കേരളത്തിൽ മാത്രം പണിമുടക്ക് വഴിമുടക്കി
സ്വന്തം ലേഖകൻ
Thursday, July 10, 2025 6:22 AM IST
തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരേ പ്രതിപക്ഷ തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് കേരളത്തിൽ പൂർണം. സംസ്ഥാനത്ത് പൊതുഗതാഗതമടക്കം സ്തംഭിച്ചതോടെ പണിമുടക്ക് ബന്ദിനു സമാനമായി.
കെഎസ്ആർടിസി ബസുകൾ പോലീസ് സംരക്ഷണത്തോടെ നിരത്തിലിറങ്ങുമെന്ന് അറിയിച്ചിരുന്നെങ്കിലും ഓടിയില്ല. ഇതോടെ കെഎസ്ആർടിസിയെ ആശ്രയിച്ചെത്തിയ യാത്രക്കാർ വിഷമത്തിലായി. കടകന്പോളങ്ങൾ പൂർണമായും അടഞ്ഞുകിടന്നു.
സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങി. ചൊവ്വാഴ്ച അർധരാത്രി 12 മുതൽ ഇന്നലെ അർധരാത്രി 12 വരെയായിരുന്നു പണിമുടക്ക്. റെയിൽവേ സ്റ്റേഷനിലെത്തുന്ന യാത്രക്കാർക്കു ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ പോലീസ് നടപടികളെടുത്തിരുന്നതിനാൽ പണിമുടക്ക് കേരളത്തിൽ ട്രെയിൻ സർവീസിനെ ബാധിച്ചില്ല. സെക്രട്ടേറിയറ്റിൽ ഇന്നലെ ആകെയുള്ള 4686 ജീവനക്കാരിൽ ജോലിക്കെത്തിയത് 423 പേർ മാത്രമായിരുന്നു.