മുഖ്യമന്ത്രിയുടെ നാട്ടിൽ ആരോഗ്യവകുപ്പ് ജീവനക്കാരനു മർദനം; പെരിങ്ങോത്ത് സ്കൂട്ടർ തകർത്തു
Thursday, July 10, 2025 6:22 AM IST
കണ്ണൂർ: പണിമുടക്കു ദിവസം മുഖ്യമന്ത്രിയുടെ നാട്ടിൽ ജോലിക്കെത്തിയ ജീവനക്കാരന് സമരാനുകൂലികളുടെ മർദനം. പിണറായി സിഎച്ച്സിയിലെ ജീവനക്കാരനും കേരള എൻജിഒ അസോസിയേഷൻ അംഗവുമായ രൂപേഷിനാണ് മർദനമേറ്റത്.
ഇന്നലെ രാവിലെയായിരുന്നു സംഭവം. ജോലിക്കെത്തിയ രൂപേഷിനോട് സമരാനുകൂലികൾ തിരിച്ചുപോകണമെന്നാവശ്യപ്പെട്ടെങ്കിലും രൂപേഷ് അംഗീകരിച്ചില്ല. ഇതോടെ കൈയേറ്റമുണ്ടാകുകയായിരുന്നു.
മർദനത്തിൽ പരിക്കേറ്റ രൂപേഷ് തലശേരി ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. രൂപേഷിന്റെ പരാതിയിൽ കണ്ടാലറിയാവുന്ന ഏതാനും പേർക്കെതിരെ പോലീസ് കേസെടുത്തു.
പെരിങ്ങോത്ത് ജോലിക്കെത്തിയ വില്ലേജ് ഓഫീസ് ജീവനക്കാരൻ മധുസൂദനന്റെ സ്കൂട്ടർ സമരാനുകൂലികൾ കേടുവരുത്തി.
അധ്യാപകർക്കു നേരേ കൈയേറ്റം, എസ്ഐക്കു പരിക്ക്
തലശേരി: ബ്രണ്ണൻ കോളജ് ബിഎഡ് സെന്ററിൽ സമരാനുകൂലികളും ജോലിക്കു ഹാജരായവരും തമ്മിൽ വാക്കേറ്റവും സംഘർഷവും. സംഘർഷത്തിൽ സമരാനുകൂലിയായ ഒരാൾക്കും തടയാൻ ശ്രമിച്ച എസ്ഐക്കും പരിക്കേറ്റു. എ.വി. റഷീദ്, എസ്ഐ പ്രശോഭ് എന്നിവർക്കാണ് പരിക്കേറ്റത്. എസ്ഐ പ്രശോഭിനെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ജോലിക്കെത്തിയവരോട് തിരിച്ചുപോകാൻ സമരാനുകൂലികൾ ആവശ്യപ്പെട്ടതോടെയാണ് വാക്കേറ്റവും ഉന്തും തള്ളും കൈയാംകളിയുമാരംഭിച്ചത്.
ഇരുവിഭാഗക്കാരെയും മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് എസ്ഐക്കു പരിക്കേറ്റത്.
തരുവണത്തെരു സ്കൂളിലെ അധ്യാപകൻ ധനരാജിനു നേരെയും കൈയേറ്റമുണ്ടായി. ധനരാജിന്റെ ബൈക്കിന് കേടുപാടുകൾ വരുത്തിയതായും പറയുന്നു. ധനരാജിന്റെ പരാതിയിൽ സുധീഷ്, സുജിത്ത് എന്നിവരടക്കം അഞ്ചുപേർക്കെതിരെ കതിരൂർ പോലീസ് കേസെടുത്തു.
അക്രമം ഉണ്ടായിട്ടില്ല: ടി.പി. രാമകൃഷ്ണന്
കോഴിക്കോട്: പണിമുടക്കിനെ വെല്ലുവിളിച്ചാൽ സ്വാഭാവിക പ്രതികരണമുണ്ടാകുമെന്നും പണിമുടക്കിന്റെ ഭാഗമായി സംസ്ഥാനത്ത് എവിടെയും കാര്യമായ അക്രമസംഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ കൂടിയായ സിഐടിയു സംസ്ഥാന പ്രസിഡന്റ് ടി.പി. രാമകൃഷ്ണന്.
തൊഴിലാളികളുടെ മുന്പില് പണിമുടക്കിനെ വെല്ലുവിളിച്ചെത്തിയാല്‍ സ്വാഭാവികമായി ചില പ്രതികരണങ്ങള്‍ ഉണ്ടാകും. അത് മാനുഷികമാണ്. അതു മാത്രമാണ് സംഭവിച്ചിട്ടുള്ളത്. -രാമകൃഷ്ണന് പറഞ്ഞു.