വാലന്‍റൈൻസ് ദിനത്തിലെ പ്രണയ ചിന്തകൾ
വാ​ല​ന്‍റൈ​ൻ​സ് ഡേ​യു​ടെ സ​മ്മാ​ന​ദാ​ന ച​ട​ങ്ങി​ന​പ്പു​റം പോ​കാ​നാ​വാ​ത്ത​വ​ർ ഇ​ന്നും നി​ര​വ​ധി ഇ​ര​ക​ളെ കെ​ണി​യി​ലാ​ക്കും. സ്ത്രീ​ക​ൾ​ക്കെ​തി​രേ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ൾ വ​ർ​ധി​ക്കു​ന്നു​വെ​ന്ന ക​ണ​ക്കു​ക​ൾ പ​രാ​ജ​യ​പ്പെ​ട്ട പ്ര​ണ​യ​ങ്ങ​ളു​ടെ ബാ​ക്കി പ​ത്ര​ംകൂടിയാണ്.

​പ്രണ​യി​ക്കു​ന്ന​വ​ർ​ക്കാ​യി സ​മ​ർ​പ്പി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന വാ​ല​ന്‍റൈ​ൻ​സ് ഡേ ​ഇ​ന്നാ​ണ്. വെ​റു​പ്പി​ന്‍റെ​യും വി​ദ്വേ​ഷ​ത്തി​ന്‍റെ​യും യു​ദ്ധ​ത്തി​ന്‍റെ​യും ക​ലാ​പ​ങ്ങ​ളു​ടെ​യും അ​ക്ര​മ​ത്തി​ന്‍റെ​യും കാ​ല​ത്ത് സ്നേ​ഹ​ത്തി​ന്‍റെ മു​ദ്ര​യു​ള്ള ഈ ​ദി​വ​സം ഓ​ർ​മി​ക്ക​പ്പെ​ടാ​തെ ക​ട​ന്നു​പോ​ക​രു​ത്. സ്നേ​ഹി​ക്കു​ന്ന​വ​ർ​ക്കു മാ​ത്ര​മ​ല്ല, ന​ഷ്ട​സ്നേ​ഹ​ത്താ​ൽ നീ​റു​ന്ന​വ​ർ​ക്കും ഇ​ന്നു വീ​ണ്ടെ​ടു​പ്പി​ന്‍റെ ദി​ന​മാ​ക്കാം. സ്നേ​ഹം തു​റ​ന്നു​പ​റ​യു​ക​യും സ​മ്മാ​ന​ങ്ങ​ൾ കൈ​മാ​റു​ക​യു​മൊ​ക്കെ​യാ​ണ് ഈ ​പ്ര​ണ​യ​ദി​ന​ത്തി​ന്‍റെ ആ​ഘോ​ഷ​ങ്ങ​ൾ. എ​ന്നാ​ൽ, മാം​സ​നി​ബ​ദ്ധം മാ​ത്ര​മാ​യ​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള നൈ​മി​ഷി​ക വി​കാ​ര​ങ്ങ​ളെ പ്ര​ണ​യ​മെ​ന്നു തെ​റ്റി​ദ്ധ​രി​ച്ച് കെ​ണി​യി​ൽ വീ​ഴാ​നോ വീ​ഴ്ത്താ​നോ ഉ​ള്ള​തു​മ​ല്ല പ്ര​ണ​യത്തി​ന്‍റെ ഈ ​ആ​ഗോ​ള​ദി​നം.

