ഹൈറേഞ്ചിന്റെ ജീവനാഡി
കെ.എസ്. ഫ്രാൻസിസ്
Thursday, July 10, 2025 6:22 AM IST
പണിപോയത് ആയിരങ്ങൾക്ക്
ഹൈറേഞ്ചിന്റെ ജീവനാഡിയാണ് ജീപ്പ്, 1940 വില്ലീസ് കന്പനി രൂപകൽപ്പന ചെയ്ത ജീപ്പ് ഹൈറേഞ്ചുകാരുടെ പ്രധാന യാത്രാ-ചരക്കു വാഹനമായിരുന്നു. ഇല്ലാത്ത വഴികൾ സൃഷ്ടിച്ച് ഏറെ ദുർഘടമായ പ്രദേശങ്ങളിലൂടെയും വലിഞ്ഞു കയറുന്ന കുഞ്ഞൻ വാഹനം ഇപ്പോൾ ത്രില്ലടിക്കുന്ന യാത്രാ വാഹനവുമായിരിക്കുകയാണ്.
ഓഫ് റോഡുകളിലൂടെയുള്ള ജീപ്പു യാത്രയുടെ ഹരം ഇന്ന് വിനോദ സഞ്ചാരികളുടെ പ്രധാന ആകർഷണമായി മാറ്റിയാണ് ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഓഫ് റോഡ് സഫാരിയെന്ന സാഹസിക വിനോദസഞ്ചാരം നടപ്പാക്കിയിരിക്കുന്നത്. കല്ലുകളിൽനിന്നു കല്ലുകളിലേക്കും മലകളിൽനിന്നു മലകളിലേക്കും ചാടിയും തിരിഞ്ഞും ചെരിഞ്ഞുമൊക്കെ കയറിപ്പോകുന്ന സാഹസിക ജീപ്പു സവാരിക്കാണ് ഇടുക്കി ജില്ലയിൽ ഇപ്പോൾ താത്കാലിക നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.

യാത്രക്കാരുടെയും ഡ്രൈവർമാരുടെയും സുരക്ഷ പരിഗണിച്ചാണ് ഇപ്പോൾ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ആഫ്രിക്കയിൽ വന്യജീവികളെ കാണാനും വേട്ടയാടാനുമുള്ള യാത്രയായ സഫാരി എന്ന നാമം ഇവിടെ സാഹസിക വിനോദയാത്രയെന്ന് പുനർനാമകരണം ചെയ്താണ് പ്രാബല്യത്തിലാക്കിയിരിക്കുന്നത്.
സാഹസിക യാത്ര അപകടയാത്രയായി മാറിയപ്പോഴാണ് ഇടുക്കി ജില്ലാ ഭരണകൂടം നിയന്ത്രണങ്ങളുമായി എത്തിയത്. കഴിഞ്ഞ ദിവസം സഫാരിക്ക് നിരോധനം ഏർപ്പെടുത്തിയെങ്കിലും അപാകതകൾ പരിഹരിച്ച് സഫാരി അനുവധിക്കുമെന്നാണ് ജില്ല ഭരണകൂടം നൽകുന്ന സൂചന.
അഞ്ചു ദിവസത്തിനുള്ളിൽ നിരോധനത്തിന് അയവു വരുമെന്ന പ്രതീക്ഷയിലാണ് ജീപ്പ് സഫാരിയെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന ജില്ലയിലെ നൂറുകണക്കിനു സഫാരി ജീപ്പ് ഉടമകളും ഡ്രൈവർമാരും. വാഗമണ്, കുമളി, പീരുമേട്, മൂന്നാർ, മറയൂർ, കാന്തല്ലൂർ, സൂര്യനെല്ലി, കൊളുക്കുമല തുടങ്ങിയ ടൂറിസ്റ്റ് കേന്ദ്രങ്ങളിലാണ് വ്യപകമായി ജീപ്പ് സഫാരികളുള്ളത്. ഇതിൽ കൊളുക്കുമലയിലേക്കുള്ള സഫാരിക്ക് പോലീസ്-വാഹന വകുപ്പുകൾ അനുമതി നിലനിർത്തിയിട്ടുണ്ട്.
