍ ലോകകപ്പ് ഫൈനല്‍ മത്സരം തത്സമയ പ്രദര്‍ശനത്തിന് ബിഗ് സ്ക്രീന്‍ ഒരുക്കുന്നു.
കളത്തൂര്‍ പള്ളി ജംഗ്ഷനില്‍ സ്ഥാപിക്കുന്ന 100 ചതുരശ്ര അടി വിസ്തീര്‍ണമുള്ള എൽഇഡി വാളിലാണ് മത്സരം പ്രദര്‍ശിപ്പിക്കുക.
ഞായറാഴ്ച രാത്രി എട്ടു മുതല്‍ ഫുട്ബോള്‍ ആരാധകര്‍ക്കുവേണ്ടി പെനാല്‍റ്റി ഷൂട്ട് ഔട്ട് ഉൾപ്പെടെ വിവിധതരം കായികമത്സരങ്ങള്‍ 12.30 വരെ സംഘടിപ്പിച്ചിട്ടുണ്ടെന്ന് പൗരസമിതി കണ്‍വീനര്‍ രാജേഷ് മാത്യു അറിയിച്ചു. വിജയികള്‍ക്കു സമ്മാനങ്ങളും ഉണ്ടായിരിക്കുന്നതാണ്.
Sports
ന്യൂയോർക്ക്: ഫുട്ബോൾ ലോകത്തെ വിശ്വസിക്കാനാവാത്ത ഒരു കഥയാണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. 19 വർഷം മുൻപ് ഒരു ചാരിറ്റി ഫോട്ടോ ഷൂട്ടിനിടെ ലയണൽ മെസി കുളിപ്പിച്ച കുഞ്ഞ്, ലോകകപ്പ് ഫൈനലിൽ മെസിക്കെതിരെ പന്ത് തട്ടാൻ ഒരുങ്ങുന്നു. ജൂലൈ 20-ന് നടക്കുന്ന ഫിഫ ലോകകപ്പ് 2026 ഫൈനലിൽ അർജന്റീനയും സ്പെയിനും തമ്മിൽ ഏറ്റുമുട്ടുമ്പോൾ, അത് മെസിയും സ്പെയിനിന്റെ യുവതാരം ലമിൻ യമാലും തമ്മിലുള്ള ചരിത്രപരമായ പോരാട്ടം കൂടിയായിരിക്കും.
2007-ൽ ബാഴ്സലോണയിൽ നടന്ന ഒരു ചാരിറ്റി കലണ്ടർ ഫോട്ടോ ഷൂട്ടിനിടെയാണ് അന്ന് 20 വയസുള്ള മെസി, അഞ്ച് മാസം മാത്രം പ്രായമുള്ള ലമിൻ യമാലിനെ പ്ലാസ്റ്റിക് ടബ്ബിൽ കുളിപ്പിച്ചത്. അന്ന് ആർക്കും അറിയാത്ത ഒരു സാധാരണ ഫോട്ടോ ഷൂട്ട് ആയിരുന്നെങ്കിലും, കാലം മാറിയപ്പോൾ അതൊരു ചരിത്ര നിമിഷമായി മാറുകയായിരുന്നു. ബാഴ്സലോണയുടെ ലാ മാസിയ അക്കാദമിയിൽ വളർന്നുവന്ന യമാൽ, ഇന്ന് മെസിയുടെ പിൻഗാമിയായി ഫുട്ബോൾ ലോകം ഉറ്റുനോക്കുന്ന താരമാണ്. മെസിയുടെ പത്താം നമ്പർ ജഴ്സി അണിഞ്ഞു കളിക്കുന്ന യമാലിനെ, തന്റെ തലമുറയിലെ ഏറ്റവും മികച്ച താരമായാണ് മെസി തന്നെ വിശേഷിപ്പിച്ചത്.
തങ്ങൾ പണ്ട് പകർത്തിയ ചിത്രം പിന്നീട് ഇത്രയും പ്രശസ്തമാകുമെന്ന് അന്നത്തെ ഫോട്ടോഗ്രാഫർ ജോവാൻ മോൺഫോർട്ട് പോലും കരുതിയിരുന്നില്ല. ഒരു ഭാഗത്ത് ഇതിഹാസതാരം മെസിയും മറുവശത്ത് വളർന്നുവരുന്ന താരം യമാലും തമ്മിലുള്ള ഈ പോരാട്ടം, ഫുട്ബോൾ ലോകത്തിന് ഒരു 'കോസ്മിക് ബാപ്റ്റിസം' അഥവാ നിയോഗം പോലെയാണ് അനുഭവപ്പെടുന്നത്.
Sports
അറ്റ്ലാന്റ: ഫുട്ബോൾ മൈതാനത്ത് പോരാട്ടവീര്യത്തിന്റെ പുതിയ ചരിത്രമെഴുതി അർജന്റീന വീണ്ടുമൊരു ഫൈനലിലേക്ക് മാർച്ച് ചെയ്തിരിക്കുകയാണ്! മെസിപ്പടയുടെ ഈ ഫൈനൽ പ്രവേശനം വെറുമൊരു ജയമല്ല; മറിച്ച്, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആരാധകരുടെ നെഞ്ചിലേക്ക് ആവേശം കോരിയിട്ട സമാനതകളില്ലാത്ത ഒരു പടയോട്ടമാണ്.
'ഭാഗ്യം', 'റഫറിയുടെ ആനുകൂല്യം', അല്ലെങ്കിൽ 'എളുപ്പമുള്ള വഴി'.. അർജന്റീനയുടെ ജയങ്ങൾക്കൊപ്പം വിവാദങ്ങളും ആരോപണങ്ങളും ഉയരാറുണ്ട്. എന്നാൽ, കടുത്ത യാഥാർഥ്യങ്ങളെയും മൈതാനത്തെ കഠിനാധ്വാനത്തെയും തൊട്ടറിഞ്ഞവർക്ക് വ്യക്തമായി അറിയാം. എതിരാളികൾ പറയുന്നതുപോലെ അത്ര സൂത്രത്തിൽ കടന്നുകൂടിയതല്ല അർജന്റീന. ഇത് മൈതാനത്ത് അവർ ഒഴുക്കിയ കണ്ണീരിന്റെയും വിയർപ്പിന്റെയും ഫലമാണ്.
ടൂർണമെന്റിലുടനീളം കടുത്ത വെല്ലുവിളികളും പ്രതിരോധക്കോട്ടകളും തീർത്ത എതിരാളികളെയാണ് അർജന്റീനയ്ക്ക് നേരിടേണ്ടി വന്നത്. എന്നാൽ തോൽക്കാൻ മനസില്ലാത്ത 11 സിംഹങ്ങളെപ്പോലെയാണ് സ്കലോണിയുടെ കുട്ടികൾ ഓരോ മത്സരത്തിലും ബൂട്ട് കെട്ടിയത്.
പ്രായത്തെ വെല്ലുന്ന വീര്യവുമായി, മൈതാനത്ത് കാൽപ്പന്തിന്റെ മാന്ത്രികത തീർക്കുന്ന സാക്ഷാൽ ലയണൽ മെസിയുടെ സാന്നിധ്യം തന്നെയാണ് ഈ ടീമിന്റെ ഊർജം. ഓരോ പാസിലും ഓരോ നീക്കത്തിലും ആ ക്ലാസ് വ്യക്തമായിരുന്നു. ഗോളടിച്ചും ഗോളടിപ്പിച്ചും മൈതാനത്തിന്റെ ഓരോ ഇഞ്ചിലും മെസി നിറയുന്ന കാഴ്ച.
എന്നാൽ, ഇത് മെസിയുടെ മാത്രം ടീമല്ല, മറിച്ച്, മധ്യനിരയുടെ കഠിനാധ്വാനവും, എമിലിയാനോ മാർട്ടിനെസ് എന്ന കാവൽപ്പോരാളിയുടെ അസാധ്യ സേവുകളും ഒത്തുചേർന്ന ഒരു വൻമതിലാണ്.
അവസാന വിസിൽ മുഴങ്ങുന്നതുവരെ നെഞ്ചിടിപ്പോടെ മാത്രം കണ്ടുതീർക്കേണ്ട ഒന്നാണ് അർജന്റീനയുടെ മത്സരങ്ങൾ. തോൽവിയുടെ വക്കിൽ നിന്ന്, കളിയുടെ അവസാന നിമിഷങ്ങളിൽ ഫീനിക്സ് പക്ഷിയെപ്പോലെ പറന്നുയരുന്ന അവരുടെ ആ അവിശ്വസനീയമായ തിരിച്ചുവരവ് ഫുട്ബോൾ ലോകത്തെ മറ്റേത് ടീമിനേക്കാളും മനോഹരമാണ്. കഴിഞ്ഞ ലോകകപ്പിലെ കനൽവഴികളും, ഈ ലോകകപ്പിലെ പോരാട്ടങ്ങളും അതിന് അടിവരയിടുന്നു.
കഴിഞ്ഞ ഖത്തർ ലോകകപ്പിലെ ഏറ്റവും വലിയ അട്ടിമറികളിൽ ഒന്നായിരുന്നു ഗ്രൂപ്പ് ഘട്ടത്തിൽ സൗദി അറേബ്യക്കെതിരെ അർജന്റീന വഴങ്ങിയ ആ അവിശ്വസനീയമായ തോൽവി. അതിനു പിന്നാലെ അവർ നടത്തിയ ഗംഭീര തിരിച്ചുവരവാണ് ലോകകപ്പ് കിരീടം വരെ എത്തിച്ചത്.
ഈ ലോകകപ്പിലും അർജന്റീന തങ്ങളുടെ ആ പഴയ 'കംബാക്ക്' ഡിഎൻഎ കൈവിട്ടിട്ടില്ല എന്ന് തെളിയിക്കുന്നതായിരുന്നു കഴിഞ്ഞ മത്സരങ്ങൾ. എതിരാളികൾ കടുത്ത പ്രതിരോധം തീർക്കുകയും, നിർണായക മത്സരങ്ങളിൽ ആദ്യം ഗോൾ നേടി അർജന്റീനയെ പ്രതിരോധത്തിലാക്കുകയും ചെയ്ത നിമിഷങ്ങൾ ഈ ലോകകപ്പിലുണ്ടായി. തങ്ങൾ ടൂർണമെന്റിൽ നിന്ന് പുറത്താകുമെന്ന ഘട്ടത്തിൽ പോലും അവർ പതറിയില്ല.
കളി അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കിയുള്ളപ്പോൾ തന്ത്രങ്ങൾ മാറ്റിമെനഞ്ഞ്, ആക്രമണത്തിന്റെ മൂർച്ച കൂട്ടി, അവിശ്വസനീയമായ ഗോളുകളിലൂടെ കളി തിരിച്ചുപിടിക്കുന്ന മെസിപ്പടയെയാണ് ഈ ലോകകപ്പിലും നമ്മൾ കണ്ടത്.
കഴിഞ്ഞ ലോകകപ്പിലെ ഖത്തർ മണ്ണിലായാലും, ഈ ലോകകപ്പിലെ പുൽമൈതാനങ്ങളിലായാലും അർജന്റീന തെളിയിക്കുന്നത് ഒന്നുമാത്രം- അവസാന സെക്കൻഡ് വരെ കളി ബാക്കിയുണ്ട്. ആ നീലയും വെള്ളയും ജേഴ്സിക്ക് പിന്നിൽ ഒരു ജനതയുടെ പ്രാർഥനയുള്ളിടത്തോളം കാലം, എത്ര പിന്നിലായാലും അവർ തിരിച്ചുവരിക തന്നെ ചെയ്യും.
ഇനി ലക്ഷ്യം ആ കിരീടം മാത്രമാണ്. കലാശപ്പോരിനായി വിസിൽ മുഴങ്ങട്ടെ, മൈതാനം പ്രകമ്പനം കൊള്ളട്ടെ, ഗാലറികൾ അലറിയാർക്കട്ടെ, കാൽപ്പന്ത് പോരാട്ടത്തിന്റെ പുതിയ ചരിത്രമെഴുതട്ടെ. വിമർശനങ്ങൾ ഗാലറിയിൽ ഇരുന്ന് സംസാരിക്കുന്നവർക്കുള്ളതാണ്; കിരീടങ്ങൾ മൈതാനത്ത് പോരാടുന്നവർക്കുള്ളതാണ്.
Sports
അറ്റ്ലാന്റ: ഫിഫ ലോകകപ്പ് 2026ന്റെ ഫൈനലിൽ കടന്ന് അർജന്റീന. അറ്റ്ലാന്റയിൽ നടന്ന സെമിയിൽ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്താണ് മെസിപ്പട ഫൈനലിലെത്തിയത്.
എൻസോ ഫെർണാണ്ടസും ലൗത്താരോ മാർട്ടിനസുമാണ് അർജന്റീനയ്ക്ക് വേണ്ടി ഗോളുകൾ നേടിയത്. എൻസോ 85ാം മിനിട്ടിലും ലൗത്താരോ 90+2ാം മിനിട്ടിലുമാണ് ഗോൾ സ്കോർ ചെയ്തത്.
ആന്റണി ഗോർഡനാണ് ഇംഗ്ലണ്ടിനായി ഗോൾ കണ്ടെത്തിയത്. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ അർജന്റീന സ്പെയിനിനെ നേരിടും.
Sports
ഭൂഗോളത്തെ മുഴുവനായി ഞെട്ടിച്ച്, ഫ്രാന്‍സിന്റെ പോരാളികളെ നിഷ്പ്രഭമാക്കി സ്പെയിന് 2026 ഫിഫ ലോകകപ്പ് ഫുട്ബോളിന്റെ ഫൈനലില്‍. സൂപ്പര്‍ ത്രില്ലര്‍ സെമിയില്‍ ഫസ്റ്റ് ഹാഫിന്റെ വിസില്‍ മുഴങ്ങിയപ്പോഴായിരുന്നു സമയം കടന്നുപോയതുപോലും ആരാധകര്‍ അറിഞ്ഞത്. അത്രയ്ക്കും ത്രില്ലര്‍ പാക്ക്.
ടെക്സസിലെ അര്‍ലിംഗ്ടണ്‍ സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ 70,176 കാണികള്‍ക്ക് മനോഹര ഫുട്ബോള്‍ സമ്മാനിച്ച സ്പെയിന് ഫൈനലിലേക്കു മാര്‍ച്ച് ചെയ്തു. കിലിയന്‍ എംബപ്പെ, ഉസ്മാന് ഡെംബെലെ, മൈക്കല്‍ ഒലിസ് അടക്കമുള്ള ഫ്രാന്‍സിന്റെ പേരുകേട്ട സംഘത്തെ വരിഞ്ഞുമുറുക്കിയ സ്പെയിന് 2-0ന്റെ ജയമാണ് സെമിയില്‍ കുറിച്ചത്.
ഫ്രഞ്ചുകാര്പോലും സമ്മതിച്ചു
ഫ്രഞ്ച് ആരാധകര്‍ തിങ്ങിനിറഞ്ഞ, ഫ്രാന്‍സിന്റെ സ്റ്റാന്‍ഡില്‍ ഇരുന്നായിരുന്നു ഞാന്‍ സെമിക്കു സാക്ഷ്യംവഹിച്ചത്. കളത്തില്‍ ഫ്രഞ്ച് ടീം നിഷ്പ്രഭമായപ്പോള്‍ ഗാലറിയിലും അതിന്റെ അനുരണനങ്ങള്‍. ഫ്രാന്‍സിന്റെ നീലജഴ്സിയാല് എനിക്കു ചുറ്റും നീലത്തരംഗം. കാല്‍പ്പന്ത് കളിയുടെ ഭാവനയും സൗന്ദര്യവും ടാക്റ്റിക്കല്‍ തികവുമെല്ലാം സമന്വയിപ്പിച്ച കളിയായിരുന്നു ലാമിന് യമാല്‍, ഡാനി ഓള്‍മോ, മൈക്കല്‍ ഒയര്‍സബാല്‍, മാര്‍ക്ക് കുക്കുറെയ്യ തുടങ്ങിയവര്‍ അണിനിരന്ന സ്പെയിന് കാഴ്ചവച്ചത്.
സ്പെയിനിന്റെ ഓരോ കളിക്കാരും കോ ഓർഡിനേഷനിലും കൃത്യതയിലും ടാക്ലിംഗിലും ഫൈനല്‍ തേര്‍ഡിലെ നീക്കങ്ങളിലുമെല്ലാം താളവും കൃത്യമായ പദ്ധതിയും നടപ്പിലാക്കിയ മത്സരം. 22-ാം മിനിറ്റില്‍ മൈക്കല്‍ ഒയര്‍സബാലിന്റെ പെനാല്‍റ്റിയിലൂടെയും 58-ാം മിനിറ്റില്‍ പെഡ്രൊ പൊറോയുടെ ഉജ്വല ഫിനിഷിംഗിലൂടെയും 2-0ന്റെ ലീഡ് നേടിയശേഷവും കളിയുടെ ടെംബോ നിലനിര്‍ത്താന്‍ സ്പെയിന് ടീം പ്രത്യേകം ശ്രദ്ധിച്ചെന്നതും സുപ്രധാനം. ഗാലറിയില്‍ ഞങ്ങള്‍ക്കു ചുറ്റുമുണ്ടായിരുന്ന ഫ്രഞ്ച് ആരാധകര്‍പോലും മനോഹര ഗെയിം (ബ്യൂട്ടിഫുള്‍ ഗെയിം) എന്നാണ് സ്പെയിനിന്റെ കളിയെ വിശേഷിപ്പിച്ചെന്നതും ശ്രദ്ധേയം.