എ.ഡി. മൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വി​ശു​ദ്ധ വാ​ല​ന്‍റൈ​ന്‍റെ പേ​രി​ലാ​ണ് ഈ ​ദി​വ​സം അ​റി​യ​പ്പെ​ടു​ന്ന​ത്.​വാ​ല​ന്‍റൈ​ൻ എ​ന്ന പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്ന ബി​ഷ​പും വൈ​ദി​ക​നു​മു​ണ്ട്. ര​ണ്ടു​പേ​രും ഒ​രാ​ൾ ത​ന്നെ​യാ​കാം എ​ന്ന് ബ്രി​ട്ടാ​ണി​ക്ക എ​ൻ​സൈ​ക്ലോ​പീ​ഡി​യ പ​റ​യു​ന്നു. എ​ന്തു​കൊ​ണ്ടാ​ണ് അ​ദ്ദേ​ഹം പ്ര​ണ​യി​ക്കു​ന്ന​വ​രു​ടെ പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്ന​ത് എ​ന്ന​തി​നെ​ക്കു​റി​ച്ച് പ​ല വി​വ​ര​ണ​ങ്ങ​ളു​മു​ണ്ട്. എ​ന്താ​യാ​ലും, സ്നേ​ഹ​ത്തി​ന്‍റെ പ്ര​തീ​ക​മാ​യാ​ണ് എ.​ഡി. 270ൽ ​ര​ക്ത​സാ​ക്ഷി​യാ​യ വി​ശു​ദ്ധ വാ​ല​ന്‍റൈ​ൻ അ​റി​യ​പ്പെ​ടു​ന്ന​ത്. സ​നാ​ത​ന സം​സ്കാ​ര​മ​ല്ലെ​ന്നു പ​റ​ഞ്ഞ് ഇ​ന്ത്യ​യി​ൽ തീ​വ്ര​ഹി​ന്ദു​ത്വ സം​ഘ​ട​ന​ക​ൾ പ​ല​പ്പോ​ഴും ഇ​തി​നെ​തി​രേ രം​ഗ​ത്തു വ​ന്നി​ട്ടു​മു​ണ്ട്. ഇ​ത്ത​വ​ണ വാ​ല​ന്‍റൈ​ൻ​സ് ദി​നം, പ​ശു ആ​ലിം​ഗ​ന ദി​ന​മാ​യി കേ​ന്ദ്ര മൃ​ഗ​സം​ര​ക്ഷ​ണ ബോ​ർ​ഡ് പ്ര​ഖ്യാ​പി​ച്ച​തും വി​വാ​ദ​മാ​യി​രു​ന്നു. പ​രി​ഹ​സി​ക്ക​പ്പെ​ട്ട​തോ​ടെ ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്കു​ക​യാ​യി​രു​ന്നു.

പ്ര​ണ​യ​ത്തി​ന്‍റെ പേ​രി​ൽ നി​ര​വ​ധി പെ​ൺ​കു​ട്ടി​ക​ൾ കൊ​ല്ല​പ്പെ​ടു​ക​യോ ആ​ക്ര​മി​ക്ക​പ്പെ​ടു​ക​യോ ചെ​യ്യു​ന്ന കാ​ല​ത്താ​ണ് ഈ ​പ്ര​ണ​യ​ദി​നം ക​ട​ന്നു​വ​രു​ന്ന​ത് എ​ന്ന​തും ചി​ന്തി​ക്കേ​ണ്ട​താ​ണ്. വാ​ല​ന്‍റൈ​ൻ​സ് ഡേ​യു​ടെ ആ​ഘോ​ഷ​ത്തി​ലെ​ല്ലാം മു​ന്നി​ൽ​നി​ന്ന​വ​ർ​ത​ന്നെ ക​ലാ​ല​യ​ത്തി​ൽ​വ​ച്ചു​പോ​ലും കാ​മു​കി​യെ കു​ത്തി​ക്കൊ​ന്ന സം​ഭ​വ​ങ്ങ​ൾ കേ​ര​ള​ത്തി​ലും ആ​വ​ർ​ത്തി​ക്ക​പ്പെ​ട്ടു. കാ​മു​ക​നെ വി​ഷം കൊ​ടു​ത്ത് ഇ​ഞ്ചി​ഞ്ചാ​യി കൊ​ന്ന കാ​മു​കി​യു​മു​ണ്ട്. ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ല്ലാം പ​ങ്കാ​ളി​യി​ൽ​നി​ന്നു ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്ക​ണ​മെ​ന്നു വാ​ശി​പി​ടി​ക്കു​ന്ന അ​പ​ക്വ​മ​തി​ക​ളാ​ണ് പ്ര​ണ​യ​ത്തെ പ​രാ​ജ​യ​പ്പെ​ടു​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഇ​ന്‍റീ​രി​യ​ർ ഡി​സൈ​ന​റാ​യ ആ​ൻ​ജ​ലീ​റ്റ ലിം ​പ​റ​ഞ്ഞ ഒ​രു വാ​ച​കം ഇ​ത്ത​ര​ക്കാ​രോ​ടു​ള്ള ഓ​ർ​മ​പ്പെ​ടു​ത്ത​ലാ​ണ്.

