സ​​​ദാ​​​ചാ​​​ര കോ​​​ട​​​തി​​​ക​​​ളാ​​​ക​​​രു​​​ത് സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ
ആ​​​ർ​​​ക്കും ആ​​​രെ​​​യും ഏ​​​ക​​​പ​​​ക്ഷീ​​​യ​​​മാ​​​യി വി​​​ചാ​​​ര​​​ണ ന​​​ട​​​ത്തി വി​​​ധി പ്ര​​​സ്താ​​​വി​​​ക്കാ​​​നു​​​ള്ള ഇ​​​ട​​​മാ​​​യി​​​ട്ടു​​​ണ്ട് ഇ​​​ന്നു സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ. വ​​​സ്തു​​​ത​​​ക​​​ളു​​​ടെ നി​​​ജ​​​സ്ഥി​​​തി അ​​​ന്വേ​​​ഷി​​​ക്കാ​​​തെ അ​​​ർ​​​ധ​​​സ​​​ത്യ​​​ങ്ങ​​​ളും അ​​​സ​​​ത്യ​​​ങ്ങ​​​ളും അ​​​പ​​​വാ​​​ദ​​​ങ്ങ​​​ളും പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ന്ന​​​വ​​​രാ​​​ണു സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ നാ​​​ടു​​​ന​​​ന്നാ​​​ക്കാ​​​ൻ ഇ​​​റ​​​ങ്ങി​​​യി​​​രി​​​ക്കു​​​ന്ന​​​വ​​​രെ​​​ന്നു ഭാ​​​വി​​​ക്കു​​​ന്ന പ​​​ല​​​രും. കാ​​​ള പെ​​​റ്റു എ​​​ന്നു കേ​​​ൾ​​​ക്കു​​​മ്പോ​​​ഴേ ക​​​യ​​​റെ​​​ടു​​​ക്കാ​​​ൻ ഓ​​​ടു​​​ന്ന ഇ​​​വ​​​ർ പി​​​ന്നെ വാ​​​യി​​​ൽ തോ​​​ന്നു​​​ന്ന​​​തു കോ​​​ത​​​യ്ക്കു പാ​​​ട്ട് എ​​​ന്ന മ​​​ട്ടി​​​ൽ എ​​​ഴു​​​ത്തും പോ​​​സ്റ്റ് ഇ​​​ട​​​ലു​​​മാ​​​ണ്. ഒ​​​രു സ്മാ​​​ർ​​​ട്ട് ഫോ​​​ൺ കൈ​​​യി​​​ലു​​​ണ്ടെ​​​ങ്കി​​​ൽ നാ​​​ട്ടി​​​ലെ നി​​​യ​​​മ​​​ങ്ങ​​​ളൊ​​​ന്നും ത​​​ങ്ങ​​​ൾ​​​ക്കു ബാ​​​ധ​​​ക​​​മ​​​ല്ലെ​​​ന്ന മ​​​ട്ടാ​​​ണു ചിലർക്ക്.

