മലങ്കര കത്തോലിക്കാസഭ പുനരൈക്യ വാർഷികം അടൂരിൽ
Thursday, July 10, 2025 5:48 AM IST
പത്തനംതിട്ട: മലങ്കര സുറിയാനി കത്തോലിക്കാസഭ ആഗോള കത്തോലിക്കാ കൂട്ടായ്മയിലേക്ക് പുനരൈക്യപ്പെട്ടതിന്റെ 95 -ാം വാർഷികവും സഭാസംഗമവും സെപ്റ്റംബർ 16 മുതൽ 20 വരെ പത്തനംതിട്ട രൂപതയുടെ ആതിഥേയത്വത്തിൽ അടൂർ ഓൾ സെയ്ന്റ്സ് സ്കൂൾ അങ്കണത്തിൽ നടക്കുമെന്ന് മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ അറിയിച്ചു.
സെപ്റ്റംബർ 16ന് വൈകുന്നേരം വിവിധ വൈദിക ജില്ലകളുടെ നേതൃത്വത്തിലുള്ള പ്രയാണങ്ങൾ സമ്മേളന നഗറിലെത്തും. വൈകുന്നേരം സംഗമത്തിനു കൊടിയേറും. 17, 18, 19 തീയതികളിൽ വൈകുന്നേരം ഫാ.ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന സുവിശേഷ പ്രഘോഷണം. 19ന് ഉച്ചകഴിഞ്ഞ് ഒന്നു മുതൽ സമ്മേളന നഗറിൽ അല്മായ സംഗമവും ആനന്ദപ്പള്ളി സെന്റ് മേരീസ് പള്ളിയിൽ ബാലസംഗമവും തട്ട സെന്റ് ആന്റണീസ് പള്ളിയിൽ യുവജന സംഗമവും നടക്കും. 20നു രാവിലെ എട്ടിന് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവായുടെ പ്രധാന കാർമികത്വത്തിൽ വിശുദ്ധ കുർബാനയും തുടർന്ന് പുനരൈക്യ വാർഷിക പൊതുസമ്മേളനവും നടക്കും.
സഭാ സംഗമത്തിൽ എല്ലാ ഭദ്രാസനങ്ങളിൽ നിന്നും വിദേശങ്ങളിൽ നിന്നുമുള്ള പ്രതിനിധികൾ പങ്കെടുക്കും. പുനരൈക്യ വാർഷിക സംഗമത്തിന്റെ ക്രമീകരണങ്ങൾക്കായി പത്തനംതിട്ട ഭദ്രാസനാധ്യക്ഷൻ ഡോ.സാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ വികാരി ജനറാൾ മോൺ. ഫാ. വർഗീസ് മാത്യു കാലായിൽ വടക്കേതിൽ ജനറൽ കൺവീനറും പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി വി.ടി. രാജൻ ജോയിന്റ് കൺവീനറുമായി വിവിധ കമ്മിറ്റികൾ രൂപീകരിച്ചു പ്രവർത്തനം തുടങ്ങി.