പൊൻകുന്നം: കഴിഞ്ഞ ദിവസങ്ങളിലെ കാറ്റിൽ എലിക്കുളം, ചിറക്കടവ് മേഖലയിൽ വ്യാപക കൃഷിനാശം. വാഴക്കൃഷിയിലാണ് അധികവും നഷ്ടം. ഓണവിപണി ലക്ഷ്യമിട്ട് ഏത്തവാഴ കൃഷി ചെയ്ത തോട്ടങ്ങളിൽ കാറ്റ് നാശം വിതച്ചു. എലിക്കുളം പഞ്ചായത്തിലെ മല്ലികശേരി, കാരക്കുളം, ഏഴാംമൈൽ എന്നിവിടങ്ങളിലാണ് കൂടുതൽ നഷ്ടം.
ഏത്തവാഴകൾ, റബർ മരങ്ങൾ, കുരുമുളക്, റമ്പൂട്ടാൻ എന്നിവ നശിച്ചു. ജോർജ് പവ്വത്ത്, സക്കറിയ ഇടശേരിപവ്വത്ത്, ഷിജോ മാത്യു പതിയിൽ, സതീഷ്കുമാർ കൂരാലി എന്നിവരുടെ കൃഷിയിടങ്ങളിൽ നാശനഷ്ടമുണ്ടായി. കൃഷിനാശമുണ്ടായ സ്ഥലങ്ങൾ എലിക്കുളം കൃഷി ഓഫീസർ കെ. പ്രവീൺ, അസിസ്റ്റന്റ് കൃഷി ഓഫീസർ എ.ജെ. അലക്സ് റോയി എന്നിവർ സന്ദർശിച്ച് നാശനഷ്ടങ്ങൾ വിലയിരുത്തി.
ചിറക്കടവ്: ചിറക്കടവ് പഞ്ചായത്തിൽ തെക്കേത്തുകവല, കൈലാത്തുകവല മേഖലകളിൽ റബർമരങ്ങളും വാഴകളും നശിച്ചു. ചിറക്കടവ് കൃഷി ഓഫീസർ അജിത പ്രകാശ്, കൃഷി അസിസ്റ്റന്റ് ശ്രീജ മോഹൻ, കാർഷിക വികസനസമിതി അംഗങ്ങളായ കെ.കെ. ശ്രീധരൻപിള്ള, സുഭാഷ് ചിറക്കടവ് തുടങ്ങിയവർ കൃഷിയിടങ്ങൾ സന്ദർശിച്ച് നഷ്ടം വിലയിരുത്തി.
എരുമേലി: എരുമേലി, പമ്പാവാലി, മുക്കൂട്ടുതറ ഉൾപ്പെടെ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ ആഞ്ഞുവീശിയ കാറ്റ് വ്യാപകമായാണ് നാശനഷ്ടങ്ങൾ സൃഷ്ടിച്ചത്. ഒട്ടേറെ വീടുകളിൽ മരങ്ങൾ വീണു. മൂക്കുട്ടുതറയിൽ ഇടകടത്തി മന്ദിരംപടി അരിവച്ചാംകുഴി ഭാഗത്ത് അഞ്ഞിലിമൂട്ടിൽ സി.കെ. ഗോപിയുടെ വീടിന്റെ മേൽക്കൂര പൂർണമായും കാറ്റിൽ പറന്നുപോയി. വീട്ടിൽ ആരും ഇല്ലാഞ്ഞതിനാൽ വലിയ അപകടമാണ് ഒഴിവായത്.
കനകപ്പലം സോഷ്യൽ ഫോറസ്ട്രി ഓഫീസിന് അടുത്ത് മൂന്ന് വീടുകൾക്ക് മുകളിൽ മരങ്ങൾ വീണ് നാശനഷ്ടമുണ്ടായി. എരുമേലി നെടുങ്കാവുവയലില് എല്‍പി സ്കൂളിന് സമീപം താമസിക്കുന്ന കടവില്‍ മേരിയുടെ വീടിന്റെ സംരക്ഷണഭിത്തി തകര്‍ന്നുവീണു.
എരുമേലി വൈദ്യുതി സെക്ഷന്‍ വൻ നഷ്ടമാണ് കഴിഞ്ഞ ദിവസങ്ങളിലെ കാറ്റും മഴയും മൂലം നേരിട്ടത്. ഇന്നലെ അവധിയായിട്ടും പൊട്ടിയ വൈദ്യുതി ലൈനുകൾ മാറ്റുന്ന ജോലികൾ നടത്തിയിട്ടും പലയിടത്തും വൈദ്യുതി വിതരണം സുഗമമാക്കാനായിട്ടില്ല. ഒട്ടേറെ പരാതികളാണ് വൈദ്യുതി ഇല്ലെന്നറിയിച്ച് ഓഫീസിൽ നേരിട്ടും ഫോൺ വഴിയും ലഭിക്കുന്നതെന്ന് സെക്ഷൻ അസിസ്റ്റന്റ് എൻജിനിയർ പറഞ്ഞു.
ആവശ്യമായ ജീവനക്കാർ ഇല്ലാത്തത് മൂലം ഗാർഹിക ഉപയോക്താക്കളുടെ വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട തകരാറുകൾ വൈകിയാണ് പരിഹരിക്കാൻ കഴിയുന്നത്. പ്രധാനമായും റോഡുകളിൽ പോസ്റ്റുകൾ ഒടിഞ്ഞത് നീക്കി പുതിയത് സ്ഥാപിക്കുന്ന പണികൾക്കാണ് മുൻഗണന നൽകുന്നത്. ഇതിന് ശേഷമാണ് വീടുകളിലും സ്ഥാപനങ്ങളിലുമുള്ള വൈദ്യുതി തടസങ്ങൾ പരിഹരിക്കാൻ കഴിയുന്നത്.