‘നിധി’ അമ്മയുടെ കരങ്ങളിൽ
സ്വന്തം ലേഖകൻ
Thursday, July 10, 2025 5:48 AM IST
കൊച്ചി: കുഞ്ഞുടുപ്പിട്ട നിധിയെ തന്റെ കൈകളിലേക്ക് ഏറ്റുവാങ്ങുമ്പോൾ അമ്മ രഞ്ജിതയുടെ കണ്ണു നിറഞ്ഞു. തല കുനിച്ചുനിന്ന പിതാവ് മംഗളേശ്വറിന്റെ മുഖത്ത് കുഞ്ഞിനെ കണ്ടതോടെ നിറപുഞ്ചിരി... കേരളം സ്നേഹിച്ചു കരുതലൊരുക്കിയ കുഞ്ഞു നിധി അങ്ങനെ ജാർഖണ്ഡിൽ മാതാപിതാക്കളുടെ കൈകളിലേക്കു സുരക്ഷിതമായെത്തി.
പ്രസവശേഷം കൊച്ചിയിലെ ആശുപത്രിയില്‍ ഉപേക്ഷിച്ച കുഞ്ഞിനെ നിയമനടപടികൾ പൂർത്തിയാക്കി ജാർഖണ്ഡിലെ ലോഹർബഗായിലെത്തിച്ച് ജില്ലാ ശിശുക്ഷേമ സമിതി അധികൃതർക്കു കൈമാറി. എറണാകുളം ജില്ലാ ശിശു സംരക്ഷണ സമിതി ഓഫീസര്‍ കെ.എസ്. സിനി, ലോഹർബഗായിലെ സിബ്ല്യുസി അംഗം പൂജ കുമാരിക്കു കുഞ്ഞിനെ കൈമാറി. ഇരുവരും ചേർന്നു കുഞ്ഞിനെ മാതാപിതാക്കളെ ഏൽപ്പിച്ചു.
തുടർന്ന് ജില്ലാ കളക്ടർ ഡോ. താരാചന്ദിന്റെ ചേംബറിലെത്തി സ്നേഹം പങ്കിട്ടു. സിഡബ്ല്യുസി ചെയർപേഴ്സൺ കുന്തി സാഹുവും ഒപ്പമുണ്ടായിരുന്നു.
കുഞ്ഞിന് സംരക്ഷണവും വലിയ കരുതലും ഒരുക്കിയ കേരളത്തിലെ സർക്കാരിനും ആരോഗ്യപ്രവർത്തകർക്കും ജില്ലാ കളക്ടർ നന്ദി പറഞ്ഞു. “അറിവില്ലാതെ ചെയ്തുപോയതാണ്. വലിയ സങ്കടമുണ്ട്. ഇനി ഞങ്ങൾ മോളെ പൊന്നുപോലെ നോക്കും.” - അമ്മ രഞ്ജിത പറഞ്ഞു. മകൾക്കു കേരളം നൽകിയ നിധി എന്ന പേര് മാറ്റില്ലെന്നും മാതാപിതാക്കൾ പറഞ്ഞു. കോട്ടയത്തെ ഫിഷ് ഫാമിൽ ജോലിക്കാരായിരുന്നു രഞ്ജിതയും മംഗളേശ്വറും.
കഴിഞ്ഞ ജനുവരി 29നായിരുന്നു എറണാകുളം ജനറൽ ആശുപത്രിയിൽ നിധിയുടെ ജനനം. കുഞ്ഞിന്റെ ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് 31ന് വിദഗ്ധ ചികിത്സയ്ക്കായി എറണാകുളം ലൂർദ് ആശുപത്രിയിലേക്കു മാറ്റി. ചികിത്സയ്ക്കു പണമില്ലാത്തതിനാൽ അന്നു രാത്രി മാതാപിതാക്കള്‍ കുഞ്ഞിനെ ഉപേക്ഷിച്ചു ജാർഖണ്ഡിലേക്കു കടക്കുകയായിരുന്നു. തുടർന്ന് കുട്ടിയുടെ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുത്തു. കുഞ്ഞിനു മന്ത്രി വീണാ ജോര്‍ജാണ് നിധി എന്നു പേരിട്ടത്.