ലണ്ടൻ രാജുവിന്റെ മിന്നും താരം ദുരിയൻ
ജെയിസ് വാട്ടപ്പിള്ളിൽ
Thursday, August 14, 2025 1:02 PM IST
പഴവർഗകൃഷിയിൽ സമൃദ്ധമാണ് പടി.കോടിക്കുളം കൈറ്റിയാനിക്കൽ ലണ്ടൻ രാജു എന്നറിയപ്പെടുന്ന രാജു കെ.ദാമോദരന്റെയും ഭാര്യ മുന്നിയുടെയും കൃഷിയിടം. ദുരിയനാണ് ഇവിടുത്തെ മിന്നും താരം.
50 വർഷം മുന്പ് ദുരിയന്റെ അനന്തസാധ്യതകൾ തിരിച്ചറിഞ്ഞ വ്യവസായ പ്രമുഖനാണ് അദ്ദേഹം. ലണ്ടനിൽ സ്ഥിരതാമസമാക്കിയിരുന്ന രാജുവും കുടുംബവും നാട്ടിലെത്തി പുതിയ വീട് നിർമിച്ചശേഷമാണ് പഴവർഗകൃഷിയിലേക്കു തിരിഞ്ഞത്.
വീടിനോടു ചേർന്നുള്ള പത്തേക്കറോളം സ്ഥലത്താണ് കൃഷി. നാടൻ പ്ലാവിനോളം വലുപ്പമുള്ള ദുരിയൻ മരങ്ങളാണു പുരയിടത്തിൽ വളർന്നു നിൽക്കുന്നത്. ലണ്ടനിൽ നിന്നു കൊണ്ടുവന്ന ദുരിയന്റെ വിത്ത് മുളപ്പിച്ചെടുത്തു നടുകയായിരുന്നു.
25 വിത്തുകൾ പാകിയെങ്കിലും ചുരുക്കം വിത്തുകൾ മാത്രമാണ് മുളച്ചത്. പിന്നീട് മുളച്ചു വന്ന തൈകൾ സൂര്യപ്രകാശം നന്നായി ലഭിക്കുന്നിടത്തേക്കു പറിച്ചു നട്ടു. അവയുടെ വളർച്ച കണ്ട് കൂടുതൽ തൈകൾ വാങ്ങി നട്ടു. അങ്ങനെ അന്പതോളം ദുരിയാൻ മരങ്ങളായി.
ദുരിയൻ പഴങ്ങൾക്ക് നാട്ടിലും വിദേശത്തും വൻ ഡിമാൻഡാണ്. കൃഷിയിടത്തിൽ കിലോയ്ക്ക് 700 രൂപ നിരക്കിലാണ് വിൽക്കുന്നത്. കച്ചവടക്കാർ അത് തമിഴ്നാട്ടിൽ എത്തിക്കും. അവിടെ നിന്നാണ് വിദേശങ്ങളിലേക്കു കയറ്റുമതി ചെയ്യുന്നത്.
വന്ധ്യതയ്ക്ക് ഏറെ ഉത്തമമാണ് ദുരിയൻ. ഇതിനുപുറമെ വിവിധ ഇനങ്ങളിലുള്ള 25-ഓളം പ്ലാവുകൾ, സ്റ്റാർഫ്രൂട്ട്, നോനി, മുള്ളാത്ത, ജാതി, മങ്കോസ്റ്റിൻ, ഫുലാസാൻ, നെല്ലി, റംബുട്ടാൻ, പേരകം, വന്പിളി നാരകം, മുട്ടപ്പഴം, അത്തി, അവ്ക്കാഡോ, വിവിധയിനം വാഴകൾ തുടങ്ങി നിരവധി പഴവർഗ ഇനങ്ങൾ അദ്ദേഹം നട്ടു പരിപാലിക്കുന്നുണ്ട്.
ഇടവിളയായി കൊക്കോ
റബറിനു വില കുറഞ്ഞപ്പോൾ വെട്ടി നീക്കാൻ പല കർഷകരും ഉപദേശിച്ചതെങ്കിലും രാജുവിന്റെ വഴി മറ്റൊന്നായിരുന്നു. റബറിനൊപ്പം മറ്റുവിളകൾ ഇടവിളയായി കൃഷി ചെയ്ത് ലാഭമുണ്ടാക്കാനായിരുന്നു ഇദ്ദേഹത്തിന്റെ ശ്രമം.
