വിദ്യാഭ്യാസ മേഖലയിലെ മാറ്റങ്ങളിൽ പക്വമായ സമീപനം ഉണ്ടാകണം: മാർ ക്ലീമിസ്
Thursday, July 10, 2025 5:48 AM IST
പത്തനംതിട്ട: വിദ്യാഭ്യാസ മേഖലയിലെ മാറ്റങ്ങളിൽ പക്വമായ സമീപനമാണു സ്വീകരിക്കേണ്ടതെന്ന് മലങ്കര കത്തോലിക്കാസഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ. സ്കൂൾ സമയമാറ്റത്തിലടക്കം സമഗ്ര ചർച്ച വേണമെന്നും അദ്ദേഹം മാധ്യമ പ്രവർത്തകരോട് അഭിപ്രായപ്പെട്ടു.
ഒന്നോ രണ്ടോ പേരുമായല്ല, സ്ഥാപനങ്ങളുടെ നടത്തിപ്പുകാരുൾപ്പെടെ എല്ലാവരുമായി കൂടിയാലോചനകൾ നടത്തണം. മുൻകൂട്ടി ആലോചനയില്ലാതെ പലതും പ്രഖ്യാപിക്കുകയാണ്. ഗൗരവമായ ചർച്ചകൾക്കുശേഷമേ തീരുമാനങ്ങൾ നടപ്പാക്കാവൂ. ചിലതു ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുമ്പോൾ മറ്റു ചിലത് തടസമില്ലാതെ നടപ്പാക്കാൻ കഴിയുന്നതാകും.
ഇതിനായി എല്ലാവരുമായി ആലോചന നടത്തണം. വിദ്യാലയങ്ങളിൽ പ്രാർഥന നടത്തുന്നത് ഒരു സംസ്കാരത്തിന്റെ ഭാഗമാണ്. പ്രാർഥിക്കുന്നതു കുറ്റമാണെന്നു കരുതുന്നില്ല. അത് ഉടൻ മാറ്റിക്കളയാൻ കഴിയില്ലെന്നും കാതോലിക്കാബാവ പറഞ്ഞു. പ്രാർഥന ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് ഒരാലോചനയും നടന്നതായി അറിവില്ല. പക്വമായ സമീപമാണ് ഇത്തരം വിഷയങ്ങളിൽ വിദ്യാഭ്യാസവകുപ്പിൽനിന്ന് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.