ഇവിടെ സഫാരി ജീപ്പുകൾക്കുള്ള കൃത്യമായ പരിശോധനകളും ഡ്രൈവർമാരുടെ പരിചയവുമൊക്കെ പരിഗണിച്ച് അനുമതി നൽകിയിട്ടുള്ള ജീപ്പുകൾക്കു മാത്രമാണ് പ്രവേശനമുള്ളത്. ഈ സ്ഥിതി മറ്റു മേഖലകളിലും ഏർപ്പെടുത്തുമെന്നാണ് സൂചന. സഫാരി നിരോധനം ഏർപ്പെടുത്തിയതോടെ പ്രതിസന്ധിയിലായ തൊഴിലാളികളും വ്യാപാരികളും നിരോധനത്തിനെതിരേ രംഗത്തു വന്നിട്ടുണ്ട്.
ജീപ്പ് സഫാരി നിരോധനം അനീതിയാണെണ് മൂന്നാർ ഗൂഡാർവിള സഫാരി ജീപ്പ് ഡ്രൈവർ എൻ. നവീൻ പറയുന്നു. പ്രദേശത്തെ ഒട്ടേറെ ഡ്രൈവർമാരുടെ ഉപജീവനമാർഗം ഇല്ലാതാകും. മൂന്നാറിലെത്തുന്ന വിനോദ സഞ്ചാരികൾ ഏറെ ഇഷ്ടപ്പെടുന്നതാണ് സഫാരി. മാട്ടുപ്പെട്ടിയും രാജമലയും മാത്രം കണ്ടുമടങ്ങുന്ന സഞ്ചാരികളെ മൂന്നാറിന്റെ ഉൾപ്രദേശങ്ങളിലേക്കു കൊണ്ടുപോകുന്നത് ജീപ്പുകളിലാണ്. ഇതാണ് പുതിയ ഉത്തരവോടെ ഇല്ലാതാകുന്നത്.
നിരോധനമല്ല നിയന്ത്രണം വേണമെന്ന് കുട്ടിക്കാനത്തെ ടൂർ ഓപ്പറേറ്റർ ജോണ്സണ് പറയുന്നു. കേരളത്തിനു പുറത്തുനിന്നെത്തുന്ന ടൂറിസ്റ്റുകളാണ് പ്രധാനമായും ജീപ്പ് സഫാരി ചെയ്യുന്നത്. അവരുടെ നാടുകളിൽ ജീപ്പ് കുറവായതിനാൽ ജീപ്പ് സഫാരി അവർക്ക് ആകർഷണമാണ്. അപകടരഹിതമായി സാഹസിക യാത്ര അനുവദിക്കുകയാണ് വേണ്ടത്.
സഫാരി ജീപ്പുകളുടെ സുരക്ഷ ഉറപ്പാക്കി സർവീസ് അനുവദിക്കണമെന്ന് ഓട്ടോ-ടാക്സി യൂണിയൻ (സിഐടിയു) ഇടുക്കി ജില്ലാ സെക്രട്ടറി എം.സി. ബിജു ആവശ്യപ്പെടുന്നു. ജില്ലയിൽ ആയിരക്കണക്കിനു സാധാരണക്കാർ ജോലിചെയ്യുന്ന മേഖലയാണിത്. ഒരു രാത്രികൊണ്ട് ഈ തൊഴിൽ മേഖല ഇല്ലാതാക്കാൻ അനുവദിക്കില്ല.
കൊളുക്കുമല ഒരു മാതൃക
സൂര്യനെല്ലിയിൽനിന്നു കൊളുക്കുമലയിലേക്ക് ജീപ്പ് സഫാരി നടത്തുന്നതിന് ഏർപ്പെടുത്തിയിരിക്കുന്ന നടപടികൾ മാതൃകയാക്കാം. ഓരോ മൂന്നു മാസം കൂടുന്പോഴും വാഹനങ്ങളുടെയും ഡ്രൈവർമാരുടെയും പരിശോധന നടത്തും.
