പാലാ: മൂന്നരലക്ഷത്തോളമുള്ള രൂപതാതനയര്‍ക്കാകെ പുതിയ മുന്നേറ്റവീഥി തുറന്ന് പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് പ്രൗഢോജ്ജ്വല സമാപനം. രൂപതയുടെ സമസ്തമേഖലകളിലും വ്യത്യസ്തങ്ങളായ കര്‍മപരിപാടികള്‍ നടപ്പിലാക്കിയാണ് ഒരുവര്‍ഷം നീണ്ട ആഘോഷങ്ങള്‍ക്ക് തിരശീല വീണത്. കഴിഞ്ഞ വര്‍ഷം ജൂലൈ 26ന് ഭരണങ്ങാനം വിശുദ്ധ അല്‍ഫോന്‍സാ തീര്‍ഥാടന കേന്ദ്രത്തില്‍ ആഘോഷപരിപാടികള്‍ക്ക് തുടക്കമിട്ട സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടിലാണ് പാലാ കത്തീഡ്രലില്‍ നടന്ന സമാപനസമ്മേളനത്തിലും ഉദ്ഘാടകനായെത്തിയത്.
ആഘോഷങ്ങള്‍ ഒഴിവാക്കി ആത്മീയതയ്ക്കായിരുന്നു ഒരു വര്‍ഷം നീണ്ടുനിന്ന ജൂബിലി ആഘോഷങ്ങളില്‍ പ്രാമുഖ്യം. ഇന്നലെ നടന്ന സമാപന സമ്മേളനത്തില്‍ രൂപത വൈദികര്‍, ഇടവക വികാരിമാര്‍, ഇടവകയില്നിന്നുളള കൈക്കാരന്മാര്, വിവിധ സന്യസ്ത സഭാ പ്രതിനിധികള്‍, തെരഞ്ഞെടുക്കപ്പെട്ട അല്മായ പ്രതിനിധികള്‍, പാലായിലെ പൗരപ്രമുഖര്‍ എന്നിങ്ങനെ പാലായുടെ പരിച്ഛേദമായിരുന്നു സമ്മേളനം.
വിവിധ രൂപതകളില്‍നിന്നുള്ള വികാരി ജനറാള്‍മാര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തന്‍കാല, മുനിസിപ്പല്‍ ചെയര്മാന് തോമസ് പീറ്റര്‍, ജില്ലാ പഞ്ചായത്തംഗം ഷോണ്‍ ജോര്‍ജ്, നേതാക്കളായ ജോണി നെല്ലൂര്‍, ജോസഫ് വാഴയ്ക്കന്, മുനിസിപ്പല്‍ കൗണ്‍സിലേഴ്സ് നേതാക്കളായ ടോബിന് കെ. അലക്സ്, ടോമി കല്ലാനി, ബിജു പുന്നത്താനം തുടങ്ങി ഒട്ടേറെ പ്രമുഖര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്ക് സ്നേഹവിരുന്നും ഒരുക്കിയിരുന്നു.
രൂപത മുഖ്യവികാരി ജനറാള്‍ മോണ്‍. ജോസഫ് തടത്തില്‍, വികാരി ജനറാള്‍മാരായ മോണ്‍. ജോസഫ് മലേപ്പറമ്പില്‍, മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്, മോണ്‍. ജോസഫ് കണിയോടിക്കല്‍, ചാന്‍സലര്‍ ഫാ. ജോസഫ് കുറ്റിയാങ്കല്‍, വൈസ് ചാന്‍സലര്‍ ഫാ. ജോസഫ് മണര്‍കാട്ട്, പ്രൊക്യുറേറ്റര്‍ ഫാ. ജോസഫ് മുത്തനാട്ട് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
കൃതജ്ഞതയോടെ സമൂഹബലി
പാലാ: പ്ലാറ്റിനം ജൂബിലി സമാനപ സമ്മേളനത്തിന്റെ ഭാഗമായി രാവിലെ പാലാ സെന്റ് തോമസ് കത്തീഡ്രലില്‍ രൂപതയിലെ മുഴുവന്‍ വൈദികരും ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനൊപ്പം കൃതജ്ഞതാ സമൂഹബലി അര്‍പ്പിച്ചു. ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയിൽ മുഖ്യകാര്‍മികത്വം വഹിച്ചു. സീറോ മലങ്കര മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്കാ ബാവ സന്ദേശം നല്കി.
ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി, മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍, യൂഹന്നാന്‍ മാര്‍ ക്രിസോസ്റ്റം, ബിഷപ് ഡോ. ജസ്റ്റിന് മഠത്തിൽപ്പറമ്പില്‍, മാര്‍ ജോര്‍ജ് മഠത്തിക്കണ്ടതില്‍, മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍, മാര്‍ ജയിംസ് ആനാപറമ്പില്‍, ബിഷപ് ഡോ. സിെല്വിസ്റ്റര് പൊന്നുമുത്തന്‍, മാര്‍ തോമസ് പാടിയത്ത്, മാര്‍ ജോസ് പുളിക്കല്‍, ഡോ. ജോസ് സെബാസ്റ്റ്യന്‍ തെക്കുംചേരിക്കുന്നേല്‍, മാര്‍ ജോസഫ് കൊല്ലംപറമ്പില്‍, മാര്‍ ജോസഫ് സ്രാമ്പിക്കല്‍, മാര്‍ ജേക്കബ് അങ്ങാടിയാത്ത്, മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ എന്നിവരോടൊപ്പം രൂപതയിലെ നാനൂറോളം വൈദികരും സഹകാര്‍മികരായി.
സമ്മേളനത്തില്‍ നിറഞ്ഞുനിന്നത് വിശുദ്ധ അല്‍ഫോന്‍സാമ്മ
പാലാ: ഭാരതസഭയുടെ പ്രഥമ വിശുദ്ധയും പാലാ രൂപതയുടെ അഭിമാനവുമായ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ വിശുദ്ധി സമ്മേളനത്തില്‍ നിറഞ്ഞുനിന്നു. സമ്മേളനത്തിന് ആമുഖ സന്ദേശം നല്കിയ പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് വിശുദ്ധ അല്‍ഫോന്‍സാമ്മയ്ക്ക് എല്ലാവരെയും സമര്‍പ്പിച്ചാണ് സ്വാഗതം ആശംസിച്ചത്. സമ്മേളനം ഉദ്ഘാടനം ചെയ്ത് മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ആളൊഴിയാത്ത ഭരണങ്ങാനം കബറിടത്തേക്കുറിച്ച് പറഞ്ഞാണ് പ്രംസഗിച്ചത്. ഭരണങ്ങാനം വഴി അര്‍ധരാത്രി യാത്ര ചെയ്തു പോകവേ കബറിടത്തിങ്കലെത്തി പ്രാര്‍ഥിച്ച കാര്യം മേജര്‍ ആര്‍ച്ച്ബിഷപ് അനുസ്മരിച്ചു.
അപ്പോഴും അവിടെ പ്രാർഥനാനിരതരായി തീർ ഥാടകർ ഉണ്ടായിരുന്നു. സമ്മേളനത്തില്‍ പ്രസംഗിച്ച മറ്റു ബിഷപുമാരും പാലായുടെ അഭിമാനമായ വിശുദ്ധയുടെ കാര്യം അനുസ്മരിക്കുകയും പാലാ രൂപതയ്ക്ക് ദൈവം നല്കിയ സമ്മാനമാണ് അല്‍ഫോന്‍സാമ്മയെന്നു വിശേഷിപ്പിക്കുകയും ചെയ്തു.