സ്പെയിന് ജയിച്ച കാരണങ്ങള്‍
ഫ്രാന്‍സിനെ കീഴടക്കാന്‍ സ്പെയിനെ സഹായിച്ച പ്രധാന കാരണം ലാമിന് യമാലും കിലിയന്‍ എംബപ്പെയും തമ്മിലുള്ള പോരാട്ടമായിരുന്നു. എംബപ്പെയ്ക്ക് ഓണ്‍ ടാര്‍ഗറ്റായി ഒരു ഷോട്ട് പോലും നേടാന്‍ സാധിച്ചില്ല. അതേസമയം, ആദ്യ ഗോളിനു വഴിവച്ച പെനാല്‍റ്റിയും, 62-ാം മിനിറ്റില്‍ ഓഫ് സൈഡിലൂടെ തള്ളിയെങ്കിലും വലകുലുക്കാനും യമാലിനു സാധിച്ചു. വലത് വിംഗില്‍ ഇടിമുഴക്കമായി യമാല്‍.
മൈതാനത്തിന്റെ മിഡില്‍ തേര്‍ഡ് പൂര്‍ണമായി സ്പെയിനിന്റെ വരുതിയിലായിരുന്നു. റോഡ്രിയും ഫാബിയന്‍ റൂയിസുമായിന്നു മധ്യനിര നിയന്ത്രിച്ചത്. മറുവശത്ത് ഫ്രാന്‍സിന്റെ അഡ്രിയന്‍ റാബിയോട്ടും ഓറേലിയന്‍ ചൗമേനിയും വെറും കാഴ്ചക്കാര്‍ മാത്രമായി. സെന്‍ട്രല്‍ ബാക്കായ വില്യം സാലിബ പരിക്കിനെത്തുടര്‍ന്ന് മൈതാനം വിട്ടതും ഫ്രാന്‍സിനു തിരിച്ചടിയായി.
പെഡ്രൊ പൊറോയിലൂടെ സ്പാനിഷ് കോച്ച് ലൂയിസ് ഡെ ലാ ഫ്യൂന്റെയുടെ ടാക്റ്റിക്കല്‍ നീക്കം. ഡാനി ഓള്‍മോയ്ക്ക് ഒപ്പമുള്ള ഓവര്‍ലാപ്പിംഗ് ഓട്ടം ഫ്രാന്‍സിന്റെ സന്തുലിതാവസ്ഥ തകര്‍ത്തു. ഏറ്റവും ഒടുവിലായി സ്പാനിഷ് ഗോള്‍ കീപ്പര്‍ ഉനയ് സിമോണ്‍ സ്വീപ്പറായി ബോക്സിനു പുറത്തേക്ക് എത്തി. മൈക്കല്‍ ഒലിസിനെ പിന്‍വലിക്കാന്‍ ഫ്രഞ്ച് പരിശീലകന് ദിദിയെ ദേഷാംപ് നിര്‍ബന്ധിതനായി. പകരമിറക്കിയ റയാന് ചെര്ക്കിക്കും ഓഫ് ദ ബോള്‍ നീക്കത്തില്‍ ആധിപത്യം കണ്ടെത്താന്‍ സാധിച്ചില്ല.
Sports
സ്പെയിന് x ഫ്രാന്‍സ് സെമി ഫൈനലിനായി, മത്സരത്തിന്റെ രണ്ടുദിനം മുമ്പാണ് ഞങ്ങള്‍ക്ക് ടിക്കറ്റ് ലഭിച്ചത്. ഫിഫ രണ്ടാമതും ഓപ്പണ്‍ ചെയ്ത വിന്‍ഡോയിലൂടെ ടിക്കറ്റ് നേടുകയായിരുന്നു. 350 ഡോളര്‍ (ഏകദേശം 33,700 രൂപ) വിലയുള്ള ടിക്കറ്റിനായാണ് ശ്രമിച്ചത്. എന്നാല്‍, ടിക്കറ്റിന്റെ വില നാല് ഇരട്ടിയിലധികമായിരുന്നു.
ഒരു ടിക്കറ്റിന് 1500 ഡോളര്‍ (ഏകദേശം 1.45 ലക്ഷം രൂപ) വീതം മുടക്കി രണ്ട് ടിക്കറ്റ് സ്വന്തമാക്കി. അങ്ങനെ ഞാനും മകന് നിഖില്‍ രവീന്ദ്രനും ഡാളസ് സ്റ്റേഡിയത്തിലേക്ക്. ഫ്രഞ്ച് സ്റ്റാന്‍ഡില്‍, ഫ്രാന്‍സിന്റെ ആരാധകര്ക്കൊപ്പമിരുന്നു കളികണ്ടു.
സ്റ്റേഡിയത്തിനു പുറത്തുവച്ച്, സ്പാനിഷ് സൂപ്പര്‍ ക്ലബ്ബായ എഫ്സി ബാഴ്സലോണ ആരാധകരുടെ, സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറായ സാറ സലാഹ്പെറിയെ കണ്ടുമുട്ടി. ബാഴ്സലോണയുടെ കണ്ടന്റ് ക്രിയേറ്ററും ഹോസ്റ്റുമാണ് സാറ. സ്പെയിന് ജയിക്കുമെന്ന നിരീക്ഷണം പങ്കുവച്ചായിരുന്നു സ്റ്റേഡിയത്തിലേക്കു നീങ്ങിയത്.
ഒരു ത്രില്ലര്‍ പോരാട്ടം കണ്ടതിന്റെ സന്തോഷത്തോടെ വീട്ടിലേക്കു മടങ്ങാനായി.
Sports
“സെയ്യറത് മട്ടുംതാന്‍ സൊല്‍വേന്‍... സൊന്നത് മട്ടും താന്‍ സെയ്വേ''... എന്ന തമിഴ് സിനിമ ഡയലോഗിനെ അനുസ്മരിപ്പിക്കുന്നതായിരുന്നു ഫിഫ 2026 ലോകകപ്പ് സെമിയില്‍ ഫ്രാന്‍സിന് എതിരേ സ്പെയിനും ലാമിന് യമാലും നടത്തിയ പ്രകടനം. ക്വാര്‍ട്ടര്‍വരെ ബുള്ളറ്റ് ട്രെയിനിന്റെ കുതിപ്പ് നടത്തിയെത്തിയ ഫ്രാന്‍സ്, സെമിയില്‍ സ്പെയിനിന്റെ മാന്ത്രിതകയ്ക്കു മുന്നില്‍ മയങ്ങിവീണു.
“ഫ്രാന്‍സ് ടീം ആരെയെങ്കിലും പേടിക്കേണ്ടതുണ്ടെങ്കില് അത് ഞങ്ങളെ (സ്പെയിന്) ആയിരിക്കണമെന്ന് ഞാന്‍ കരുതുന്നു. ഞങ്ങളാണ് അവരെ നോക്കൗട്ടില്‍ പുറത്താക്കിയിട്ടുള്ളത്. ഞങ്ങള്‍ക്ക് ആരെയും ഭയമില്ല”- ബെല്‍ജിയത്തിന് എതിരായ ക്വാര്‍ട്ടര്‍ ഫൈനല്‍ ജയത്തിനുശേഷം ലാമിന് യമാല്‍ നടത്തിയ പ്രതികരണമായിരുന്നു ഇത്. അതെ, പറഞ്ഞതുപോലെ യമാലും സംഘവും ചെയ്തു. 2025 യുവേഫ നേഷന്‍സ് ലീഗ് സെമി, 2024 യൂറോ സെമി എന്നീ ജയങ്ങള്‍ക്കുശേഷം 2026 ലോകകപ്പ് സെമിയിലും ഫ്രാന്‍സിനെ സ്പെയിന് വീഴ്ത്തി. തുടരെ മൂന്ന് സെമിയില്‍ ഫ്രാന്‍സിനുമേല്‍ സ്പാനിഷ് അര്‍മാഡ ജയം.
യമാലിന്റെ പെനാല്‍റ്റി ജയം
20-ാം മിനിറ്റില്‍ ലാമിന് യമാലിനെ ഫൗള്‍ ചെയ്തിനു ലഭിച്ച പെനാല്‍റ്റിയിലൂടെയാണ് സ്പെയിന് ലീഡ് നേടിയത്. ഫ്രഞ്ച് ഡിഫെന്‍ഡര്‍ ലൂക്കാസ് ഡിഗ്നെ പന്ത് നിയന്ത്രണത്തിലാക്കാനുള്ള ശ്രമത്തിനിടെ, അയാളുടെ കാലിന്റെ കീഴിലേക്ക് പറന്നിറങ്ങുകയായിരുന്നു യമാല്‍ എന്നതാണ് വാസ്തവം.
പന്ത് അടിച്ചകറ്റാനുള്ള ശ്രമത്തിനിടെ ഡിഗ്നെ, യമാല്‍ വരുന്നത് കണ്ടില്ലെന്നതും യാഥാര്‍ഥ്യം. എന്നാല്‍, യമാലിന്റെ ഇടത് തുടയില്‍ ഡിഗ്നെയുടെ തൊഴി ഏറ്റു. നിലത്തുവീണ യമാല്‍ വേദനയാല്‍ പുളഞ്ഞു. പെനാല്‍റ്റി വിധിക്കാന്‍ റഫറിക്ക് അതുമതിയായിരുന്നു.
19-ാം ജന്മദിനത്തിന്റെ (ജൂലൈ 13) പിന്നാലെയാണ് യമാല്‍ സെമി കളിച്ചത്. ഫൈനല്‍ പ്രവേശത്തോടെ ജന്മദിനമാഘോഷിക്കാന് യമാലിനു സാധിച്ചു.
Sports
ഡാളസ്: സ്പെയിനിനോട് തോറ്റ് ഫ്രാൻസ് ലോകകപ്പിൽ നിന്ന് പുറത്തായപ്പോൾ, നിരാശയിലാണ്ടത് ഫ്രഞ്ച് ആരാധകർ മാത്രമല്ല, ലോകമെമ്പാടുമുള്ള കാൽപ്പന്ത് പ്രേമികളാണ്. ടൂർണമെന്റിലുടനീളം മാന്ത്രിക പ്രകടനങ്ങളുമായി ഫ്രാൻസിനെ മുന്നോട്ട് നയിച്ച കിലിയൻ എംബാപ്പെ എന്ന ക്യാപ്റ്റനും പോരാളിക്കും ഈ ലോകകപ്പ് വേദിയിലെ അവസാന മത്സരമായിരുന്നു ചൊവ്വാഴ്ചത്തേത്.
ഒരു ലോകകപ്പ് കിരീടം കൂടി ഫ്രാൻസിലേക്ക് എത്തിക്കുക എന്ന സ്വപ്നവുമായാണ് എംബാപ്പെ കളത്തിലിറങ്ങിയത്. ടൂർണമെന്റിലുടനീളം പ്രതിരോധക്കോട്ടകളെ കീറിമുറിച്ചുള്ള അദ്ദേഹത്തിന്റെ കുതിപ്പുകളും, എതിരാളികളുടെ വലകുലുക്കിയ നിമിഷങ്ങളും ഈ ലോകകപ്പിലെ ഏറ്റവും മനോഹരമായ കാഴ്ചകളായിരുന്നു.
സെമിഫൈനലിൽ സ്പെയിന്റെ ശക്തമായ പ്രതിരോധം ഭേദിക്കാൻ അവസാന നിമിഷം വരെ പൊരുതാൻ എംബാപ്പെ ശ്രമിച്ചു. എന്നാൽ മുന്നേറ്റങ്ങളൊന്നും ഗോളിലേക്കെത്തിയില്ല. സ്പെയിനിന്റെ രണ്ടു ഗോളിന് മറുപടിയില്ലാതെ ഫ്രഞ്ച് പട പുറത്താകുകയും ചെയ്തു.
ഈ ലോകകപ്പിലുടനീളം എട്ടു ഗോളുകളുമായി അർജന്റീനൻ ഇതിഹാസ താരം ലയണൽ മെസിയോട് പോരാടി ഗോളടി വീരന്മാരുടെ പട്ടികയിൽ ഒപ്പത്തിനൊപ്പം കുതിച്ച എംബാപ്പെയുടെ പ്രകടനം ഫുട്ബോൾ ചരിത്രത്തിലെ തന്നെ സുവർണ അധ്യായമാണ്.
കളിക്കളത്തിൽ പ്രതിഭയും വേഗവും ഒരേപോലെ സമ്മേളിച്ച നിമിഷങ്ങൾക്കാണ് ആരാധകർ സാക്ഷ്യം വഹിച്ചത്. പ്രതിരോധ നിരകളെ നിഷ്പ്രഭമാക്കുന്ന വേഗമായിരുന്നു എംബാപ്പെയുടെ പ്രധാന ആയുധം. വിംഗുകളിലൂടെ പന്തുമായി അയാൾ നടത്തിയ കുതിപ്പുകൾ എതിരാളികളുടെ ബോക്സിൽ പരിഭ്രാന്തി സൃഷ്ടിച്ചു.
ഫ്രഞ്ച് പടയുടെ നായകനെന്ന നിലയിൽ ടീമിനെ മുന്നിൽ നിന്ന് നയിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ടീം പ്രതിസന്ധിയിലായ ഘട്ടങ്ങളിലെല്ലാം തനിയെ കളി തിരിച്ചുവിടാനുള്ള ഉത്തരവാദിത്തം എംബാപ്പെ ഏറ്റെടുത്തു.
കളിക്കളത്തിലെ ജയപരാജയങ്ങൾക്കപ്പുറം, ഒടുങ്ങാത്ത പോരാട്ടവീര്യം കൊണ്ടാണ് ഒരാൾ യഥാർഥ നായകനാകുന്നത്. കിരീടം കൈവിട്ടെങ്കിലും, ഈ ലോകകപ്പ് ഓർക്കപ്പെടുക എംബാപ്പെ എന്ന ഫുട്ബോൾ ലോകത്തെ ഈ യുവരാജാവിന്റെ അതിശയിപ്പിക്കുന്ന പ്രകടനങ്ങളുടെ പേരിൽകൂടിയായിരിക്കും.
ലോകകപ്പ് വേദികളിൽ അദ്ദേഹം അവശേഷിപ്പിച്ച പോരാട്ടത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും അടയാളങ്ങൾ ഒരിക്കലും മാഞ്ഞുപോകില്ല. നന്ദി എംബാപ്പെ, മൈതാനത്തെ ആ ആവേശ നിമിഷങ്ങൾക്ക്!
Sports
അർലിംഗ്ടൺ:ഫിഫ ലോകകപ്പ് 2026ന്റെ ഫൈനലിൽ കടന്ന് സ്പെയിൻ. സെമി ഫൈനലിൽ ഫ്രാൻസിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചാണ് സ്പെയിൻ ഫൈനലിലെത്തിയത്.
സ്പെയിന് വേണ്ടി മൈക്കൽ ഒയർ സബാലും പെട്രോ പോറോയുമാണ് ഗോളുകൾ നേടിയത്. ഒയർ സബാൽ 22ാം മിനിട്ടിലും പെട്രോ പോറോ 58ാം മിനിട്ടിലുമാണ് ഗോൾ സ്കോർ ചെയ്തത്.
ഇത് രണ്ടാം തവണയാണ് സ്പെയിൻ ലോകകപ്പിന്റെ കലാശ പോരിനെത്തുന്നത്. 2010ൽ ഫൈനലിലെത്തിയ സ്പെയിൻ നെതർലൻഡ്സിനെ തോൽപ്പിച്ച് കിരീടം സ്വന്തമാക്കിയിരുന്നു.
Sports
അറ്റ്ലാന്റ: ഫിഫ 2026 ലോകകപ്പ് ഫൈനല്‍ ചിത്രം ഈ രാത്രി വ്യക്തമാകും. രണ്ടാം സെമിയില്‍ നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന, കാല്‍പ്പന്ത് കളിയുടെ വക്താക്കളായ ഇംഗ്ലണ്ടിനെ നേരിടും.
അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയും ഇംഗ്ലീഷ് സ്റ്റാര്‍ സ്ട്രൈക്കര്‍ ഹാരി കെയ്നും നേര്‍ക്കുനേര്‍ വരുന്നു എന്നതാണ് മത്സരത്തിന്റെ പ്രത്യേകത. ഇന്ത്യന്‍ സമയം ഈ അര്‍ധരാത്രി 12.30ന് അറ്റ്ലാന്റ സ്റ്റേഡിയത്തിലാണ് കിക്കോഫ്.
തുടര്‍ച്ചയായ രണ്ടാം ഫൈനലാണ് അര്‍ജന്റീനയുടെ ലക്ഷ്യം. എന്നാല്‍, 1966ല്‍ കന്നിക്കപ്പുയര്ത്തിയശേഷം, മറ്റൊരു ഫൈനലിനായാണ് ഇംഗ്ലീഷ് ടീം പന്ത് തട്ടാനിറങ്ങുന്നത്. ഫിഫ റാങ്കിംഗില്‍ രണ്ടാം സ്ഥാനക്കാരായ അര്‍ജന്റീനയും നാലാമതുള്ള ഇംഗ്ലണ്ടും തമ്മിലുള്ള പോരാട്ടം തീപാറുമെന്നുറപ്പ്. ഫൈനലിനു മുമ്പുള്ള ഫൈനലെന്നു വിശേഷിപ്പിക്കാം.
