മാറ്റുവിൻ ചട്ടങ്ങളെ
Sunday, June 29, 2025 12:39 AM IST
2023ൽ കേരളനിയമസഭ പാസാക്കിയെടുത്ത ഭൂമി പതിച്ചുകൊടുക്കൽ നിയമഭേദഗതി ബിൽ എന്തിനായിരുന്നു? ഇപ്പോഴെങ്കിലും ഇക്കാര്യം കേരളം ചർച്ച ചെയ്യേണ്ടതാണ്. 1957ലെ സർക്കാർ ഭൂപരിഷ്കരണ നിയമത്തിന് തുടക്കമിട്ടെങ്കിലും സാങ്കേതിക കാരണങ്ങളാൽ നടപ്പാക്കാൻ കഴിഞ്ഞില്ല. എന്നാൽ 1960 ലെ സർക്കാർ ഭൂപതിവു ചട്ടങ്ങളുണ്ടാക്കി. സാഹചര്യങ്ങൾ മാറിയപ്പോൾ വീണ്ടും ഭേദഗതികളുണ്ടായി.
2023ലെ ഭേദഗതി പ്രാവർത്തികമാക്കാൻ ഇതുവരെ ചട്ടങ്ങളുണ്ടാക്കിയിട്ടില്ല. അക്കാലത്തുതന്നെ നിയമസഭയിൽ വിമർശനമുണ്ടായപ്പോൾ അത് ചട്ടങ്ങളുണ്ടാക്കുന്പോൾ പരിഹരിക്കുമെന്നാണ് പറഞ്ഞത്. ഈ ഭേദഗതിയിലൂടെ പഴയ നിയമത്തിനും ചട്ടങ്ങൾക്കും പ്രസക്തിയില്ലായെന്ന് കൃത്യമായി പറയുന്നുണ്ട്. കൂടാതെ ഈ നിയമഭേദഗതിയിൽ ഭൂസംബന്ധമായ പ്രശ്നങ്ങൾക്ക് ശാശ്വതപരിഹാരം കാണാൻ കഴിയുംവിധം സർക്കാരിന് പൂർണ അധികാരങ്ങളും വ്യവസ്ഥ ചെയ്തിട്ടുണ്ട്.
വസ്തുതകൾ ഇതായിരിക്കെ എന്തിനാണ് ചട്ടങ്ങൾ എന്ന ഭീകരനെ പേടിക്കുന്നത്. ബ്രിട്ടീഷുകാരും രാജാക്കന്മാരും ഭരിച്ച മദിരാശിയുടെയും തിരുവിതാംകൂറിന്റെയെല്ലാം ഭാഗമായിരുന്ന കേരളത്തിൽ ഭൂസംബന്ധമായ വ്യവസ്ഥകളിൽ നിരവധി പ്രശ്നങ്ങളുണ്ടായിരുന്നു. അവയെല്ലാം പരിഹരിക്കേണ്ട ഉത്തരവാദിത്വം കേരള സർക്കാരിന് വന്നുചേർന്നു. അതുപ്രകാരമാണ് നിയമങ്ങളും ചട്ടഭേദഗതികളുമുണ്ടായത്. ഒരുപക്ഷത്ത് രാജാക്കന്മാരും ജന്മിമാരും ബ്യൂറോക്രാറ്റുകളും നാട്ടുപ്രമാണിമാരും സാധാരണക്കാരായ ജനങ്ങളെ ചൂഷണ വിധേയമാക്കി നികുതി അടിച്ചേൽപ്പിച്ചു. ജന്മിമാരാകട്ടെ അധികലാഭം കൊയ്തെടുത്തു. നിരവധി ദുരനുഭവങ്ങൾ കൈവശക്കാർ നേരിട്ടു. ദുരിതപൂർണമായ ഈ സാഹചര്യത്തിൽ അതിനെ അതിജീവിക്കാനാണ് കേരള സർക്കാർ കേരള ഭൂപരിഷ്കരണ നിയമമുണ്ടാക്കിയത്. അതോടെ ജന്മിത്തം അവസാനിപ്പിച്ചു. എന്നാൽ പിന്നെയും ഓരോ സന്ദർഭത്തിലും നിയമത്തിന്റെയോ ചട്ടങ്ങളുടെയോ പേരിൽ പോയകാലത്തുണ്ടായ ദുരനുഭവങ്ങളെ പുനഃപ്രതിഷ്ഠിക്കാൻ ശ്രമിച്ചു ജനങ്ങളെ ദ്രോഹിക്കുകയാണ്.
