രാഹുലിനും ഹാർദിക്കിനും 20 ലക്ഷം വീതം പിഴ
Saturday, April 20, 2019 2:26 PM IST
മുംബൈ: സ്ത്രീവിരുദ്ധ പരാമർശം ടെലിവിഷൻ ഷോയ്ക്കിടെ നടത്തിയതിന്‍റെ പേരിൽ ഇന്ത്യൻ താരങ്ങളായ ഹാർദിക് പാണ്ഡ്യയ്ക്കും കെ.എൽ.രാഹുലിനും ബിസിസിഐ പിഴശിക്ഷ വിധിച്ചു. ചാരിറ്റി പ്രവർത്തനങ്ങൾക്കായി ഇരുവരും 20 ലക്ഷം രൂപ വീതം നൽകണമെന്ന് ബിസിസിഐ ഓംബുഡ്സ്മാൻ ജസ്റ്റീസ് ഡി.കെ.ജെയിൻ ഉത്തരവിട്ടു.

പരാമർശത്തിന്‍റെ പേരിൽ ഇരു താരങ്ങളെയും അഞ്ച് ഏകദിനങ്ങളിൽ നിന്നും ബിസിസിഐ വിലക്കിയിരുന്നു. മേയ് 30ന് ഇംഗ്ലണ്ടിലും വെയിൽസിലുമായി നടക്കുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇരുവരും ഉൾപ്പെട്ടിട്ടുണ്ട്.

ജനുവരി ആദ്യ ആഴ്ചയിലാണ് ശിക്ഷയ്ക്ക് കാരണമായ സംഭവമുണ്ടായത്. കോഫി വിത്ത് കരണ്‍ എന്ന ടിവി ഷോയ്ക്കിടെയാണ് ഇരുവരും സ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തിൽ പരാമർശം നടത്തിയത്.

ഇന്‍റർവ്യൂ പുറത്തുവന്നതോടെ രൂക്ഷ വിമർശനം ഇരുവർക്കും എതിരേ ഉയർന്നിരുന്നു. ഇതോടെ ന്യൂസിലൻഡിൽ ഏകദിന പരന്പരയ്ക്കെത്തിയ ടീമിനൊപ്പമുണ്ടായിരുന്ന ഇരുവരെയും ബിസിസിഐ തിരിച്ചുവിളിക്കുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.