ഫുട്ബോള്‍ കളത്തിലെ ചിരവൈരിപ്പോരാട്ടമെന്ന നിലയിലും ഇംഗ്ലണ്ട് x അര്‍ജന്റീന ശ്രദ്ധേയം. അതുകൊണ്ടുതന്നെ ആരാധകരുടെ ഏറ്റുമുട്ടല്‍ അടക്കം മുന്നില്‍ക്കണ്ട് അറ്റ്ലാന്റ പോലീസ് അതീവ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇംഗ്ലീഷ് സംഘത്തില്‍ ഹാരി കെയ്നൊപ്പം ജൂഡ് ബെല്ലിങ്ഗം, ഡെക്ലാന് റൈസ്, ബുകായൊ സാക്ക തുടങ്ങിയ വന്‍നിരയുണ്ട്. അലക്സിസ് മക് അല്ലിസ്റ്റര്‍, എന്‍സോ ഫെര്‍ണാണ്ടസ്, ലൗതാരൊ മാര്‍ട്ടിനെസ് തുടങ്ങിയ വമ്പന്മാരാണ് മെസിക്കൊപ്പം അര്‍ജന്റൈന്‍ ടീമിലുള്ളത്.
ഫിഫ ലോകകപ്പ് ചരിത്രത്തില്‍ ഇംഗ്ലണ്ടും അര്‍ജന്റീനയും നേര്‍ക്കുനേര്‍ ഇറങ്ങുന്ന ആറാം പോരാട്ടമാണിത്. കഴിഞ്ഞ അഞ്ച് പോരാട്ടങ്ങളില്‍ മൂന്ന് എണ്ണത്തില്‍ ഇംഗ്ലണ്ട് ജയം നേടിയിരുന്നു.
Sports
ഫിഫ 2026 ലോകകപ്പ് ഫൈനലിനു മുമ്പൊരു ഫൈനല്‍; അതാണ് ഇംഗ്ലണ്ട് x അര്‍ജന്റീന സെമി ഫൈനല്‍. ഇന്ത്യന്‍ സമയം ഇന്ന് അര്‍ധരാത്രി 12.30ന് അറ്റ്ലാന്റയിലെ സ്റ്റേഡിയത്തില്‍ ഈ തീപ്പൊരി പോരാട്ടത്തിന്റെ കിക്കോഫ് നടക്കും.
അതോടെ 2026 ഫിഫ ലോകകപ്പ് ഫൈനലില്‍ ആരൊക്കെ ഏറ്റുമുട്ടും എന്നതും വ്യക്തമാകും. ഫുട്ബോള്‍ ആരാധകരുടെ നെഞ്ചിടിപ്പു വര്‍ധിപ്പിക്കുന്ന ഹൈവോള്‍ട്ട് പോരാട്ടമായിരിക്കും ഇന്നരങ്ങേറുക. ലോകത്തിലെ ഏറ്റവും മികച്ച ടീമുകളാണ് ഇരുവരും എന്നതില്‍ തര്‍ക്കമില്ല. ഫിഫ ലോക റാങ്കിംഗില്‍ രണ്ടാം സ്ഥാനക്കാരാണ് അര്‍ജന്റീന, ഇംഗ്ലണ്ട് നാലാം സ്ഥാനക്കാരും.
ഇംഗ്ലണ്ട് ഗംഭീര ടീം
ഈ ലോകകപ്പില്‍ അര്‍ജന്റീനയുടെ കരുത്ത് ആദ്യമായി അളക്കപ്പെടുന്ന മത്സരമായിരിക്കും ഇംഗ്ലണ്ടിന് എതിരായ സെമി ഫൈനല്‍. ഗ്രൂപ്പ് ഘട്ടത്തിലും ഇതുവരെയുള്ള നോക്കൗട്ട് റൗണ്ടുകളിലും കരുത്തരായ എതിരാളികളെ അര്‍ജന്റീനയ്ക്കു ലഭിച്ചിരുന്നില്ല. ഇംഗ്ലണ്ട് ടീമിനെ കുറിച്ചുള്ള നിരീക്ഷണം:
ഗോള്‍ കീപ്പര്‍:
ലോകത്തിലെ ഏറ്റവും മികച്ച ഗോള്‍കീപ്പര്‍മാരില്‍ ഒരാളായ ജോര്‍ദാന്‍ പിക്ഫോഡാണ് ഇംഗ്ലണ്ടിന്റെ വലകാക്കുന്നത്. മികച്ച റിഫ്ളക്ഷനുള്ള ഗോള്‍ കീപ്പര്‍. സഹകളിക്കാര്‍ക്ക് നിര്‍ദേശം നല്‍കുന്നതിലും ലോകത്തിലെ മറ്റ് ഗോള്കീപ്പര്മാരേക്കാള് മിടുക്കുള്ള താരം.
ഡിഫെന്‍സ്:
ജോണ്‍ സ്റ്റോണ്‍സ്, മാര്‍ക്ക് ഗുഹി, ഡാന്‍ ബേണ്‍, എസ്രി കോന്‍സ, നിക്കൊ ഒറെല്ലി തുടങ്ങിയവരാണ് ഇംഗ്ലണ്ടിന്റെ പ്രതിരോധനിരയിലെ സൂപ്പര്‍ പവറുകള്‍. കയറിയും ഇറങ്ങിയും വിംഗുകളിലൂടെ കടന്നാക്രമിച്ചും കളിക്കാന്‍ കഴിവുള്ളവര്‍. ഗുഹി, ജോണ്‍സ് എന്നിവരായിരിക്കും സ്റ്റാര്‍ട്ടിംഗ് ഇലവനിലെ സെന്റര്‍ ഡിഫെന്‍ഡേഴ്സ്. ബാലന്‍സ് ചെയ്തു കളിക്കുന്ന ഡിഫെന്ഡേഴ്സാണ് ഇംഗ്ലണ്ടിനുള്ളതെന്നു ചുരുക്കം.
മിഡ്ഫീല്‍ഡ്:
ജൂഡ് ബെല്ലിങ്ഗം, ഡെക്ലാന് റൈസ്, എലിയട്ട് ആന്ഡേഴ്സണ്, നോനി മഡുക്കെ, ആന്റണി ഗോര്‍ഡന്‍ തുടങ്ങിയവരാണ് മധ്യനിരയുടെ കരുത്ത്. പ്ലേ മേക്കര്‍ റോളില്‍ മികച്ച പ്രകടനവുമായി ബെല്ലിങ്ഗം ഈ ലോകകപ്പില്‍ ഇതിനോടകം തരംഗമായിക്കഴിഞ്ഞു. ആറു ഗോളും ഒരു അസിസ്റ്റുമായി ജൂഡ് ബെല്ലിങ്ഗം മിന്നും പ്രകടനമാണ് ഇതുവരെ കാഴ്ചവച്ചത്. നോര്‍വെയ്ക്ക് എതിരായ ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ട് ജയം സ്വന്തമാക്കിയ രണ്ട് ഗോളും ബെല്ലിങ്ഗമിന്റെ വകയായിരുന്നു. ഇരുകാലുകൊണ്ടും ഷോട്ട് പായിക്കാന്‍ മിടുക്കനാണ് ബെല്ലിങ്ഗം എന്നതും അയാളെ കൂടുതല്‍ അപകടകാരിയാക്കുന്നു. ഡെക്ലാന് റൈസ് ഒരേപോലെ ആക്രമണത്തിനും പ്രതിരോധത്തിനും കരുത്തേകുന്ന കളിക്കാരനാണ്.
ഫോര്‍വേഡ്:
ക്യാപ്റ്റന്‍ ഹാരി കെയ്നാണ് ഇംഗ്ലണ്ടിന്റെ ആക്രമണം നയിക്കുന്നത്. ഒപ്പം മാര്‍ക്കസ് റാഷ്ഫോഡ്, ബുക്കായൊ സാക്ക തുടങ്ങിയവരുമുണ്ട്. ഹാരി കെയ്ന്‍ ആറു ഗോളും ഒരു അസിസ്റ്റും ഇതിനോടകം ഈ ലോകകപ്പില്‍ സ്വന്തമാക്കി. ശരിക്കും ഇന്റലിജന്റ് പ്ലെയര്‍. 120 രാജ്യാന്തര മത്സരങ്ങളില്‍നിന്ന് 85 ഗോള്‍ ഇംഗ്ലീഷ് ജഴ്സിയില്‍ നേടിയിട്ടുണ്ട്. പാസിംഗിലെ കൃത്യതയും ഷാര്‍പ്പ് ഷൂട്ടിംഗും ഹാരിയുടെ പ്രത്യേകതയാണ്. അര്‍ജന്റൈന്‍ ടീം ശരിക്കും ഭയക്കേണ്ട താരം.
എതിര് ഗോള്‍ കീപ്പര്‍മാര്‍ക്ക് തലവേദന സൃഷ്ടിക്കുന്ന വിംഗറാണ് റാഷ്ഫോഡ്. ക്രോസുകളും ആക്രമണവും സമന്വയിപ്പിച്ച കളിക്കാരനാണ് ബുകായൊ സാക്ക. ചുരുക്കത്തില്‍ ഈ ലോകകപ്പ് ഉയര്‍ത്താന്‍ കെല്‍പ്പുള്ള ടീമാണ് തോമസ് ടൂഹെല്‍ പരിശീലിപ്പിക്കുന്ന ഇംഗ്ലണ്ട്.
ചാമ്പ്യന്‍ അര്‍ജന്റീന
മൂന്നു തവണ ലോകകപ്പുയര്‍ത്തിയ, നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന അതിനൊത്ത പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.
ഗോള്‍ കീപ്പര്‍:
ലോകത്തിലെ നമ്പര്‍ വണ്‍ ഗോള്‍ കീപ്പറായ എമിലിയാനൊ മാര്‍ട്ടിനെസാണ് അര്‍ജന്റൈന്‍ വല കാക്കുന്നത്. ഇംഗ്ലീഷ് ക്ലബ്ബായ ആസ്റ്റണ്‍ വില്ലയുടെ താരം. അവിശ്വസനീമായ സേവുകള്‍ നടത്താന്‍ മിടുക്കന്. ഡിഫെന്‍ഡേഴ്സിനെ പൂര്‍ണമായി വിശ്വസിക്കുന്ന ഗോള്‍ കീപ്പര്‍. ഇംഗ്ലണ്ടിന് എതിരേ നന്നായി വിയര്ക്കേണ്ടിവന്നേക്കാം.
ഡിഫെന്‍സ്: ക്രിസ്റ്റ്യന്‍ റൊമേരൊ, ലിസാന്‍ഡ്രൊ മാര്‍ട്ടിനെസ് എന്നിവരാണ് സെന്‍ട്രല്‍ ഡിഫെന്‍ഡേഴ്സ്. ഇവരുടെ സെന്‍ട്രല്‍ ഡിഫെന്‍സ് പാര്‍ട്ണല്‍ഷിപ്പ് ലോകത്തിലെതന്നെ ഏറ്റവും മികച്ചത്. നഹ്വേല്‍ മോളിന, നിക്കോളാസ് താഗ്ലിയാഫിക്കോ, നിക്കോളാസ് ഓട്ടമെന്‍ഡി തുടങ്ങിയവരും ചേരുന്നതോടെ പ്രതിരോധം ഡബിള്‍ സ്ട്രോംഗ്. മടിയില്ലാതെ ഫൗള്‍ ചെയ്തു കളിക്കുന്നു എന്നതാണ് ഈ അര്‍ജന്റൈന്‍ ഡിഫെന്‍സിന്റെ മറ്റൊരു പ്രത്യേകത.
മിഡ്ഫീല്‍ഡ്:
അലക്സിസ് മക് അല്ലിസ്റ്റര്‍, എന്‍സോ ഫെര്‍ണാണ്ടസ്, റോഡ്രിഗോ ഡിപോള്‍, ലിയാന്‍ഡ്രൊ പരേഡസ് തുടങ്ങിയവരാണ് അര്‍ജന്റൈന്‍ മധ്യനിരയുടെ കരുത്ത്. കയറിയും ഇറങ്ങിയും കളിക്കാന്‍ കെല്‍പ്പുള്ളവര്‍. ബാലന്‍സ് ചെയ്തു കളിക്കുന്നതില്‍ മികവ് വ്യക്തമാക്കിയവര്‍.
ഫോര്‍വേഡ്:
ആറാം ലോകകപ്പ് കളിക്കുന്ന ലയണല്‍ മെസിയാണ് അര്‍ജന്റൈന്‍ ആക്രമണം നയിക്കുന്നത്. ഈ ലോകകപ്പില്‍ ഇതുവരെ എട്ട് ഗോളും രണ്ട് അസിസ്റ്റും മെസി നടത്തിക്കഴിഞ്ഞു. ജൂലിയന്‍ ആല്‍വരെസ്, ലൗതാരൊ മാര്‍ട്ടിനെസ്, തിയാഗൊ അല്‍മാഡ തുടങ്ങിയവരും ചേരുമ്പോള്‍ ഈ ലോകകപ്പിലെതന്നെ ഏറ്റവും മികച്ച ആക്രമണ സംഘങ്ങളിലൊന്നായി അര്‍ജന്റീന മാറുന്നു. ഏത് പൊസിഷനിലേക്കും ചുവടുമാറാന്‍ സാധിക്കുന്നവരാണ് ആല്‍വരെസ്. ലൗതാരൊ ആകട്ടെ എതിര് പോസ്റ്റില്‍ ഏതു സമയവും ആശങ്കയുണ്ടാക്കുന്ന താരം.
തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലാണ് ലിയോണല്‍ സ്കലോനി പരിശീലിപ്പിക്കുന്ന അര്‍ജന്റീനയുടെ ലക്ഷ്യം.
Sports
ഫിഫ ലോകകപ്പ് 2026 എഡിഷനിലെ ആദ്യ ഫൈനലിസ്റ്റിന്റെ ചിത്രം ഈ രാത്രി തെളിയും. ഫൈനൽ പോരാട്ടത്തിലെ രണ്ടു ടീമുകളിൽ ഒന്നാകാന്‍ ഫ്രാന്‍സും സ്പെയിനും തമ്മിലാണ് ആദ്യ സെമി.
ഇന്ത്യൻ സമയം ഇന്ന് അര്‍ധരാത്രി 12.30ന് ഡാളസ് സ്റ്റേഡിയത്തില്‍ ഫ്രാന്‍സ് x സ്പെയിന് സെമിക്കു കിക്കോഫ്.
യൂറോപ്പിലെ രണ്ട് സൂപ്പര്‍ പവറുകളാണ് നേര്‍ക്കുനേര്‍ ഇറങ്ങുന്നതെന്നത് പോരാട്ടത്തിന്റെ കാഠിന്യം വര്‍ധിപ്പിക്കും. ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബപ്പെയും സ്പെയിനിന്റെ കൗമാര താരം ലാമിന് യമാലും നേര്‍ക്കുനേര്‍ ഇറങ്ങുന്നു എന്നതും മത്സരത്തെ ശ്രദ്ധേയമാക്കുന്നു.
2024 യൂറോ കപ്പ് ജേതാക്കളാണ് സ്പെയിന്. 2024 യൂറോ, 2025 നേഷന്‍സ് ലീഗ് സെമി പോരാട്ടങ്ങളില്‍ ഫ്രാന്‍സിനെ വീഴ്ത്തിയതിന്റെ ഓര്‍മപ്പെടുത്തല്‍ സ്പാനിഷ് താരം ലാമിന് യമാല്‍ ഇതിനോടകം നടത്തിക്കഴിഞ്ഞു.
നോക്കൗട്ടില്‍ ഫ്രാന്‍സിനെ വീഴ്ത്തിയ ചരിത്രം സ്പെയിനിനുണ്ടെന്നും ഫ്രാന്‍സ് പേടിക്കണമെന്നുമായിരുന്നു യമാല്‍ നടത്തിയ പ്രതികരണം. 8സ്പോർട്സ് പേജ് കാണുക
Sports
ഡാളസ്: ഫിഫ 2026 ലോകകപ്പിന്റെ ആദ്യ ഫൈനലിസ്റ്റിനെ ഈ രാത്രി അറിയാം. ലോകകപ്പിലെ ആദ്യ സെമി ഫൈനലില്‍ ഫ്രാന്‍സും സ്പെയിനും കൊമ്പുകോര്‍ക്കും. ഫിഫ റാങ്കിംഗില്‍ ഒന്നാം സ്ഥാനക്കാരാണ് ഫ്രാന്‍സ്. സ്പെയിന് മൂന്നാം സ്ഥാനക്കാരും.