ഭൂപ്രശ്നങ്ങളിൽ പലതിനും തുടക്കമിട്ട ഇടുക്കി ജില്ലയിലെ ബൈസൻവാലി, ആനവരട്ടി, കെഡിഎച്ച് മൂന്നാർ, ചിന്നക്കനാൽ, പള്ളിവാസൽ, ആനവിലാസം, വെള്ളത്തൂവൽ, വട്ടവട എന്നീ എട്ടു വില്ലേജുകളിൽ റവന്യു ഡിവിഷണൽ ഓഫീസർ നിർമാണനിരോധനം ഏർപ്പെടുത്തി. ബൈസൻവാലിയിൽ ഗ്രാമപഞ്ചായത്തംഗം ലാലി ജോർജ് മുൻകൈയെടുത്ത് ഒരു അങ്കണവാടി നിർമിക്കാനാരംഭിച്ച കാലത്താണ് നിരോധനം. അവർ ഒരു പൊതുസേവക എന്ന നിലയിൽ കേരള ഹൈക്കോടതിയെ സമീപിച്ചു.
ഇടുക്കി, വയനാട് തുടങ്ങിയ ജില്ലകളിൽ ഇതിനുമുന്പും പലതരത്തിലുള്ള ഭൂപ്രശ്നങ്ങളുണ്ടായിട്ടുണ്ട്. ഭൂമികൈവശം വച്ചകാലം മുതൽ സ്ഥിരാവകാശ രേഖ ലഭ്യമാക്കിയത് സ്വാഭാവികമാണ്. ഭൂമിയുടെ വ്യത്യസ്ത പേരിലുള്ള പട്ടയങ്ങളുണ്ട്. ആയതിനെ പൂർണമായ അർഥത്തിൽ കാണാനും കേരളത്തിൽ ഒറ്റ പട്ടയ രേഖ എന്ന നിലയിൽ ചിന്തിക്കാനും കഴിയേണ്ടത് ജനപക്ഷ സർക്കാരുകളുടെ കർത്തവ്യമാണ്. അല്ലാതെ ഒരുപറ്റം ഉദ്യോഗസ്ഥരുടെ കൈയിൽ ഏൽപ്പിച്ച് ഏതോ കാലത്തുണ്ടായ രേഖ നോക്കി ആർക്കും പിടികിട്ടാത്ത ചട്ടങ്ങളുണ്ടാക്കി എങ്ങനെയും വ്യഖ്യാനിക്കാവുന്ന തടിതപ്പലല്ല വേണ്ടത്. ഈ ഒളിച്ചുകളി അവസാനിപ്പിച്ചേ തീരൂ
തയാറായ ചട്ടങ്ങളെങ്ങനെയാണെന്ന് നോക്കാം. ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് പിഴചുമത്തുമെന്നാണ്.
ജനങ്ങൾ അവർക്ക് അർഹതപ്പെട്ട ഭൂമിക്ക് പട്ടയത്തിന് അപേക്ഷിക്കുന്നു. ആയതിന് അധികൃതർ നിർദേശിക്കുന്ന ഭൂവില, സബ്ഡിവിഷൻ ചാർജ്, വൃക്ഷവില എന്നിവയൊക്കെ അടച്ചു പട്ടയമെടുക്കുന്നു. ജന്മാവകാശമായ ഭൂമിയാണെങ്കിൽ 1970 നു ശേഷം കുടിയാൻ കൈവശം വച്ച ഭൂമി കൈവശക്കാരന്റേതായി കണക്കാക്കിയും അപേക്ഷകൾക്കു വിധേയമായി ക്രയസർട്ടിഫിക്കറ്റ് നൽകിയും അവകാശം ക്രമവത്കരിക്കുന്നു.
