മാർ അപ്രേം മെത്രാപ്പോലീത്തയ്ക്ക് ഇന്നു യാത്രാമൊഴി
Thursday, July 10, 2025 5:48 AM IST
തൃശൂർ: അരനൂറ്റാണ്ടിലേറെക്കാലം ഇന്ത്യയിലെ പൗരസ്ത്യ അസീറിയൻ സഭയെ നയിച്ച ഇടയശ്രേഷ്ഠന് ഇന്നു വിശ്വാസിസമൂഹം വിടചൊല്ലും.
സഭയുടെ മുൻ അധ്യക്ഷനും പാത്രിയാർക്ക പ്രതിനിധിയുമായ മാർ അപ്രേം മെത്രാപ്പോലീത്തയുടെ കബറടക്കം ഇന്നു നടക്കും. മാർത്ത്മറിയം വലിയപള്ളിയങ്കണത്തിലെ കുരുവിളയച്ചൻ പള്ളിയിൽ കബറടങ്ങിയിരിക്കുന്ന സഭാപിതാക്കൻമാർക്കു സമീപമാണ് മാർ അപ്രേമിനു പ്രത്യേക കല്ലറ ഒരുക്കിയിട്ടുള്ളത്.
ഇന്നു രാവിലെ ഏഴിനു വിശുദ്ധ കുർബാന. പതിനൊന്നോടെ ആദ്യഘട്ട സംസ്കാരശുശ്രൂഷകൾ പൂർത്തിയാകും. 11നു നഗരികാണിക്കൽ ശുശ്രൂഷ ഹൈറോഡിൽനിന്നു സ്വരാജ് റൗണ്ടിലെത്തിയശേഷം റൗണ്ട് ചുറ്റി തിരികെ പള്ളിയിൽ സമാപിക്കും. മുൻനിരയിൽ വാഹനവും ബാനറും കുരിശുകളും പട്ടുകുടകളും. കാൽഡിയൻ സ്കൂളിലെ 400 വിദ്യാർഥികൾ കറുത്ത കൊടിയുമായി അണിനിരക്കും. പൗരസമിതി നേതൃത്വം, വിശ്വാസികൾ, വൈദികർ, മേൽപ്പട്ടക്കാർ എന്നിവരുമുണ്ടാകും. പിന്നിൽ മാർ അപ്രേം മെത്രാപ്പോലീത്തയുടെ ഭൗതികശരീരം വഹിച്ചുള്ള വാഹനം നീങ്ങും.
ഉച്ചയ്ക്ക് ഒന്നിനു സംസ്ഥാന സർക്കാരിന്റെ ഔദ്യോഗികബഹുമതികൾക്കുശേഷം കുരുവിളയച്ചൻപള്ളിയിൽ നടക്കുന്ന സംസ്കാരശുശ്രൂഷകൾക്കു മാർ ഔഗിൻ കുര്യാക്കോസ് മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിക്കും.