കേരളം പാര്‍ലമെന്റിനു മുമ്പില്‍ ഒന്നിക്കും: മാര്‍ കല്ലറങ്ങാട്ട്
പാലാ: ഛത്തീസ്ഗഡിൽ ജയിലില്‍ കിടക്കുന്ന കന്യാസ്ത്രീകള്‍ ഭാരതത്തിലെ ക്രൈസ്തവരെ കോര്‍ത്തിണക്കുന്ന ചങ്ങലയാണെന്നും ഇവരുടെ ജയില്‍വാസം അനിശ്ചിതമായി നീണ്ടാല്‍ കേരള ജനത ഡല്‍ഹി പാര്‍ലമെന്റിനു മുന്നില്‍ ഒന്നിക്കുമെന്നും ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് . ഛത്തീസ്ഗഡില്‍ ജയിലില്‍ കഴിയുന്നു കന്യാസ്ത്രീകള്‍ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇന്നലെ പാലാ രൂപത ഭരണങ്ങാനത്ത് നടത്തിയ പ്രാര്‍ഥനാ യജ്ഞത്തില്‍ സന്ദേശം നല്‍കുകയായിരുന്നു ബിഷപ് മാർ കല്ലറങ്ങാട്ട്.
മൗലികാവകാശങ്ങള്‍ കൂടെക്കൂടെ ഓര്‍മിപ്പിക്കേണ്ടി വരുന്നത് ദൗര്‍ഭാഗ്യകരമാണ്. എത്രയോ പ്രാവശ്യം ഭരണഘടന കീറിമുറിക്കപ്പെട്ടു. മതസ്വാതന്ത്ര്യം തടയുന്നത് അപകടകരമാണ്. സഭയ്ക്ക് രാഷ്ട്രീയമില്ല. എന്നാല്‍ രാഷ്ട്രീയക്കാരെ തങ്ങളുടെ അവകാശങ്ങള്‍ സംബന്ധിച്ച് പഠിപ്പിക്കാന്‍ ഉത്തരവാദിത്വമുണ്ട്. ക്രൈസ്തവര്‍ അംഗബലത്തിൽ ചെറുതാണെങ്കിലും മൂല്യങ്ങളിൽ സ്വാധീനമുള്ളവരാണെന്നും ബിഷപ് ഉദ്ബോധിപ്പിച്ചു.
ജയിലില്‍ കഴിയുന്ന കന്യാസ്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ ഭരണങ്ങാനത്ത് പാലാ രൂപതയൊന്നാകെ ഒത്തുചേരുകയായിരുന്നു. തീര്‍ഥാടന കേന്ദ്രവും ഫൊറോന ദേവാലയപരിസരവും തിങ്ങിനിറഞ്ഞ അല്മായരും സന്യസ്തരും ജപമാല കൈകളിലേന്തി പ്രാര്‍ഥനയോടെയാണ് ജയിലില്‍ കഴിയുന്ന കന്യാസ്ത്രീകള്‍ക്കു വേണ്ടി പ്രാര്‍ഥിച്ചും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും വിശുദ്ധ അല്‍ഫോന്‍സാമ്മയ്ക്ക് അവരെ സമര്‍പ്പിച്ചത്.
തീര്‍ഥാടന ദേവാലയത്തില്‍നിന്ന് ആരംഭിച്ച ജപമാല റാലി ഫൊറോന ദേവാലയം ചുറ്റി തിരികെ തീര്‍ഥാടന ദേവാലയത്തിലെത്തി സമാപിച്ചു. ഫൊറോന വികാരി ഫാ. സഖറിയാസ് ആട്ടപ്പാട്ട് സ്വാഗതവും രൂപത മുഖ്യ വികാരി ജനറാള്‍ മോണ്‍. ജോസഫ് തടത്തില്‍ കൃതജ്ഞതയും പറഞ്ഞു. മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍, മാര്‍ ജോസഫ് കൊല്ലംപറമ്പില്‍, വികാരി ജനറാള്‍മാരായ മോണ്‍. ജോസഫ് മലേപ്പറമ്പില്‍, മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്, മോണ്‍. ജോസഫ് കണിയോടിക്കല്‍, ഫൊറോന വികാരിമാര്‍, ജനപ്രതിനിധികള്‍, വിവിധ അല്മായ സംഘടനാ ഭാരവാഹികള്‍, സന്യസ്തര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ആക്രമണം ഭാരതത്തിന്റെ ആത്മാവിനേറ്റ മുറിവ്: മാര്‍ മൂലക്കാട്ട്
കോട്ടയം: ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകള്ക്കുനേരേയുണ്ടായ ആക്രമണം ആര്‍ഷ ഭാരതത്തിന്റെ ആത്മാവിനേറ്റ മുറിവാണെന്നും ഭാരതസ്ത്രീകള്‍ തന് ഭാവശുദ്ധിയെ ഭരണകൂടം ഇരുമ്പഴിക്കുള്ളിലാക്കിയിരിക്കുകയാണെന്നും കോട്ടയം ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്.
ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ചു കോട്ടയം പൗരാവലിയുടെയും വിവിധ സംഘടനകളുടെയും ആഭിമുഖ്യത്തില്‍ കോട്ടയം തിരുനക്കരയില്‍ നടന്ന പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു മാര്‍ മൂലക്കാട്ട്. നന്മയുടെ വെളിച്ചം പകർന്ന് സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മഹത്വം ലോകത്തിനു വെളിവാക്കി പ്രവര്‍ത്തിക്കുന്ന ക്രൈസ്തവ സമൂഹത്തെ ഇല്ലാത്ത കാരണങ്ങളുടെ പേരില്‍ ഒതുക്കാനും തളര്‍ത്താനും ശ്രമിച്ചാല്‍ ഭാരതം അതിനു സമ്മതിക്കില്ലെന്നും മാര്‍ മൂലക്കാട്ട് പറഞ്ഞു.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ, കോട്ടയം അതിരൂപത വികാരി ജനറാളും രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറുമായ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, കാരിത്താസ് ആശുപത്രി ഡയറക്ടര്‍ റവ.ഡോ. ബിനു കുന്നത്ത്, സിപിഐ ജില്ലാ സെക്രട്ടറി വി.ബി. ബിനു, സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കെ. അനില്‍കുമാര്‍, എംജി യൂണിവേഴ്സിറ്റി സിന്‍ഡിക്കറ്റംഗം റെജി സഖറിയ, ക്നാനായ കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് ബാബു പറമ്പടത്തുമലയില്‍, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ജയ്സണ്‍ ജോസഫ്, ദര്‍ശന സാംസ്കാരിക കേന്ദ്രം ഡയറക്ടര്‍ ഫാ. എമില്‍ പുള്ളിക്കാട്ടില്‍, കോട്ടയം ലൂർദ് ഫൊറോന വികാരി റവ.ഡോ. ജോർജ് വട്ടക്കാട്ട്, സിസ്റ്റര്‍ സൗമ്യ, ഡോ. കെ.എം. ബെന്നി, സണ്ണി കാഞ്ഞിരം, മാത്യു കൊല്ലമലക്കരോട്ട്, ബേബി മുളവേലിപ്പുറം, ബിനു ചെങ്ങളം തുടങ്ങിയവര്‍ പ്രസംഗിച്ചു.
അടിയന്തര നടപടിയുണ്ടാകണം: കോട്ടയം അതിരൂപത
കോട്ടയം: ഛത്തീസ്ഗഡില്‍ സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസിനെയും സിസ്റ്റര്‍ പ്രീതി മേരിയെയും അന്യായമായി ജയിലിലടച്ചത് ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് കോട്ടയം അതിരൂപത. സ്വതന്ത്രഭാരതത്തില്‍ എല്ലാ പൗരന്മാര്ക്കും തുല്യ അവകാശമുണ്ടെന്നിരിക്കെ നിസ്വാര്‍ഥമായി സാമൂഹ്യശുശ്രൂഷ ചെയ്യുന്ന കന്യാസ്ത്രീകള്‍ക്ക് സഭാവസ്ത്രം ധരിച്ച് രാജ്യത്ത് യാത്രചെയ്യാന്‍പോലും കഴിയാത്ത അവസ്ഥ അങ്ങേയറ്റം ഭീതിജനകമാണ്. കേന്ദ്രസര്‍ക്കാരും ഛത്തീസ്ഗഡ് ഭരണാധികാരികളും മൗനംവെടിഞ്ഞ് നീതിയുടെ പക്ഷത്തു നില്‍ക്കണം.
സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസിനും സിസ്റ്റര്‍ പ്രീതി മേരിക്കും അവര്‍ അംഗങ്ങളായ സന്യാസിനീ സമൂഹത്തിനുമൊപ്പമാണ് കോട്ടയം അതിരൂപത. അവര്‍ നേരിടുന്ന അധിക്ഷേപങ്ങളെ അതിരൂപത ഒന്നടങ്കം അപലപിക്കുന്നു.
സിസ്റ്റേഴ്സിനെതിരേ ചുമത്തിയിരിക്കുന്ന കള്ളക്കേസുകള്‍ അടിയന്തരമായി പിന്‍വലിക്കണമെന്നും കോട്ടയം അതിരൂപത ആവശ്യപ്പെട്ടു.