ലോക ഫുട്ബോളിലെ ടോപ് ക്ലാഷ് ആണ് ഈ രാത്രിയില്‍ അരങ്ങേറുന്നതെന്നു ചുരുക്കം. ഇന്ത്യന്‍ സമയം അര്‍ധരാത്രി 12.30ന് (ചൊവ്വ പുലര്‍ച്ചെ 12.30) ആര്‍ലിംഗ്ടണിലെ ഡാളസ് സ്റ്റേഡിയത്തിലാണ് ഫ്രാന്‍സ് x സ്പെയിന് വമ്പന്‍ പോരാട്ടം. ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബപ്പെയും സ്പാനിഷ് കൗമാര സ്റ്റാര്‍ ലാമിന് യമാലും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നു എന്നതും ഈ മത്സരത്തിന്റെ ഹൈലൈറ്റാണ്.
എംബപ്പെ x യമാല്‍
എംബപ്പെയും യമാലും തമ്മിലുള്ള പോരാട്ടമായാണ് സെമി വിശേഷിപ്പിക്കപ്പെടുന്നത്. ഈ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ അടിച്ചതില്‍ അര്‍ജന്റൈന്‍ താരം ലയണല്‍ മെസിക്ക് ഒപ്പം (8) ഒന്നാം സ്ഥാനത്തുള്ളവനാണ് കിലിയന്‍ എംബപ്പെ. മൂന്ന് അസിസ്റ്റും ഉണ്ട്. അതേസമയം, ലാമിന് യമാലിന് ഇതുവരെ ഒരു ഗോള്‍ മാത്രമാണ് നേടാന്‍ സാധിച്ചത്. അസിസ്റ്റ് നടത്തിയിട്ടുമില്ല. എന്നാല്‍, കളത്തില്‍ തന്റെ പ്രതിഭ തെളിയിക്കാന്‍ യമാലിനു സാധിച്ചു. നാല് ഗോള്‍ നേടിയ മൈക്കല്‍ ഒയര്‍സബാലാണ് സ്പെയിനിന്റെ ടോപ് സ്കോറര്‍. രണ്ട് ഗോളുമായി ഇംപാക്ട് സബ്ബായ മൈക്കല്‍ മെറിനോയാണ് രണ്ടാമത്.
സ്പാനിഷ് ലാ ലിഗയിലെ ചിരവൈരികളായ റയല്‍ മാഡ്രിഡിനും (എംബപ്പെ) എഫ്സി ബാഴ്സലോണയ്ക്കും (യമാല്‍) വേണ്ടിയാണ് ഇരുവരും കളിക്കുന്നത്. അതുകൊണ്ടുതന്നെ ഇതിനോടകം ഇരുവരും തമ്മില്‍ 11 തവണ ഏറ്റുമുട്ടിയിട്ടുണ്ട്. എന്നാല്‍, രാജ്യാന്തര പോരാട്ടത്തില്‍ ഇരുവരും രണ്ട് തവണ മാത്രമാണ് കൊമ്പുകോര്‍ത്തത്. 2024 യൂറോ, 2025 നേഷന്‍സ് ലീഗ് സെമി ഫൈനലുകളിലായിരുന്നു അത്. രണ്ടു തവണയും സ്പെയിനിനായിരുന്നു ജയം.
യൂറോപ്യന്‍ ശത്രുത
ഫ്രാന്‍സും സ്പെയിനും നേര്‍ക്കുനേര്‍ ഇറങ്ങുന്നതെല്ലാം സുപ്രധാന ടൂര്‍ണമെന്റുകളിലെ നിര്‍ണായക പോരാട്ടങ്ങളിലാണെന്നതു ശ്രദ്ധേയം. 2026 ഫിഫ ലോകകപ്പ് സെമിക്കു മുമ്പ് ഇരുടീമും ഏറ്റുമുട്ടിയത് 2025 യുവേഫ നേഷന്‍സ് ലീഗ് സെമിയില്‍. ഒമ്പത് ഗോള്‍ പിറന്ന ത്രില്ലര്‍ പോരാട്ടത്തില്‍ സ്പെയിന് 5-4നു ഫ്രാന്‍സിനെ കീഴടക്കി. 2024 യൂറോ സെമിയിലായിരുന്നു ഇരുടീമും അതിനു മുമ്പ് ഏറ്റുമുട്ടിയത്. സ്പെയിന് 2-1നു ജയിച്ച പോരാട്ടം. അതിനു മുമ്പു നടന്ന 2021 യുവേഫ നേഷന്‍സ് ലീഗ് ഫൈനലില്ഫ്രാന്സ് 2-1നു സ്പെയിനിനെ കീഴടക്കിയായിരുന്നു ചാമ്പ്യന്മാരായത്.
കിലിയന്‍ എംബപ്പെ, ഉസ്മാന് ഡെംബെലെ, മൈക്കല്‍ ഒലിസ്, ബ്രാഡ്ലി ബര്‍കോള, ഡെസിറെ ഡൂവേ തുടങ്ങിയവര്‍ അണിനിരക്കുന്ന ഫ്രാന്‍സാണോ; അതോ, ലാമിന് യമാല്‍, മാര്‍ക്ക് കുക്കെറെയ്യ, ഫാബിയന്‍ റൂയിസ്, ഗാവി, ഡാനി ഓള്‍മോ, റോഡ്രി, പെദ്രി തുടങ്ങിയവരുടെ സ്പെയിനാണോ ചിരിക്കുക എന്നതിനായാണ് ഫുട്ബോള്‍ ലോകത്തിന്റെ കാത്തിരിപ്പ്.
ഫിഫ ലോകകപ്പ് വേദിയില്‍ ഫ്രാന്‍സും സ്പെയിനും നേര്‍ക്കുനേര്‍ വരുന്നത് ഇതു രണ്ടാം തവണ. 2006 ലോകകപ്പ് പ്രീക്വാര്‍ട്ടറിലായിരുന്നു ഇരു ടീമും ആദ്യമായി ഏറ്റുമുട്ടിയത്. അന്ന് ഫ്രാന്‍സ് 2-1ന്റെ ജയം സ്വന്തമാക്കി.
Sports
ഫിഫ ലോകകപ്പ് ചരിത്രത്തില്‍ സമീപ നാളില്‍ ഹെഡര്‍ ഗോളുകളുടെ എണ്ണം കുറയുന്നതായി സ്റ്റാറ്റിസ്റ്റിക്കല്‍ അനാലിസിസ്. 2026 ലോകകപ്പില്‍ 292 ഗോളാണ് ഇതുവരെ പിറന്നത്.
ഓരോ മത്സരത്തിലും ശരാശരി 2.92 വീതം. ഇതില്‍ 33 എണ്ണം ഹെഡറിലൂടെ പിറന്നു. സെറ്റ് പീസുകളില്‍ നിന്നാണ് കൂടുതല്‍ ഗോള്‍ പിറന്നതെന്നതും ശ്രദ്ധേയം. ഇത്തവണ പിറന്ന ഗോളുകളില്‍ 60 ശതമാനവും കോര്‍ണര്‍ കിക്കുകളില്‍നിന്നായിരുന്നു.
ഹെഡര്‍ ഗോള്‍ എന്നത് ഫുട്ബോളിന്റെ സൗന്ദര്യങ്ങളില്‍ ഒന്നാണ്. ഏരിയല്‍ ഡ്വലില് നേടുന്ന വിജയമായും പന്തിനെ നിലംതൊടാതെ ലക്ഷ്യത്തിലേക്ക് എത്തിക്കുന്നതായുമെല്ലാം ഹെഡറുകള്‍ വിലയിരുത്തപ്പെടുന്നു. 2026 ഫിഫ ലോകകപ്പില്‍ 11.3 ശതമാനം മാത്രമാണ് ഹെഡര്‍ ഗോളിന്റെ കണക്ക്.
മുന്‍ ലോകകപ്പുകളെ അപേക്ഷിച്ച് കുറവ്. 2018 റഷ്യന്‍ ലോകകപ്പില്‍ പിറന്ന ഗോളുകലില് 23.7 ശതമാനം ഹെഡറിലൂടെ ആയിരുന്നു. 2022 ഖത്തര്‍ ലോകകപ്പില്‍ ആയപ്പോള്‍ ഇത് 18.4 ആയി കുറഞ്ഞു. 2026ല്‍ സെമി ഫൈനല്‍, ലൂസേഴ്സ് ഫൈനല്‍, ഫൈനല്‍ എന്നിങ്ങനെ നാല് മത്സരങ്ങള്‍ ബാക്കിയുണ്ട്. എന്നാല്‍, 11.3 എന്നതാണ് ഹെഡര്‍ ഗോളിന്റെ നിലവിലെ കണക്ക്.
ഗോളില്ലെങ്കിലെന്താ...
ഹെഡര്‍ ഗോള്‍ എണ്ണത്തില്‍ കുറവുണ്ടായെങ്കിലും മത്സരത്തില്‍ തല ഉപയോഗിക്കുന്നതില്‍ 2026 ലോകകപ്പ് മുന്നിലാണ്. ഹെഡര്‍ കൃത്യതയില്‍ മുന്‍ ലോകകപ്പുകളെ അപേക്ഷിച്ച് വര്‍ധനയുണ്ട്. 11.4 ശതമാനമാണ് 2026ല്‍ ഇതുവരെ രേഖപ്പെടുത്തപ്പെട്ട ഹെഡിംഗ് റേറ്റ്. അതില്‍ത്തന്നെ ടാര്‍ഗറ്റ് ഹെഡര്‍ ഷോട്ടിലും വര്‍ധനവുണ്ട്. 33.5 ശതമാനമാണ് ഈ ലോകകപ്പില്‍ നിലവിലുള്ള ഹെഡര്‍ ഓണ്‍ ടാര്‍ഗറ്റ് ഷോട്ടിന്റെ കണക്ക്. അതുപോലെ ഹെഡിംഗ് അസിസ്റ്റിലും വര്‍ധനവുണ്ടായി.
ഹെഡര്‍ സ്ട്രൈക്ക് റേറ്റ് ഈ ലോകകപ്പില്‍ ഏറ്റവും കൂടുലുള്ളത് മത്സരത്തിന്റെ അവസാന ഘട്ടത്തിലാണ്. അതായത് 76 മുതല്‍ 90+ മിനിറ്റ് വരെ. ഈ ഘട്ടത്തില്‍ 33 ശതമാനമാണ് ഹെഡര്‍ ഗോള്‍ റേറ്റ്. ഈ ഘോട്ടത്തില് അല്ലാതെയുള്ള ഗോള്‍ പിറവി 26 ശതമാനം മാത്രം.
തലയില്‍ ഇംഗ്ലണ്ട്
ഹെഡര്‍ ഉപയോഗിക്കുന്നതില്‍ 2026 ലോകകപ്പില്‍ ഏറ്റവും അപകടകാരികള്‍ ഇംഗ്ലണ്ടാണ്. ഹെഡര്‍ ഷോട്ടിലൂടെ ഉള്ള ഇംഗ്ലണ്ടിന്റെ എക്സ്പെറ്റഡ് ഗോള്‍ റേറ്റ് (xG) 2.9 ആണ്. ഇക്കാര്യത്തില്‍ സെമി ഫൈനലില്‍ എത്തിയ ടീമുകളില്‍ ഏറ്റവും ബലഹീനം ഫ്രാന്‍സ്. ലേ ബ്ലൂസിന്റെ എക്സ്പെറ്റഡ് ഹെഡര്‍ ഗോള്‍ റേറ്റ് 1.4 മാത്രം. അതേസമയം, മറ്റു സെമി ഫൈനലിസ്റ്റുകളായ സ്പെയിനും (1.9) അര്‍ജന്റീനയും (1.8) ഹെഡര്‍ ഗോള്‍ xG റേറ്റില്‍ ഭേദപ്പെട്ടവരാണ്.
Sports
ഫിഫ 2026 ലോകകപ്പ് ഫുട്ബോളിന്റെ സെമി ഫൈനല്‍ ചിത്രം തെളിഞ്ഞു. ലോക റാങ്കിംഗില്‍ ആദ്യ നാലു സ്ഥാനക്കാരായ ഫ്രാന്‍സ്, അര്‍ജന്റീന, സ്പെയിന്, ഇംഗ്ലണ്ട് ടീമുകളാണ് സെമി ഫൈനലില്‍ കൊമ്പുകോര്‍ക്കുക.
ഫിഫ ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായാണ് റാങ്കിംഗിലെ ആദ്യ നാലു സ്ഥാനക്കാര്‍ സെമിയില്‍ പ്രവേശിക്കുന്നത്.
പവര്‍ റാങ്കിംഗ് അനുസരിച്ച് രണ്ടു സ്ഥാനം മുന്നേറിയ ഫ്രാന്‍സാണ് നിലവില്‍ ഒന്നാമത്. അതോടെ, ഒന്നും രണ്ടുമായിരുന്ന അര്‍ജന്റീനയും സ്പെയിനും രണ്ടും മൂന്നുമായി. ഇംഗ്ലണ്ട് നാലില്‍ തുടര്‍ന്നു.
അവസാന ക്വാര്‍ട്ടര്‍ പോരാട്ടങ്ങളില്‍ ഇംഗ്ലണ്ട് 2-1ന് നോര്‍വെയെയും അര്‍ജന്റീന 3-1ന് സ്വിറ്റ്സര്‍ലന്‍ഡിനെയും കീഴടക്കി. ഇതോടെയാണ് സെമി ഫൈനല്‍ ചിത്രം പൂര്‍ത്തിയായത്. ഈ രണ്ട് ക്വാര്‍ട്ടറും അധികസമയത്തേക്കു നീണ്ടു എന്നതും ശ്രദ്ധേയം.
ഇന്ത്യന്‍ സമയം ബുധന്‍ പുലര്‍ച്ചെ 12.30ന് നടക്കുന്ന ആദ്യ സെമിയില്‍ രണ്ടു തവണ ലോകചാമ്പ്യന്മാരായ ഫ്രാന്‍സ് (1998, 2018) ഒരു തവണ കിരീടം ഉയര്‍ത്തിയ സ്പെയിനിനെ (2010) നേരിടും. വ്യാഴം പുലര്‍ച്ചെ 12.30നു നടക്കുന്ന രണ്ടാം സെമിയില്‍, മൂന്നു തവണ ലോക കിരീടത്തില്‍ മുത്തമിട്ട അര്‍ജന്റീന (1978, 1986, 2022) ഒരു തവണ ചാമ്പ്യന്മാരായ ഇംഗ്ലണ്ടുമായി (1966) കൊമ്പുകോര്‍ക്കും.
Sports
ഇന്ത്യ x പാക് ക്രിക്കറ്റിന്റെ തീവ്രതയും പിരിമുറുക്കവും നമുക്കറിയാം. ടെസ്റ്റില്‍ ഇംഗ്ലണ്ട് x ഓസ്ട്രേലിയ ആഷസിന്റെയും... എന്നാല്‍, ഇന്നത്തെ കൗമാരം സാക്ഷ്യംവഹിക്കാത്തൊരു കുടിപ്പകയുണ്ട്; ക്രിക്കറ്റില്‍ അല്ല, ഫുട്ബോളില്‍; അര്‍ജന്റീനയും ഇംഗ്ലണ്ടും തമ്മിലുള്ളത്. ഐസിസി കൃത്യമായി ഇന്ത്യ x ഇംഗ്ലണ്ട് പോരാട്ടം വരച്ചുണ്ടാക്കി പണംകൊയ്യുന്നതുപോലല്ല അര്‍ജന്റീന x ഇംഗ്ലണ്ട് ഫുട്ബോള്‍ വൈരം. ഫിഫ ലോകകപ്പില്‍ വല്ലപ്പോഴും മാത്രമെത്തുന്ന കോള്‍ഡ് ബ്ലഡ് വാര്. അതിനാണ് 2026 ഫിഫ ലോകകപ്പ് സെമിയില്‍ വേദിയൊരുങ്ങിയിരിക്കുന്നത്. ഇതിനു മുമ്പ് ഫിഫ ലോകകപ്പില്‍ അര്‍ജന്റീന x ഇംഗ്ലണ്ട് അരങ്ങേറിയത് 2002ല്‍. അതായത് 14
വര്‍ഷം മുമ്പ്..!
2026 ലോകകപ്പ് ക്വാര്‍ട്ടറില്‍ നോര്‍വെയെ ഇംഗ്ലണ്ടും (2-1), സ്വിറ്റ്സര്‍ലന്‍ഡിനെ അര്‍ജന്റീനയും (3-1) കീഴടക്കിയതോടെയാണ് ഇത്തവണ അര്ജന്റ് വാറിനു കളമൊരുങ്ങിയത്. വ്യാഴാഴ്ച ഇന്ത്യന്‍ സമയം പുലര്‍ച്ചെ 12.30ന് അറ്റ്ലാന്റ സ്റ്റേഡിയത്തിലാണ് ഹൈടെന്‍ഷന്‍ ഹൈപ്പര്‍ പോരാട്ടം. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യോമയാന അകലം 11,100 കിലോമീറ്റര്‍. യൂറോപ്പില്‍ കിടക്കുന്ന ഇംഗ്ലണ്ടും തെക്കേ അമേരിക്കയുടെ തെക്കേ അറ്റത്ത് കിടക്കുന്ന അര്‍ജന്റീനയും തമ്മില്‍ എങ്ങനെ കുടിപ്പകയുണ്ടായി..?