ഇതിൽ പല നാട്ടിലും പല രീതികൾ നടപ്പിലാക്കിയിട്ടുണ്ട്. പട്ടയത്തിൽതന്നെ മുറിക്കാൻ പാടില്ലാത്ത ഈട്ടി, തേക്ക്, ചന്ദനം തുടങ്ങിയവ രേഖപ്പെടുത്തിയിട്ടുണ്ട്. ഇപ്രകാരം പട്ടയം നൽകിയത് അന്തിയുറങ്ങി ജീവിക്കാനും ജീവനോപാധികൾ കണ്ടുപിടിക്കുന്നതിനും വേണ്ടിയാണ്. ഭൂമിയുടെ നോക്കിയിരിപ്പുകാരായി നികുതി നൽകി സംരക്ഷിച്ച് പോരാൻ മാത്രമല്ല. ലാലി ജോർജ് നൽകിയ കേസിൽ ഹൈക്കോടതി ചോദിച്ച കാര്യങ്ങൾക്ക് സമയബന്ധിതമായി കൃത്യമായ മറുപടി കൊടുക്കാൻ ഉദ്യോഗസ്ഥരോ സർക്കാരിന്റെ അഭിഭാഷകരോ തയാറായില്ല. അതിനാൽ പട്ടയഭൂമി നൽകുന്പോഴുള്ള അവസ്ഥ കോടതി തിരക്കി. അതിൽ ചിലയിടങ്ങളിൽ കൃഷിക്കായിട്ടാണ് പട്ടയം നൽകിയതെന്ന കണ്ടെത്തലുണ്ടായി. അതിനെതുടർന്ന് ഒരു ഭൂമിയിൽ വീട് അടക്കമുള്ള നിർമിതികൾക്ക് തദ്ദേശ സ്ഥാപനങ്ങൾ അനുമതി നൽകണമെങ്കിൽ വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റ് കൂടി ഹാജരാക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. അതിൽ കൃഷി എന്ന് കണ്ടാൽ അനുമതി നൽകേണ്ട എന്നും വിധിച്ചു.
ഹൈക്കോടതി വിധിക്കെതിരായി അപ്പീൽ നിലനിന്നില്ല. ഇതിനെ മറികടക്കാനും ഇനിയും ഇതുപോലെയുള്ള വിധികൾ ഉണ്ടാകാതിരിക്കാനുംവേണ്ടിയാണ് 2023 ലെ നിർദിഷ്ട ബിൽ ഐകകണ്ഠ്യേന പാസാക്കിയത്. എന്തുകൊണ്ടിത് നടപ്പിൽ വരുത്താൻ മടിക്കുന്നു? 1500 ചതുരശ്രഅടി വരെയുള്ള വീടിനും മറ്റും പിഴയില്ല. ബാക്കിയുള്ളവരെല്ലാം പിഴയടക്കണം പോലും. കാലങ്ങളായി കൈവശംവച്ചും പോക്കുവരവ് നടത്തിയും നികുതിയടച്ചും ജീവനോപാധികളുണ്ടാക്കിയ മനുഷ്യർക്ക് എന്തിനാണ് പിഴ? കൃഷിഭൂമി കർഷകന് എന്ന മുദ്രാവാക്യം കേരളക്കരയിലെ ജനങ്ങൾ ആവേശത്തോടെ ഏറ്റുവാങ്ങിയതാന്നെ കാര്യം മറക്കരുത്.
കേരളമൊരു ചെറിയ സംസ്ഥാനമാണ്. 2011 ലെ സെൻസസ് പ്രകാരം ഈ ചെറിയ സംസ്ഥാനത്ത് 3,34,06,061 ജനങ്ങളാണുള്ളത്. ഇവരിൽ 5,40,000 പേർ സർക്കാർ ഉദ്യോഗസ്ഥരാണ്. ഈ സാഹചര്യത്തിൽ ആരെല്ലാമാണ് പിഴ ഏറ്റുവാങ്ങേണ്ടവർ. സർക്കാർ വെളിപ്പെടുത്തുകതന്നെ വേണം. ഇതിൽ ചെറുകിടക്കാർ, കർഷക തൊഴിലാളികൾ, ഇടത്തരം കർഷകർ, 15 ഏക്കർ വരെ കർഷകർ, അതിനു മുകളിലുള്ള എസ്റ്റേറ്റ് ഉടമകൾ, ലക്ഷങ്ങൾ ശന്പളം പറ്റുന്ന സർക്കാർ ജീവനക്കാർ, കോടികളുടെ ആസ്തികളുള്ള വ്യാപാരിവ്യവസായികൾ ഇവരുടെയെല്ലാം കണക്കെടുക്കാൻ പറ്റുമോ? ഇവിടെയാണ് ഒരു പൊതുനിയമത്തിന്റെ ആവശ്യകത. 3000 ചതുരശ്ര അടി വീടിന് കൊടുത്ത ഫീസ് കൂടാതെ ആഡംബരനികുതി കൊടുക്കുന്ന കേരളത്തിൽ 1500 ച.അടിക്കു മുകളിലുള്ള എല്ലാവരെയും ഉൾപ്പെടുത്തുമോ? ക്രമവത്കരണത്തിന്റെ പേരു പറഞ്ഞുകൊണ്ട് ജനങ്ങളുടെമേൽ അധികപിഴ അടിച്ചേൽപ്പിക്കരുത്. അത് അനീതിയാണ്.
കെ.ജെ. ദേവസ്യ