യോഗ്യതയുള്ള വാഹനങ്ങൾക്കും സ്റ്റിക്കറും ബാഡ്ജും നൽകും. ഇവർക്കു മാത്രമാണ് സഫാരിക്ക് അനുമതിയുള്ളത്. സഫാരിക്ക് ഈടാക്കാവുന്ന വാടകയും നിശ്ചയിച്ചു നൽകും.
ജീപ്പ് സഫാരിയും അപകടങ്ങളും
മുരളി തുമ്മാരുകുടി
അപകടങ്ങൾ വർധിച്ചുവരുന്നതിനാൽ ഇടുക്കി ജില്ലയിൽ ജീപ്പ് സഫാരി നിരോധിച്ചു എന്ന വാർത്ത കണ്ടു. ഇത് തെറ്റായ തീരുമാനമാണ്. സുരക്ഷയെപ്പറ്റി "ഈ നെട്ടൂരാൻ വിളിച്ച അത്രയും മുദ്രാവാക്യമൊന്നും' കേരളത്തിൽ ആരും വിളിച്ചിട്ടുണ്ടാകില്ല. അതുകൊണ്ടുതന്നെ സുരക്ഷയുടെ പേരിൽ ഒരു നിരോധനം നടക്കുമ്പോൾ ഞാൻ പിന്തുണയ്ക്കുകയല്ലേ വേണ്ടത്? അല്ല. ജീപ്പ് സഫാരിയിലെ അപകടങ്ങളും റോഡ് അപകടങ്ങളും തമ്മിൽ കൂട്ടിക്കുഴയ്ക്കുന്നത് voluntary risk, adventure sports എന്നീ രണ്ടു വിഷയങ്ങൾ അടിസ്ഥാനപരമായി മനസിലാക്കാത്തതുകൊണ്ടാണ്.

ഉദാഹരണത്തിന് നമ്മൾ നമ്മുടെ വീട്ടിൽ കിടന്നുറങ്ങുമ്പോൾ ഒരു ആന വന്നു നമ്മളെ ആക്രമിച്ചാൽ അത് നമ്മൾ അറിഞ്ഞു തെരഞ്ഞെടുത്ത അപകടസാധ്യതയല്ല. പക്ഷെ നമ്മൾ മസായ്മാരയിൽ അനിമൽ സഫാരിക്ക് പോകുമ്പോൾ നമ്മളെ സിംഹം ആക്രമിച്ചാൽ അത് നമ്മൾ തെരഞ്ഞെടുത്ത റിസ്ക് ആണ്. അല്പം റിസ്ക് ഉള്ളതുകൊണ്ടാണ് അനിമൽ സഫാരി നമുക്ക് ഇഷ്ടപ്പെടുന്നത്, അല്ലെങ്കിൽ മൃഗശാലയിൽ പോയി കൂട്ടിലിട്ട സിംഹത്തെ കണ്ടാൽ മതിയല്ലോ.
ഇതുപോലെയാണ് ജീപ്പ് സഫാരിയും. ഇതൊരു സാഹസിക കായിക വിനോദമാണ്. അതുകൊണ്ടുതന്നെ അതിൽ കുറച്ച് റിസ്ക് ഉണ്ട്. ഈ റിസ്ക് നൽകുന്ന ഊർജമാണ് (അഡ്രിനാലിൻ റഷ്) ജീപ്പ് സഫാരിയിലേക്ക് ആളുകളെ ആകർഷിക്കുന്നത്.
ഒരു വർഷം അഞ്ചുമുതൽ പത്തുവരെ ആളുകളാണ് എവറസ്റ്റ് കൊടുമുടി കയറാൻ ശ്രമിക്കുമ്പോൾ മരിക്കുന്നത്. എന്നിട്ടും ആരും എവറസ്റ്റ് കയറ്റം നിരോധിച്ചിട്ടില്ല. അതുപോലെതന്നെ അപകടസാധ്യതയുള്ളതുകൊണ്ട് ജീപ്പ് സഫാരി നിരോധിക്കുന്നത് തെറ്റായ തീരുമാനമാണ്.