""നീ ​പൂ​ർ​ണ​ത​യു​ള്ള വ്യ​ക്തി​യാ​ണെ​ന്നു ക​ണ്ട് ഞാ​ൻ സ്നേ​ഹി​ച്ചു. പ​ക്ഷേ, നീ ​ഒ​ട്ടും പൂ​ർ​ണ​ത​യി​ല്ലാ​ത്ത​യാ​ളാ​യി​രു​ന്നെ​ന്നു പി​ന്നീ​ടു ഞാ​ൻ തി​രി​ച്ച​റി​ഞ്ഞു. അ​പ്പോ​ഴാ​ണ് ഞാ​ൻ നി​ന്നെ കൂ​ടു​ത​ൽ സ്നേ​ഹി​ച്ച​ത്.''​സ്നേ​ഹി​ക്കു​ന്ന​വ​രെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന പ​ല​ർ​ക്കും ഇ​ത് അ​ചി​ന്ത്യ​മാ​ണ്. പ്ര​ണ​യാ​ഭ്യ​ർ​ഥ​ന​യോ വി​വാ​ഹാ​ഭ്യ​ർ​ഥ​ന​യോ നി​ര​സി​ക്ക​പ്പെ​ടു​ന്ന നി​മി​ഷം സ്നേ​ഹ​ത്തി​ന്‍റെ മു​ഖം​മൂ​ടി വ​ലി​ച്ചെ​റി​ഞ്ഞ് പ​ക അ​ഴി​ഞ്ഞാ​ടു​ക​യാ​യി. ക​ലാ​ല​യ​ങ്ങ​ളി​ൽ സ്നേ​ഹ​ത്തി​ന്‍റെ മാ​തൃ​ക​യാ​യി​രു​ന്ന പെ​ൺ​കു​ട്ടി​ക​ളി​ൽ എ​ത്ര​യോ പേ​ർ പി​ന്നീ​ട് സ്ത്രീ​ധ​നം കു​റ​ഞ്ഞു​പോ​യ​തി​ന്‍റെ പേ​രി​ൽ കൊ​ല്ല​പ്പെ​ട്ടു. ജീ​വി​ത പ​ങ്കാ​ളി​ക്കു സൗ​ന്ദ​ര്യ​മി​ല്ലെ​ന്നു പ​റ​ഞ്ഞ് എ​ത്ര​യോ പേ​രെ ഉ​പ​ദ്ര​വി​ക്കു​ക​യും മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യും ചെ​യ്തു.

വാ​ല​ന്‍റൈ​ൻ​സ് ഡേ​യു​ടെ സ​മ്മാ​ന​ദാ​ന ച​ട​ങ്ങി​ന​പ്പു​റം പോ​കാ​നാ​വാ​ത്ത​വ​ർ ഇ​ന്നും നി​ര​വ​ധി ഇ​ര​ക​ളെ കെ​ണി​യി​ലാ​ക്കും. സ്ത്രീ​ക​ൾ​ക്കെ​തി​രേ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ൾ വ​ർ​ധി​ക്കു​ന്നു​വെ​ന്ന ക​ണ​ക്കു​ക​ൾ പ​രാ​ജ​യ​പ്പെ​ട്ട പ്ര​ണ​യ​ങ്ങ​ളു​ടെ ബാ​ക്കി പ​ത്ര​ംകൂടിയാണ്. സംസ്ഥാന ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ 2022ലെ ​ക​ണ​ക്കു​ക​ൾ പു​റ​ത്തു​വ​ന്ന​പ്പോ​ൾ സ്ത്രീ​ക​ൾ​ക്കെ​തി​രേ​യു​ള്ള ആ​ക്ര​മ​ണം ക​ഴി​ഞ്ഞ ​ഏ​ഴു വ​ർ​ഷ​ത്തി​നി​ടെ ഏ​റ്റ​വും ഉ​യ​ർ​ന്നി​രി​ക്കു​ന്നു. 18,943 കേ​സു​ക​ളാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്യ​പ്പെ​ട്ടി​ട്ടു​ള്ള​ത്.

സ്നേ​ഹ​ത്തി​ന്‍റെ ഏ​താ​നും ദി​വ​സ​ങ്ങ​ളൊ​ഴി​ച്ചാ​ൽ സ​മാ​ധാ​നം എ​ന്തെ​ന്ന​റി​ഞ്ഞി​ട്ടി​ല്ലാ​ത്ത എ​ത്ര​യോ സ്ത്രീ​ക​ൾ വീ​ടെ​ന്ന ത​ട​വ​റ​യി​ൽ ഒ​രു കേ​സും ര​ജി​സ്റ്റ​ർ ചെ​യ്യാ​തെ ഇ​പ്പോ​ഴും ക​ഴി​യു​ന്നു. സ്നേ​ഹ​ത്തി​ന്‍റെ സ​ങ്ക​ൽ​പ്പ​ങ്ങ​ളെ തി​രു​ത്തി​യെ​ഴു​താ​നാ​ണ് വാ​ല​ന്‍റൈ​ൻ​സ് ദി​നം ന​മ്മോ​ട് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ഒരു പ്രണയദിനവുമില്ലാതെതന്നെ വാർധക്യത്തിലും ജീവിതത്തെ പ്രണയാഘോഷമാക്കിയ എത്രയോ മനുഷ്യരുണ്ട്. അവരെയാണ് മാതൃകയാക്കേണ്ടത്; ഇരുട്ടിലും ഇടനാഴിയിലും ദേഹത്തെ മാത്രം സ്നേഹിക്കുന്നവരെയല്ല.

