പ്രതീകാത്മക ചിത്രം
മഞ്ചേരി: ബാങ്ക് വായ്പ തിരിച്ചടവ് മുടങ്ങിയതിനെത്തുടര്‍ന്ന് പെരിന്തല്‍മണ്ണ വേങ്ങൂരിലെ വീട് ജപ്തി ചെയ്യാനെത്തിയ അഭിഭാഷക കമ്മീഷന് അംഗങ്ങളെ ഭീഷണിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്തെന്ന കേസില്‍ നജീബ് കാന്തപുരം എംഎല്‍എക്കെതിരേയുള്ള നടപടികള്‍ മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഹൈക്കോടതിയുടെ പരിഗണനയ്ക്കായി അയച്ചു. എംഎല്‍എ സമര്‍പ്പിച്ച മാപ്പപേക്ഷയും വിശദീകരണവും പരിഗണിക്കാതെയാണ് സിജെഎം സരിത രവീന്ദ്രന്റെ നടപടി.
2026 സെപ്റ്റംബര്‍ 25നാണ് കേസിനാസ്പദമായ സംഭവം. കോടതി ഉത്തരവ് പ്രകാരം ജപ്തി നടപടികള്‍ക്കായി കെ.പി. കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ വേങ്ങൂരിലെ വീട്ടിലെത്തിയ അഭിഭാഷക കമ്മീഷനെ എംഎല്‍എ തടസപ്പെടുത്തുകയും സ്ത്രീകള്‍ അടക്കമുള്ള അംഗങ്ങളെ അധിക്ഷേപിക്കുകയും ചെയ്തെന്നാണ് കേസ്.
എന്നാല്‍, സ്ത്രീകള്‍ മാത്രമുള്ള വീട്ടിലെത്തിയ ജപ്തി സംഘത്തിന് മുന്നില്‍ ആത്മഹത്യാ ഭീഷണി മുഴക്കിയ കുടുംബത്തെ സഹായിക്കാനെത്തിയ ജനപ്രതിനിധി എന്ന നിലയിലുള്ള വൈകാരിക പ്രതികരണം മാത്രമാണ് തന്നില്നിന്നുണ്ടായതെന്നാണ് കേസില്‍ എംഎല്‍എയുടെ വിശദീകരണം.