കടുത്തുരുത്തി: കാറ്റിലും മഴയിലും വ്യാപക നാശം. കടുത്തുരുത്തി, കല്ലറ, മാഞ്ഞൂര്‍, ഞീഴൂര്‍ പഞ്ചായത്തുകളിലാണ് കാറ്റും മഴയും നാശം വിതച്ചത്. നിരവധി സ്ഥലങ്ങളിൽ മരങ്ങള്‍ കടപുഴകിയും ഒടിഞ്ഞും വീണു. വൈദ്യൂതിത്തൂണുകളും ലൈനുകളും വ്യാപകമായി നശിച്ചു. നിരവധി വീടുകള്‍ക്കു മുകളിൽ മരം വീണു നാശമുണ്ടായി. കാറ്റില്‍ മേല്‍ക്കൂര പറന്നു നശിച്ചും വീടുകള്‍ക്ക് നാശമുണ്ടായി. പലയിടത്തും റോഡുകളില്‍ മരങ്ങള്‍ വീണു ഗതാഗത തടസമുണ്ടായി. വൈദ്യുതി വിതരണം പലയിടത്തും പൂര്‍ണമായും തടസപ്പെട്ടു. 24 മണിക്കൂർ പിന്നിട്ടിട്ടും വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാനായിട്ടില്ല.
തേക്ക്, ആഞ്ഞിലി, പ്ലാവ്, റബര്‍ തുടങ്ങിയ വന്മരങ്ങള് പലയിടത്തും കടപുഴകി. ജാതി, വാഴ, തെങ്ങ്, കമുക്, പച്ചക്കറി കൃഷികള്‍ എന്നിവയും വ്യാപകമായി നശിച്ചു. കടുത്തുരുത്തി പഞ്ചായത്തിലെ ആയാംകുടി-മുക്കം റോഡില്‍ രണ്ടിടത്താണ് മരം വീണത്. കൂവേലി മുട്ടകുഴി സെന്റ് ജോര്‍ജ് എല്‍പി സ്കൂളിനു സമീപം 11 കെ വി ലൈനിലേക്കും ബസ് കാത്തിരിപ്പു കേന്ദ്രത്തിനു മുകളിലും പടുകൂറ്റന്‍ ആഞ്ഞിലി ഒടിഞ്ഞുവീണു. വൈദ്യുതിലൈനുകളും പോസ്റ്റുകളും തകര്‍ന്നു. നാട്ടുകാരുടെ നേതൃത്വത്തിലാണ് ഏറെ പണിപ്പെട്ട് ഇവ വെട്ടിനീക്കിയത്.
ഇറുമ്പയത്ത് കാറിനു മുകളിൽ തേക്ക് വീണു. കാർ തകർന്നെങ്കിലും ആര്‍ക്കും പരിക്കില്ല. മാഞ്ഞൂര്‍ പഞ്ചായത്തിലെ 12 -ാം വാര്‍ഡില്‍ വ്യാപക നാശമാണ് കാറ്റുണ്ടാക്കിയത്.
പാറപ്പുറത്ത് തങ്കച്ചന്, തെക്കേപ്പുരയില്‍ ടി.കെ. സജി, പാറപ്പുറത്ത് രവി, നടുത്തറ സുകുമാരന്‍, കണ്ണങ്കര അഖില്‍ കുഞ്ഞുമോന്, പന്തല്ലൂര്‍ രാജന്, കാളാശേരില്‍ പുരുഷോത്തമന് തുടങ്ങി നിരവധിപ്പേരുടെ വീടുകൾ കാറ്റില്‍ മരം വീണ് തകര്‍ന്നു.
നാശമുണ്ടായ സ്ഥലങ്ങളില്‍ പഞ്ചായത്തംഗം സുനു ജോര്‍ജിന്റെ നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തി.