ഇറ്റലിയിൽ കാട്ടുപന്നികളെ വെടിവച്ചു കൊല്ലാൻ സൈന്യത്തെ വിന്യസിച്ചു
Thursday, May 16, 2024 12:36 AM IST
റോം: രാജ്യത്തെ കാട്ടുപന്നി ശല്യത്തിനു പരിഹാരം കാണാൻ സൈന്യത്തെ വിന്യസിച്ച് ഇറ്റാലിയൻ സർക്കാർ. കാട്ടുപന്നികളെ വെടിവച്ചുകൊല്ലുകയെന്ന ദൗത്യവുമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 177 സൈനികരെ നിയോഗിച്ചുകഴിഞ്ഞു.
കൃഷിയിടങ്ങൾ സംരക്ഷിക്കുക, ആഫ്രിക്കൻ പന്നിപ്പനി ഭീതിയിൽനിന്നു രാജ്യത്തെ പന്നിവളർത്തൽ മേഖലയെ രക്ഷിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണു സർക്കാരിന്റെ നടപടി.
അടുത്ത അഞ്ചു വർഷംകൊണ്ട് രാജ്യത്തെ കാട്ടുപന്നികളുടെ എണ്ണം 80 ശതമാനം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി ജിയോർജിയ മെലാനിയുടെ നേതൃത്വത്തിൽ ആവിഷ്കരിച്ച കർമപദ്ധതിയുടെ ഭാഗമായാണ് കാട്ടുപന്നികളെ വെടിവച്ചു കൊല്ലാനുള്ള തീരുമാനം. രാജ്യത്ത് ഏകദേശം ഒരു ദശലക്ഷത്തിനും ഒന്നര ദശലക്ഷത്തിനുമിടയിൽ കാട്ടുപന്നികളുണ്ടാകുമെന്നാണ് നിഗമനം. ഇവയിൽ മിക്കതും ആഫ്രിക്കൻ പന്നിപ്പനി വൈറസ് വാഹകരാണെന്നും കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ വടക്കൻ ലൊംബാർഡി മേഖലയിൽ ആഫ്രിക്കൻ പന്നിപ്പനി പടർന്നതിനെത്തുടർന്ന് 34,000ത്തോളം വളർത്തുപന്നികളെ കൊന്നിരുന്നു.
പന്നിപ്പനിയുടെ പശ്ചാത്തലത്തിൽ കാനഡയടക്കം നിരവധി രാജ്യങ്ങൾ ഇറ്റലിയിൽനിന്നുള്ള പന്നിയിറച്ചി ഇറക്കുമതി നിരോധിക്കുകയും ചെയ്തിരുന്നു. ഇത് ആവർത്തിക്കാതിരിക്കാനാണു സർക്കാർ നടപടി. 2015മുതൽ കാട്ടുപന്നികൾ രാജ്യത്ത് പൊതുശല്യവുമായി മാറിയിട്ടുണ്ട്.