അവധിക്ക് അപേക്ഷ നൽകി രജിസ്ട്രാർ; കാന്പസിൽ കയറുന്നത് വിലക്കി കേരള വിസി
Thursday, July 10, 2025 6:22 AM IST
തിരുവനന്തപുരം: ഭാരതാംബ ചിത്രവിവാദത്തിനു പിന്നാലെ കേരളാ സർവകലാശാലയിൽ ഉന്നതാധികാരികൾ തമ്മിൽ ആരംഭിച്ച ഏറ്റുമുട്ടൽ പുതിയ തലത്തിലേക്ക്. വൈസ് ചാൻസലർ സസ്പെൻഡ് ചെയ്യുകയും സിൻഡിക്കറ്റ് സസ്പെൻഷനു അംഗീകാരം നല്കാതിരിക്കുകയും ചെയ്ത സർവകലാശാല രജിസ്ടാർ കെ.എസ്. അനിൽകുമാർ സർവകലാശാലയിൽ പ്രവേശിക്കുന്നത് വിലക്കിക്കൊണ്ട് വിസി നോട്ടീസ് നല്കി.
വിസിയുടെ അനുമതിയില്ലാതെ രജിസ്ടാർ സർവകലാശാലയിൽ പ്രവേശിച്ചാൽ ചട്ടപ്രകാരമുള്ള തുടർ നടപടികൾ ഉണ്ടാവുമെന്നു താത്കാലിക വിസിയുടെ ചുമതല വഹിക്കുന്ന ഡോ. സിസാ തോമസ് നല്കിയ നോട്ടീസിൽ വ്യക്തമാക്കുന്നു.
ഇതിനു പിന്നാലെ ഇന്നലെ സർവകലാശാല രജിസ്ട്രാർ അവധി അപേക്ഷ നല്കി. വിദേശ പര്യടനത്തിനു ശേഷം നാട്ടിലെത്തിയ വിസി ഡോ. മോഹനൻ കുന്നുമ്മേലിനാണ് അവധി അപേക്ഷ നല്കിയത്. എന്നാൽ നിലവിൽ സസ്പെൻഷനിലുള്ള രജിസ്ട്രാർക്ക് അവധി നല്കേണ്ട കാര്യമില്ലെന്നു കാട്ടി വിസി അവധി അപേക്ഷ നിരസിച്ചു.
രജിസ്ട്രാറെ സസ്പെൻഡ് ചെയ്തതിനു പിന്നാലെ രജിസ്ട്രാറുടെ ചുമതല നല്കിയ ഡോ. മിനി കാപ്പന് ഉത്തരവ് കൈമാറാൻ തയാറാകാത്ത ഭരണവിഭാഗം ജീവനക്കാർക്കെതിരേ നടപടി ആലോചിക്കുന്നതായും സൂചനയുണ്ട്.
ഇതിനിടെ കഴിഞ്ഞ ദിവസം എസ്എഫ്ഐയുടെ പ്രതിഷേധത്തിൽ സർവകലാശാലയിലെ ഉപകരണങ്ങൾക്കുണ്ടായ നാശനഷ്ടങ്ങൾ സംബന്ധിച്ച് അടിയന്തരമായി റിപ്പോർട്ട് നല്കാൻ വിസി യൂണിവേഴ്സിറ്റി എൻജിനിയറിംഗ് വിഭാഗത്തിന് നിർദേശം നൽകി.
അതേസമയം, എസ്എഫ്ഐയുടെ പ്രതിഷേധ മാർച്ചിനെ തുടർന്നുണ്ടായ സംഘർഷത്തിൽ സർവകലാശാലയിൽ ഉണ്ടായ ആക്രമണങ്ങളിൽ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് വൈസ് ചാൻസലർ ഡിജിപിക്ക് പരാതി നൽകി.