ജനാധിപത്യത്തെ അവഹേളിക്കുന്നതു കണ്ട് ഞെട്ടിപ്പോയെന്നാണ് ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞത്. ധാർമികത തൊട്ടുതീണ്ടിയിട്ടുള്ള ഒരാൾക്കും നിഷേധിക്കാനാവാത്ത, സംസാരിക്കുന്ന തെളിവുകളാണ് വരണാധികാരിക്കെതിരേ ലഭിച്ചിരിക്കുന്നത്. ലജ്ജയോ കുറ്റബോധമോ ഇല്ലാത്തവിധം കാമറയിലേക്കു നോക്കിക്കൊണ്ടാണ് അയാൾ ബാലറ്റ് പേപ്പറുകൾ നശിപ്പിക്കുന്നത്.
ജനാധിപത്യത്തെ കശാപ്പ് ചെയ്യാൻ അനുവദിക്കില്ലെന്ന സുപ്രീംകോടതിയുടെ പരാമർശം അപൂർവങ്ങളിൽ അപൂർവമായി ചരിത്രം രേഖപ്പെടുത്തും. ചണ്ഡിഗഡ് മേയർ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയെ മേയറാക്കാൻ വരണാധികാരി നടത്തിയ നഗ്നമായ കുറ്റകൃത്യങ്ങളാണ് സുപ്രീംകോടതിയെ ഇത്തരമൊരു പരാമർശത്തിനു പ്രേരിപ്പിച്ചത്.
പക്ഷേ, വരണാധികാരിക്ക് ഇതിനുള്ള ധൈര്യം എവിടെനിന്നു കിട്ടിയെന്നതാണ് ബില്യൺ ഡോളർ ക്വസ്റ്റ്യൻ. ജനവിധി മറിച്ചായാലും ജനാധിപത്യത്തെ നോക്കുകുത്തിയാക്കി ചതുരുപായങ്ങളിലൂടെ സംസ്ഥാനങ്ങളിൽ അധികാരം പിടിക്കുന്നവർ തന്നെ തടയില്ലെന്ന ഉറപ്പാണ് ചണ്ഡിഗഡിലെ വരണാധികാരിക്കുള്ളതെങ്കിൽ ഈ കശാപ്പു തടയേണ്ട ചുമതല സുപ്രീംകോടതിയിൽ ഒതുങ്ങില്ല.
തങ്ങളോടുതന്നെ യുദ്ധത്തിലേർപ്പെട്ടിരിക്കുന്ന പ്രതിപക്ഷം ഉൾപ്പെടെ ജനാധിപത്യവിശ്വാസികളെല്ലാം അതു തിരിച്ചറിയേണ്ടതാണ്. പ്രത്യേകിച്ചും, പൊതുതെരഞ്ഞെടുപ്പിൽ പോലും ക്രമക്കേടുണ്ടാകുമെന്ന ആശങ്ക പല കോണുകളിൽനിന്നും ഉയരുന്പോൾ. ജനുവരി 30നാണ് ചണ്ഡിഗഡിൽ ബിജെപി അനുഭാവിയായ വരണാധികാരി മേയർ തെരഞ്ഞെടുപ്പ് അട്ടിമറിച്ചത്. ‘ഇന്ത്യ’ സഖ്യം രൂപീകരിച്ചശേഷം ആദ്യമായാണ് ആം ആദ്മിയുടെയും കോൺഗ്രസിന്റെയും ജനപ്രതിനിധികൾ ഒന്നിച്ചു വോട്ട് ചെയ്തത്. ആകെയുള്ള 35 അംഗങ്ങളിൽ എഎപിക്ക് 13ഉം കോൺഗ്രസിന് ഏഴും കൗൺസിലർമാരാണ് ഉണ്ടായിരുന്നത്. ബിജെപിക്ക് 14 കൗൺസിലർമാരുണ്ട്.