വ്യ​​​ക്തി​​​ത്വഹ​​​ത്യ​​​ക്കും തേ​​​ജോ​​​വ​​​ധ​​​ത്തി​​​നും സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളെ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കു സ​​​ത്യം എ​​​ന്താ​​​യാ​​​ലും പ്ര​​​ശ്ന​​​മ​​​ല്ല. ഒ​​​രു നു​​​ണ നൂ​​​റ്റൊ​​​ന്ന് ആ​​​വ​​​ർ​​​ത്തി​​​ച്ചാ​​​ൽ അ​​​തു സ​​​ത്യ​​​മാ​​​ണെ​​​ന്നു ചി​​​ല​​​രെ​​​ങ്കി​​​ലും വി​​​ശ്വ​​​സി​​​ച്ചു​​​കൊ​​​ള്ളു​​​മെ​​​ന്ന ഗീ​​​ബ​​​ൽ​​​സി​​​യ​​​ൻ ത​​​ത്ത്വ​​​ത്തി​​​ൽ വി​​​ശ്വ​​​സി​​​ക്കു​​​ന്ന​​​വ​​​രാ​​​ണ​​​വ​​​ർ. സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ വ​​​രു​​​ന്ന​​​തെ​​​ല്ലാം പ​​​ച്ച​​​യാ​​​യ സ​​​ത്യ​​​ങ്ങ​​​ളാ​​​ണെ​​​ന്നു വി​​​ശ്വ​​​സി​​​ക്കു​​​ന്ന പാ​​​വ​​​ങ്ങ​​​ളും നി​​​ഷ്ക​​​ള​​​ങ്ക​​​രും ഇ​​​ത്ത​​​ര​​​ക്കാ​​​രു​​​ടെ കെ​​​ണി​​​യി​​​ൽ​​​പെ​​​ട്ടു​​​പോ​​​കു​​​ന്നു. ഇ​​​വ​​​ർ തെ​​​റ്റി​​​ദ്ധ​​​രി​​​പ്പി​​​ക്ക​​​ലി​​​ന് ഇ​​​ര​​​യാ​​​കു​​​ന്നു എ​​​ന്നേ​​​യു​​​ള്ളു. അ​​​തേ​​​സ​​​മ​​​യം, അ​​​ന്യാ​​​യ​​​മാ​​​യി അവഹേളിക്കപ്പെടു​​​ന്ന​​​വ​​​ർ സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ പ​​​രി​​​ഹാ​​​സ​​​ത്തി​​​ന് ഇരകളാകു​​​ക​​​യും അ​​​പ​​​മാ​​​ന​​​ഭാ​​​ര​​​ത്താ​​​ൽ വീ​​​ർ​​​പ്പു​​​മു​​​ട്ടു​​​ക​​​യും ചെ​​​യ്യുന്നു. അ​​​പ​​​മാ​​​നം താ​​​ങ്ങാ​​​നാ​​​കാ​​​തെ ജീ​​​വ​​​നൊ​​​ടു​​​ക്കി​​​യ​​​വ​​​ർ പോ​​​ലു​​​മു​​​ണ്ട്. അവഹേളനം നടത്തിയവർ ചെയ്തത് മാപ്പർഹിക്കുന്ന അപരാധമല്ല.

സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ തേ​​​ജോ​​​വ​​​ധം ചെ​​​യ്യ​​​പ്പെ​​​ടു​​​ന്ന​​​വ​​​രി​​​ൽ ഭൂ​​​രി​​​ഭാ​​​ഗം പേ​​​രും കൂ​​​ടു​​​ത​​​ൽ അപമാനം ഒ‍ഴിവാക്കാമെന്നു ക​​​രു​​​തി​​​യും നി​​​യ​​​മ​​​പ​​​രി​​​ഹാ​​​ര​​​ത്തി​​​നു​​​ള്ള സാ​​​ധ്യ​​​ത​​​ക​​​ളെ​​​പ്പ​​​റ്റി അറിയാത്ത തിനാലും വേദന ഉ​​​ള്ളി​​​ലൊ​​​തു​​​ക്കി വി​​​ധി​​​യെ​​​പ്പ​​​ഴി​​​ച്ചു ക​​​ഴി​​​യും. ഇ​​​തു സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലെ അ​​​ഴി​​​ഞ്ഞാ​​​ട്ട​​​ക്കാ​​​ർ​​​ക്കു കൂ​​​ടു​​​ത​​​ൽ ധൈ​​​ര്യം പ​​​ക​​​രു​​​ന്നു. എ​​​ന്നാ​​​ൽ, സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ത്തി​​​ലൂ​​​ടെ അ​​​പ​​​മാ​​​നി​​​ത​​​രാ​​​യ യു​​​വ​​​ദ​​​മ്പ​​​തി​​​ക​​​ൾ അ​​​തി​​​നെ​​​തി​​​രേ പോ​​​ലീ​​​സി​​​ൽ പ​​​രാ​​​തി​​​പ്പെ​​​ടു​​​ക​​​യും വാ​​​ട്സ്ആ​​​പ്പ് ഗ്രൂ​​​പ്പ് അ​​​ഡ്മി​​​ൻ ഉ​​​ൾ​​​പ്പെ​​​ടെ 11 പേ​​​ർ അ​​​റ​​​സ്റ്റി​​​ലാ​​​വു​​​ക​​​യും ചെ​​​യ്ത സം​​​ഭ​​​വം ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സ​​​മു​​​ണ്ടാ​​​യി.

