പാമ്പാടിയിൽ പോകാം; അരിഞ്ഞെടുത്ത കറിക്കൂട്ട് വാങ്ങാം
Tuesday, August 12, 2025 12:37 PM IST
പതിനൊന്നു കൂട്ടം പച്ചക്കറികളടങ്ങിയ അവിയൽ കൂട്ട്, വെണ്ടയ്ക്കയും കിഴങ്ങും തക്കാളിയുമെല്ലാമായി സാന്പാർ കൂട്ട്, പൊളിച്ചെടുത്ത ഉള്ളി, തോരനും മെഴുക്കുവരട്ടിക്കുമുള്ള പയർ, ബിൻസ്, ചേന, ബീറ്റ്റൂട്ട്, കാരറ്റ്, ചിരകിയ തേങ്ങ, അരിഞ്ഞ ചക്ക തീർന്നില്ല, തോരനുള്ള വാഴച്ചുണ്ട്, കപ്പളങ്ങ എന്നിവയുമുണ്ട്.
വാങ്ങുക, പാകം ചെയ്യുക, കഴിക്കുക. ഇതു കേൾക്കുന്പോൾ തന്നെ ജോലിക്കാരായ വീട്ടമ്മമാർക്കും ഒറ്റയ്ക്കു താമസിക്കുന്ന മുതിർന്നവർക്കും ആശ്വാസമാകുമെന്ന കാര്യം ഉറപ്പ്. കോട്ടയം ജില്ലയിലെ പാന്പാടി സർവീസ് സഹകരണ ബാങ്ക് ആവിഷ്കരിച്ച് നടപ്പാക്കിയ "റെഡി ടു കുക്ക്' എന്ന ഈ ആശയം രണ്ടു മാസം പിന്നിടുന്പോൾ വിപണിയിൽ വൻ ഹിറ്റായിക്കഴിഞ്ഞു.
സംസ്ഥാനത്ത് ആദ്യമായാണ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ഇത്തരത്തിലൊരു സംരംഭം. അവിയൽ കൂട്ടിന് 60 രൂപയാണു വില. ചിരവിയ തേങ്ങ പായ്ക്കറ്റിനും 60 രൂപ കൊടുക്കണം. തൂക്കം 300-400 ഗ്രാം വരും. ഏത്തയ്ക്ക അരിഞ്ഞതിനു 50 രൂപയും പയറിനു 40 രൂപയും കപ്പളങ്ങ അരിഞ്ഞതിനു 30 രൂപയുമാണ് ഈടാക്കുന്നത്.
പാമ്പാടി പഞ്ചായത്ത് ഷോപ്പിംഗ് കോപ്ലക്സിലാണ് റെഡി ടു കൂക്കിന്റെ പ്രവർത്തനം. മാർക്കറ്റിൽ നിന്നും കർഷകരിൽ നിന്നും നേരിട്ടാണു പച്ചക്കറി വാങ്ങുന്നത്. തികയാതെ വരുന്നത് വട്ടവട, ഊട്ടി, മേട്ടുപാളയം എന്നിവിടങ്ങളിൽ നിന്നും വരുത്തും.
ഇങ്ങനെ വാങ്ങുന്ന പച്ചക്കറികൾ പാന്പാടിക്കു സമീപം കുറ്റിക്കലിലെ മെയിൻ ഓഫീസിനോട് ചേർന്ന കെട്ടിടത്തിൽ കുടുംബശ്രീ പ്രവർത്തകർ ഉപ്പും മഞ്ഞൾപ്പൊടിയും വിനാഗിരിയും ചേർത്ത് പലതവണ കഴുകി വെടിപ്പാക്കും. ഇതിനു വലിയ കാനുകളുണ്ട്.

വൃത്തിയക്കിയെടുക്കുന്ന പച്ചക്കറികൾ പുളിത്തടിയിൽ സ്റ്റീൽ പിച്ചാത്തി ഉപയോഗിച്ചാണ് അരിഞ്ഞെടുക്കുന്നത്. അവിയലിനും സാന്പാറിനും തോരനുമൊക്കെ പ്രത്യേക രീതിയിലാണ് അരിയുന്നത്. അരിഞ്ഞ പച്ചക്കറികൾ തൂക്കി കൂട്ടിലാക്കി ഒൗട്ട്ലെറ്റിലെ പ്രത്യേക റഫ്രിജറേറ്ററിൽ സൂക്ഷിക്കും. ഇപ്പോൾ ദിവസേന 60 മുതൽ 80 വരെ കിലോയുടെ പച്ചക്കറിയാണു വിൽക്കുന്നത്.