അകാലിദളിന്റെ ഒരു വോട്ടും എക്സ് ഓഫിഷ്യോ അംഗമായ ചണ്ഡിഗഡ് എംപി ബിജെപിക്കാരനായതിനാൽ അദ്ദേഹത്തിന്റെ വോട്ടും ബിജെപിക്കാണ്. 20-16 എന്ന നിലയിൽ എഎപി-കോൺഗ്രസ് സഖ്യത്തിനു വ്യക്തമായ ഭൂരിപക്ഷം ഉറപ്പായിരിക്കെയാണ് വരണാധികാരി മൂന്നാംകിട രാഷ്ട്രീയം പുറത്തെടുത്തത്. അവരുടെ എട്ട് വോട്ടുകൾ അദ്ദേഹം നശിപ്പിച്ച് അസാധുവാക്കിക്കളഞ്ഞു; അതും കാമറയ്ക്കു മുന്നിലിരുന്ന്. ഇരുപതിൽ എട്ട് വോട്ട് അസാധുവായതോടെ എഎപി-കോൺഗ്രസ് സഖ്യത്തിനു 12ഉം ബിജെപിക്കു 16 വോട്ടും കണക്കാക്കി.
അങ്ങനെ വരണാധികാരി അനിൽ മസീഹ്, ബിജെപിക്കാരനായ മനോജ് സോങ്കറിനെ മേയറായി പ്രഖ്യാപിച്ചു. ധാരണയനുസരിച്ച് മുതിർന്ന ഡെപ്യൂട്ടി മേയർ, ഡെപ്യൂട്ടി മേയർ സ്ഥാനങ്ങൾ കോൺഗ്രസിനു ലഭിക്കേണ്ടതാണ്. എന്നാൽ, ക്രമക്കേടുകളിൽ പ്രതിഷേധിച്ച് ആം ആദ്മി പാർട്ടിയും കോൺഗ്രസും ബഹിഷ്കരണം നടത്തിയതോടെ ആ സ്ഥാനങ്ങളിലും ബിജെപിക്കാർ കയറിക്കൂടി. നാണംകെട്ട രാഷ്ട്രീയത്തിന്റെ സമാനതകളില്ലാത്ത സ്ഥാനാരോഹണം..!
ജനാധിപത്യത്തെ അവഹേളിക്കുന്നതു കണ്ട് ഞെട്ടിപ്പോയെന്നാണ് ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞത്. ധാർമികത തൊട്ടുതീണ്ടിയിട്ടുള്ള ഒരാൾക്കും നിഷേധിക്കാനാവാത്ത, സംസാരിക്കുന്ന തെളിവുകളാണ് വരണാധികാരിക്കെതിരേ ലഭിച്ചിരിക്കുന്നത്. ലജ്ജയോ കുറ്റബോധമോ ഇല്ലാത്തവിധം കാമറയിലേക്കു നോക്കിക്കൊണ്ടാണ് അയാൾ ബാലറ്റ് പേപ്പറുകൾ നശിപ്പിക്കുന്നത്.
ഇതിന്റെയൊക്കെ വീഡിയോ ദൃശ്യങ്ങളുണ്ടായിട്ടും തെരഞ്ഞെടുപ്പ് സ്റ്റേ ചെയ്യാൻ പഞ്ചാബ്-ഹരിയാന ഹൈക്കോടതി വിസമ്മതിച്ചതിനെ തുടർന്നാണ് ആം ആദ്മി പാർട്ടി സുപ്രീംകോടതിയെ സമീപിച്ചത്. ഈ ഘട്ടത്തിൽ പ്രഥമദൃഷ്ട്യാ ഉത്തരവ് പുറപ്പെടുവിക്കുന്നതിൽ ഹൈക്കോടതി പരാജയപ്പെട്ടിരിക്കുന്നെന്നും സുപ്രീംകോടതി പറഞ്ഞു. ജനാധിപത്യത്തെയും മതേതരത്വത്തെയും സംരക്ഷിക്കുന്നതിൽ കോടതികൾക്കുണ്ടാകുന്ന ഇത്തരം പരാജയങ്ങൾ നിയമവിദഗ്ധരും മാധ്യമങ്ങളുമൊക്കെ പലവട്ടം ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ്.
