പ്രോസ്പെക്ടസിലെ മാറ്റം കീം റാങ്ക് പട്ടിക നിയമക്കുരുക്കിൽ
തോമസ് വർഗീസ്
Thursday, July 10, 2025 6:22 AM IST
തിരുവനന്തപുരം: കീം(കേരള എൻജിനിയറിംഗ് ആർകിടെക്ചർ മെഡിക്കൽ) റാങ്ക് പട്ടിക കോടതി റദ്ദാക്കിയതോടെ പ്രവേശന നടപടികളിൽ വീണ്ടും അവ്യക്തത. മാർക്ക് ഏകീകരണത്തിൽ കൊണ്ടുവന്ന മാറ്റത്തിനെതിരേ ചില വിദ്യാർഥികളും രക്ഷിതാക്കളും കോടതിയെ സമീപിച്ചതോടെയാണ് ഇന്നലെ റാങ്ക് പട്ടിക റദ്ദാക്കി ഹൈക്കോടതി വിധി വന്നിരിക്കുന്നത്.
ആദ്യം പ്രസിദ്ധീകരിച്ച പ്രോസ്പെക്ടസിൽ പറഞ്ഞിരിക്കുന്ന മാനദണ്ഡപ്രകാരം റാങ്ക് പട്ടിക തയാറാക്കാനും കോടതി നിർദേശിച്ചതോടെ പ്രവേശന നടപടികളിൽ സർക്കാരും പ്രതിസന്ധിയിലായി. പ്രവേശന നടപടികളുടെ പടിവാതിലിൽ എത്തിയ സമയത്തുണ്ടായ കോടതിവിധിയോടെ വിദ്യാർഥികളും രക്ഷിതാക്കളും കോളജ് അധികൃതരും ഒരേപോലെ ആശങ്കയിലാണ്. റാങ്ക് പട്ടിക പ്രഖ്യാപിക്കുന്നതിനു ചുരുങ്ങിയ സമയം മുന്‍പ് മാത്രം പ്രോസ്പെക്ടസിൽ എൻട്രൻസ് കമ്മീഷണർ വരുത്തിയ മാറ്റം അംഗീകരിക്കാൻ കഴിയില്ലെന്ന കണ്ടെത്തലാണ് കോടതി നടത്തിയത്.
കേരള സിലബസിൽ പഠനം പൂർത്തിയാക്കിയ കുട്ടികൾ മാർക്ക് ഏകീകരണം വരുന്പോൾ പിന്നിൽ പോകുന്നുവെന്ന പരാതി തുടർച്ചയായ വർഷങ്ങളിൽ ഉയർന്നുവന്നിരുന്നു. അതേക്കുറിച്ച് പഠിച്ച് തീരുമാനം കൈക്കൊള്ളുമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് കഴിഞ്ഞ വർഷം തന്നെ വ്യക്തമാക്കിയതാണ്. അത്തരത്തിൽ ഒരു പഠനം നടത്തി പുതിയ ക്രമീകരണം ഒരുക്കുന്പോൾ അത് പ്രോസ്പെക്ടസിൽ ഉൾപ്പെടുത്തിയിരുന്നെങ്കിൽ നിലവിലുണ്ടായ തിരിച്ചടി നേരിടേണ്ടി വരില്ലായിരുന്നു.
ഫലപ്രഖ്യാപനത്തിനു തൊട്ടു മുന്‍പു കൊണ്ടുവന്ന പുതിയ രീതിയിലുള്ള മാർക്ക് ഏകീകരണത്തിലൂടെ ഉണ്ടായ വെയിറ്റേജ് നിയമപരമല്ലെന്ന വാദം കോടതി അംഗീകരിക്കുകയും ചെയ്തു. ഇതോടെ ഏറ്റവുമധികം പ്രതിസന്ധിയിലായിരിക്കുന്നത് പ്രവേശനം കാത്തിരിക്കുന്ന വിദ്യാർഥികളാണ്.
2011-ൽ രൂപീകരിച്ച വിദഗ്ധസമിതിയുടെ ശിപാർശയുടെ അടിസ്ഥാനത്തിലാണ് ഇതുവരെ നിലവിലുണ്ടായിരുന്ന പ്രോസ്പെക്ടസ് തയാറാക്കിയിരുന്നത്. അതിലാണ് അവസാന നിമിഷം മാറ്റം വരുത്തിയത്. ഫലത്തിൽ ഇത് നിയമക്കുരുക്കിലേക്കും വഴിമാറി. 2025 ഫെബ്രുരിയിലാണ് ഈ വർഷത്തെ പ്രവേശനപരീക്ഷയ്ക്കായുള്ള പ്രോസ്പെക്ടസ് പ്രസിദ്ധീകരിച്ചത്. തുടർന്ന് മാസങ്ങൾ കഴിഞ്ഞ് ഫലപ്രഖ്യാപനത്തിന്റെ തൊട്ടടുത്തെത്തിയപ്പോൾ ഉണ്ടാക്കിയ മാറ്റമാണ് കോടതി കുരുക്കിലേക്കു നീങ്ങിയത്.
