എകെസിസി മുടിയൂര്‍ക്കര
മുടിയൂര്‍ക്കര: ഛത്തീസ്ഗഡില്‍ മലയാളികളായ കന്യാസ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് എകെസിസി മുടിയൂര്‍ക്കര യൂണിറ്റിന്റെയും വിവിധ സംഘടനകളുടെയും സംയുക്താഭിമുഖ്യത്തില്‍ പ്രതിഷേധ യോഗം ചേര്‍ന്നു. മെഡിക്കല്‍ കോളജ് കുരിശടിയില്‍ നടന്ന പ്രതിഷേധ കൂട്ടായ്മ വികാരി റവ.ഡോ. ഫിലിപ്പ് നെല്പുരപ്പറമ്പില് ഉദ്ഘാടനം ചെയ്തു.
എകെസിസി യൂണിറ്റ് പ്രസിഡന്റ് ജോസ് ജേക്കബ് പ്രമേയം അവതരിപ്പിച്ചു. സഹവികാരിമാരായ ഫാ. ജസ്റ്റിന് പുത്തന്‍പുരയില്‍, ഫാ. ജെന്നി കായംകുളത്തുശേരില്, വിവിധ സംഘടനാ ഭാരവാഹികളായ ഡോ. റോസമ്മ സോണി, ജോസ് പാറയ്ക്കല്‍, ബേബിച്ചന് മുകളേല്‍, ഷാജി സി. മുകളേല്‍, ബേബിച്ചന് തടത്തേല്‍, അനു കാരക്കട, മറിയമ്മ പ്ലാത്താനം എന്നിവര്‍ പ്രസംഗിച്ചു.
കെസിസി
കോട്ടയം: ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ മനുഷ്യക്കടത്ത് ആരോപിച്ച് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തു ജയിലില്‍ അടച്ച സംഭവം മനഃസാക്ഷിക്ക് നിരക്കാത്തതും ഇന്ത്യന്‍ മതേതരത്വത്തെയും ഭരണഘടനയെയും വെല്ലുവിളിക്കുന്നതുമാണെന്ന് ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ്. പ്രസിഡന്റ് പി.എ. ബാബു പറമ്പടത്തുമലയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന എക്സിക്യൂട്ടീവ് യോഗം ഭരണകൂടത്തിന്റെ മനുഷ്യത്വരഹിതമായ നടപടിയില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
പ്രധാനമന്ത്രി ഇടപെടണം: മോന്‍സ് ജോസഫ്
കോട്ടയം: സിസ്റ്റര്‍ പ്രീതി മേരിയെയും സിസ്റ്റര്‍ വന്ദനയെയും എത്രയും വേഗം ജയില്‍ മോചിതരാക്കുന്നതിനുവേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രസര്‍ക്കാരും നേരിട്ട് ഇടപെടണമെന്ന് മോന്‍സ് ജോസഫ് എംഎല്‍എ.
കേരള കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ കോട്ടയത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ചും ഹെഡ് പോസ്റ്റോഫീസ് കൂട്ട ധര്‍ണയും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ജയ്സണ്‍ ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന സെക്രട്ടറി ജനറല്‍ ജോയ് ഏബ്രഹാം മുഖ്യപ്രഭാഷണം നടത്തി.
കോൺഗ്രസ് പള്ളിക്കത്തോട് മണ്ഡലം കമ്മിറ്റി
പള്ളിക്കത്തോട്: ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അന്യായമായി ജയിലിൽ അടച്ചതിൽ പ്രതിഷേധിച്ചും വർഗീയത വിതയ്ക്കുന്ന ബജ്രംഗ് ദൾ സംഘടനയെ നിയന്ത്രിക്കണമെന്നമാവശ്യപ്പെട്ട് കോൺഗ്രസ് പള്ളിക്കത്തോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വായമൂടിക്കെട്ടി പ്രതിഷേധ ധർണ നടത്തി.
ഡിസിസി ജനറൽ സെക്രട്ടറി റോണി കെ. ബേബി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോജി മാത്യു അധ്യക്ഷത വഹിച്ചു. നേതാക്കളായ സുനിൽ മാത്യു, സുമേഷ് നായർ, ബെന്നി ഒഴുക, സാജു തോമസ്, പ്രീതാ ബിജു, ബാബുക്കുട്ടൻ, പി.ജെ. ഏബ്രഹാം, അമ്പിളി രഞ്ജിത് എന്നിവർ പ്രസംഗിച്ചു.
തൃണമൂല്‍ കോണ്‍ഗ്രസ്
കോട്ടയം: ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകളെ ജയിലിലടച്ചതിൽ പ്രതിഷേധിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസ് പിടിക്കല്‍ നടന്ന സമരം തൃണമൂല്‍ കോണ്‍ഗ്രസ് ചീഫ് കോ ഓര്‍ഡിനേറ്റര്‍ സജി മഞ്ഞക്കടമ്പില്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ ചീഫ് കോ ഓര്‍ഡിനേറ്റര്‍ ഗണേഷ് ഏറ്റുമാനൂര്‍ അധ്യക്ഷത വഹിച്ചു. പ്രഫ. ബാലു ജി. വെള്ളിക്കര, അന്‍സാരി ഈരാറ്റുപേട്ട, എം.എം. ഖാലിത്, ജോയി സി. കാപ്പന് തുടങ്ങിയവര്‍ പ്രസംഗിച്ചു.