ക​​​ണ്ണൂ​​​ർ ജി​​​ല്ല​​​ക്കാ​​​രാ​​​യ യു​​​വാ​​​വും യു​​​വ​​​തി​​​യും ത​​​മ്മി​​​ലു​​​ള്ള വി​​​വാ​​​ഹ​​​മാ​​​ണു ചി​​​ല​​​ർ ക്രൂ​​​ര​​​മാ​​​യ പ​​​രി​​​ഹാ​​​സ​​​ത്തി​​​നു വി​​​ഷ​​​യ​​​മാ​​​ക്കി​​​യ​​​ത്. ഇ​​​രു​​​പ​​​ത്തൊ​​​മ്പ​​​തു​​​കാ​​​ര​​​നാ​​​യ യു​​​വാ​​​വും ഇ​​​രു​​​പ​​​ത്തേ​​​ഴു​​​കാ​​​രി​​​യാ​​​യ യു​​​വ​​​തി​​​യും ത​​​മ്മി​​​ലാ​​​യി​​​രു​​​ന്നു വി​​​വാ​​​ഹം. എ​​​ന്നാ​​​ൽ, പെ​​​ണ്ണി​​​നു ചെ​​​റു​​​ക്ക​​​നെ​​​ക്കാ​​​ൾ വ​​​ള​​​രെ പ്രാ​​​യ​​​ക്കൂ​​​ടു​​​ത​​​ലു​​​ണ്ടെ​​​ന്നും സ്ത്രീ​​​ധ​​​നം മോ​​​ഹി​​​ച്ചാ​​​ണു വി​​​വാ​​​ഹം ന​​​ട​​​ത്തി​​​യ​​​തെ​​​ന്നു​​​മു​​​ള്ള ത​​​ര​​​ത്തി​​​ൽ ക​​​മ​​​ന്‍റോ​​​ടു​​​കൂ​​​ടി​​​യാ​​​ണു വി​​​വാ​​​ഹ​​​ഫോ​​​ട്ടോ​​​യും വി​​​ലാ​​​സ​​​വും ചേ​​​ർ​​​ത്ത് ചി​​​ല​​​ർ വാ​​​ട്സ് ആ​​​പ്പി​​​ലും ഫേ​​​സ്ബു​​​ക്കി​​​ലും പ്ര​​​ചാ​​​ര​​​ണം ന​​​ട​​​ത്തി​​​യ​​​ത്. നി​​​ര​​​വ​​​ധി വാ​​​ട്സ് ആ​​​പ് ഗ്രൂ​​​പ്പു​​​ക​​​ളി​​​ൽ പ​​​ല​​​രും ഇ​​​തു ഷെ​​​യ​​​ർ ചെ​​​യ്തു.

യു​​​വ​​​തി പ​​​രാ​​​തി ന​​​ൽ​​​കി​​​യ​​​തോ​​​ടെ വി​​​വാ​​​ദ പോ​​​സ്റ്റ് ഡി​​​ലീ​​​റ്റ് ചെ​​​യ്യു​​​ക​​​യും പോ​​​സ്റ്റി​​​ട്ട​​​വ​​​രെ ഗ്രൂ​​​പ്പ് അ​​​ഡ്മി​​​ൻ​​​മാ​​​ർ ഗ്രൂ​​​പ്പി​​​ൽ​​​നി​​​ന്നു പു​​​റ​​​ത്താ​​​ക്കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു. പ​​​ക്ഷേ നി​​​യ​​​മം നി​​​യ​​​മ​​​ത്തി​​​ന്‍റെ വ​​​ഴി​​​ക്കു​​​ത​​​ന്നെ നീ​​​ങ്ങി. വ്യ​​​ക്തി​​​ക​​​ൾ​​​ക്ക് അ​​​പ​​​മാ​​​ന​​​ക​​​ര​​​മാ​​​യ കാ​​​ര്യ​​​ങ്ങ​​​ൾ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ പോ​​​സ്റ്റ് ചെ​​​യ്യു​​​ന്ന​​​വ​​​ർ മാ​​​ത്ര​​​മ​​​ല്ല, അ​​​തു ഷെ​​​യ​​​ർ ചെ​​​യ്യു​​​ന്ന​​​വ​​​രും ഗ്രൂ​​​പ്പ് അ​​​ഡ്മി​​​ൻ​​​മാ​​​രും സൈ​​​ബ​​​ർ നി​​​യ​​​മ​​​പ്ര​​​കാ​​​രം