ഇതനുസരിച്ച് നാലു റബർ മരങ്ങളുടെ മധ്യത്തിൽ കൊക്കോ നട്ടു. സംസ്ഥാനത്തു തന്നെ ഇത് ആദ്യ പരീക്ഷണമായിരുന്നു. ഈ രീതി വിജയമായതോടെ നിരവധിപ്പേർ ഇത്തരത്തിലുള്ള പരീക്ഷണത്തിനു തയാറായി രംഗത്തെത്തി.
അക്കാലയളവിൽ റബർകൃഷിക്ക് റബർബോർഡ് സബ്സിഡി അനുവദിച്ചിരുന്നു. എന്നാൽ റബറിനൊപ്പം മറ്റു കൃഷികൾ പാടില്ലെന്ന നിബന്ധന പാലിച്ചാലെ സബ്സിഡി ലഭിക്കുമായിരുന്നുള്ളൂ.
ഇതു വേണ്ടെന്നു വച്ചാണ് രാജു തോട്ടത്തിൽ കൊക്കോ കൃഷി ആരംഭിച്ചത്. റബറിനൊപ്പം കൊക്കോയിൽനിന്നുള്ള വരുമാനവും കൂടി ലഭിച്ചു തുടങ്ങിയതോടെ രാജുവിന്റെ പരീക്ഷണം വിജയം കണ്ടു.

വറ്റാത്ത കുളം
കൃഷിയിടം നനയ്ക്കുന്നതിനു പുരയിടത്തിൽ 10 സെന്റിലേറെ വിസ്തൃതിയിൽ ജലസമൃദ്ധമായ ഒരു കുളമുണ്ട്. ഏതു വേനലിലും വറ്റാത്ത ഉറവയുള്ളതിനാൽ നന പ്രശ്നമാവാറില്ല. രാസവളവും ജൈവളവും ഇടകലർത്തിയുള്ള കൃഷിരീതിയാണ് ഇദ്ദേഹം അനുവർത്തിക്കുന്നത്.
ഗിന്നസ് ജേതാവ്
152 മണിക്കൂർ തുടർച്ചയായി ജോലി ചെയ്ത് ഗിന്നസ് ബുക്കിൽ ഇടം നേടിയ വ്യക്തിയാണ് രാജു ദാമോദരൻ. ഇംഗ്ലണ്ടിൽ റസ്റ്ററന്റുകളുടെ ശൃംഖല തന്നെ ഇദ്ദേഹത്തിന് സ്വന്തമായുണ്ടായിരുന്നു.
ഫാസ്റ്റ് ഫുഡ് സർവീസ് നടത്തുന്ന ഡൈനേഴ്സ് ഡെൻ റസ്റ്ററന്റിന്റെ മാനേജ്മെന്റ് രംഗത്തെ പ്രവർത്തനത്തിനാണ് അദ്ദേഹം ഗിന്നസ് നേടിയത്. കഠിനാധ്വാനത്തിനുള്ള അംഗീകാരം. ലണ്ടനിൽ ബിസിനസ് മേഖലയിൽ 30 വർഷത്തോളം ഇദ്ദേഹം കർമനിരതനായിരുന്നു.
160-ഓളം രാജ്യങ്ങൾ സന്ദർശിച്ചിട്ടുള്ള രാജു തന്റെ യാത്രയ്ക്കിടെ വിദേശരാജ്യങ്ങളിലെ കൃഷിയിടങ്ങൾ സന്ദർശിച്ച് കൃഷിരീതികൾ മനസിലാക്കാൻ പ്രത്യേക താത്പര്യമെടുത്തിരുന്നു.
പടി. കോടിക്കുളത്ത് നിർമിച്ച പൗരാണികത നിറഞ്ഞുനിൽക്കുന്ന ആഡംബരവസതി സിനിമനിർമാതാക്കളുടെ ഇഷ്ട ലൊക്കേഷൻ കൂടിയാണ്. വിവിധ ഭാഷകളിലായി ഇതുവരെ 87 സിനിമകളുടെ ചിത്രീകരണം ഇവിടെ നടന്നുകഴിഞ്ഞു.
കൃഷിക്കുപുറമെ പൊതുരംഗത്തും ഈ ദന്പതികൾ സജീവമാണ്. ദുരിയൻ കൃഷിയെക്കുറിച്ച് കേട്ടറിഞ്ഞ് പി.ജെ.ജോസഫ് എംഎൽഎ ഇദ്ദേഹത്തിന്റെ വീട്ടിലെത്തിയിരുന്നു.