വാസ്തവത്തിൽ സാഹസിക കായിക വിനോദ ഇനങ്ങളിൽ താരതമ്യേന റിസ്ക് കുറഞ്ഞ ഐറ്റമാണ് ജീപ്പ് സഫാരി. പാരാഗ്ലൈഡിംഗ്, റോക്ക് ക്ലൈംബിംഗ്, കയാക്കിംഗ് ഇതിലൊക്കെ സ്ഥിതിവിവരക്കണക്ക് പ്രകാരം കൂടുതൽ റിസ്ക് ഉണ്ട്. ഇനി അതും നിരോധിക്കുമോ?
പൊതുവെ അപകടസാധ്യത കാരണം നാലാളുകൂടുന്ന ഉത്സവത്തിനുപോലും പോകാത്ത ഞാൻ ഒരിക്കൽ പാരാഗ്ലൈഡിംഗിന് പോയി. റിസ്ക് ഇല്ലാത്തതുകൊണ്ടോ ഉണ്ടെന്ന് അറിയാത്തതുകൊണ്ടോ അല്ല. മറിച്ച് അത് ഞാൻ തീരുമാനിച്ചെടുക്കുന്ന റിസക് ആണ്. അതു വേണ്ട എന്നു പറയുന്നത് സർക്കാരിന്റെ ജോലിയല്ല.
പക്ഷേ ജീപ്പ് സഫാരി മൂലം ഓരോ വർഷവും ഇടുക്കിയിൽ അനവധി ടൂറിസ്റ്റുകൾ മരിക്കുന്നുണ്ടെങ്കിൽ സർക്കാരിന് ചെയ്യാവുന്നതും സർക്കാർ ചെയ്യേണ്ടതുമായ ചില കാര്യങ്ങൾ ഉണ്ട്.
1. സഫാരിക്ക് ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് സർക്കാർ തീരുമാനിച്ച ഗുണമേന്മ ഉണ്ടെന്ന് ഉറപ്പുവരുത്തുക.
2. പണം വാങ്ങി ടൂറിസ്റ്റുകളെ കയറ്റി നടത്തുന്ന ടൂറിസ്റ്റ് ഡ്രൈവർമാർക്ക് പ്രത്യേക പരിശീലനം നൽകുക. ഇത്തരം പരിശീലനം ലഭിച്ചവർ മാത്രമേ ടൂറിസ്റ്റുകളെ കയറ്റി സഫാരി നടത്താവൂ എന്ന് നിർബന്ധമാക്കുക.
3. സഫാരി ഡ്രൈവർമാർക്ക് പ്രഥമ ശുശ്രൂഷയിൽ പരിശീലനം നൽകുക.
4. ജില്ലയിൽ ഒരു എമർജൻസി ഹെലികോപ്റ്റർ സർവീസ് തുടങ്ങുക.
5. ജീപ്പ് സഫാരിക്ക് വരുന്നവർക്ക് ആ സമയത്തേക്ക് മാത്രം പരിരക്ഷ നൽകുന്ന ഒരു ഇൻഷ്വറൻസ് തുടങ്ങാൻ ഇൻഷ്വറൻസ് കമ്പനികളോട് ആവശ്യപ്പെടുക. സ്വിറ്റ്സർലൻഡിൽ പാരാഗ്ലൈഡിംഗിന് കയറുന്നതിന് മുൻപ് ഞാൻ ‘റിസ്ക് മനസിലാക്കുന്നു’ എന്നൊരു ഫോം ഒപ്പിടണം. പത്തു ഫ്രാങ്കിന്. ഒരു ലക്ഷം ഫ്രാങ്കിന്റെ ഇൻഷ്വറൻസ് എടുക്കുകയുംവേണം.
6. കേരളത്തിലെ സാധാരണ റോഡുകളിൽ പോകുന്നതിലുപരിയായ റിസ്ക് ഇടുക്കിയിലെ ജീപ്പ് സഫാരിയിൽ ഉണ്ടെന്ന് കഴിഞ്ഞ പല വർഷങ്ങളിലെ കണക്കനുസരിച്ച് വ്യക്തമാണെങ്കിൽ അക്കാര്യം സൂചിപ്പിച്ച് ടൂറിസ്റ്റുകളിൽ അവബോധം വളർത്തുക.