1982; ഫോക്ക്ലാന്‍ഡ് യുദ്ധം
1982ലെ ഫോക്ക്ലാന്‍ഡ് ദ്വീപിനായുള്ള യുദ്ധത്തോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള കുടിപ്പകയ്ക്കു തുടക്കമായത്. അര്‍ജന്റീനയില്‍നിന്ന് വെറും 450 കിലോ മീറ്റര്‍ അകലെയുള്ള ദ്വീപുസമൂഹമാണ് ഫോക്ക്ലാന്‍ഡ്. സ്പെയിനില്‍നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചതുമുതല്‍ അര്‍ജന്റീനക്കാര്‍ അവകാശപ്പെടുന്നിടം. എന്നാല്‍, യുകെ അതൊട്ട് അംഗീകരിച്ചതുമില്ല. 1982ല്‍ അര്‍ജന്റീനയിലെ സൈനിക ഭരണകൂടം ദേശീയ വികാരം തിളപ്പിക്കാനായി ഫോക്ക്ലാന്‍ഡ് പിടിച്ചെടുത്തു.
കടുത്ത സാമ്പത്തിക പ്രതിസന്ധിയും ജനകീയ പ്രക്ഷോഭങ്ങളും വഴിതിരിച്ചുവിടാനുള്ള തന്ത്രമായിരുന്നു അത്. 11,100 കിലോമീറ്റര്‍ അകലെയുള്ള യുകെ ഇടപെടില്ലെന്നതായിരുന്നു അര്‍ജന്റൈന്‍ സൈനിക ഭരണകൂടത്തിന്റെ കണക്കുകൂട്ടല്‍. എന്നാല്‍, അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായ മാര്‍ഗരറ്റ് താച്ചര്‍ കപ്പല്‍ വ്യൂഹത്തെ അയച്ചു. 74 ദിനം നീണ്ട യുദ്ധം. ബ്രിട്ടന് ജയിച്ചു. 649 അര്‍ജന്റൈന്‍ സൈനികരും 255 ബ്രിട്ടീഷുകാരും മൂന്ന് ഫോക്ക്ലാന്ഡുകാരും കൊല്ലപ്പെട്ടു.
1986; മാറഡോണയുടെ യുദ്ധം!
ഫോക്ക്ലാന്‍ഡ് യുദ്ധത്തിനുശേഷം നടന്ന 1986 ഫിഫ ലോകകപ്പ്. ഇംഗ്ലണ്ടും അര്‍ജന്റീനയും യുദ്ധഭൂമിക്കു പുറത്ത് വീണ്ടും നേര്‍ക്കുനേര്‍. ക്വാര്‍ട്ടര്‍ ഫൈനലിലായിരുന്നു ഇരുടീമും കൊമ്പുകോര്‍ക്കാര്‍ ഇറങ്ങിയത്. ഇംഗ്ലണ്ടിനോടുള്ള പകമുഴുവനുമായി ഡിയേഗോ മാറഡോണയുടെ അര്‍ജന്റീന കളത്തില്‍. ആ മത്സരം രണ്ടു കാര്യങ്ങളാല്‍ രേഖപ്പെടുത്തപ്പെട്ടു.
ഒന്ന്; മാറഡോണയുടെ ദൈവത്തിന്റെ കൈ ഗോള്‍. രണ്ട്; മാറഡോണയുടെ നൂറ്റാണ്ടിന്റെ ഗോള്‍. ആറ് ഇംഗ്ലീഷ് താരങ്ങളെ കബളിപ്പിച്ച്, 10.6 സെക്കന്‍ഡില്‍ 60 മീറ്റര്‍ ഓടിക്കയറിയുള്ള അതിമനോഹര ഗോളായിരുന്നു നൂറ്റാണ്ടിന്റെ ഗോള്‍. മത്സരം അര്‍ജന്റീന 2-1നു ജയിച്ചു. മത്സരശേഷം മാറഡോണ പൊളിറ്റിക്കല്‍ അല്ലാത്തൊരു പൊളിറ്റിക്കല്‍ പ്രസ്താവന നടത്തി. “ഞങ്ങള്‍ രാജ്യത്തിന്റെ പതാകയെയാണ് ഉയര്‍ത്തിക്കാട്ടിയത്”. അതെ, മാറഡോണയുടെ യുദ്ധം..!
1998, 2002; ബെക്കാം
1986നുശേഷം 1998 ലോകകപ്പ് പ്രീക്വാര്‍ട്ടറിലാണ് പിന്നീട് അര്‍ജന്റീനയും ഇംഗ്ലണ്ടും നേര്‍ക്കുനേര്‍ ഇറങ്ങിയത്. അഞ്ചാം മിനിറ്റില്‍ അര്‍ജന്റീനയ്ക്കായി ഗബ്രിയേല്‍ ബാറ്റിസ്റ്റൂട്ടയും ഒമ്പതാം മിനിറ്റില്‍ ഇംഗ്ലണ്ടിനായി അലന് ഷിയറെറും പെനാല്‍റ്റി ഗോള്‍ നേടി. 16-ാം മിനിറ്റില്‍ മൈക്കല്‍ ഓവനിലൂടെ ഇംഗ്ലണ്ട് മുന്നില്‍. സാനെറ്റിയിലൂടെ 45+1-ാം മിനിറ്റില്‍ അര്‍ജന്റീന ഒപ്പം. എന്നാല്‍, 47-ാം മിനിറ്റില്‍ ഡേവിഡ് ബെക്കാം ചുവപ്പുകാര്‍ഡ് കണ്ട് പുറത്ത്.
ഒടുവില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-3ന് അര്‍ജന്റൈന്‍ ജയം. ഡിയേഗൊ സിമയോണിയുമായുള്ള ഡ്വലിനിടെ നിലത്തുവീണ ഡേവിഡ് ബെക്കാം, കിടന്നകിടപ്പില്‍ സിമയോണിയെ പിന്‍കാലുകൊണ്ട് ഫൗൾ ചെയ്തതിനായിരുന്നു ചുവപ്പ്. തോല്‍വിയില്‍ ഇംഗ്ലീഷ് പത്രങ്ങള്‍ 22കാരനായ ബെക്കാമിനെ കുറ്റപ്പെടുത്തി.
2002ല്‍ വീണ്ടും അര്‍ജന്റീന x ഇംഗ്ലണ്ട്. ഗ്രൂപ്പ് ഘട്ടത്തിലെ ഈ മത്സരത്തില്‍ ബെക്കാമിന്റെ പെനാല്‍റ്റി ഗോളില്‍ ഇംഗ്ലണ്ട് 1-0നു ജയിച്ചു. അര്‍ജന്റീന ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്ത്.
Sports
മയാമി: ജൂഡ് ബെല്ലിങ്ഗമിന്റെ ജാഡക്കളിയിലൂടെ ഇംഗ്ലണ്ട് ലോകകപ്പ് ഫുട്ബോള്‍ സെമി ഫൈനലില്‍. ഗാലറിയില്‍ അണിനിരന്ന നോര്‍വീജിയന്‍ താരങ്ങളുടെ വൈക്കിംഗ് റോവിംഗ് കടന്ന് ഹാരി കെയ്നും സംഘവും ക്വാര്‍ട്ടറില്‍ ജയമാഘോഷിച്ചു. ഒന്നിന് എതിരേ രണ്ട് ഗോളിനായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. രണ്ട് ഗോളും ജൂഡ് ബെല്ലിങ്ഗമിന്റെ വകയായിരുന്നു. ഇംഗ്ലണ്ടിന്റെ നാലാം സെമി ഫൈനല്‍ പ്രവേശമാണ്.
ഗോള്‍ 1; ഇംഗ്ലണ്ട് ഞെട്ടി
ഇംഗ്ലീഷ് സൂപ്പര്‍ താരം ഹാരി കെയ്നും നോര്‍വീജിയന്‍ താരം എര്‍ലിംഗ് ഹാലണ്ടും മത്സരത്തില്‍ ശോഭിച്ചില്ലെന്നതും ശ്രദ്ധേയം. 36-ാം മിനിറ്റില്‍ കിടിലന്‍ ആംഗിള്‍ ഷോട്ടിലൂടെ ആന്‍ഡ്രിയാസ് ഷെല്‍ഡറപ്പ് ഇംഗ്ലീഷ് വല കുലുക്കി. ഷെല്‍ഡറപ്പിന്റെ ഷോട്ട് സെക്കന്‍ഡ് പോസ്റ്റിന്റെ ഉള്ളിലിടിച്ച് അകത്തുകയറുകയായിരുന്നു.
ഗോള്‍ 2, 3; ബെല്ലിങ്ഗം
45+2-ാം മിനിറ്റില്‍ ജൂഡ് ബെല്ലിങ്ഗമിലൂടെ ഇംഗ്ലണ്ട് ഗോള്‍ മടക്കി. ആന്റണി ജോര്ഡന് നല്കിയ പാസ് സ്വീകരിച്ച്, ബെല്ലിങ്ഗം നടത്തിയ മനോഹര നീക്കത്തിലൂടായിരുന്നു ഗോള്‍ പിറന്നത്. രണ്ട് നോര്‍വീജിയന്‍ ഡിഫെന്‍ഡേഴ്സിനെ കബളിപ്പിച്ച് ബെല്ലിങ്ഗം പന്ത് വലയിലാക്കി. നിശ്ചിത സമയത്ത് ഗോള്‍ പിറന്നില്ല. അതോടെ അധിക സമയം.
93-ാം മിനിറ്റില്‍ ജൂഡ് ബെല്ലിങ്ഗമിന്റെ രണ്ടാം ഗോള്‍. 25 വാര അകലെനിന്ന് മോര്ഗന് റോജേഴ്സ് തൊടുത്ത ലോംഗ് റേഞ്ച് ഷോട്ട് നോര്‍വീജിയന്‍ ഗോള്‍ കീപ്പര്‍ ഓര്‍ജന്‍ നൈലാന്‍ഡ് തട്ടിത്തെറിപ്പിച്ചു. എന്നാല്‍, റീബൗണ്ട് ബെല്ലിങ്ഗം ഗോളാക്കി. ഈ ലോകകപ്പില്‍ ഇംഗ്ലീഷ് താരത്തിന്റെ ആറാം ഗോള്‍.
റഫറിയുടെ കള്ളക്കളി!
ഈജിപ്തിനു പിന്നാലെ റഫറി കള്ളക്കളി നടത്തുന്നതായുള്ള ആരോപണവുമായി നോര്‍വെയും രംഗത്ത്. മത്സരത്തിന്റെ 55-ാം മിനിറ്റില്‍ നോര്‍വെ 2-1നു മുന്നിലെത്തി. എന്നാല്‍, ഗോളിലേക്കുള്ള ബില്‍ഡപ്പിനിടെ എര്‍ലിംഗ് ഹാലണ്ട് ഫൗള്‍ ചെയ്തെന്നു വിഎആറിലൂടെ കണ്ടെത്തി. റഫറി ഗോള്‍ റദ്ദാക്കി. അര്‍ജന്റീനയ്ക്ക് എതിരേ ഈജിപ്തിന്റെ ഗോള്‍ റദ്ദാക്കിയതും ഇതേ കാരണത്തിലൂടെ ആയിരുന്നു.
Sports
അര്‍ജന്റീനയ്ക്ക് എതിരായ ക്വാര്‍ട്ടറിന്റെ 72-ാം മിനിറ്റില്‍ അഭിനയം പിഴച്ച് രണ്ടാം മഞ്ഞക്കാര്‍ഡിലൂടെ ബ്രീല്‍ എംബോളോയ്ക്കു മൈതാനം വിടേണ്ടിവന്നു. സ്വിറ്റ്സര്‍ലന്‍ഡിന്റെ അംഗബലം പത്തിലേക്കു ചുരുങ്ങിയ നിമിഷം.
അര്‍ജന്റൈന്‍ ഡിഫെന്‍സീവ് മിഡ്ഫീല്‍ഡര്‍ ലിസാന്‍ഡ്രൊ പരേഡസ് കാല്‍വച്ച് വീഴ്ത്തിയതായി എംബോളോ അഭിനയച്ചു വീണു. പരേഡസിന് മഞ്ഞ.
അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസി റഫറിയുമായി വാക്കേറ്റം. തുടര്‍ന്ന് വിഎആര്‍ പരിശോധന. അതോടെ പരേഡസ് എംബോളൊയെ ടച്ച് ചെയ്തില്ലെന്നു തെളിഞ്ഞു. മനപൂര്‍വമുള്ള അഭിനയത്തിന് എംബോളൊയ്ക്ക് മഞ്ഞക്കാര്‍ഡ്.
മത്സരത്തിന്റെ 44-ാം മിനിറ്റില്‍ മഞ്ഞ കണ്ട എംബോളൊ അതോടെ കണ്ണീര്‍വാര്‍ത്തു. സഹതാരങ്ങള്‍ ആശ്വസിപ്പിച്ചെങ്കിലും തോരാക്കണ്ണീരുമായി എംബോളൊ മൈതാനം വിട്ടു.
Sports
സതാംപ്ടണ്: ഇംഗ്ലണ്ടിന് എതിരായ അഞ്ചാം ട്വന്റി-20 ക്രിക്കറ്റിനുള്ള ഇന്ത്യന്‍ പ്ലേയിംഗ് ഇലവനില്‍ മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ് ഇടംപിടിച്ചു.
കൗമാര താരം വൈഭവ് സൂര്യവംശിയെ ഒഴിവാക്കിയാണ് സഞ്ജുവിനെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തിയത്. അയര്‍ലന്‍ഡ് പര്യടനത്തിലും ഇംഗ്ലണ്ടിന് എതിരായ ആദ്യ മത്സരത്തിലും (5, 0, 1) രണ്ടക്കം പോലും കാണാതിരുന്നതോടെയാണ് സഞ്ജുവിനു പുറത്തിരിക്കേണ്ടിവന്നതെന്നതും ശ്രദ്ധേയം.
ടോസ് നഷ്ടപ്പെട്ട് ആദ്യം ക്രീസിലെത്തിയ ഇംഗ്ലണ്ട്, 20 ഓവറില്‍ തല്ലിക്കൂട്ടിയത് മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 257 റണ്‍സ്. 64 പന്തില്‍ എട്ട് സിക്സും 12 ഫോറും അടക്കം 131 റണ്‍സ് അടിച്ചെടുത്ത ജോസ് ബട്ലറിന്റെ സെഞ്ചുറിയാണ് ഇംഗ്ലീഷ് ഇന്നിംഗ്സിനു കരുത്തേകിയത്. ക്യാപ്റ്റന്‍ ഹാരി ബ്രൂക്ക് 45 പന്തില്‍ 95 റണ്‍സുമായി പുറത്താകാതെ നിന്നു. ഇന്ത്യക്കെതിരേ ഇംഗ്ലണ്ടിന്റെ റിക്കാര്‍ഡ് ട്വന്റി-20 സ്കോറാണ് 257/3.
മത്സരത്തിൽ ഇന്ത്യ 56 റണ്‍സിന് പരാജയപ്പെട്ടു. 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 201 റണ്‍സ് എടുക്കാനേ ഇന്ത്യക്കു സാധിച്ചുള്ളൂ. ഓപ്പണിംഗ് ഇറങ്ങിയ സഞ്ജു സാംസണ് 14 പന്തിൽ 27 റണ്‍സ് നേടി. ഇഷാൻ കിഷനാണ് (35 പന്തിൽ 56) ഇന്ത്യൻ ഇന്നിംഗ്സിലെ ടോപ് സ്കോറർ.
തിലക് വർമയും (25 പന്തിൽ 53) അർധസെഞ്ചുറി സ്വന്തമാക്കി. ക്യാപ്റ്റൻ ശ്രേയസ് അയ്യർ 28 റണ്‍സ് നേടി. അഭിഷേക് ശർമ (3) തുടക്കത്തിലേ പുറത്തായി. ഇതോടെ ശ്രേയസ് അയ്യറിന്റെ ക്യാപ്റ്റൻസിയിലെ ആദ്യ രണ്ട് പരന്പരയും ഇന്ത്യ ദയനീയമായി പരാജയപ്പെട്ടു.
Sports
ടിക്കി ടാക്കയുടെ ഉപജ്ഞാതാക്കളായ, എസ്പാനക്കാര് ഫിഫ 2026 ലോകകപ്പ് ഫുട്ബോള്‍ സെമി ടിക്കറ്റ് കരസ്ഥമാക്കി. 2010ല്‍ കന്നി ലോകകപ്പ് നേടിയശേഷം സ്പെയിനിന്റെ ആദ്യസെമി.
നീണ്ട 16 വര്‍ഷത്തിനു ശേഷമാണ് സ്പെയിന് കാല്‍പ്പന്ത് പോരാട്ടത്തിന്റെ ഭൂഗോളപ്പോരില് അവസാന നാലില്‍ ഇടം നേടുന്നതെന്നതാണ് ശ്രദ്ധേയം. ബെല്‍ജിയത്തെ ഒന്നിനെതിരേ രണ്ട് ഗോളിനു കീഴടക്കിയാണ് സ്പെയിന് സെമി ടിക്കറ്റ് കരസ്ഥമാക്കിയത്.
