ഡിസിഎൽ
Thursday, July 10, 2025 5:48 AM IST
കൊച്ചേട്ടന്റെ കത്ത് / കൊളോൺ കത്തീഡ്രൽ: ഉയരത്തിന്റെ ആഴം
സ്നേഹമുള്ള ഡിസിഎൽ കുടുംബാംഗങ്ങളേ,
ജർമ്മനിയുടെ ചരിത്രവഴിയെ തളിരണിയിക്കുന്ന കുളിർസ്വപ്നമാണ് കാലങ്ങളിൽനിന്ന് കാലങ്ങളിലൂടെ ഒഴുകുന്ന റൈൻ നദി. സുന്ദരമായ റൈൻ നദിയുടെ കരയിൽ ആകാശത്തിന് ഉമ്മ കൊടുക്കുന്ന ഇരട്ട ഗോപുരങ്ങളോടെ എഴുന്നള്ളി നിൽക്കുകയാണ്, ജർമ്മൻ കത്തോലിക്കാസഭയുടെ ഔന്നത്യത്തിന്റെയും കുലീനതയുടെയും ചിഹ്നമായി, വിശ്വവിഖ്യാതമായ കൊളോൺ കത്തീഡ്രൽ ദേവാലയം.
1996ൽ യുനെസ്കോ പൈതൃക പദവി നല്കി ആദരിച്ച ഈ ദേവാലയത്തിന്റെ അത്ഭുതനിർമ്മിതി ആരംഭിക്കുന്നത്, 1248ലാണ്! 632 വർഷംകൊണ്ട്, തലമുറകളുടെ ആത്മീയ യാത്രയുടെ ആശ്രയകേന്ദ്രമായി, മാനവപ്രതിഭയുടെ പ്രഭ തൂകി വിരാജിക്കുന്ന കൊളോൺ കത്തീഡ്രൽ, ഗോത്തിക് ശില്പഭംഗിയുടെ നിത്യസാക്ഷ്യമാണ്.
157 മീറ്റർ ഉയരമുള്ള ഇരട്ട ഗോപുരങ്ങളോടെ ലോകത്തെ ഏറ്റവും ഉയരമുള്ള രണ്ടാമത്തെ ദേവാലയമായി നിലകൊള്ളുന്ന, ഉണ്ണിയേശുവിനെ സന്ദർശിച്ച പൂജരാജാക്കന്മാരുടെ പേരിൽ മധ്യകാല യൂറോപ്പിലെ ഏറ്റവും പ്രശസ്തമായ ഈ തീർത്ഥാടനകേന്ദ്രം രണ്ടാം ലോകമഹായുദ്ധത്തിന്റെ ആക്രമണത്തെ അതിജീവിച്ച വിശ്വാസ സ്മാരകം കൂടിയാണ്. 20000 പേരെ ഉൾക്കൊള്ളുന്ന ഈ ദേവാലയം മനുഷ്യന്റെ സർഗശേഷിയുടെയും സംഘബലത്തിന്റെയും ഉറച്ച ലക്ഷ്യബോധത്തിന്റെയും ഉത്തുംഗമായ ദൈവവിശ്വാസത്തിന്റെയും അംബരസാക്ഷ്യമാണ്. വിശ്വപ്രസിദ്ധ ശില്പങ്ങളും വിഖ്യാതമായ വർണസ്ഫടിക ചിത്രങ്ങളും ആരെയും അതിശയിപ്പിക്കുകതന്നെ ചെയ്യും!
പ്രിയ കൂട്ടുകാരേ, ജർമ്മൻ സന്ദർശനവേളയിൽ, എന്നെ അത്ഭുതപ്പെടുത്തിയ ഈ മഹാനിർമിതിയെപ്പറ്റി നിങ്ങളോടു പറയാൻ കാരണമുണ്ട്. 157 മീറ്റർ ഉയരമുള്ള ഈ ദേവാലയത്തിന്റെ അടിത്തറ, ഭൗമനിരപ്പിൽനിന്ന് ഇരുപതോളം മീറ്റർ ആഴത്തിൽ കുഴിച്ച്, അസ്തിവാരമിട്ട് പണിതുയർത്തിയതാണ്.