ഇതൊക്കെയാണ് ശരിയായി ചെയ്യേണ്ട കാര്യങ്ങൾ. ഒന്നോ രണ്ടോ അപകടമുണ്ടാകുമ്പോൾ ആ പരിപാടി നിരോധിക്കുന്നത് എളുപ്പവഴിയിൽ ക്രിയ ചെയ്യലാണ്, ഉത്തരവാദിത്വത്തിൽനിന്നും ഒഴിഞ്ഞുമാറലാണ്. ഇത് ടൂറിസത്തിന്റെ നട്ടെല്ലൊടിക്കും, അഴിമതി കൂട്ടുകയും ചെയ്യും.
തീരുമാനം പുനഃപരിശോധിക്കുമെന്ന് ആഗ്രഹിക്കുന്നു, വിശ്വസിക്കുന്നു.
സാഹസികയാത്രയ്ക്ക് രണ്ടായിരം ജീപ്പുകൾ
ഇടുക്കി ജില്ലയിൽ രണ്ടായിരത്തിലധികം ജീപ്പുകളാണ് ഓഫ് റോഡ് സഫാരിക്കായും ടൂറിസം പാക്കേജ് ഡ്രൈവിനായും ഉള്ളത്. ഏറ്റവും കൂടുതൽ വാഹനങ്ങൾ ഉള്ളത് ദേവികുളം താലൂക്കിലാണ്. വട്ടവട, കാന്തല്ലൂർ, മറയൂർ, മൂന്നാർ തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രമാക്കി 1200ലധികം വാഹനങ്ങൾ ഇതിനായി ഉണ്ട്. കുമളിയിൽ ഇവയുടെ എണ്ണം 500നടുത്താണ്.

വണ്ടിപ്പെരിയാർ, പരുന്തുംപാറ, വാഗമണ് തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് അഞ്ഞൂറിലധികം വാഹനങ്ങൾ വേറയുമുണ്ട്. ഇതിലെ ഡ്രൈവർമാരും അനുബന്ധ തൊഴിലാളികളും ഉൾപ്പെടെ 5000ത്തിലധികം കുടുംബങ്ങളാണ് ഓഫ് റോഡ്, ടൂറിസം പാക്കേജ് ട്രിപ്പുകളിലൂടെ ഉപജീവനം നടത്തുന്നത്.
നെഞ്ചിടിപ്പേറുന്ന യാത്രയ്ക്ക് മുരുകൻമലയും പൊൻമുടിയും
ഏറെ അപകടകരമായ സവാരികൾ നടത്തുന്നത് ദേവികുളത്തെ മുരുകൻ മലയിലേക്കും പൊൻമുടി മലയിലേക്കുമാണ്. ഇതു രണ്ടും വലുതും കിഴുക്കാംതൂക്കായ മലകളുമാണ്. വട്ടവട വെള്ളച്ചാട്ടം, കാന്തല്ലൂർ വെള്ളച്ചാട്ടം, ചന്ദനക്കാടുകൾ, സ്ട്രോബറി ഫാം, ഇരച്ചിൽ വെള്ളച്ചാട്ടം, കച്ചാരം വെള്ളച്ചാട്ടം, ട്രൈബൽ കോളനി, വട്ടവട വെജിറ്റബിൾ ഫാം എന്നിവിടങ്ങളിലേക്കുള്ള പാക്കേജ് ട്രിപ്പുകളാണ് വട്ടവടയിൽനിന്നു നടത്തുന്നത്.
