തുടക്കത്തിൽ 14,000 കുടുംബങ്ങളിലും 30,000 സർക്കാർ സ്ഥാപനങ്ങളിലും ഇന്റർനെറ്റ് ലഭിക്കും. എല്ലാ വീടുകളിലും ഇന്റർനെറ്റ് സൗകര്യമെത്തിക്കാനും സാന്പത്തികമായി പിന്നാക്കം നിൽക്കുന്ന 20 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യമായി നൽകാനുമാണ് സർക്കാർ ലക്ഷ്യമിടുന്നത്.
സർക്കാർ പറഞ്ഞതൊക്കെയാണ് നടക്കാനിരിക്കുന്നതെങ്കിൽ കെ ഫോൺ (കേരള ഫൈബർ ഒപ്റ്റിക് നെറ്റ്വർക്ക്) അഭിമാനകരമായൊരു ചുവടുവയ്പാണെന്നതിൽ സംശയമില്ല. ലോകമെങ്ങും സ്വകാര്യമേഖലയുടെ കുത്തകയായി മാറിക്കഴിഞ്ഞ ഇന്റർനെറ്റ് മേഖലയിലേക്കാണ് നാം ധീരതയോടെ ചുവടു വച്ചിരിക്കുന്നത്. പദ്ധതിക്കായി വിഭാവനം ചെയ്തതെല്ലാം അവകാശവാദങ്ങളായി ചുരുങ്ങിപ്പോകാതിരിക്കാനുള്ള ജാഗ്രത പുലർത്തിയാൽ സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ത്യയിലെ ആദ്യ ഇന്റർനെറ്റ് സേവനത്തിലൂടെ കേരളം രാജ്യത്തിനു മാത്രമല്ല, ലോകത്തിനാകെയും മാതൃകയാകും.
കെ ഫോണാകട്ടെ, എഐ കാമറകളാകട്ടെ നാടിനാവശ്യമായതും കാലാനുസൃതവുമാണെന്നതിൽ ആർക്കുമില്ല സംശയം. അഴിമതിയാരോപണങ്ങളാണ് അവയുടെ തിളക്കങ്ങൾക്കുമേൽ അഴുക്കു പുരട്ടിയത്. അത്തരം അഴിമതിയാരോപണങ്ങളും അവയ്ക്കു മറുപടി നൽകാൻ സർക്കാരിനുണ്ടാകുന്ന ബാധ്യതയും ജനാധിപത്യത്തിന്റെ ഭാഗമാണ്. അസഹിഷ്ണുതയോടെയല്ല, സുതാര്യവും വിശ്വസനീയവുമായ മറുപടികളാലാണ് അതിനെ പ്രതിരോധിക്കേണ്ടത്. അങ്ങനെ അതും നമ്മൾ നേടിയെന്നാണ് മുഖ്യമന്ത്രി കെ ഫോൺ ഉദ്ഘാടനസമ്മേളനത്തിൽ പറഞ്ഞത്. എല്ലാവർക്കും ഇന്റർനെറ്റ് എന്നു പ്രഖ്യാപിച്ചപ്പോൾ അതൊരു സ്വപ്നമാണെന്നു പറഞ്ഞവർക്കുള്ള മറുപടിയാണിത് എന്നും മുഖ്യമന്ത്രി പറഞ്ഞു. അതിനൊരു മറുവശമുണ്ട്.
ഉദ്ഘാടനത്തിനപ്പുറം കെ ഫോൺ കണക്ഷൻ എല്ലാവർക്കും ലഭിക്കുവോളം അതു സ്വപ്നം മാത്രമായിരിക്കും. കേരളത്തിലെ എല്ലാ വീടുകളിലും എല്ലാ സർക്കാർ ഓഫീസുകളിലും ബ്രോഡ്ബാൻഡ് കണക്റ്റിവിറ്റിയും ഇന്റർനെറ്റ് സേവനങ്ങളും എത്രയും പെട്ടെന്നു ലഭ്യമാകുമെന്നു കരുതാം. ലോക്കൽ നെറ്റ്വർക്ക് പ്രൊവൈഡർമാർ എല്ലായിടത്തും ഉണ്ടാകുകയും കണക്ഷനും അനന്തര സേവനങ്ങളും കുറ്റമറ്റ രീതിയിൽ ഉപയോക്താവിനു ലഭിക്കുകയും ചെയ്യുന്പോൾ മാത്രമേ കെ ഫോൺ അതിന്റെ ലക്ഷ്യം കൈവരിക്കുകയുള്ളൂ.
കെഎസ്ഇബിയും കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡും ചേർന്നാണ് കെ ഫോൺ പദ്ധതി നടപ്പാക്കുന്നത്. അടിസ്ഥാന സേവനങ്ങൾ നൽകുന്നതിനുള്ള ഇൻഫ്രാസ്ട്രക്ചർ പ്രൊവൈഡർ കാറ്റഗറി വൺ ലൈസൻസ് കഴിഞ്ഞവർഷം ജൂലൈയിലാണ് കെ ഫോണിനു ലഭിച്ചത്.
