ഭരണങ്ങാനം: വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന്റെ പ്രധാന ദിനമായ ഇന്ന് ആയിരക്കണക്കിന് വിശ്വാസികളുടെ സാന്നിധ്യത്താല്‍ ഭരണങ്ങാനം ഭക്തിസാന്ദ്രമാകും. തിരുനാള്‍ ആരംഭിച്ചതുമുതല്‍ നാടിന്റെ നാനാ ഭാഗങ്ങളില്‍നിന്നും അല്‍ഫോന്‍സാ കബറിടത്തിങ്കലേക്കും അല്‍ഫോന്‍സാമ്മയുടെ പുണ്യജീവിതത്തിന് സാക്ഷ്യം വഹിച്ച ക്ലാരമഠത്തിലേക്കും വിശ്വാസികളുടെ പ്രവാഹമായിരുന്നു. അല്‍ഫോന്‍സാമ്മ ജീവിച്ചുമരിച്ച ക്ലാരമഠത്തിലേക്ക് ഇന്നലെ വൈകുന്നേരം നടത്തിയ ജപമാല റാലിയില്‍ കത്തിച്ച മെഴുകുതിരിയുമായി അനേകായിരങ്ങളാണ് പങ്കെടുത്തത്.
അല്‍ഫോന്‍സാമ്മയുടെ സംസ്കാരവേളയില്‍ പങ്കെടുത്തത് ഏതാനും ആളുകളായിരുന്നെങ്കില്‍ തിരുനാള്‍ ആരംഭിച്ചതുമുതല്‍ ആ സന്നിധിയില്‍ എത്തുന്നത് ജനസമുദ്രമാണ്. കൊടിതോരണങ്ങളാലും പേപ്പല്‍ പതാകകളാലും ദീപാലങ്കാരങ്ങളാലും മനോഹരമായ വീഥിയിലൂടെയാണ് മഠത്തിലേക്ക് പ്രദക്ഷിണമായി നീങ്ങിയത്.
മഠത്തിലേക്ക് അല്‍ഫോന്‍സാമ്മയുടെ തിരുസ്വരൂപം എത്തിച്ചപ്പോള്‍ സന്യാസിനികള്‍ കത്തിച്ച മെഴുകുതിരികളേന്തി സ്വീകരിച്ചു. ഫാ. ജോര്‍ജ് ആന്റണി ഒഎഫ്എം സന്ദേശം നല്കി.
ഭരണങ്ങാനത്ത് ഇന്ന്
പുലര്‍ച്ചെ 4.45 ന് വിശുദ്ധ കുര്‍ബാന- തീര്‍ഥാടനകേന്ദ്രത്തിലെ വൈദികര്‍, ആറിന് വിശുദ്ധ കുര്‍ബാന- ഫാ. ഗര്‍വാസീസ് ആനിത്തോട്ടത്തില്‍, ഏഴിന് വിശുദ്ധ കുര്‍ബാന-മുഖ്യവികാരി ജനറാള്‍ മോണ്‍. ജോസഫ് തടത്തില്‍, ഏഴിന് നേര്‍ച്ച അപ്പം വെഞ്ചരിപ്പ്-മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍, 8.30 ന് വിശുദ്ധ കുര്‍ബാന- ഫാ. സക്കറിയാസ് ആട്ടപ്പാട്ട്, 9.30ന് വിശുദ്ധ കുര്‍ബാന-ഫാ. മാര്ട്ടിന് കല്ലറയ്ക്കല്‍, 10.30ന് വിശുദ്ധ കുര്‍ബാന(ഇടവക പള്ളിയില്‍)-മാര്‍ ജോസഫ് കല്ലറങ്ങാട്ട്, 12.30ന് പ്രദക്ഷിണം, ഉച്ചകഴിഞ്ഞ് 2.30നും 3.30നും 4.30നും 5.30നും 6.30നും 7.30നും 8.30നും 9.30നും വിശുദ്ധ കുര്‍ബാന. ഫാ. മെല്ബിന് ആലപ്പാട്ടുകുന്നേല്‍, ഫാ. ഇഗ്നേഷ്യസ് നടുവിലേക്കുറ്റ്, റവ.ഡോ. തോമസ് കക്കാട്ടുതടത്തില്‍, റവ.ഡോ. ജോസ് കാക്കല്ലില്‍, റവ.ഡോ.ഷീന്‍ പാലയ്ക്കത്തടത്തില്‍, ഫാ. ഓസ്റ്റിൻ മേച്ചേരില്‍, ഫാ. മാത്യു തയ്യില്‍, ഫാ. കുര്യാക്കോസ് വെള്ളച്ചാലില്‍ എന്നിവര്‍ വിവിധ സമയങ്ങളിലെ വിശുദ്ധ കുര്‍ബാനയ്ക്ക് കാര്‍മികത്വം വഹിക്കും.