ഗോത്തിക് എൻജിനീയറിംഗ് വൈദഗ്ധ്യത്തിന്റെ ഒന്നാംസാക്ഷിയായ ഈ അത്ഭുത ശില്പം, 13-ാം നൂറ്റാണ്ടിലെ പരിമിതമായ സാധ്യതകളിൽനിന്ന് അത്യപൂർവമായി രൂപപ്പെടുത്തിയതാണ്. കൂട്ടുകാരേ, നമ്മുടെ ജീവിതവും ഇതുപോലെ അനേകരുടെ സഹകരണത്തോടെ രൂപപ്പെടുന്ന ഒരു ജൈവശില്പമാണ്. വലിയ ഉയരങ്ങളിൽ ജീവിതം പണിയണം എന്നാഗ്രഹിക്കാത്തവർ ആരുമില്ല. എന്നാൽ, വലിയ ഉയരങ്ങൾക്ക് വലിയ ആഴമുള്ള അടിത്തറ ആവശ്യമാണ്.
അടിത്തറ ഭദ്രമാകാത്ത, ആഴമില്ലാത്ത അസ്തിവാരമുള്ള കെട്ടിടങ്ങൾ, അധികം ഉയരില്ല, ഇടിഞ്ഞുവീഴും! ലോകമഹായുദ്ധത്തെപോലും അതിജീവിച്ച കൊളോൺ കത്തീഡ്രലിന് വർഷങ്ങളുടെ മുൻകൂർ പ്ലാനുകളും ഒരുക്കങ്ങളും അണുവിട വ്യതിചലിക്കാത്ത കർശനമായ നിർമ്മാണ ശാസ്ത്രരീതികളുമുണ്ടായിരുന്നു.
മനുഷ്യജീവിതം മഹാസൗധമാകണമെങ്കിൽ നമ്മുടെ വ്യക്തിത്വത്തിന് ആത്മീയ, മാനവിക, സാമൂഹ്യമൂല്യങ്ങളുടെ സുഭദ്രമായ ആഴമുള്ള അടിത്തറ ഉണ്ടാകണം. അടിയുറച്ച ദൈവവിശ്വാസവും എത്ര വലിയ പ്രലോഭനങ്ങളുടെ ബോംബാംക്രമണത്തിലും പതറാത്ത കുടുംബബന്ധങ്ങളും കഠിനാധ്വാനശീലവും ഉണ്ടെങ്കിലേ, ഉയർന്ന സ്വപ്നങ്ങൾ കാണാവൂ. അല്ലെങ്കിൽ പാതിവഴിയെത്തുന്പോൾ ജീവിതം തകർന്നുവീഴും.
ജർമ്മനിയും മറ്റു വിദേശരാജ്യങ്ങളും ഇന്ന് പല മലയാളി യുവത്വത്തിനും വലിയ സ്വപ്നമാണ്. എന്നാൽ, വലിയ ലക്ഷ്യവുമായി ജർമ്മനിയിലെത്തുന്ന പലരും ഉറച്ച മൂല്യബോധത്തിന്റെ അടിത്തറയിൽ പണിതുടങ്ങാതെ, നൈമിഷിക സുഖഭോഗങ്ങളുടെ കുമിളകൾക്കുമേൽ സ്വപ്നകൊട്ടാരങ്ങൾ പണിത്, ദയനീയമായി പൊട്ടിത്തകരുകയാണ്. ഉറപ്പുള്ള അടിത്തറയിൽ ജീവിതം പണിയുന്ന മിടുമിടുക്കരായ മലയാളിയുവത്വം, കുടുംബത്തിനും നാടിനും അന്തസുള്ള അഭിമാനസാക്ഷ്യമായി ഉയരുന്നുമുണ്ട്!
കൂട്ടുകാരേ, നിങ്ങൾക്കും ആകാശംമുട്ടെ ഉയരാം... ആഴമുള്ള, ഉറപ്പുള്ള അടിത്തറയാണ് മികച്ച വിദ്യാഭ്യാസത്തിലൂടെ പണിയുന്നത് എന്നറിയുക.
വിജയാശംസകളോടെ,
സ്വന്തം കൊച്ചേട്ടൻ
ഡിസിഎൽ മേഖലാ ടാലന്റ് ഫെസ്റ്റ്
കോട്ടയം: ദീപിക ബാലസഖ്യത്തിന്റെ മേഖലാതല ടാലന്റ് ഫെസ്റ്റുകൾ ഓഗസ്റ്റ് മുതൽ ആരംഭിക്കും. എൽപി, യുപി, ഹൈസ്കൂൾ വിഭാഗങ്ങൾ തിരിച്ചാണ് മത്സരം. പ്രസംഗം, ലളിതഗാനം, ഡിസിഎൽ ആന്തം, ഡിസിഎൽ ലഹരിവിരുദ്ധ ഗാനം, ചെറുകഥാരചന, കവിതാരചന, ഉപന്യാസരചന എന്നീ ഇനങ്ങളിലാണ് മത്സരം.