എഐസിടിഇ ഷെഡ്യൂൾ പ്രകാരം ഓഗസ്റ്റ് 14നുള്ളിൽ ഒന്നാം വർഷ വിദ്യാർഥികളുടെ ക്ലാസുകൾ ആരംഭിക്കേണ്ടതുണ്ട്. അതനുസരിച്ചുള്ള പ്രവേശന നടപടികൾക്കായി ഒരുമാസം മാത്രമാണ് ബാക്കിയുള്ളത്.
നിലവിൽത്തന്നെ എൻജിനിയറിംഗ് സീറ്റുകൾ സംസ്ഥാനത്ത് ഒഴിഞ്ഞു കിടക്കുകയാണ്. ഇത്തരത്തിലുള്ള ആശങ്കകൾകൂടി വരുന്നതോടെ ഇനിയും കുട്ടികൾ അന്യസംസ്ഥാനങ്ങളിലേക്ക് പഠനത്തിനായി പോകുമോ എന്നതാണ് കോളജ് അധികൃതരുടെ ആശങ്ക.
പരിഷ്കരണം കൊണ്ടുവന്നത് ഏകീകൃത മാനദണ്ഡത്തിന്: സർക്കാർ
കൊച്ചി: പ്ലസ് ടു യോഗ്യത പരീക്ഷ പാസായത് ഏതു ബോര്‍ഡിനു കീഴിലായാലും പ്രവേശ പരീക്ഷാ മാര്‍ക്കിനെ ബാധിക്കാതിരിക്കാനുള്ള ഏകീകരണ പ്രക്രിയയുടെ ഭാഗമായി കൊണ്ടുവന്നതാണ് ഭേദഗതിയെന്നു ചൂണ്ടിക്കാട്ടിയാണ് സിംഗിൾ ബെഞ്ച് ഉത്തരവിനെതിരേ സർക്കാർ അപ്പീല്‍ നൽകിയിരിക്കുന്നത്. നിലവിലെ രീതി സിബിഎസ്ഇ വിദ്യാര്‍ഥികള്‍ക്കു മേല്ക്കൈയുണ്ടാക്കുന്നുണ്ടെന്ന വ്യാപക പരാതിയുടെയും വിദഗ്ധ സമിതി റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തിലാണ് എല്ലാവര്ക്കും തുല്യ അവസരം നല്കുന്ന സംവിധാനമെന്ന നിലയില്‍ ഭേദഗതി നടപ്പാക്കിയത്.
നിലവിലെ രീതിയനുസരിച്ച് സംസ്ഥാന സിലബസ് പ്രകാരം പ്ലസ്ടു വിജയിച്ചവരുടെ മാര്‍ക്ക് സിബിഎസ്ഇ വിദ്യാര്ഥികളുടേതിനൊപ്പം തുല്യമായി പരിഗണിക്കപ്പെടാത്ത അവസ്ഥയുണ്ടെന്ന് വ്യാപക പരാതി ഉയര്‍ന്നിരുന്നു.
അവസര സമത്വം നിഷേധിക്കപ്പെടുന്ന അവസഥ ഒഴിവാക്കാനായാണ് ഒരു വിദ്യാര്‍ഥിക്കും ദോഷം ചെയ്യാത്തവിധം ഭേദഗതി നടപ്പാക്കിയത്. മുമ്പുണ്ടായിരുന്ന അസമത്വം ഇല്ലാതാകുകയാണ് ചെയ്തിരിക്കുന്നത്. പുതിയ രീതിയുടെ അപാകതമൂലം ഒരു കുട്ടിക്കും പിന്നാക്കം പോകേണ്ടിവരില്ല.
ഭരണഘടനാവകാശങ്ങളുടെ ലംഘനം ഭേദഗതി മൂലം ഉണ്ടായിട്ടില്ല. എന്നാല്‍, ഈ വസ്തുതകള്‍ പരിഗണിക്കാതെ സിംഗിള്‍ ബെഞ്ച് ഭേദഗതി റദ്ദാക്കുകയും റാങ്ക് പട്ടിക 2025 ഫെബ്രുവരി 19ലെ പ്രോസ്പെക്ടസ് പ്രകാരം പുനഃക്രമീകരിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തിരിക്കുകയാണെന്നും അപ്പീലില്‍ പറയുന്നു.