ബൈ​ബി​ളി​ൽ വ​സ്തു​നി​ഷ്ഠ​മാ​യ ഒ​രു പ്ര​ണ​യ​ലേ​ഖ​ന​മു​ണ്ട്. ""സ്‌​നേ​ഹം ദീ​ര്‍​ഘ​ക്ഷ​മ​യും ദ​യ​യു​മു​ള്ള​താ​ണ്. സ്‌​നേ​ഹം അ​സൂ​യ​പ്പെ​ടു​ന്നി​ല്ല. ആ​ത്മ​പ്ര​ശം​സ ചെ​യ്യു​ന്നി​ല്ല, അ​ഹ​ങ്ക​രി​ക്കു​ന്നി​ല്ല. സ്‌​നേ​ഹം അ​നു​ചി​ത​മാ​യി പെ​രു​മാ​റു​ന്നി​ല്ല, സ്വാ​ര്‍​ഥം അ​ന്വേ​ഷി​ക്കു​ന്നി​ല്ല, കോ​പി​ക്കു​ന്നി​ല്ല, വി​ദ്വേ​ഷം പു​ല​ര്‍​ത്തു​ന്നി​ല്ല. അ​ത് അ​നീ​തി​യി​ല്‍ സ​ന്തോ​ഷി​ക്കു​ന്നി​ല്ല, സ​ത്യ​ത്തി​ല്‍ ആ​ഹ്‌​ളാ​ദം കൊ​ള്ളു​ന്നു എ​ന്നി​ങ്ങ​നെ​യാ​ണ് കൊ​റി​ന്തോ​സു​കാ​ർ​ക്കെ​ഴു​തി​യ ഒ​ന്നാം ലേ​ഖ​ന​ത്തി​ൽ വി​ശു​ദ്ധ പൗ​ലോ​സ് പ​റ​യു​ന്ന​ത്. അ​തി​ന്‍റെ ഒ​ടു​വി​ൽ ഇ​ങ്ങ​നെ പ​റ​യു​ന്നു: ""ഇ​പ്പോ​ള്‍ ന​മ്മ​ള്‍ ക​ണ്ണാ​ടി​യി​ലൂ​ടെ അ​വ്യ​ക്ത​മാ​യി കാ​ണു​ന്നു; അ​പ്പോ​ഴാ​ക​ട്ടെ മു​ഖാ​ഭി​മു​ഖം ദ​ര്‍​ശി​ക്കും. ഇ​പ്പോ​ള്‍ ഞാ​ന്‍ ഭാ​ഗി​ക​മാ​യി അ​റി​യു​ന്നു; അ​പ്പോ​ഴാ​ക​ട്ടെ ദൈ​വം എ​ന്നെ പൂ​ര്‍​ണ​മാ​യി അ​റി​യു​ന്ന​തു​പോ​ലെ ഞാ​നും പൂ​ര്‍​ണ​മാ​യി അ​റി​യും.'' പ്ര​ണ​യ​കാ​ല​ത്ത് ക​ണ്ണാ​ടി​യി​ലൂ​ടെ ക​ണ്ട​ ജീവിതപങ്കാളിയെ പി​ന്നീ​ടു മു​ഖാ​മു​ഖം ക​ണ്ട​പ്പോ​ൾ പൂ​ർ​ണ​മാ​യി അ​റി​യാ​നും അം​ഗീ​ക​രി​ക്കാ​നും ക​ഴി​യാ​തെ പോ​യ​വ​രാ​ണ് പ​രാ​ജ​യ​പ്പെ​ട്ട​ത്. അ​ങ്ങ​നെ പ​രാ​ജ​യ​പ്പെ​ട്ട​വ​ർ​ക്കും ജീ​വി​തം പു​തു​ക്കി​യെ​ഴു​താ​നു​ള്ള ദി​വ​സ​മാ​ണ് ഇ​ന്ന്. വി​ശു​ദ്ധ വാ​ല​ന്‍റൈ​ന്‍റെ തി​രു​നാ​ളി​ന് വി​ശു​ദ്ധ​മാ​യ പ്ര​ണ​യ​മാ​ണ് സ​മ്മാ​നി​ക്ക​പ്പെ​ടേ​ണ്ട​ത്; അതു മാത്രം.