കാഞ്ഞിരപ്പള്ളി: ഛത്തീസ്ഗഡില്‍ മലയാളികളായ കന്യാസ്ത്രീകളെ അവര്‍ നല്കിയ വിശദീകരണം പരിഗണിക്കാന്‍ പോലും തയാറാകാതെ പോലീസ് അറസ്റ്റ് ചെയ്ത നടപടി അപലപനീയമാണെന്നു കാഞ്ഞിരപ്പള്ളി രൂപത പാസ്റ്ററല്‍ കൗണ്‍സില്‍. ന്യൂനപക്ഷാവകാശങ്ങളിന്മേലും ഭരണഘടന അനുവദിച്ചു നല്കുന്ന മൗലികാവകാശങ്ങളിന്മേലുമുള്ള കടന്നുകയറ്റങ്ങളെ എതിര്‍ത്തു തോല്‍പ്പിക്കുക തന്നെ വേണം.
കന്യാസ്ത്രീകള്‍ക്ക് സഭാവസ്ത്രം ധരിച്ച് പുറത്തിറങ്ങാന്‍ പറ്റാത്ത നിലയിലേക്ക് ഉത്തരേന്ത്യയില്‍ ക്രൈസ്തവ സമുദായം അടിച്ചമര്‍ത്തപ്പെടുന്നു. മത പരിവര്‍ത്തനത്തിനു വേണ്ടിയല്ല സാമൂഹിക പുരോഗതിക്കും മനുഷ്യന്റെ സമഗ്ര വളര്‍ച്ചയ്ക്കും വേണ്ടിയാണ് സഭ പ്രവര്‍ത്തിക്കുന്നത്.
ഛത്തീസ്ഗഡില്‍ നടന്നത് മനുഷ്യാവകാശ ലംഘനവും ആള്‍ക്കൂട്ട വിചാരണയുമാണ്. വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചവര്‍ക്കും ഏകപക്ഷീയമായി അറസ്റ്റ് ചെയ്തവര്‍ക്കുമെതിരേ നടപടി സ്വീകരിക്കണമെന്നും പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രിയും ന്യൂനപക്ഷകാര്യ മന്ത്രിയും ഇടപെടണമെന്നും രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു.
പന്തംകൊളുത്തി പ്രകടനവുമായി എസ്എംവൈഎം
കാഞ്ഞിരപ്പള്ളി: ഛത്തീസ്ഗഡിൽ മലയാളികളായ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കാഞ്ഞിരപ്പള്ളി ഫൊറോന എസ്എംവൈഎമ്മിന്റെ നേതൃത്വത്തിൽ പ്രതിഷേധ റാലിയും പന്തംകൊളുത്തി പ്രകടനവും നടത്തി. രൂപത വികാരി ജനറാൾ റവ.ഡോ. ജോസഫ് വെള്ളമറ്റം പ്രതിഷേധ റാലി ഫ്ലാഗ് ഓഫ് ചെയ്തു.
കത്തോലിക്ക കോൺഗ്രസ് രൂപത ഡയറക്ടർ ഫാ. ജസ്റ്റിൻ മതിയത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു. എസ്എംവൈഎം ഫൊറോന പ്രസിഡന്റ് അലൻ എസ്. വെള്ളൂർ അധ്യക്ഷത വഹിച്ചു. സിസ്റ്റർ സിൽവി ആൻ മുഖ്യപ്രഭാഷണം നടത്തി. എസ്എംവൈഎം ഡയറക്ടർ ഫാ. ജോസഫ് ആലപ്പാട്ടുകുന്നേൽ, അനിമേറ്റർ സിസ്റ്റർ എമിലിൻ സിഎംസി, വൈസ് പ്രസിഡന്റ് റോഷ്നി ജോർജ്, ഭാരവാഹികളായ ഡിജു കൈപ്പൻപ്ലാക്കൽ, ജിബിൽ തോമസ്, ജോയൽ ജോബി, എബിൻ തോമസ്, ജ്യോതിസ് മരിയ, കെ. സാവിയോ, അഖില സണ്ണി, ധ്യാൻ ജിൻസ്, റോൺ ആന്റണി, അശ്വിൻ അപ്രേം എന്നിവർ പ്രസംഗിച്ചു. വിവിധ ഇടവകകളിൽ നിന്നായി അന്‍പതോളം യുവജനങ്ങൾ പ്രതിഷേധ റാലിയിലും പന്തംകൊളുത്തി പ്രകടനത്തിലും പങ്കെടുത്തു.
ചിറക്കടവ്: ഛത്തീസ്ഗഡിൽ ക്രൈസ്തവ സന്യാസിനിമാരെ വ്യാജ ആരോപണമുയർത്തി അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ചിറക്കടവ് സെന്റ് ഇഫ്രേംസ് ഇടവകയിലെ വൈദികർ, സന്യാസിനികൾ, എസ്എംവൈഎം, എകെസിസി, ഇൻഫാം, പിതൃവേദി, മാതൃവേദി തുടങ്ങി വിവിധ സംഘടന പ്രതിനിധികളുടെയും നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി. താമരക്കുന്ന് പള്ളിയിൽ നിന്നാരംഭിച്ച പ്രകടനം ചിറക്കടവ് മണ്ണംപ്ലാവ് ടൗണിൽ എത്തി. തുടർന്ന് നടന്ന പ്രതിഷേധ യോഗത്തിൽ വികാരി ഫാ. റെജി മാത്യു വയലുങ്കൽ, അസിസ്റ്റർ വികാരി ഫാ. ഷിബിൻ മണ്ണാറത്ത്, എകെസിസി പ്രസിഡന്റ് ജോയി കൊന്നക്കൽ, എസ്എംവൈഎം പ്രസിഡന്റ് സാവിയോ കുഴിമറ്റം തുടങ്ങിയവർ പ്രസംഗിച്ചു.