ചണ്ഡിഗഡിൽനിന്നു പുറത്തുവന്നതിൽ മൂന്നു വീഡിയോ ദൃശ്യങ്ങളാണ് ജനാധിപത്യത്തെ അവഹേളിക്കുന്നത്. അതിലൊന്ന് യോഗ്യതയില്ലാതിരുന്നിട്ടും അധികാരക്കസേരയിലെത്തിയവരുടെ നാണംകെട്ട സന്തോഷപ്രകടനമായിരുന്നു. രണ്ടാമത്തേത്, യോഗ്യതയുണ്ടായിട്ടും പരാജയപ്പെടേണ്ടിവന്ന എഎപി കൗൺസിലർ കുൽദീപ് സിംഗ് കസേരയിലിരുന്നു പൊട്ടിക്കരയുന്ന നിസഹായതയുടെ ദൃശ്യമാണ്. മൂന്നാമത്തേതും പ്രധാനപ്പെട്ടതുമായ വീഡിയോ വരണാധികാരി വോട്ട് നശിപ്പിച്ച് ജനാധിപത്യത്തെ കശാപ്പു ചെയ്യുന്ന ഞെട്ടിക്കുന്ന കാഴ്ചയാണ്.
രാഷ്ട്രനിർമിതിയുടെ ഭാഗമായിരുന്ന രാഷ്ട്രീയം അധികാരകേന്ദ്രീകൃത വ്യവഹാരമായും, ജനാധിപത്യ സ്ഥാനാരോഹണങ്ങൾ തെരഞ്ഞെടുപ്പനന്തര കുതിരക്കച്ചവടങ്ങളായും, രാഷ്ട്രീയ വിദ്യാഭ്യാസമെന്നത് ജനങ്ങളുടെ രാഷ്ട്രീയ പ്രബുദ്ധതയെ മതകേന്ദ്രീകൃതമാക്കാനുള്ള ശ്രമങ്ങളായും അധഃപതിക്കുന്ന കാഴ്ചകൾക്കിടെയാണ് ചണ്ഡിഗഡിലെ കശാപ്പ്. ഇത്തരം കശാപ്പുശാലകൾ രാജ്യത്ത് മറ്റൊരിടത്തും തുറക്കാതിരിക്കാനുള്ള മുന്നറിയിപ്പാണ് സുപ്രീംകോടതി നടത്തിയിട്ടുള്ളത്.
ഭരിക്കുന്നവരും പ്രതിപക്ഷത്തുള്ളവരും ഒത്തുചേർന്നാണ് പൂർവികരിൽനിന്ന് ഏറ്റുവാങ്ങിയ ജനാധിപത്യത്തെ മൂല്യച്യുതിയേതുമില്ലാതെവരും തലമുറയ്ക്കു കൈമാറേണ്ടത്. ഭരിക്കുന്നവർ അക്കാര്യത്തിൽ വീഴ്ചവരുത്തിയാൽ തടയേണ്ടതു പ്രതിപക്ഷമാണ്. നിർഭാഗ്യവശാൽ, പരസ്പരം യുദ്ധത്തിലേർപ്പെട്ടിരിക്കുന്നവരുടെയും സ്വയം വിൽപ്പനയ്ക്കു വച്ചിരിക്കുന്നവരുടെയും കൂടാരമായി അതു മാറിയിരിക്കുന്നു. ഇതിനിടെയാണ് കശാപ്പുശാലയിൽനിന്നു ജനാധിപത്യം കോടതിയിലെത്തിയത്. ഓരോ ഇന്ത്യക്കാരനും അതിന്റെ വക്കാലത്ത് ഏറ്റെടുക്കണം; ജനാധിപത്യം വിജയിക്കണം.