കലിഫോര്‍ണിയയിലെ ഇംഗിള്‍വുഡിലെ സോഫി സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞത് 70,492 കാണികള്‍. സ്പെയിന് ആരാധകര്‍ക്ക് ആവേശം വിതറിയ മത്സരമായിരുന്നു അരങ്ങേറിയത്. ടിക്കി ടാക്കയുടെ മനോഹര നീക്കങ്ങളുമായി സ്പാനിഷ് ടീം കളത്തില്‍ നിറഞ്ഞു. അവരുടെ ടീനേജ് സെന്‍സേഷനായ ലാമിന് യമാല്‍ രണ്ടു പേര് മാര്‍ക്ക് ചെയ്തിട്ടുപോലും ബെല്‍ജിയം പെനാല്‍റ്റി ബോക്സില്‍ ചലനം സൃഷ്ടിച്ചു.
ഗോൾ 1: ഫാബിയന്‍ റൂയിസ്
സ്പാനിഷ് കോച്ച് ലൂയിസ് ഡെ ലാ ഫ്യൂന്റെ ഞെട്ടിക്കുന്ന മാറ്റത്തോടെയാണ് സ്റ്റാര്‍ട്ടിംഗ് ഇലവനെ പ്രഖ്യാപിച്ചത്. ഒരു ഇന്റര്‍നാഷണല്‍ ടൂര്‍ണമെന്റില്‍ ഇതാദ്യമായി പെദ്രിയെ സബ്സ്റ്റിറ്റ്യൂഷന് ബെഞ്ചില്‍ ഇരുത്തി. പകരം സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ ഇടം നേടിയത് ഫാബിയന്‍ റൂയിസ്. ഫ്യൂന്റെയുടെ ആ നീക്കത്തിനു 30-ാം മിനിറ്റില്‍ ഫലമെത്തി. ഫാബിയന്‍ റൂയിസിന്റെ ഗോളില്‍ സ്പെയിന് 1-0ന്റെ ലീഡ് നേടി. പോറൊയും യമാലും വണ്‍-ടു പ്ലേയുമായി ബെല്‍ജിയം ഗോള്‍മുഖത്തേക്ക്. പന്തിന്റെ നിയന്ത്രണം ലഭിച്ച ഡാനി ഓള്‍മോയുടെ ലോംഗ്ഷോട്ട്. എന്നാല്‍, ബെല്‍ജിയം ഗോള്‍ കീപ്പര്‍ തിബൊ കോര്‍ട്വ പന്ത് തട്ടിത്തെറിപ്പിച്ചു. റീബൗണ്ടായി പന്ത് എത്തിയത് ഫാബിയന്‍ റൂയിസിന്റെ പാകത്തിന്. റൂയിസിന്റെ ക്ലോസ് റേഞ്ച് ഷോട്ട് വലയില്‍.
ഗോൾ 2: സ്പെയിൻ ഗോള്‍ വഴങ്ങി
2026 ഫിഫ ലോകകപ്പില്‍ സ്പെയിന് വഴങ്ങുന്ന ആദ്യ ഗോളിനായിരുന്നു 41-ാം മിനിറ്റ് സാക്ഷ്യം വഹിച്ചത്. ബെല്‍ജിയത്തിന്റെ ചാള്‍സ് ഡി കെറ്റലെയറിന്റെ ഹെഡര്‍ സ്പാനിഷ് ഗോള്‍ കീപ്പര്‍ ഉനയ് സിമോണിനെ കടന്ന് വലയില്‍. അതോടെ 1-1 എന്ന നിലയില്‍ ബെല്‍ജിയം തലയുയര്‍ത്തി ആദ്യപകുതിക്കു പിരിഞ്ഞു. സ്പെയിനിന്റെ ആക്രമണത്തോടെയാണ് രണ്ടാം പകുതിക്കു തുടക്കമായത്. 1958നുശേഷം ഫിഫ ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍ രണ്ട് കൗമാരക്കാരുമായി മത്സരം തുടങ്ങിയ ടീമായിരുന്നു സ്പെയിന്. പൗ കുബാര്‍സിയും യമാലുമായിരുന്നു ലാ റോജയുടെ സ്റ്റാര്‍ട്ടിംഗ് ഇലവനിലെ കൗമാരക്കാര്‍.
ഗോൾ 3: മെറിനോ
71-ാം മിനിറ്റില്‍ ബെല്‍ജിയം ഗോള്‍ കീപ്പര്‍ തിബൊ കോര്‍ട്വ പരിക്കേറ്റു പുറത്തായി. റെഡ് ഡെവിള്‍സ് എന്നറിയപ്പെടുന്ന ബെല്ജിയത്തിനേറ്റ പ്രഹരമായിരുന്നു അത്. രണ്ടാം നമ്പര്‍ ഗോള്‍ കീപ്പറായ സെനെ ലാമന്‍സ് അതോടെ വലയ്ക്കു മുന്നിലെത്തി. 86-ാം മിനിറ്റില്‍ ഡാനി ഓള്‍മോയെ പിന്‍വലിച്ച് സ്പാനിഷ് കോച്ച് ലൂയിസ് ഡെ ലാ ഫ്യൂന്റെ തന്റെ വജ്രായുധമായ മൈക്കല്‍ മെറിനോയെ ഇറക്കി. കളത്തിലെത്തി രണ്ടാം മിനിറ്റില്‍ മെറിനോയുടെ ഗോള്‍.
88-ാം മിനിറ്റ്. ലാമിന് യമാലും നിക്കൊ വില്യംസും നടത്തിയ ശ്രമം ഫലം കണ്ടില്ല. തുടര്‍ന്ന് കുബാര്‍സിയുടെ ലോംഗ് റേഞ്ച്. ബെല്‍ജിയം ഗോളി സെനെ ലാമന്‍സ് അത് തട്ടിത്തെറിപ്പിച്ചു. എന്നാല്‍, പന്ത് എത്തിയത് മെറിനോയുടെ പക്കലേക്ക്. റീബൗണ്ട് വലയിലാക്കി മെറിനോ സ്പെയിനിനെ ജയത്തിലെത്തിച്ചു.
Sports
കൊച്ചി: യോനെക്സ് സണ്‍റൈസ് ഓള് ഇന്ത്യ സീനിയര്‍ റാങ്കിംഗ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിലെ പുരുഷ സിംഗിള്‍സില്‍ മലയാളിതാരം ജേക്കബ് തോമസ് സിദ്ധാര്‍ഥ മിശ്രയെ (15-12, 11-15, 15- 09) പരാജയപ്പെടുത്തി.
വനിതാ ഡബിള്‍സിൽ കേരളത്തിന്റെ അപര്‍ണ ബാലന്- ആരതി സാറ സുനില്‍ സഖ്യം ഉത്തര്‍പ്രദേശിന്റെ റിദ്ദി ഭരദ്വാജ് - ഉത്തരാഖണ്ഡിന്റെ സാംഭവി റൗതാന് സഖ്യത്തെ പരാജയപ്പെടുത്തി പ്രീക്വർട്ടറിൽ പ്രവേശിച്ചു.
Sports
കാന്‍സസ് സിറ്റി: ഈജിപ്ഷ്യന്‍ മാന്ത്രികര്‍ ഇളക്കിവിട്ട 'ഫിഫയുടെ അര്‍ജന്റൈന്‍ സ്നേഹം' എന്ന ഭൂതത്തിനിടെ, ലയണല്‍ മെസിയും സംഘവും ക്വാര്‍ട്ടര്‍ പോരാട്ടത്തിനിറങ്ങുന്നു. ഇന്ത്യന്‍ സമയം ഇന്നു രാവിലെ 6.30ന് കാന്‍സസ് സിറ്റി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ സ്വിറ്റ്സര്‍ലന്‍ഡാണ് അര്‍ജന്റീനയുടെ എതിരാളികള്‍.
ഈജിപ്തിന് എതിരായ പ്രീക്വാര്‍ട്ടറില്‍ ഫിഫയും റഫറിയും അര്‍ജന്റീനയ്ക്കുവേണ്ടി കളിച്ചെന്ന ആരോപണം ഉയര്‍ന്നിരുന്നു. മത്സരത്തില്‍ പരാജയപ്പെട്ടതിനുശേഷം ഈജിപ്ഷ്യന്‍ കോച്ചാണ് ഈ ആരോപണം പ്രത്യക്ഷത്തില്‍ ഉയര്‍ത്തിയത്. തുടര്‍ന്ന് സോഷ്യല്‍ മീഡിയിലടക്കം ഫിഫയ്ക്കും അര്‍ജന്റീനയ്ക്കും എതിരായ പ്രചരണം ശക്തമായിരുന്നു.
ഈ പശ്ചാത്തലത്തിലാണ് 2026 ഫിഫ ലോകകപ്പിലെ അവസാന ക്വാര്‍ട്ടര്‍ പോരാട്ടത്തിനായി മെസിയും സംഘവും ഇന്നിറങ്ങുന്നത്. ഈ പോരാട്ടത്തോടെ 2026 എഡിഷന്റെ സെമി ഫൈനല്‍ ലൈനപ്പ് പൂര്‍ത്തിയാകും. ഈജിപ്തിന് എതിരായ പ്രീക്വാര്‍ട്ടറില്‍ രണ്ട് ഗോളിനു പിന്നിട്ടുനിന്നശേഷം മൂന്നു ഗോള്‍ തിരിച്ചടിച്ചായിരുന്നു അര്‍ജന്റീന ജയം സ്വന്തമാക്കിയത്. മത്സരത്തില്‍ ഒരു ഗോള്‍ നേടിയതും ഒരു ഗോളിന് അസിസ്റ്റ് നടത്തിയതും മെസിയായിരുന്നു.
ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബപ്പെ, എര്‍ലിംഗ് ഹാലണ്ട് എന്നിവര്‍ക്കൊപ്പം ഫിഫ 2026 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്നവര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ട് പോരാട്ടത്തിലും മെസിയുണ്ട്. എംബപ്പെയുടെ ക്വാര്‍ട്ടര്‍ പോരാട്ടം കഴിഞ്ഞപ്പോള്‍ എട്ട് ഗോളും മൂന്ന് അസിസ്റ്റുമായി അദ്ദേഹമാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.
എട്ട് ഗോളും ഒരു അസിസ്റ്റുമുള്ള മെസിക്കാണ് രണ്ടാം സ്ഥാനം. നോര്‍വെയുടെ എര്‍ലിംഗ് ഹാലണ്ടിന് ഏഴ് ഗോളുണ്ട്. അര്‍ജന്റീന x സ്വിറ്റ്സര്‍ലന്‍ഡ് പോരാട്ടം തുടങ്ങുന്നതിനു മുമ്പായി ഹാലണ്ടിന്റെ നോര്‍വെയും ഹാരി കെയ്ന്റെ ഇംഗ്ലണ്ടും നേര്‍ക്കുനേര്‍ ഇറങ്ങും. അര്‍ജന്റീന x സ്വിറ്റ്സര്‍ലന്‍ഡ് വിജയികളും നോര്‍വെ x ഇംഗ്ലണ്ട് വിജയികളുമാണ് സെമിയില്‍ ഏറ്റുമുട്ടുന്നത്.
Sports
ഡാളസ്: ഫിഫ 2026 ലോകകപ്പ് ഫുട്ബോള്‍ സെമിയില്‍ യൂറോപ്യന്‍ പോരാട്ടത്തിനു കളമൊരുങ്ങി. ആദ്യസെമി ഫൈനലില്‍ കാല്‍പ്പന്ത് ലോകത്തിലെ കരുത്തരായ സ്പെയിനും ഫ്രാന്‍സും കൊമ്പുകോര്‍ക്കും. ഇന്ത്യന്‍ സമയം ബുധന്‍ പുലര്‍ച്ചെ 12.30ന് ആര്‍ലിംഗ്ടണിലെ ഡാളസ് സ്റ്റേഡിയത്തിലാണ് കിക്കോഫ്.
ഈ ലോകകപ്പിലെ രണ്ടാം ക്വാര്‍ട്ടര്‍ ഫൈനലില്‍ 2-1ന് ബെല്‍ജിയത്തെ കീഴടക്കിയാണ് സ്പെയിന് സെമി ഫൈനല്‍ ടിക്കറ്റ് കരസ്ഥമാക്കിയത്. ആദ്യ ക്വാര്‍ട്ടറില്‍ ആഫ്രിക്കന്‍ കരുത്തുമായെത്തിയ മൊറോക്കോയെ കീഴടക്കിയാണ് (2-0) ഫ്രാന്‍സിന്റെ സെമി പ്രവേശം.
സ്പാനിഷ് ലാ ലിഗ ടീമുകളായ റയല്‍ മാഡ്രിഡിന്റെ കിലിയന്‍ എംബപ്പെയും എഫ്സി ബാഴ്സലോണയുടെ ലാമിന് യമാലും തമ്മില്‍ ലോകവേദിയില്‍ ഏറ്റുമുട്ടുന്നു എന്നതും ഫ്രാന്‍സ് x സ്പെയിന് പോരാട്ടത്തിന്റെ പ്രത്യേകത. ലാ ലിഗയില്‍ ഇരുവരും തമ്മില്‍ പലതവണ ഏറ്റമുട്ടിയിട്ടുണ്ടെങ്കിലും അതുക്കും മേലെയാണ് ഭൂഗോള പോരാട്ടത്തിലെ കൊമ്പുകോര്‍ക്കല്‍.
തീരാപ്പകയുടെ പോരാട്ടം
ഫ്രാന്‍സ് x സ്പെയിന് ഫുട്ബോള്‍ ശത്രുതയ്ക്ക് നൂറ്റാണ്ടിന്റെ പഴക്കമുണ്ട്. ഒരിക്കലും തീര്‍ത്താല്‍ തീരാത്ത വൈരിപോരാട്ടത്തിന്റെ കഥകളും. 1922ല്‍ സ്പാനിഷ് ടീം ഫ്രാന്‍സില്‍ എത്തിയതോടെയാണ് ഇരുടീമും തമ്മിലുള്ള കാല്‍പ്പന്ത് ശത്രുതയ്ക്കു കിക്കോഫ് നടന്നത്. അന്നത്തെ പോരാട്ടത്തില്‍ 4-0ന് സ്പെയിന് ജയം സ്വന്തമാക്കി. എന്നാല്‍, 1938 ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിച്ച് ഫ്രാന്‍സ് അതിവേഗം ലോകവേദിയിലേക്കെത്തി. പക്ഷേ, ആഭ്യന്തരയുദ്ധത്തിന്റെ (1936-39) പശ്ചാത്തലത്തില്‍ സ്പെയിന് സ്തംഭിച്ചു. പിന്നാലെ രണ്ടാം ലോകമഹായുദ്ധം. നാസികള്‍ക്ക് താവളം നല്‍കിയതോടെ ഫ്രാന്‍സും സ്പെയിനും തമ്മിലുള്ള ശത്രുത വര്‍ധിച്ചു.
രാജ്യാന്തര വേദിയില്‍ ആദ്യ ട്രോഫി സ്വന്തമാക്കിയത് സ്പെയിനായിരുന്നു. 1964 യൂറോപ്യന്‍ നേഷന്‍സ് കപ്പ് (യൂറോ) സ്വന്തമാക്കിയതോടെ ആയിരുന്നത്. എന്നാല്‍, 1984ല്‍ ഫ്രാന്‍സും യൂറോ കപ്പ് ചാമ്പ്യന്മാരായി. ഫിഫ ലോകകപ്പ് ആദ്യം സ്വന്തമാക്കിയത് ഫ്രാന്‍സ് ആയിരുന്നു; 1998ല്‍ സിനദീന്‍ സിദ്ദാന്റെ നേതൃത്വത്തില്‍.
2010ല്‍ ആന്ദ്രെ ഇനിയെസ്റ്റയടക്കമുള്ളവരുടെ സ്പെയിനും ഫിഫ ലോകകപ്പ് ട്രോഫിയില്‍ ചുംബിച്ചു. 2018ല്‍ രണ്ടാം തവണയും ഫ്രാന്‍സ് ലോകകപ്പ് ഉയര്‍ത്തി. രാജ്യാന്തര വേദിയിലെ ട്രോഫി നേട്ടത്തില്‍ ഫ്രാന്‍സിനാണ് (8) സ്പെയിനിനേക്കാള്‍ (6) മുന്‍തൂക്കം.
ഗ്രേറ്റ് നോക്കൗട്ട് ഫൈറ്റ്
ഫ്രാന്‍സും സ്പെയിനും കാല്‍പ്പന്ത് വേദിയില്‍ നേര്‍ക്കുനേര്‍ ഇറങ്ങിയിട്ടുണ്ടെങ്കില്‍ അതെല്ലാം സുപ്രധാന ടൂര്‍ണമെന്റുകളിലെ നിര്‍ണായക പോരാട്ടങ്ങളിലായിരിക്കുമെന്നതാണ് സമീപനാളില്‍ കണ്ടുവരുന്നത്. 2026 ഫിഫ ലോകകപ്പ് സെമി ഇക്കാര്യത്തില്‍ ഏറ്റവും അവസാനത്തേത്. ഇതിനു മുമ്പ് ഇരുടീമും ഏറ്റുമുട്ടിയത് 2025 യുവേഫ നേഷന്‍സ് ലീഗ് സെമിയില്‍. ഒമ്പത് ഗോള്‍ പിറന്ന സൂപ്പര്‍ ത്രില്ലര്‍ പോരാട്ടത്തില്‍, ഫ്രാന്‍സിനെ സ്പെയിന് 5-4നു കീഴടക്കി. അതിനു മുമ്പ് 2024 യൂറോ സെമിയിലായിരുന്നു ഇരുടീമും ഏറ്റുമുട്ടിയത്. അതിലും സ്പെയിന് (2-1) ജയം സ്വന്തമാക്കി. 2021 യുവേഫ നേഷന്‍സ് ലീഗ് ഫൈനലില്‍ സ്പെയിനിനെ കീഴടക്കിയായിരുന്നു ഫ്രാന്‍സ് (2-1) ചാമ്പ്യന്മാരായത്.