തുടർന്ന് ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർ ലൈസൻസും ലഭിച്ചു. മാസങ്ങൾക്കകം പദ്ധതിക്കു തുടക്കമിടാനായി. 40 ലക്ഷം ഇന്റർനെറ്റ് കണക്ഷൻ നൽകാൻ ശേഷിയുള്ള ഐടി ഇൻഫ്രാസ്ട്രക്ചർ സജ്ജമാക്കിയിട്ടുണ്ടെന്നാണ് സർക്കാരിന്റെ അറിയിപ്പ്. തുടക്കത്തിൽ 14,000 കുടുംബങ്ങളിലും 30,000 സർക്കാർ സ്ഥാപനങ്ങളിലും ഇന്റർനെറ്റ് ലഭിക്കും. എല്ലാ വീടുകളിലും ഇന്റർനെറ്റ് സൗകര്യമെത്തിക്കാനും സാന്പത്തികമായി പിന്നാക്കം നിൽക്കുന്ന 20 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യമായി നൽകാനുമാണ് സർക്കാർ ലക്ഷ്യമിടുന്നത്. സ്വകാര്യ ഇന്റർനെറ്റ് സേവനദാതാക്കളെ അപേക്ഷിച്ച് മിതമായ നിരക്കിൽ ഉപയോക്താവിനു കണക്ഷൻ നൽകിയാൽ വലിയ മുന്നേറ്റമുണ്ടാക്കാനാകും. കാരണം, ഇന്റർനെറ്റ് ഇല്ലാത്ത ലോകത്തെക്കുറിച്ച് ചിന്തിക്കാനാവാത്തവിധം ലോകം മാറിക്കഴിഞ്ഞു.
കെ ഫോൺ വരുമാനമുണ്ടാക്കുന്ന പദ്ധതികൂടി ആണെങ്കിലും നികുതി പിരിച്ച് ഇതിലേക്ക് ഭാവിയിൽ പണം മുടക്കേണ്ടിവരില്ലെന്നും കെഎസ്ഇബിയെയും കെഎസ്ആർടിസിയെയും പോലെ തീരാനഷ്ടത്തിന്റെ പുതിയൊരു പ്രഭവകേന്ദ്രമാകില്ലെന്നും സർക്കാർ ഉറപ്പാക്കണം. കെ ഫോണ്‍ ഒരു സേവനദാതാവല്ലെന്നും വെണ്ടര്‍ ന്യൂട്രല്‍ ഫൈബര്‍ നെറ്റ്വർക്ക് ആണെന്നുമാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ളത്. മറ്റു 4ജി, 5ജി സേവനദാതാക്കൾക്ക് ഇതു വാടകയ്ക്കു നൽകുന്നതിലൂടെയും കെ ഫോണിനു വരുമാനമുണ്ടാക്കാം. സ്വകാര്യ സേവനദാതാക്കൾ എത്തിപ്പെടാത്ത സ്ഥലങ്ങളിലും കെ ഫോൺ എത്തുമെന്നതു യാഥാർഥ്യമായാൽ സംസ്ഥാനത്ത് ഇന്റർനെറ്റ് സേവനം എല്ലായിടത്തും ലഭ്യമാകുമെന്ന പ്രത്യേകതയുമുണ്ട്. അങ്ങനെ വന്നാൽ, നിലവിൽ ഇന്റർനെറ്റ് കണക്ഷൻ ഇല്ലാത്ത മലയോര ഗ്രാമങ്ങളിലും ആദിവാസി മേഖലകളിലുമെല്ലാം കണക്ഷൻ ലഭ്യമാകുകയും അവരുടെ വിദ്യാഭ്യാസ, തൊഴിൽ രംഗങ്ങളിൽ പുത്തനുണർവുണ്ടാകുകയും ചെയ്യും. ഏതർഥത്തിലും നാടിനു പുരോഗതിയും വരുമാനവുമുണ്ടാക്കുന്ന പദ്ധതിയായി കെ ഫോൺ മാറുമെന്ന് ഉറപ്പാക്കേണ്ടതുണ്ട്. അതുവരെ ഇതു സ്വപ്നമായിത്തന്നെ അവശേഷിക്കും. ഉദ്ഘാടനം തുടക്കം മാത്രമാണ്. രാജ്യത്തെ പ്രമുഖ സ്വകാര്യ കന്പനികളുമായി മത്സരിച്ച് പ്രഖ്യാപിത ലക്ഷ്യങ്ങളിലെത്താൻ ആവേശകരമായ പ്രസംഗങ്ങൾക്കപ്പുറം സമയബന്ധിതമായ കഠിനാധ്വാനവും വേണ്ടിവരും. അതൊക്കെയും സംശയരഹിതവും സുതാര്യവുമായാൽ കെ ഫോണിലൂടെ കേരളം ലോകത്തെ അറിയുന്നതിലുപരി ലോകം കേരളത്തെ അറിയും.