കു​​​റ്റ​​​ക്കാ​​​രാ​​​ണ്. ഗ്രൂ​​​പ്പ് അ​​​ഡ്മി​​​ൻ​​​മാ​​​രും പോസ്റ്റ് ഷെയർ ചെയ്ത ചിലരും ഈ ​​​കേ​​​സി​​​ൽ അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ി. അ​​​റി​​​ഞ്ഞും അ​​​റി​​​യാ​​​തെ​​​യും സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളെ ദു​​​രു​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കെ​​​ല്ലാം ഇ​​​തു പാ​​​ഠ​​​മാകേ​​​ണ്ട​​​താ​​​ണ്. സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ​​​യു​​​ള്ള അപകീർത്തിപ്പെടുത്തൽ കു​​​ട്ടി​​​ക്ക​​​ളി​​​യ​​​ല്ലെ​​​ന്നു കു​​​ട്ടി​​​ക​​​ളും വി​​​വ​​​ര​​​മു​​​ണ്ടെ​​​ന്നു ഭാ​​​വി​​​ക്കു​​​ന്ന മു​​​തി​​​ർ​​​ന്ന​​​വ​​​രും മ​​​ന​​​സി​​​ലാ​​​ക്ക​​​ണം. ജ​​​നാ​​​ധി​​​പ​​​ത്യം നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന ന​​​മ്മു​​​ടെ രാ​​​ജ്യ​​​ത്തു ല​​​ഭി​​​ക്കു​​​ന്ന അ​​​ഭി​​​പ്രാ​​​യ സ്വാ​​​ത​​​ന്ത്ര്യം മ​​​റ്റു​​​ള്ള​​​വ​​​രു​​​ടെ മൂ​​​ക്കി​​​ന്‍റെ തു​​​മ്പു​​​വ​​​രെ​​​ മാത്രമേയു​​​ള്ളു​​​വെ​​​ന്നും ആ​​​രെ​​​യും അ​​​ധി​​​ക്ഷേ​​​പി​​​ക്കാ​​​നു​​​ള്ള ലൈ​​​സ​​​ൻ​​​സ് അ​​​ല്ല അ​​​തെ​​​ന്നും എ​​​ല്ലാ​​​വ​​​രും അ​​​റി​​​യ​​​ണം.

അ​​​ഭി​​​പ്രാ​​​യ​​​സ്വാ​​​ത​​​ന്ത്ര്യം പോ​​​ലെ വി​​​ല​​​പ്പെ​​​ട്ട​​​താ​​​ണു വ്യ​​​ക്തി​​​ക​​​ളു​​​ടെ സ്വ​​​കാ​​​ര്യ​​​ത​​​യും. ന​​​മ്മു​​​ടെ സ്വ​​​കാ​​​ര്യ​​​ത സം​​​ര​​​ക്ഷി​​​ക്കാ​​​ൻ ന​​​മു​​​ക്ക് അ​​​വ​​​കാ​​​ശ​​​മു​​​ള്ള​​​തു​​​പോ​​​ലെ മ​​​റ്റു​​​ള്ള​​​വ​​​രു​​​ടെ സ്വ​​​കാ​​​ര്യ​​​ത പരി​​​ര​​​ക്ഷി​​​ക്കാ​​​ൻ അ​​​വ​​​ർ​​​ക്കും അ​​​വ​​​കാ​​​ശ​​​മു​​​ണ്ട്. പ​​​രി​​​ഷ്കൃ​​​ത സ​​​മൂ​​​ഹ​​​ങ്ങ​​​ളി​​​ലൊ​​​ക്കെ സ്വകാ ര്യതയുടെ ​​​അ​​​വ​​​കാ​​​ശം മാ​​​നി​​​ക്ക​​​പ്പെ​​​ടു​​​ന്നു​​​മു​​​ണ്ട്. എ​​​ന്നാ​​​ൽ, നമ്മുടെ നാട്ടിൽ ചിലർക്ക് മ​​​റ്റു​​​ള്ള​​​വ​​​രു​​​ടെ സ്വ​​​കാ​​​ര്യ​​​ത‍യി​​​ലേ​​​ക്ക് ഒ​​​ളി​​​കാ​​​മ​​​റ വ​​​യ്ക്കാ​​​നും കി​​​ട​​​പ്പ​​​റ​​​യി​​​ലേ​​​ക്ക് ഒ​​​ളി​​​ഞ്ഞു​​​നോ​​​ക്കാ​​​നും എ​​​ന്തെ​​​ന്നി​​​ല്ലാ​​​ത്ത ത്വ​​​ര​​​യാ​​​ണ്. ഈ ​​​ഞരന്പുരോഗത്തിന്‍റെ പ്ര​​​തി​​​ഫ​​​ല​​​ന​​​ം ഇ​​​വി​​​ട​​​ത്തെ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലും കാ​​​ണു​​​ന്നു. ക​​​ർ​​​ക്ക​​​ശ​​​മാ​​​യ നി​​​യ​​​മ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ കൊ​​​ണ്ടേ ഇ​​​ത്ത​​​രം അ​​​പ​​​ഭ്രം​​​ശ​​​ങ്ങ​​​ൾ തി​​​രു​​​ത്ത​​​പ്പെ​​​ടൂ എ​​​ന്നു​​​ള്ളു​​​വെ​​​ങ്കി​​​ൽ അ​​​തു​​​ത​​​ന്നെ വേ​​​ണം. ഇ​​​ന്ത്യ​​​യി​​​ലെ നി​​​യ​​​മ​​​മ​​​നു​​​സ​​​രി​​​ച്ച്, 21 വ​​​യ​​​സാ​​​യ പു​​​രു​​​ഷ​​​നും 18 വ​​​യ​​​സാ​​​യ സ്ത്രീ​​​ക്കും സ്വ​​​ന്തം ഇ​​​ഷ്ട​​​പ്ര​​​കാ​​​രം വി​​​വാ​​​ഹി​​​തരാ​​​കാ​​​ൻ അ​​​വ​​​കാ​​​ശ​​​മു​​​ണ്ട്. അ​​​വ​​​ർ ത​​​മ്മി​​​ലു​​​ള്ള പ്രാ​​​യ​​​വ്യ​​​ത്യാ​​​സം എ​​​ത്ര വേ​​​ണ​​​മെ​​​ങ്കി​​​ലു​​​മാ​​​കാം. മ​​​റ്റു​​​ള്ള​​​വ​​​ർ അ​​​തോ​​​ർ​​​ത്തു ത​​​ല​​​പു​​​ക​​​യ്ക്കേ​​​ണ്ട​​​തി​​​ല്ല. ആ​​​രും സ്വ​​​യം സ​​​ദാ​​​ചാ​​​ര പോ​​​ലീ​​​സ് ച​​​മ​​​യു​​​ക​​​യും വേ​​​ണ്ട. ഇ​​​നി ആ​​​രു​​​ടെ​​​യെ​​​ങ്കി​​​ലും വി​​​വാ​​​ഹം സ​​​മൂ​​​ഹ​​​ത്തി​​​നു തെ​​​റ്റാ​​​യ സ​​​ന്ദേ​​​ശം ന​​​ൽ​​​കു​​​ക​​​യോ സ​​​ദാ​​​ചാ​​​ര​​​മൂ​​​ല്യ​​​ങ്ങ​​​ൾ​​​ക്കു വി​​​രു​​​ദ്ധ​​​മാ​​​കു​​​ക​​​യോ ചെ​​​യ്യു​​​ന്നു​​​ണ്ടെ​​​ങ്കി​​​ൽ അ​​​തി​​​നു വേ​​​ണ്ട പ​​​രി​​​ഹാ​​​രം തേ​​​ടാ​​​ൻ ആ​​​വ​​​ശ്യ​​​മാ​​​യ നി​​​യ​​​മ​​​ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ളും സാ​​​മൂ​​​ഹ്യ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളും ന​​​മ്മു​​​ടെ നാ​​​ട്ടി​​​ലു​​​ണ്ട്.

സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ സ​​​മൂ​​​ഹ​​​ത്തി​​​നു ന​​​ന്മ​​​ക​​​ളും ല​​​ഭി​​​ക്കു​​​ന്നു​​​ണ്ടാ​​​വാം. എ​​​ന്നാ​​​ൽ, ആ​​​ർ​​​ക്കും വ​​​ന്നു വി​​​സ​​​ർ​​​ജി​​​ച്ചു​​​പോ​​​കാ​​​വു​​​ന്ന പ​​​ബ്ളി​​​ക് ടോ​​​യ്‌​​​ല​​​റ്റു​​​ക​​​ളാ​​​ണു സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളെ​​​ന്ന് അ​​​ല്പം ക​​​ട​​​ന്നു വി​​​മ​​​ർ​​​ശി​​​ക്കു​​​ന്ന​​​വ​​​രു​​​മു​​​ണ്ട്. ഇ​​​ല്ലാ​​​ക്ക​​​ഥ​​​ക​​​ൾ പ​​​ട​​​ച്ചു​​​വി​​​ടു​​​ന്ന​​​വ​​​രും മറ്റുള്ളവരുടെ വ്യക്തിപരമായ വീഴ്ചകൾ ലോകത്തിനു തുറന്നു കാട്ടിയില്ലെങ്കിൽ ഉറക്കം വരാത്തവരും സാമൂഹ്യദ്രോഹമാണു ചെയ്യുന്നത്. ത​​​ങ്ങ​​​ൾ​​​ക്ക് ഇ​​​ഷ്ട​​​മി​​​ല്ലാ​​​ത്ത വ്യ​​​ക്തി​​​ക​​​ളെ​​​യും പ്ര​​​സ്ഥാ​​​ന​​​ങ്ങ​​​ളെ​​​യും താ​​​റ​​​ടി​​​ക്കാ​​​ൻ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളെ മാ​​​ത്ര​​​മ​​​ല്ല ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക് മാ​​​ധ്യ​​​മ​​​ങ്ങ​​​ളെ​​​യും ദു​​​രു​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​വ​​​ർ ഇന്നു ധാ​​​രാ​​​ളം. പോ​​​ത്തി​​​നെ ചാ​​​രി കാ​​​ള​​​യെ ത​​​ല്ലു​​​ന്ന ഇ​​​ക്കൂ​​​ട്ട​​​രു​​​ടെ ദു​​​രു​​​ദ്ദേ​​​ശ്യ​​​ങ്ങ​​​ൾ സു​​​മ​​​ന​​​സു​​​ക​​​ൾ​​​ക്കു മ​​​ന​​​സി​​​ലാ​​​ക​​​ണ​​​മെ​​​ന്നി​​​ല്ല. ഇ​​​വ​​​രെ ഫ​​​ല​​​പ്ര​​​ദ​​​മാ​​​യി നേ​​​രി​​​ടാ​​​ൻ ക​​​ഴി​​​യു​​​ന്ന നി​​​യ​​​മ​​​സാ​​​ധ്യ​​​ത​​​ക​​​ൾ രാ​​​ജ്യ​​​ത്തു​​​ണ്ട് എ​​​ന്ന​​​ത് ആ​​​ശ്വാ​​​സ​​​ക​​​രം ത​​​ന്നെ. സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ ദു​​​രു​​​പ​​​യോ​​​ഗ​​​ത്തി​​​നെ​​​തി​​​രേ ക​​​ർ​​​ക്ക​​​ശ ന​​​ട​​​പ​​​ടി​​​ക​​​ൾ ഉ​​​ണ്ടാ​​​കേ​​​ണ്ട​​​തു വ്യ​​​ക്തി​​​ക​​​ളു​​​ടെ സ്വ​​​കാ​​​ര്യ​​​ത​​​യും അ​​​ഭി​​​മാ​​​ന​​​വും സം​​​ര​​​ക്ഷി​​​ക്കാ​​​നും സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ മൂ​​​ല്യ​​​സം​​​സ്കൃ​​​തി കാ​​​ത്തു​​​സൂ​​​ക്ഷി​​​ക്കാ​​​നും അ​​​ത്യാ​​​വ​​​ശ്യ​​​മാ​​​ണ്.