ഇതിന്റെയെല്ലാം ബാക്കിപത്രമായിരിക്കും ഡാളസ് സ്റ്റേഡിയത്തില്‍ ബുധനാഴ്ച നടക്കുക. കിലിയന്‍ എംബപ്പെ, ഉസ്മാന് ഡെംബെലെ, മൈക്കല്‍ ഒലിസ്, ഡെസിറെ ഡൂവേ തുടങ്ങിയവര്‍ അണിനിരക്കുന്ന ഫ്രാന്‍സിനാണ് സെമിക്കു മുമ്പുള്ള കണക്കുകളില്‍ മുന്‍തൂക്കം. ലാമിന് യമാല്‍, മാര്‍ക്ക് കുര്ക്കെയ്യ, ഫാബിയന്‍ റൂയിസ്, ഗാവി, ഡാനി ഓള്‍മോ, റോഡ്രി, പെദ്രി തുടങ്ങിയവരുടെ സ്പെയിന് വെറുംകൈയോടെ മടങ്ങാന്‍ തയാറാകില്ലെന്ന് ഉറച്ചുതന്നെയാണ്.
Sports
ലണ്ടന്‍: ഇംഗ്ലീഷ് വനിതകള്‍ക്ക് എതിരായ ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് ഒന്നാം ഇന്നിംഗ്സ് ലീഡ്.
285 റണ്‍സിന് ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് അവസാനിച്ചിരുന്നു. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് 170ല്‍ ഒതുക്കിയാണ് ഇന്ത്യ ലീഡ് സ്വന്തമാക്കിയത്.
37 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ കാന്തി ഗൗഡിന്റെ ബൗളിംഗ് മികവില്‍ ഇന്ത്യ ലീഡ് നേടി. രണ്ടാം ഇന്നിംഗ്സിനായി ക്രീസിലെത്തിയ ഇന്ത്യ ആദ്യ 13 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ 51 റണ്‍സ് എടുത്തു. അതോടെ ഇന്ത്യയുടെ ആകെ ലീഡ് 166 റണ്‍സായി.
Sports
ലോസ് ആഞ്ചലസ്: ബെല്‍ജിയത്തെ ഒന്നിനെതിരെ രണ്ട് ഗോളിന് തോല്‍പ്പിച്ച് സ്പെയ്ന്‍ സെമിയിലേക്ക്. ലോകകപ്പിന്റെ ആദ്യ സെമി ഫൈനലില്‍ സ്പെയ്നും ഫ്രാന്‍സും തമ്മിൽ ഏറ്റുമുട്ടും. ഫാബിയന്‍ റൂയിസ്, മികേല്‍ മെറീനോ എന്നിവരാണ് സ്പെയ്നിനായി ഗോളുകള്‍ നേടിയത്. ചാര്‍ളസ് ഡി കെറ്റെലെയറുടെ വകയായിരുന്നു ബെല്‍ജിയത്തിന്റെ ഏക ഗോള്‍. മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടിയിരുന്നു.
30-ാം മിനിറ്റില്‍ മിഡ്ഫീല്‍ഡര്‍ ഫാബിയന്‍ റൂയിസിലൂടെയാണ് സ്പെയിന് ലീഡ് നേടിയത്. പെഡ്രിക്ക് പകരം ആദ്യ ഇലവനില്‍ ഇടംപിടിച്ച റൂയിസ് തനിക്ക് ലഭിച്ച അവസരം കൃത്യമായി ഉപയോഗപ്പെടുത്തി. 40-ാം മിനിറ്റില്‍ ടിമോത്തി കാസ്റ്റഗ്നെ നല്കിയ മനോഹരമായ ക്രോസിന് തലവെച്ചുകൊണ്ട് ചാള്‍സ് ഡി കെറ്റെലെയര്‍ ബെല്‍ജിയത്തിനായി സമനില ഗോള്‍ നേടി. ഇതോടെ, ലോകകപ്പുകളില്‍ തുടര്‍ച്ചയായി പത്ത് മണിക്കൂറിലധികം ഗോളുകള്‍ വഴങ്ങാതെ സ്പെയിന് കാത്തുസൂക്ഷിച്ച ഗിന്നസ് ലോക റിക്കാര്ഡിനാണ് ബെല്‍ജിയം വിരാമമിട്ടത്. ആദ്യ പകുതി ഇതോടെ 1-1 എന്ന നിലയില്‍ അവസാനിച്ചു.
മത്സരം എക്സ്ട്രാ ടൈമിലേക്ക് നീളുമെന്ന് കരുതിയ അവസാന നിമിഷങ്ങളിൽ സ്പെയിനിന്റെ പാവ് കുബാര്‍സി തൊടുത്ത ലോംഗ് റേഞ്ച് ഷോട്ട് ബെല്‍ജിയത്തിന്റെ ഗോള്‍കീപ്പര്‍ സെന്നെ ലാമെന്‍സ് തടുത്തെങ്കിലും വഴുതിമാറിയ പന്ത് കൃത്യസമയത്ത് ഓടിയെത്തിയ മെറീനോ അനായാസം വലയിലാക്കി. പകരക്കാരനായി കളത്തില്‍ ഇറങ്ങി രണ്ട് മിനിറ്റ് തികയും മുന്‍പേയാണ് മൈക്കല്‍ മെറീനോ സ്പെയിനിനായി ഈ അതിനിര്‍ണായക ഗോള്‍ സ്വന്തമാക്കുന്നത്.
Sports
ഫിഫ 2026 ലോകകപ്പില്‍ നോര്‍വീജിയന്‍ വൈക്കിംഗ്സും ഇംഗ്ലീഷ് നൈറ്റുകളും തമ്മിലുള്ള യുദ്ധം. ചരിത്രത്തിന്റെ അകമ്പടിയുള്ള വൈക്കിംഗ് x നൈറ്റ്സ് പോരാട്ടമാണ് ഇന്ത്യന്‍ സമയം ഞായര്‍ പുലര്‍ച്ചെ 2.30ന് മയാമിയിലെ ഹാര്‍ഡ് റോക്ക് സ്റ്റേഡിയത്തില്‍ അരങ്ങേറുന്നത്. ലോകകപ്പ് സെമി മോഹവുമായി എര്‍ലിംഗ് ഹാലണ്ട് നയിക്കുന്ന നോര്‍വെയും ഹാരി കെയ്ന്റെ ക്യാപ്റ്റന്‍സിയില്‍ ഇറങ്ങുന്ന ഇംഗ്ലണ്ടും കൊമ്പുകോര്‍ക്കും.
ഇംഗ്ലീഷ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ സിറ്റിക്കുവേണ്ടി കളിക്കുന്ന നോര്‍വീജിയന്‍ സൂപ്പര്‍ താരം എര്‍ലിംഗ് ഹാലണ്ട്, ഇംഗ്ലണ്ടിനെതിരേ ഇറങ്ങുന്നതാണ് ഈ ക്വാര്‍ട്ടര്‍ പോരാട്ടത്തിന്റെ ഹൈലൈറ്റ്. ജൂഡ് ബെല്ലിങ്ഗം, ബുകായൊ സാക്ക, മാര്‍ക്കസ് റാഷ്ഫോഡ് തുടങ്ങിയവര്‍ അണിനിരക്കുന്ന ഇംഗ്ലണ്ട് ലോകകിരീടം നേടാന്‍ കരുത്തുള്ളവരാണ്.
2026 ലോകകപ്പില്‍ ഗ്രൂപ്പ് എല്‍ ചാമ്പ്യന്മാരായാണ് റൗണ്ട് ഓഫ് 32ല്‍ എത്തിയത്. റൗണ്ട് ഓഫ് 32ല്‍ കോംഗോയെ (2-1) മറികടന്നു. പ്രീക്വാര്‍ട്ടറില്‍ സഹആതിഥേയരായ മെക്സിക്കോയെയും (3-2) തോല്‍പ്പിച്ചു. 1966 ലോകകപ്പ് ജേതാക്കളാണ്.
ചരിത്രത്തിലെ ഏറ്റവും വലിയ കുതിപ്പിലൂടെയാണ് നോര്‍വെ ക്വാര്‍ട്ടറില്‍ എത്തിനില്‍ക്കുന്നത്. എര്‍ലിംഗ് ഹാലണ്ട്, ക്യാപ്റ്റന്‍ മാര്ട്ടിന് ഒഡെഗാഡ്, അലക്സാണ്ടര്‍ സോര്‍ലോത്ത് എന്നിങ്ങനെ നീളുന്ന താരങ്ങള്‍. കന്നി ലോകകപ്പില്‍ത്തന്നെ തരംഗം സൃഷ്ടിച്ച എര്‍ലിംഗ് ഹാലണ്ടിന്റെ ക്ലിനിക്കല്‍ ഫിനിഷിംഗ് മികവാണ് നോര്‍വെയുടെ കരുത്ത്.
2026 ഫിഫ ലോകകപ്പ് ഗ്രൂപ്പ് ഐ രണ്ടാം സ്ഥാനക്കാരായി റൗണ്ട് ഓഫ് 32ല്‍. റൗണ്ട് ഓഫ് 32ല്‍ ഐവറികോസ്റ്റിനെ (2-1) കീഴടക്കി. പ്രീക്വാര്‍ട്ടറില്‍ നെയ്മര്‍, വിനിസ്യൂസ് ജൂണിയര്‍ തുടങ്ങിയവര്‍ അണിനിരന്ന ബ്രസീലിനെ (2-1) വീഴ്ത്തി. അതേപ്രകടനം ഇംഗ്ലണ്ടിന് എതിരേയും കാഴ്ചവയ്ക്കാന്‍ ഹാലണ്ടിനും സംഘത്തിനും സാധിക്കുമോ എന്നതാണ് കണ്ടറിയേണ്ടത്.
Sports
ഇംഗ്ലണ്ട് x നോര്‍വെ ക്വാര്‍ട്ടറിനു പിന്നാലെ അര്‍ജന്റീനയും സ്വിറ്റ്സര്‍ലന്‍ഡും കാന്‍സസ് സ്റ്റേഡിയത്തില്‍ കൊമ്പുകോര്‍ക്കും. 2026 ഫിഫ ലോകകപ്പ് നേടാന്‍ ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെടുന്ന ടീമാണ് അര്‍ജന്റീന.
ഫിഫ ലോകകപ്പില്‍ കിരീടം നിലനിര്‍ത്തുന്ന മൂന്നാമത് ടീം എന്ന ചരിത്ര നേട്ടത്തിനായാണ് ലയണല്‍ മെസിയുടെ നേതൃത്വത്തിലുള്ള അര്‍ജന്റീന ശ്രമിക്കുന്നത്. ഇറ്റലി (1934, 38), ബ്രസീല്‍ (1958, 62) ടീമുകള്‍ മാത്രമാണ് ഈ നേട്ടം കൈവരിച്ചത്. ഏഴ് ഗോള്‍ നേടിയ ലയണല്‍ മെസി അര്‍ജന്റൈന്‍ പോരാട്ടം മുന്നില്‍നിന്നു നയിക്കുന്നു.
2026 ലോകകപ്പ് ഗ്രൂപ്പ് ജെ ചാമ്പ്യന്മാരായാണ് റൗണ്ട് ഓഫ് 32ല്‍ എത്തിയത്. റൗണ്ട് ഓഫ് 32ല്‍ അധിക സമയത്തേക്കു നീണ്ട മത്സരത്തില്‍ കേപ് വെര്‍ദെയെ (3-2) മറികടന്നു. പ്രീക്വാര്‍ട്ടറില്‍ ഈജിപ്തിനെ (3-2) തോല്‍പ്പിച്ചു. 1978, 1986, 2022 ചാമ്പ്യന്മാരാണ്.
ഫിഫ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനത്തിനൊപ്പമാണ് സ്വിറ്റ്സര്‍ലന്‍ഡ്. ഗ്രാനിത് സാക്കയാണ് ടീമിന്റെ നായകന്. ബ്രീല്‍ എംബോളൊ, റൂബന്‍ വര്‍ഗസ് തുടങ്ങിയവരാണ് കരുത്ത്. അര്‍ജന്റൈന്‍ കരുത്തിനെ ക്വാര്‍ട്ടറില്‍ കീഴടക്കാന്‍ സാധിക്കുമോ എന്നതാണ് കണ്ടറിയേണ്ടത്.
2026 ലോകകപ്പ് ഗ്രൂപ്പ് ബി ചാമ്പ്യന്മാരായി റൗണ്ട് ഓഫ് 32ല്‍. ആഫ്രിക്കന്‍ കരുത്തുമായെത്തിയ അള്‍ജീരിയയെ (2-0) റൗണ്ട് ഓഫ് 32ല്‍ മറികടന്നു. പ്രീക്വാര്‍ട്ടറില്‍ കൊളംബിയയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ (4-3) കീഴടക്കി.
Sports
മലവെള്ളപ്പാച്ചില്‍ പോലെ ആക്രമണം. എതിര് ടീമിന്റെ ഗോള്‍ ഏരിയയില്‍ തൊടുത്തത് 22 ഷോട്ട്. അതില്‍ ഒമ്പത് എണ്ണം ഓണ്‍ ടാര്‍ഗറ്റ്. എന്തൊരു ടീമാണ് ഫ്രാന്‍സ് എന്ന അതിശയം ഓരോ മത്സരം കഴിയുന്തോറും ആരാധകര്‍ക്കിടയില്‍ വര്‍ധിച്ചുവരുന്നു.
ഫിഫ 2026 ലോകകപ്പ് ഫുട്ബോളിലെ ആദ്യ ക്വാര്‍ട്ടറില്‍ ആഫ്രിക്കന്‍ കരുത്തുമായെത്തിയ മൊറോക്കോയെ മറുപടിയില്ലാത്ത രണ്ട് ഗോളിനു കീഴടക്കി ഫ്രാന്‍സ് സെമിയില്‍. ലേ ബ്ലൂസ് എന്നറിയപ്പെടുന്ന ഫ്രഞ്ച് ടീമിന്റെ ഹാട്രിക് ലോകകപ്പ് സെമി പ്രവേശം.
സൂപ്പര്‍ താരങ്ങളായ കിലിയന്‍ എംബപ്പെ, ഉസ്മാന് ഡെംബെലെ എന്നിവരായിരുന്നു ഫ്രാന്‍സിനായി രണ്ടാം പകുതിയില്‍ ഗോള്‍ നേടിയത്. ആറു മിനിറ്റിനിടെയായിരുന്നു രണ്ട് ഗോളും എന്നതും ശ്രദ്ധേയം. എതിർ പോസ്റ്റിൽ ഗോൾ ബോംബ് വർഷിച്ചുള്ള ഫ്രാൻസിന്റെ ആധികാരികത ക്വാർട്ടർ ഫൈനലിലും.
കിക്കോഫ് വിസിലിനു പിന്നാലെ ഫ്രാന്‍സിന്റെ ആക്രമണം തുടങ്ങി. ആദ്യ 10 മിനിറ്റിനുള്ളില്‍ രണ്ട് ഷോട്ടുകള്‍ മൊറോക്കന്‍ ഗോള്‍ മുഖത്തേക്കു പാഞ്ഞു. എന്നാല്‍, മൊറോക്കോയുടെ ഗോള്‍ കീപ്പര്‍ യാസിന് ബോനു രണ്ടും രക്ഷപ്പെടുത്തി. അതോടെയാണ് മൊറോക്കോ ഒന്ന് ഉണര്‍ന്നു കളിക്കാന്‍ തുടങ്ങിയത്.
മൊറോക്കോയെ സംബന്ധിച്ച് സ്ട്രൈക്കര്‍മാര്‍ ഫ്രഞ്ച് ബോക്സിലേക്കു കടക്കാന്‍ ശ്രമിച്ചെങ്കിലും മധ്യനിരയില്‍നിന്ന് പരിപൂര്‍ണ പിന്തുണ ലഭിച്ചില്ല. അതേസമയം, ഫ്രാന്‍സിന്റെ കൗണ്ടര്‍ അറ്റാക്ക് മൊറോക്കന്‍ ഗോള്‍ മുഖം വിറപ്പിച്ചുകൊണ്ടേയിരുന്നു. യാസിന് ബോനുവിന്റെ മിന്നല്‍ സേവുകള്‍ ഫ്രാന്‍സിനെ ഗോളില്നിന്നകറ്റി.
25-ാം മിനിറ്റില്‍ ബോക്സിനുള്ളില്‍ പന്തുമായി കടന്ന കിലിയന്‍ എംബപ്പെയെ മൊറോക്കന്‍ സെന്‍ട്രല്‍ ഡിഫെന്‍ഡര്‍ നൗസൈര്‍ മസ്റൗയി വീഴ്ത്തി. വിഎആര്‍ പരിശോധിച്ച റഫറി ഫ്രാന്‍സിന് അനുകൂലമായി പെനാല്‍റ്റി വിധിച്ചു.
