ഒത്തുകൂടാം... നാട്ടു മാഞ്ചോട്ടിൽ
സുരേഷ്കുമാർ കളർകോട്
Thursday, July 31, 2025 3:17 PM IST
ഇരുനൂറ് വർഷം പ്രായമുള്ള വെല്ലത്താൻ ഇനം നാട്ടുമാവ് സംരക്ഷിക്കാൻ പത്തുവർഷം മുന്പ് ഒത്തുകൂടിയവരിലൂടെ രൂപപ്പെട്ടതു മാന്പഴ പ്രേമികളുടെ വിപുലമായ കൂട്ടായ്മ. കാലക്രമേണ ആ കൂട്ടായ്മയ്ക്ക് ന്ധനാട്ടു മാഞ്ചോട്ടിൽന്ധ എന്ന പേരും കിട്ടി.
വർഷത്തിൽ ഒരിക്കൽ മുടങ്ങാതെ നാട്ടുമാഞ്ചോട്ടിൽ കൂടുന്നവർ ഒന്പതാം തവണയും പതിവ് തെറ്റിച്ചില്ല. നാട്ടുമാവ് സംരക്ഷകരെയും കൃഷിക്കാരെയും മാന്പഴ സ്നേഹികളെയും കാർഷിക ഗവേഷകരെയും വിദ്യാർഥികളെയും പങ്കെടുപ്പിച്ചു കൊണ്ടാണ് ഇത്തവണയും അവർ ഒത്തു കൂടിയത്.
നാട്ടുമാവുകൾ ധാരാളമായുള്ള കണ്ണൂരിലെ കുറുവക്കാവ് ചുണ്ടയെന്ന സ്ഥലത്തായിരുന്നു കൂടിച്ചേരൽ. ന്ധനാട്ടു മാഞ്ചോട്ടിൽന്ധ സ്ഥാപകനും കോഡിനേറ്ററും ജിനോം സേവ്യർ ആവാർഡ് ജേതാവുമായ ഷൈജു മച്ചാത്തി ഒത്തു ചേരലിന്റെ ലക്ഷ്യങ്ങൾ വിശദീകരിച്ചു.
കേരളത്തിൽ നടന്നു വരുന്ന നാട്ടുമാവ് സംരക്ഷണ പ്രവർത്തനങ്ങൾ മറ്റു സംസ്ഥാനങ്ങളിൽ കൂടി വ്യാപിപ്പിക്കാനും അതിനുവേണ്ടി സമാന ചിന്താഗതിക്കാരുടെ ശൃംഖല രൂപീകരിക്കാനും യോഗം തീരുമാനിച്ചു.
നാട്ടുമാവുകളിൽ അറിയപ്പെടാതെ പോകുന്നതും മൗലിക സ്വഭാവമുള്ളതുമായ മാവുകളുടെ ജീൻ ബാങ്കുകൾ ഉണ്ടാക്കുകയും അതത് പ്രദേശങ്ങളിലെ നാട്ടുമാവിനങ്ങളെ സംരക്ഷിക്കുകയും ചെയ്യുക എന്നതായിരുന്നു ഇത്തവണത്തെ ഒത്തുചേരലിന്റെ മുഖ്യ അജൻഡ.
സതീഷ് ആവ്തെ, ഡോ. കെ. പ്രദീപ്, ഡോ. ജോസഫ് ജോണ്, ഡോ. മനോഹർ ഉപാധ്യായ, നാട്ടുമാവ് സംരക്ഷകരായ ചരൻ, സോവർ, സെലസ്റ്റൈൻ മക്കാഡോ, അബ്ദുൾ ഹക്കിം കാംകർ, ശ്രീധന്യ ഐ.എ.എസ്. തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
കണ്ണൂർ ജില്ലാ പഞ്ചായത്ത് അസൂത്രണ സമതി വൈസ് ചെയർമാൻ ടി.ഗംഗാധരൻ മോഡറേറ്ററായി. മാഞ്ചിഫെറ - 25 എന്ന പേരിൽ നാട്ടുമാന്പഴങ്ങളുടെ പ്രദർശനവും സംഘടിപ്പിച്ചു.
കേരളത്തിലെ മുഴുവൻ നാട്ടുമാവിനങ്ങളെയും മൗലിക സ്വഭാവമുള്ള പേരില്ലാത്ത ഇനങ്ങളെയും സംരക്ഷിച്ചു കൊണ്ടുള്ള തോട്ടം തയാറാക്കുക, കോൾ ബിഫോർ കട്ട് കാന്പയിൻ ശക്തമാക്കുക, പുതുജീവൻ നൽകിയിട്ടുള്ള മുപ്പതിൽപരം ഇനങ്ങളെ ഒറ്റ കേന്ദ്രത്തിൽ സംരക്ഷിക്കുക, നാട്ടു മാവിനങ്ങളെക്കുറിച്ചുള്ള റഫറൻസ് ഗ്രന്ഥം തയാറാക്കുക, ദേശീയ തലത്തിൽ രൂപീകരിക്കപ്പെട്ട കൂട്ടായ്മയുടെ ഭാഗമായി യാത്രകൾ സംഘടിപ്പിക്കുക എന്നിവയിലും തീരുമാനമായി.
നാട്ടു മാന്പഴ ഇനങ്ങളുടെ വൈവിധ്യം നേരിട്ടു കണ്ട് മനസിലാക്കാൻ കണ്ണൂരിലെ വിവിധ ഗ്രാമങ്ങളിലൂടെ ഒരു പഠന യാത്രയും ആസൂത്രണം ചെയ്തിട്ടുണ്ട്. ചുണ്ടയിലെ പ്രായമേറിയ നാട്ടുമാവിൻ ചുവട്ടിൽ വച്ചായിരുന്നു മാന്പഴങ്ങളുടെ പ്രദർശനവും ഒത്തുചേരലും. 140 ഇനം നാടൻ മാന്പഴങ്ങളാണ് പ്രദർശിപ്പിച്ചത്.
നാടൻ മാന്പഴങ്ങളുടെ വ്യത്യസ്തമായ രുചിയും, മണവും ആസ്വദിക്കുന്നതിനും നാടൻ മാങ്ങകൾ നേരിൽ കാണുന്നതിനും ഇത് അവസരമൊരുക്കി. നാടൻ മാന്പഴം കേടു കൂടാതെ ദീർഘനാൾ സൂക്ഷിച്ചിരുന്ന പഴയ സന്പ്രദായങ്ങളും രീതികളും മുതിർന്ന കർഷകർ വിവരിച്ചു.
നാടൻ മാന്പഴത്തിൽ നിന്നു മൂല്യവർധിത ഉത്പന്നങ്ങൾ തയാറാക്കുന്നതിനെക്കുറിച്ചും കൂട്ടായ്മ ചർച്ച ചെയ്തു. ന്ധനാട്ടു മാഞ്ചോട്ടിൽന്ധ എത്തിയ എല്ലാവർക്കും മുഴുവൻ മാന്പഴങ്ങളുടെ രുചി ആസ്വദിക്കാനും പച്ചമാങ്ങ പാൽ പായസവും, പഴുത്ത മാങ്ങ പ്രഥമനുമടക്കം കഴിക്കാനും അവസരം കിട്ടി.
ഫോണ്: 9496787822