പെരിനാട് കുറ്റിയില്ക്കട റോഡ്.
കൊല്ലം: പെരിനാട് പഞ്ചായത്തിലെ കുറ്റിയില്ക്കട-കുഴിയം തെക്ക് റോഡ് പണി മുടങ്ങിയതോടെ യാത്രക്കാര്‍ ദുരിതത്തിലായി. വര്‍ഷങ്ങളായി റോഡ് പൊട്ടിപ്പൊളിഞ്ഞു കിടക്കുകയായിരുന്നു. നാട്ടുകാരുടെ പ്രതിഷേധത്തെത്തുടര്‍ന്നാണ് പണി ആരംഭിച്ചത്. എന്നാല്‍ 11 മാസം കഴിഞ്ഞിട്ടും നിര്‍മാണം എങ്ങും എത്തിയില്ല.
ഒന്നര കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡില്‍ കുഴിയം തെക്ക് കരയോഗ മന്ദിരം വരെയുള്ള ഭാഗം വരെ പുനര്‍നിര്‍മിച്ചു. ബാക്കി ഭാഗം ജെസിബി ഉപയോഗിച്ച് ഇളക്കിമറിച്ച നിലയില്‍ ഉപേക്ഷിച്ചിരിക്കുകയാണ്. ടാറിന്റെ വിലവര്‍ധന കാരണം കരാറുകാരന് പണി നിര്‍ത്തിവച്ചിരിക്കുകയാണ്.
പശ്ചിമേഷ്യന്‍ യുദ്ധത്തെത്തുടര്‍ന്ന് ടാറിന്റെ വില കുതിച്ചുയര്‍ന്നു. എടുത്ത തുകയ്ക്ക് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്നാണ് കരാറുകാരന് പറയുന്നത്. റോഡ് പുനര്‍നിര്‍മാണം പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മാസം നാട്ടുകാര്‍ സായാഹ്ന ധര്‍ണ നടത്തിയിരുന്നു.
നിരവധി ആരാധനാലയങ്ങളും സ്കൂളുകളും പ്രവര്‍ത്തിക്കുന്ന പ്രദേശത്ത് ബസ് സര്‍വീസില്ലാത്തതിനാല്‍ ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളുമാണ് നാട്ടുകാരുടെ ആശ്രയം.
റോഡിലെ മെറ്റലിലും കുഴികളിലുംപെട്ട് വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നതും കേടുപാടുകള്‍ സംഭവിക്കുന്നതും പതിവായതോടെ ഓട്ടോറിക്ഷകള്‍ പോലും ഇതുവഴി വരാന്‍ മടിക്കുകയാണ്. ചന്ദനത്തോപ്പിലേക്ക് വേഗം എത്താനുള്ള പ്രധാന പാതയാണിത്.
Tags : Roadwork Halted Nattuvishesham DistrictNews DeepikaNews