മൂന്നാറിൽനിന്ന് മൂന്നാർ ടൗണ്, ലക്ഷമി, മാങ്കുളം, കുഞ്ചിത്തണ്ണി, ഗ്യാപ് റോഡ് വഴി മൂന്നാർ, മൂന്നാർ എക്കോപോയിന്റ്, കുണ്ടള ടോപ് സ്റ്റേഷൻ, മാട്ടുപ്പെട്ടി, മാങ്കുളം വെള്ളച്ചാട്ടം ട്രിപ്പുകളും സൂര്യനെല്ലിയിൽനിന്ന് മീശപ്പുലിമല, കൊളുക്കുമല ഓഫ് റോഡ് ട്രിപ്പുകളും നടത്തിയിരുന്നു. കുമളിയിൽനിന്ന് ശബരിമല സത്രം (വണ്ടിപ്പെരിയാർ വള്ളക്കടവു വഴി), ശബരിമല ഉപക്ഷേത്രം, പരുന്തുംപാറ, മ്ലാമല വെള്ളച്ചാട്ടം, വാഗമണ്, അയ്യപ്പൻകോവിൽ, അഞ്ചുരുളി, കാൽവരിമൗണ്ട്, തമിഴ്നാട്ടിലെ മുന്തിരിപ്പാടം, പെൻസ്റ്റോക് പൈപ്പ്, തമിഴ്നാടിന്റെ വാട്ടർ കനാൽ, പച്ചക്കറി പാടങ്ങൾ, ചുരുളി വാട്ടർ ഫാൾസ്, ലോവർക്യാന്പ് ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ട് തുടങ്ങിയ സൈറ്റുകളിലേക്കുള്ള യാത്രകളുമാണ് ഉണ്ടായിരുന്നത്. ജില്ലാ കളക്ടറുടെ നിരോധന ഉത്തരവിന്റെ ലക്ഷ്യം ഓഫ് റോഡ് സഫാരി സംബന്ധിച്ച കണക്കെടുപ്പും സുരക്ഷിത യാത്രയുടെ നടപ്പാക്കലുമാണെന്നാണ് കണക്കുകൂട്ടൽ.
ജീപ്പ് സഫാരി നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് പുനഃപരിശോധിക്കണമെന്ന ആവശ്യം ശക്തമാണ്. ഹൈറേഞ്ചിലെ ഓഫ് റോഡ് സഞ്ചാരവും ജീപ്പ് സഫാരിയുമടക്കം നിരോധിച്ചത് കഴിഞ്ഞ ദിവസങ്ങളിൽ മൂന്നാർ പോതമേട്ടിലുണ്ടായ അപകടത്തിൽ ഒരു വിനോദ സഞ്ചാരി മരിക്കാനിടയായതിനെത്തുടർന്നാണ്. ആ അപകടത്തിൽ ജീപ്പ് 50 അടിയിലേറെ താഴ്ചയിലേക്ക് മറിഞ്ഞ് നിരവധി പേർക്ക് പരിക്കേറ്റിരുന്നു.
കൊളുക്കുമലയിൽ മോട്ടോർ വാഹനവകുപ്പിന്റെ എല്ലാ അനുമതികളും വാങ്ങി സുരക്ഷാസംവിധാനങ്ങൾ ഒരുക്കിയാണ് ജീപ്പ് സഫാരി നടത്തുന്നത്. വാഹനത്തിന്റെ ഫിറ്റ്നസ്, ഡ്രൈവർമാർക്കുള്ള നിർദേശങ്ങൾ, മാനദണ്ഡങ്ങൾ എല്ലാം പാലിച്ചാണ് അവിടെ പ്രവർത്തിക്കുന്നത്. എന്നാൽ, മറ്റുള്ള പല മേഖലകളിലും തോന്നുംപടിയാണ് സവാരി നടത്തുന്നത്.
വാഹനത്തിന് മതിയായ രേഖകളില്ലാത്തതും ഡ്രൈവർമാർക്ക് വേണ്ടത്ര പരിശീലനവും ക്ലാസുകളും ലഭിക്കാത്തതും മതിയായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാത്തതും അമിത വേഗവുമെല്ലാം അപകടകാരണമാകുന്നുണ്ടെന്ന കണ്ടെത്തലിനെത്തുടർന്നാണ് ജില്ലാ കളക്ടർ ജീപ്പ് സഫാരിക്ക് നിരോധനമേർപ്പെടുത്തിയത്.
കാര്യങ്ങൾ പഠിച്ചതിനുശേഷം നിരോധനം പിൻവലിക്കുന്നതടക്കമുള്ള തീരുമാനങ്ങൾ എടുക്കാമെന്ന് ഇതുമായി ബന്ധപ്പെട്ട് പ്രതിഷേധിച്ചവരെ കളക്ടർ അറിയിച്ചിട്ടുണ്ട്.