പച്ചക്കറി കൂട്ടുകൾ മാത്രമല്ല സഹകരണ മേഖലയിൽ ഉൾപ്പെടെയുള്ള വിവിധ സംരംഭങ്ങളുടെ മൂല്യവർധിത ഉത്പന്നങ്ങളും ഔട്ട് ലെറ്റിലുണ്ട്. ഒറിജിനൽ മറയൂർ ശർക്കരയും ഇവിടെ വില്പനയ്ക്കുണ്ട്. ഗുരുവായൂർ ക്ഷേത്രത്തിലേക്കുള്ള നിവേദ്യത്തിനായി മറ്റത്തുർ ലേബർ സൊസൈറ്റി നൽകുന്ന കദളിപ്പഴത്തിൽ മിച്ചം വരുന്നത് ഉപയോഗിച്ച് നിർമിക്കുന്ന ഹൽവയും ഇവിടെ ലഭിക്കും.
റെയ്ഡ്കോ കറിപൊടികൾ, റബ്കോ വെളിച്ചെണ്ണ, ചിറ്റൂർ യുവജന സഹകരണ സംഘം കൃഷി ചെയ്യുന്ന പാളയംകോടൻ വാഴയിൽ നിന്നുണ്ടാക്കുന്ന വാഴപിണ്ടി ജ്യൂസ്, സ്ക്വാഷ്, വാഴച്ചുണ്ട് ചമ്മന്തിപൊടി എന്നിവയ്ക്കും നല്ല ഡിമാൻഡാണ്.
ഇടുക്കി തങ്കമണി ബാങ്കിന്റെ തേയില ഉത്പന്നങ്ങൾ, പൊക്കാളി റൈസ്, ചക്കപ്പഴത്തിന്റെയും വാഴപ്പഴത്തിന്റെയും വിവിധ മൂല്യവർധിത ഉത്പന്നങ്ങൾ എന്നിവയുമുണ്ട്. നാട്ടുകാരുടെ ആരോഗ്യമാണ് നമ്മുടെ ലാഭമെന്നാണ് ന്ധറെഡി ടൂ കുക്കി’ നു നേതൃത്വം നൽകുന്ന പാന്പാടി സഹകരണ ബാങ്ക് പ്രസിഡന്റ് വി.എം. പ്രദീപ് പറഞ്ഞു.
പച്ചക്കറികൾക്ക് വില വർധിച്ചെങ്കിലും വില കൂട്ടിയിട്ടില്ല. ലാഭം നോക്കാതെ കുറച്ചു പേർക്കു തൊഴിൽ നൽകുന്നതിനൊപ്പം നാട്ടുകാരുടെ ആരോഗ്യത്തിനും നല്ല ഭക്ഷണത്തിനുമാണ് ബാങ്ക് പ്രാധാന്യം നൽകുന്നത്. കസ്റ്റമേഴ്സിന്റെ നേതൃത്വത്തിൽ ഒരു വാട്സ് ആപ്പ് ഗ്രൂപ്പുമുണ്ട്.
ഈ ഗ്രൂപ്പിലൂടെ ഇവിടെ നിന്നു വാങ്ങുന്ന സാധനങ്ങൾ പാചകം ചെയ്യുന്ന വിധവും ഇതിന്റെ ആരോഗ്യ ഗുണങ്ങളും അംഗങ്ങൾ ഷെയർ ചെയ്യും. വിവരമറിഞ്ഞ് ദൂരദിക്കുകളിൽ നിന്നു പോലും ആളുകൾ കറിക്കൂട്ടുകൾ വാങ്ങാൻ എത്താറുണ്ട്. ഏറ്റവും ഡിമാൻഡ് കദളി ഹൽവയ്ക്കാണ്.
വാഴച്ചുണ്ട് ചമ്മന്തിപൊടി, സാന്പാർ, അവിയൽ കൂട്ടുകൾ, കപ്പളങ്ങ തോരൻ എന്നിവയ്ക്കും ആവശ്യക്കാരേറെ. ആവശ്യക്കാരേറിയതോടെ കോട്ടയം നഗരത്തിന് സമീപം മറ്റൊരു ഒൗട്ട്ലെറ്റ് കൂടി ആരംഭിക്കാനുള്ള ശ്രമത്തിലാണ് ഭരണസമിതി.
ബാങ്കിന്റെ മുൻ ഡയറക്ടർ ബോർഡംഗമായിരുന്ന ഇപ്പോഴത്തെ സഹകരണ മന്ത്രി വി.എൻ.വാസവനും പദ്ധതിയുമായി ഏറെ സഹകരിക്കുന്നുണ്ട്.
ഫോണ്: (പ്രസിഡന്റ്) 9961832589