കിക്കെടുത്ത എംബപ്പെയ്ക്കു പിഴച്ചു. ഇടത്തേക്കുള്ള നെടുനീളന്‍ ഡൈവിലൂടെ യാസിന് ബോനു സ്പോട്ട്കിക്ക് സേവ് ചെയ്തു. ഫൗളിനും കിക്കിനും ഇടയില്‍ മൂന്നു മിനിറ്റ് താമസം നേരിട്ടെന്നതും ശ്രദ്ധേയം. പ്രീക്വാര്‍ട്ടറില്‍ ഈജിപ്തിന് എതിരേ അര്‍ജന്റൈന്‍ താരം ലയണല്‍ മെസി നഷ്ടപ്പെടുത്തിയ പെനാല്‍റ്റിക്ക് സമാനമായിരുന്നു എംബപ്പെയെടേതും.
രണ്ട് പെനാല്‍റ്റി നഷ്ടത്തിനും ഒരേ ഛായ. പന്ത് നിയന്ത്രണം ഫ്രാന്‍സിന്റെ വരുതിയിലായിരുന്നതിനാലും മൊറോക്കന്‍ ഹാഫിലായിരുന്നു കളിയെന്നതിനാലും ഫ്രഞ്ച് ഗോള്‍ കീപ്പര്‍ മൈക്ക് മൈഗ്നനു കാര്യമായ ഭീഷണി നേരിട്ടില്ല.
Sports
ഫോക്സ്ബറോ: ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബപ്പെയുടെ പരിക്ക് ഗൗരവമുള്ളതല്ലെന്നു റിപ്പോര്‍ട്ട്.
ഫിഫ 2026 ലോകകപ്പ് ഫുട്ബോളിലെ ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ മൊറോക്കോയ്ക്ക് എതിരായ മത്സരത്തിനിടെ എംബപ്പെയുടെ കണങ്കാലിനു പരിക്കേറ്റിരുന്നു. മത്സരത്തിന്റെ 76-ാം മിനിറ്റിലായിരുന്നു സംഭവം. പിന്നാലെ എംബപ്പെ മൈതാനം വിട്ടു. പിന്നീട് കാലില്‍ ഐസ്പാക്കുകളുമായി ആയിരുന്നു എംബപ്പെ ഡഗൗട്ടില്‍ ഇരുന്നത്.
പരിക്ക് സംബന്ധിച്ച ഔദ്യോഗിക വിവരങ്ങള്‍ ഫ്രാന്‍സ് ടീം വൃത്തങ്ങള്‍ പുറത്തുവിട്ടിട്ടില്ല. എന്നാല്‍, പരിക്ക് ഗൗരവമുള്ളതല്ലെന്ന് മുഖ്യപരിശീലകന്‍ ദിദിയെ ദേഷാംപ് അറിയിച്ചു. കിലിയന്‍ എംബപ്പെയുടെ പരിക്ക് പ്രശ്നമുള്ളതല്ലെന്നു വ്യക്തമായിട്ടുണ്ട്. മത്സരശേഷം എംബപ്പെ മൈതാനത്തിലൂടെ യഥേഷ്ടം നടന്നിരുന്നു.
സെമി ഫൈനലില്‍ എംബപ്പെ ഫ്രഞ്ച് ടീമിനൊപ്പം ഉണ്ടാകുമെന്നാണ് സൂചന. ബുധനാഴ്ച ഇന്ത്യന്‍ സമയം പുലര്‍ച്ചെ 12.30നാണ് ഫ്രാന്‍സിന്റെ സെമി ഫൈനല്‍ പോരാട്ടം. സ്പെയിന് x ബെല്‍ജിയം ക്വാര്‍ട്ടര്‍ ഫൈനല്‍ ജേതാക്കളാണ് സെമിയില്‍ ഫ്രാന്‍സിനെ നേരിടുക.
2026 ലോകകപ്പില്‍ കിലിയന്‍ എംബപ്പെയുടെ ഗോള്‍ സമ്പാദ്യം എട്ട് ആയി. അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസിക്കും എട്ട് ഗോളുണ്ട്. എന്നാല്‍, ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരത്തിനുള്ള ഗോള്‍ഡന്‍ ബൂട്ട് പോരാട്ടത്തില്‍ എംബപ്പെയ്ക്കാണ് മുന്‍തൂക്കം. കാരണം, എട്ട് ഗോളിനൊപ്പം മൂന്ന് അസിസ്റ്റും എംബപ്പെ നടത്തി. മെസിക്ക് ഒരു അസിസ്റ്റ് മാത്രമാണുള്ളത്.
Sports
എതിരാളികളെ നിര്‍ദയം തകര്‍ത്തെറിഞ്ഞു മുന്നേറുന്ന ഫ്രാന്‍സിന്റെ പടയോട്ടത്തില്‍ നിര്‍ണായകം വൈഡ് പ്ലേമേക്കറായ മൈക്കല്‍ ഒലിസിന്റെ നീക്കങ്ങളാണ്. ഫിഫ 2026 ലോകകപ്പ് ക്വാര്‍ട്ടറില്‍ മൊറോക്കോയുടെ മധ്യനിരയെയും പ്രതിരോധത്തെയും കീറിമുറിച്ചുള്ള നീക്കങ്ങള്‍ക്കു ചുക്കാന്‍ പിടിച്ചതും 24കാരനായ ഈ മധ്യനിര താരം.
മൊറോക്കോയ്ക്ക് എതിരായ മത്സരത്തില്‍ ഫ്രഞ്ച് നിരയില്‍ ഏറ്റവും കൂടുതല്‍ സമയം കളത്തില്‍ ചെലവിട്ടതും ഒലിസായിരുന്നു. ഇഞ്ചുറി ടൈമുകള്‍ അടക്കം 102 മിനിറ്റാണ് ഒലിസ് മൊറോക്കോയ്ക്ക് എതിരേ കളത്തില്‍ ഉണ്ടായിരുന്നത്.
മത്സരത്തില്‍ ഒലിസിന്റെ ഓവറോള്‍ ഇടപെടല്‍ 12 ശതമാനമുണ്ടായിരുന്നു. മറ്റെല്ലാ ഫ്രഞ്ച് താരങ്ങളേക്കാളും മുന്നില്‍. ഗോള്‍ നേടിയ കിലിയന്‍ എംബപ്പെയുടെ ഇടപെടല്‍ ഏഴ് ശതമാനവും ഉസ്മാന് ഡെംബെലെയുടേത് ഒമ്പത് ശതമാനവുമായിരുന്നു എന്നതും ഇതോടു ചേര്‍ത്തുവായിക്കണം.
മൂന്ന് ഷോട്ട് എടുക്കാനും ഒലിസിനു സാധിച്ചു. രണ്ട് ഷോട്ടിന് അസിസ്റ്റും നടത്തി. മൊറോക്കന്‍ പെനാല്‍റ്റി ഏരിയയില്‍ ഒലിസ് നടത്തിയത് നാല് പാസ്. പെനാല്‍റ്റി ഏരിയയിലെ ടച്ചുകള്‍ 10ഉം. ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഫ്രഞ്ച് നിരയില്‍ ഏറ്റവും ഉയര്‍ന്ന റേറ്റിംഗ് ഉള്ള കളിക്കാരനും ഒലിസ് തന്നെ.
കിലിയന്‍ എംബപ്പെ, ബ്രാഡ്ലി ബര്‍കോള എന്നിവരാണ് മൊറോക്കോയ്ക്ക് എതിരായ മത്സരത്തിലെ റേറ്റിംഗില്‍ ഒലിസിനു പിന്നിലുള്ളത്. മത്സരത്തില്‍ ആകെ ഒലിസ് നടത്തിയത് 77 ടച്ചുകള്‍. 0.17 ആയിരുന്നു എക്സ്പെറ്റഡ് ഗോള്‍ റേറ്റ്. എക്സ്പെറ്റഡ് അസിസ്റ്റ് റേറ്റ് 0.13ഉം. 2026 ലോകകപ്പില്‍ ഫ്രാന്‍സിന്റെ ഡബിള്‍ എന്‍ജിനാണ് ഒലിസ്.ഇതുവരെ അഞ്ച് ഗോളിന് അസിസ്റ്റ് നടത്തി. 283 പാസുകള്‍ പൂര്‍ത്തിയാക്കി.
Sports
ബോസ്റ്റൺ: മസാച്യുസെറ്റ്സിലെ ബോസ്റ്റൺ സ്റ്റേഡിയം. ഫ്രാൻസ്- മൊറോക്കോ മത്സരത്തിന്റെ 60-ാം മിനിറ്റ്. ബോക്സിന് തൊട്ടുപുറത്തുനിന്ന് ഒരു മാന്ത്രിക നിമിഷം പിറന്നു. മൊറോക്കൻ ഡിഫെൻഡർമാരെ തന്റെ ശരീരചലനം കൊണ്ട് അമ്പരപ്പിച്ച കിലിയൻ എംബാപ്പെ, വളരെ പെട്ടെന്ന് തന്നെ പന്ത് തന്റെ വരുതിയിലാക്കി. തൊട്ടടുത്ത നിമിഷം, ഗോൾകീപ്പർ യാസിൻ ബോണോയ്ക്കും പ്രതിരോധ നിരയ്ക്കും ഒരവസരവും നൽകാതെ അളന്നുകുറിച്ച് ഒരു ഷോട്ട്. പന്ത് വില്ലുപോലെ വളഞ്ഞ് പോസ്റ്റിന്റെ വലതുമൂലയിലേക്ക്. ഗാലറിയിൽ നീലക്കടൽ ഇളകിയാർത്തു.
ഈ ഗോൾ ഫ്രാൻസിന് വെറുമൊരു ലീഡ് മാത്രമല്ല നൽകിയത്, മറിച്ച് മത്സരത്തിലുടനീളം മൊറോക്കോ കാത്തുസൂക്ഷിച്ച ആത്മവിശ്വാസത്തെ തകർക്കുക കൂടിയാണ് ചെയ്തത്.
ഈ ഗോളോടുകൂടി ടൂർണമെന്റിൽ തന്റെ എട്ടാം ഗോൾ തികച്ച എംബാപ്പെ, ലോകകപ്പ് ഗോൾവേട്ടയിൽ സാക്ഷാൽ ലയണൽ മെസിക്കൊപ്പമെത്തുകയും ചെയ്തു. തന്റെ ഇരുപതാം ലോകകപ്പ് മത്സരത്തിൽ ഇരുപതാം ഗോൾ എന്ന ചരിത്ര നേട്ടവും ഈ ഗോളിലൂടെ എംബാപ്പെ സ്വന്തമാക്കി.
ഫ്രാൻസിനെ തുടർച്ചയായ മൂന്നാം ലോകകപ്പ് സെമിഫൈനലിലേക്ക് നയിച്ചതിൽ ഈ ഗോളിന്റെ പങ്ക് വലുതാണ്. കളിയിലുടനീളം ഉറച്ചുനിന്ന മൊറോക്കൻ പ്രതിരോധത്തിന്റെ പൂട്ടുപൊളിച്ച ആ ഗോൾ മത്സരത്തിന്റെ ഗതി തന്നെ മാറ്റിമറിച്ചു.
Sports
ബോസ്റ്റൺ: 2026 ഫിഫ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ മൊറോക്കോയെ പരാജയപ്പെടുത്തി ഫ്രാൻസ് സെമിഫൈനലിലേക്ക്. ബോസ്റ്റൺ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഫ്രാൻസ് വിജയിച്ചത്.
മത്സരത്തിന്റെ ആദ്യ പകുതിയിൽ ലഭിച്ച പെനാൽറ്റി മുതലാക്കാൻ എംബാപ്പെയ്ക്ക് സാധിച്ചില്ല. മൊറോക്കൻ ഗോൾകീപ്പർ യാസിൻ ബോണോയുടെ മികച്ച സേവുകളും ആദ്യ പകുതിയിൽ ശ്രദ്ധ നേടി.
എന്നാൽ രണ്ടാം പകുതിയിൽ പൂർണമായും ഫ്രാൻസ് കളം നിറഞ്ഞു കളിച്ചു. 60-ാം മിനിറ്റിൽ കിലിയൻ എംബാപ്പെ ഫ്രാൻസിനായി ആദ്യ ഗോൾ നേടി. 66-ാം മിനിറ്റിൽ ഉസ്മാൻ ഡെംബെലെ അടിച്ച മനോഹരമായ ഒരു ലോ-ഷോട്ട് ഗോൾ കൂടി പിറന്നതോടെ ഫ്രാൻസ് വിജയം ഉറപ്പിച്ചിരുന്നു.
Sports
ന്യൂയോർക്ക്: ഫ്രാൻസിനെതിരായ ക്വാർട്ടർ ഫൈനലിന് തയാറെടുക്ക മൊറോക്കോയ്ക്ക് കനത്ത തിരിച്ചടി. പരിക്കേറ്റ ഇസ്മായിൽ സായിബാരി ടീമിൽ നിന്നും പുറത്ത്. കാനഡയ്ക്കതിരായ മത്സരത്തിലായിരുന്നു മൊറോക്കോയുടെ സൂപ്പർ താരം ഇസ്മായിൽ സായ്ബാരിക്ക് പരിക്കേറ്റത്.
ഹാംസ്ട്രിങ് ഇഞ്ച്വറി മൂലം മത്സരത്തിന്റെ ഇരുപത്തിരണ്ടാം മിനിറ്റിൽ താരത്തെ പിൻവലിച്ചിരുന്നു. ഫ്രാൻസിനെതിരായ മത്സരത്തിൽ സായ്ബാരിക്ക് ഇറങ്ങാൻ കഴിയുമെന്നായിരുന്നു മൊറോക്കൻ ക്യാംപിന്റെ പ്രതീക്ഷ.
നിലവിൽ മൂന്ന് ഗോളുകൾ നേടി മൊറോക്കൻ മുന്നേറ്റത്തിന്റെ പ്രധാനിയായിരുന്നു സായ്ബാരി. ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ബ്രസീലിയൻ പ്രതിരോധ മതിൽ തകർത്തുകൊണ്ട് സായ്ബാരി നേടിയ ഗോൾ മാത്രം മതി താരത്തിന്റെ പ്രതിഭയെ അളക്കാൻ.
കാനഡയ്ക്കെതിരെ ഔനാഹിയുടെ ഇരട്ട ഗോളിലായിരുന്നു മൊറോക്കോയുടെ വിജയം അനായാസമാക്കിയത്. അയ്യൂബ് ബുവാദി, ബിലാൽ എൽ കനൗസ്, ബ്രാഹിം ഡിയാസ്, ഇസ ദിയോപ്, ക്യാപ്റ്റൻ അഷ്റഫ് ഹക്കിമി തുടങ്ങീ മികച്ച താരങ്ങളുടെ പ്രകടനത്തിലാണ് മൊറോക്കോയുടെ പ്രതീക്ഷ.
.
Kerala
കൊല്ലം: ഫിഫ ലോകകപ്പ് പ്രീക്വാർട്ടറിലെ അർജന്റീനയുടെ വിജയത്തിന്റെ ആഹ്ലാദപ്രകടനത്തിനിടെ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു. കൊല്ലം കരിക്കോട് ടികെഎം. കോളേജ് ജംഗ്ഷനു സമീപം ചൊവ്വാഴ്ച രാത്രിയാണ് സംഭവം.
അർജന്റീ-ഈജിപ്ത് മത്സരത്തിലെ അർജന്റീനയുടെ വിജയത്തിന് പിന്നാലെ ആരാധകർ നടത്തിയ പ്രകടനത്തിനിടയിലാണ് അപകടമുണ്ടായത്. കിളികൊല്ലൂർ സ്വദേശി അഭിലാഷിന്റെ ഉടമസ്ഥതയിലുള്ള ബൈക്കാണ് പൂർണമായും കത്തി നശിച്ചത്.
ബൈക്ക് അമിതമായി ആക്സിലറേറ്റ് ചെയ്തതാണ് തീപിടുത്തത്തിന് കാരണമായതെന്നാണ് ഫയർഫോഴ്സിന്റെ പ്രാഥമിക നിഗമനം. ഓടുന്നതിനിടെ ബൈക്കിന്റെ ഉൾഭാഗത്തുനിന്നു പെട്ടെന്ന് സ്പാർക്ക് ഉണ്ടാകുന്നത് ഉടമ അഭിലാഷിന്റെ ശ്രദ്ധയിൽപ്പെട്ടു.
ഉടൻതന്നെ അദ്ദേഹം വണ്ടി റോഡരികിലേക്ക് ഒതുക്കി നിർത്തി. തൊട്ടുപിന്നാലെ ബൈക്കിലേക്കു തീ ആളിപ്പടരുകയായിരുന്നു. തക്കസമയത്തു വണ്ടി നിർത്തി മാറിയതിനാൽ വലിയൊരു ദുരന്തം ഒഴിവായി. വിവരമറിഞ്ഞു സ്ഥലത്തെത്തിയ ഫയർഫോഴ്സ് സംഘമാണ് തീയണച്ചത്.