അജ്മൽ
ചെങ്ങന്നൂർ: എംസി റോഡിൽ മുളക്കുഴ ഊരി കടവിൽ ഇന്നോവ കാറും ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മുളക്കുഴ, കുഴി ഉഴത്തിൽ കെ.എം. ഷാജഹാൻ റസീന ദമ്പതികളുടെ മകൻ അജ്മൽ (27) ആണ് മരിച്ചത്.
ചൊവ്വാഴ്ച പുലർച്ചെ 1:30 ഓടെയാണ് അപകടം നടന്നത്. തട്ടുകടയിൽ ഭക്ഷണം കഴിക്കാനായി മുളക്കുഴയിൽ എത്തിയ ജീപ്പ് റോഡിൽ തിരിക്കുന്നതിനിടെ ചെങ്ങന്നൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ഇന്നോവ കാർ ഇടിക്കുകയായിരുന്നു. ജീപ്പ് തിരിക്കുന്നത് കണ്ട് മുന്നിലുണ്ടായിരുന്ന കാർ വെട്ടിച്ചു മാറിയെങ്കിലും തൊട്ടുപിന്നാലെയെത്തിയ ഇന്നോവ കാർ സമീപത്തെ ക്രാഷ് ബാരിയറിൽ ഇടിച്ച ശേഷം ജീപ്പിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അജ്മലിനെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജീപ്പിലുണ്ടായിരുന്ന മുളക്കുഴ അനിതാലയത്തിൽ അതുൽ കൃഷ്ണ, മുളക്കുഴ സ്വദേശി ഷിയാസ് എന്നിവർ ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവർ സുഖം പ്രാപിച്ചുവരുന്നു. കാറിലുണ്ടായിരുന്ന യാത്രക്കാരനും നിസാര പരിക്കേറ്റിരുന്നു.
ഉഗ്രശബ്ദം കേട്ട് ഓടിയെത്തിയ സമീപവാസികളാണ് പൊലിസിനെ വിവരമറിയിക്കുകയും പരിക്കേറ്റവരെ ആശുപത്രിയിലാക്കാൻ സഹായിക്കുകയും ചെയ്തത്. കെ.എസ്. അഫ്സൽ ആണ് സഹോദരൻ. അജ്മലിന്റെ സംസ്കാരം നടത്തി.
Tags : Local News Nattuvishesham Accident MC Road Young man