‘ജെവികെ’സിനിമ വിവാദം ക്ലൈമാക്സിലേക്ക്; ‘ജാനകി’ മാറ്റി; ഇനി ‘ ജാനകി. വി’
Thursday, July 10, 2025 6:22 AM IST
കൊച്ചി: ‘ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ എന്ന സിനിമയുടെ പേരില്‍ മാറ്റം വരുത്താന്‍ സമ്മതിച്ച് നിര്‍മാതാക്കള്‍. ജാനകിക്ക് ഇനിഷ്യല്‍ ചേര്‍ത്ത് ‘ ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ എന്നു പേരില്‍ മാറ്റം വരുത്തും.
സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചതുപോലെ സിനിമയിലെ കോടതി രംഗങ്ങളില്‍ രണ്ടിടത്തു ‘ജാനകി’ എന്ന പേര് മ്യൂട്ട് ചെയ്യാമെന്നും നിര്‍മാതാക്കള്‍ ഹൈക്കോടതിയെ അറിയിച്ചു. തുടര്‍ന്ന് ഹര്‍ജി ബുധനാഴ്ച വീണ്ടും പരിഗണിക്കാന്‍ ജസ്റ്റീസ് എന്‍. നഗരേഷ് മാറ്റി.
ഇന്നലെ രാവിലെ ഹര്‍ജി പരിഗണനയ്ക്കെത്തിയപ്പോള്‍ സെന്‍സര്‍ ബോര്‍ഡിന്റെ അഭിഭാഷകൻ രണ്ടു നിര്‍ദേശങ്ങള്‍ മുന്നോട്ടു വച്ചു. ആദ്യം 96 കട്ടുകളാണ് നിര്‍ദേശിച്ചതെങ്കിലും സിനിമയുടെ ടൈറ്റിലിന്റെ പേര് മാറ്റണമെന്നും കോടതിരംഗത്തില് പേര് മ്യൂട്ട് ചെയ്യണമെന്നുമുള്ള ആവശ്യമാണ് ഇപ്പോൾ ഉന്നയിക്കുന്നതെന്ന് അഭിഭാഷകന് അറിയിച്ചു. തുടര്‍ന്ന് ഹര്‍ജി ഉച്ചകഴിഞ്ഞ് പരിഗണിക്കാന്‍ മാറ്റി. പിന്നീട് നിര്‍മാതാക്കള്‍ സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശം അംഗീകരിച്ചതായി കോടതിയെ അറിയിക്കുകയായിരുന്നു.
സിനിമയില്‍ സീതാദേവിയുടെ മറ്റൊരു പേരായ ‘ജാനകി’ എന്ന ടൈറ്റില്‍ കഥാപാത്രം ബലാത്സംഗത്തിനും മതവികാരങ്ങളെ വ്രണപ്പെടുത്തുന്ന നിരവധി അനുഭവങ്ങള്‍ക്കും വിധേയയായ ആളാണ്. ഈ ചിത്രീകരണം സീതാദേവിയുടെ അന്തസിനെയും പവിത്രതയെയും ദുര്‍ബലപ്പെടുത്തുന്നതാണെന്നും സെന്‍സര്‍ ബോര്‍ഡ് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അതുവഴി മതവികാരങ്ങള്‍ വ്രണപ്പെടും.
മറ്റൊരു മതത്തില്‍പ്പെട്ട പ്രതിഭാഗം അഭിഭാഷകന് പ്രധാന കഥാപാത്രത്തെ ക്രോസ് വിസ്താരം നടത്തുകയും ലൈംഗികസുഖം വര്‍ധിപ്പിക്കാന്‍ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നോ, അശ്ലീല വീഡിയോകള്‍ കണ്ടിരുന്നോ തുടങ്ങിയ നിരവധി ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്യുന്നുണ്ട്. സീതാദേവിയുടെ പേരുള്ള ഒരു കഥാപാത്രത്തോട് ഇത്തരം പ്രകോപനപരമായ ചോദ്യങ്ങള്‍ ചോദിക്കുന്നത് പൊതു ക്രമസമാധാനത്തെ തകര്‍ക്കുന്നതിനും മതവികാരങ്ങളെ വ്രണപ്പെടുത്തുന്നതിനും കാരണമാകുമെന്ന് സിബിഎഫ്സി പറഞ്ഞു.
സിനിമ വര്‍ഗീയകലാപത്തിനു കാരണമാകും. സിനിമയിലെ വിഷയത്തിൽ സീതാദേവിയുടെ/ ജാനകിയുടെ പേരുള്ള പ്രധാന കഥാപാത്രം ബലാത്സംഗം ചെയ്യപ്പെടുമ്പോള്‍, പ്രത്യേക മതവിഭാഗത്തില്‍പ്പെട്ട ഒരു പുരുഷന് അവളെ സഹായിക്കുകയും മറ്റൊരു മതവിഭാഗത്തില്‍പ്പെട്ട ഒരാള്‍ അവളെ ക്രോസ് വിസ്താരം ചെയ്യുകയും വേദനാജനകമായ ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്യുന്നു.
അതിനാല്‍ രണ്ടു മാറ്റങ്ങള്‍ വേണമെന്ന് സിബിഎഫ്സിയുടെ അഭിഭാഷകന് അഭിനവ് ചന്ദ്രചൂഡ് ഹൈക്കോടതിയെ അറിയിച്ചു. ഇതാണ് നിര്‍മാതാക്കള്‍ അംഗീകരിച്ചത്.