നിലമ്പൂര്‍ തേക്ക് ഇനി നിലമ്പൂരുകാരുടെ സ്വത്ത്
Saturday, October 19, 2013 7:29 PM IST
നിലമ്പൂര്‍: ലോക പ്രസിദ്ധമായ നിലമ്പൂര്‍ തേക്കിന് ഭൂസൂചികാ രജിസ്ട്രേഷന്‍ ലഭിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു. ഇതിന്റെ ഭാഗമായി രജിസ്ട്രേഷന്‍ നടത്താനുള്ള കരട് ബൈലോയുണ്ടാക്കാന്‍ ബന്ധപ്പെട്ടവരെ കഴിഞ്ഞ ദിവസം തൃശൂര്‍ കാര്‍ഷിക സര്‍വകലാശാലയില്‍ ചേര്‍ന്ന യോഗം ചുമതലപ്പെടുത്തി.

കേരള കാര്‍ഷിക സര്‍വകലാശാലയുടെ ഭൌതിക സ്വത്താവകാശ സമിതിയുടെ കീഴിലാണ് നിലമ്പൂര്‍ തേക്കിന് ഭൂസൂചികാ രജിസ്ട്രേഷന്‍ നേടാനുള്ള ശ്രമങ്ങള്‍ നടത്തുന്നത്. സര്‍വകലാശാലയുടെ ഐപിആര്‍( ഇന്റലക്ച്വല്‍ പോപ്പര്‍ട്ടി റൈറ്റ്സ്) സെല്ലിന്റെ ഡയറക്ടര്‍ ഡോ.എല്‍സിയെയാണ് കരട് ബൈലോയുണ്ടാക്കാന്‍ ചുമതലപ്പെടുത്തിയത്. ഇതിന്റെ ആദ്യപടിയായി കഴിഞ്ഞ 28ന് നിലമ്പൂരില്‍ ശില്പശാല നടത്തിയിരുന്നു. ശില്പശാലയില്‍ നിന്നും രജിസ്ട്രേഷന്‍ നടപടികള്‍ നടപ്പാക്കുന്നതിനായി അഡ്ഹോക് കമ്മിറ്റിയെ തെരഞ്ഞെടുത്തു.

ഒരു ഉത്പ്പന്നത്തിന്റെ പ്രത്യേക ഗുണമേന്‍മ അതു ഉത്്പാദിപ്പിക്കപ്പെടുന്ന പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളുമായി ബന്ധപ്പെട്ടതാണെങ്കില്‍ അവയെ ആ പ്രദേശത്തുകാരുടെ സ്വന്തം സ്വത്തായി പ്രഖ്യാപിക്കുകയെന്നതാണ് ഭൂസൂചിക രജിസ്ട്രേഷന്‍. രജിസ്ട്രേഷന്‍ ലഭിക്കുന്നതോടെ നിലമ്പൂര്‍ തേക്കിന് ആഗോളകമ്പോളത്തിലെ മൂല്യം വര്‍ധിക്കും.

ചെന്നൈയിലുള്ള ഭൂസൂചികാ രജിസ്ട്രി അസിസ്റന്റ് രജിസ്ട്രാര്‍ ജി.നായിഡു, കേരള കാര്‍ഷിക സര്‍വകലാശാല വൈസ്ചാന്‍സലര്‍ ഡോ.പി.രാജേന്ദ്രന്‍, ഫോറസ്റ് മാനേജ്മെന്റ്സെല്‍ തലവന്‍ ഡോ. വിദ്യാസാഗര്‍, ഐപിആര്‍ സെല്‍ ഡയറക്ടര്‍ ഡോ.എല്‍സി എന്നിവരുടെ നേതൃത്വത്തിലാണ് നിലമ്പൂരില്‍ പ്രാഥമിക യോഗം ചേര്‍ന്നത്.

തുടര്‍ന്നാണ് ജനങ്ങളുടെ നേതൃത്വത്തില്‍ സൊസൈറ്റി രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ക്ക് തുടക്കമായത്. ഇതിനായി താത്കാലിക കമ്മിറ്റിയുണ്ടാക്കിയിരുന്നു. സൊസൈറ്റിയുടെ കരട് ബൈലോയുണ്ടാക്കിയാല്‍ സൊസൈറ്റിയുടെ കമ്മിറ്റിയോഗം ബൈലോ അംഗീകരിക്കും. തുടര്‍ന്നായിരിക്കും ജിഐ (ജോഗ്രഫിക്കല്‍ ഇന്‍ഡിക്കേഷന്‍) രജിസ്ട്രേഷന് അപേക്ഷ നല്‍കുക.

പ്രസിദ്ധമായ നിലമ്പൂര്‍ തേക്കിന്റെ പദവി ഉയരാനുള്ള നടപടികള്‍ക്ക് നിലമ്പൂരിന്റെ പൌരാവലി വന്‍ പിന്തുണയാണ് നല്‍കുന്നത്. മേഖലയിലെ വനം, റിസര്‍ച്ച് സ്ഥാപനം, മരം വ്യാപാരികള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, പോലീസ് എന്നിവരെ ഉള്‍പ്പെടുത്തിയാണ് സൊസൈറ്റിയുണ്ടാക്കിയിരിക്കുന്നത്.

1846 ലാണ് നിലമ്പൂരില്‍ ബ്രിട്ടീഷ് ഭരണകൂടത്തിനു കീഴില്‍ തേക്കുകള്‍ വച്ചു പിടിപ്പിച്ചത്. ലോക വ്യാപാര സംഘടനയുമായി ഇന്ത്യ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് നടപ്പാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യയിലെ ഉല്‍പ്പന്നങ്ങള്‍ക്ക് ജിഐഎസ് പദവി ലഭിച്ചത്. രാജ്യത്തെ 200-ല്‍പ്പരം ഉല്‍പ്പന്നങ്ങള്‍ ജിഐഎസ് പട്ടികയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ആറന്‍മുള കണ്ണാടി, വാഴക്കുളം പൈനാപ്പിള്‍, കുത്താമ്പുള്ളി സാരി തുടങ്ങിയ 18 ഇനങ്ങള്‍ കേരളത്തില്‍ നിന്നുള്ളതാണ്. നടപടി പൂര്‍ത്തിയാകുന്നതോടെ പട്ടികയില്‍ ഇടം നേടുന്ന ആദ്യ വന വിഭവമാകും നിലമ്പൂര്‍ തേക്ക്.