ഡിസിഎൽ ആന്തം, ലഹരിവിരുദ്ധഗാനം എന്നിവ ഒഴികെ എല്ലാ മത്സരങ്ങളും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായിരിക്കും. ഗ്രൂപ്പ് മത്സരങ്ങളിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് രചനാമത്സരത്തിൽ പങ്കെടുക്കാൻ അർഹതയുണ്ടായിരിക്കുകയില്ല.
ഡിസിഎൽ ആന്തം, ഡിസിഎൽ ലഹരിവിരുദ്ധ സംഘഗാനം മത്സരങ്ങളിൽ ഏഴു പേരടങ്ങുന്ന ടീമിന് പങ്കെടുക്കാം. കരോക്കെ ഉണ്ടായിരിക്കുന്നതല്ല.
പ്രസംഗത്തിന് എൽപി വിഭാഗത്തിന് മൂന്നു മിനിറ്റും യു.പി. ഹൈസ്കൂൾ വിഭാഗങ്ങൾക്ക് 5 മിനിറ്റുമായിരിക്കും സമയം.
വിഷയം - ഹൈസ്കൂൾ: (1) ഡിജിറ്റൽ സാധ്യതകൾ ജീവിത വിജയത്തിന്,
(2) ഇന്ത്യയ്ക്കുവേണ്ടത് മതസൗഹാർദമോ, മതേതരത്വമോ,
(3) നാട്ടിൽനിൽക്കാം, നാടിനെ നിലനിർത്താം
യു.പി. വിഭാഗം - (1) തകരാത്ത ജീവിതത്തിന് ഉറപ്പുള്ള കുടുംബബന്ധങ്ങൾ,
(2) മയക്കുമരുന്നിൽ മരുന്നില്ല, മരണമാണ്
എൽപി വിഭാഗം - (1) വീട്ടുകാരറിയട്ടെ, എന്റെ കൂട്ടുകാരെ
യു.പി. ഹൈസ്കൂൾ വിഭാഗങ്ങൾക്ക് മുകളിൽ കൊടുത്തിരിക്കുന്ന വിഷയങ്ങളിൽ, മത്സരസമയത്തു നറുക്കിട്ടു കിട്ടുന്ന വിഷയമാണ് പ്രസംഗിക്കേണ്ടത്.
ചങ്ങനാശേരി മേഖല ഡയറക്ടേഴ്സ് മീറ്റ്
ദീപിക ബാലസഖ്യം ചങ്ങനാശേരി മേഖല ഡയറക്ടേഴ്സ് മീറ്റ് ഡിസിഎൽ നാഷണൽ കോ-ഓർഡിനേറ്റർ വർഗീസ് കൊച്ചുകുന്നേൽ ഉദ്ഘാടനം ചെയ്തു.മേഖല ഓർഗനൈസർ ജോഷി കൊല്ലാപുരം അധ്യക്ഷത വഹിച്ചു.
കേന്ദ്രസമിതി അംഗം ആൻസി മേരി ജോൺ ആമുഖ സന്ദേശം നൽകി. പ്രധാന അധ്യാപകരായ ബാബു ജോസഫ്, സന്തോഷ് കുര്യാക്കോസ്, പരിമൾ ആന്റണി, റോയി തോമസ്, അൽഫോൻസ ജോസഫ് എന്നിവർ പ്രസംഗിച്ചു. മേഖലയിലെ എല്ലാ സ്കൂളുകളിൽ നിന്നും ഡയറക്ടർമാർ പങ്കെടുത്തു.
ശാഖ ഉദ്ഘാടനംചെയ്തു
തോട്ടക്കാട്: ഇരവുചിറ സെന്റ് ജോർജ് യു പി സ്കൂളിൽ ഡിസിഎൽ ശാഖ ഉദ്ഘാടനം ചെയ്തു. ലോക്കൽ മാനേജർ സിസ്റ്റർ ബ്രിജീറ്റ് എഫ്സിസി അധ്യക്ഷത വഹിച്ച യോഗത്തിൽ ഡിസിഎൽ ചങ്ങനാശേരി മേഖല ഓർഗനൈസർ ജോഷി കൊല്ലാപുരം ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ കരുണ എഫ്സിസി ആമുഖ സന്ദേശം നൽകി. ദീപിക ഏരിയ മാനേജർ ബിനിൽ ജോസഫ്,ഡിസിഎൽ ഡയറക്ടർ സിസ്റ്റർ റ്റെൻസി എഫ്സിസി എന്നിവർ പ്രസംഗിച്ചു. കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.