പുരപ്പുറം നിറയെ പച്ചക്കറികളുമായി രമാദേവിയുടെ കാർഷിക വിപ്ലവം
Tuesday, August 19, 2025 11:21 AM IST
ചങ്ങനാശേരി പെരുന്ന ആവണിയില്‍ രമാദേവിയുടെ രണ്ടു വീടുകള്‍ നിറയെ വിളഞ്ഞുനില്‍ക്കുന്ന പച്ചക്കറികള്‍ കണ്കുളിര്ക്കുന്ന ഹരിതാഭ കാഴ്ചയാണ്. മത്തങ്ങ, വഴുതന, കുലവഴുതന, ഓണാട്ടുവഴുതന, വയലറ്റ് നീളന്‍, മാലാഖ, കോഴിക്കോടന്‍ വെങ്ങരി തുടങ്ങി എട്ടിനങ്ങളിലാണ് വഴുതന വിളഞ്ഞിരിക്കുന്നത്.
വെണ്ട ആണെങ്കില്‍ ആനക്കൊമ്പന് (പച്ച, ചുവപ്പ്), അരുണ, കസ്തൂരി തുടങ്ങിയ ഇനങ്ങള്‍. ഉജ്വല, ജ്വാലസഖി, വെള്ളക്കാന്താരി, വയലറ്റ് തുടങ്ങി എരിവ് കൂടിയതും കുറഞ്ഞതുമായ മുളകിനങ്ങള്‍. അരുണ, മയില്‍പ്പീലി, സുന്ദരി, മോഹിനി, പൊന്നാങ്കണി തുടങ്ങി അരഡസന്‍ ചീര ഇനങ്ങള്‍.
പെരുന്ന സുബ്രമണ്യംസ്വാമി ക്ഷേത്രം റോഡിന്റെ തുടക്കത്തിലാണ് പതിമൂന്നര സെന്റിലുള്ള രണ്ടു വീടുകളുടെ മട്ടുപ്പാവുകളിലെ രമാദേവിയുടെ കൃഷിയിടം. മംഗള, ലോല, ഗീതിക, അനശ്വര, കാര്‍ക്കൂന്തല്‍ തുടങ്ങിയ പയറിനങ്ങളും ഈ വീട്ടമ്മയുടെ കൃഷിയിടത്തില്‍ തിങ്ങിവിളയുന്നു.
പന്തളം സ്വദേശിനിയായ രമാദേവി ബോട്ടണിയില്‍ ബിരുദാനന്ദര ബിരുദം നേടിയിട്ടുണ്ട്. മുത്തശി കാര്ത്ത്യായനിയില്നിന്നു നേടിയ കൃഷി അറിവാണ് പെരുന്നയിലെ ആവണി വീടിന്റെ മട്ടുപ്പാവിനെയും പരിസരങ്ങളെയും കഴിഞ്ഞ കാല് നൂറ്റാണ്ടിലധികമായി കാര്‍ഷിക സമൃദ്ധിയിലേക്കു നയിച്ചത്.
മഞ്ഞള്‍, മുരിങ്ങ, അരിനെല്ലി, വിവിധതരം നാരകം, ഓമക്ക, സപ്പോര്‍ട്ട, പേര, ആത്ത, പീനട്ട് ബട്ടര്‍, ചെറി തുടങ്ങിയവയെല്ലാം ഈ പുരപ്പുറത്ത് 365 ദിവസവും വിളയുന്നു. ചാക്ക്, എച്ച്ഡിപി ബാഗ്, പ്ലാസ്റ്റിക് ബേസണ്‍, കണ്ടെയ്നറുകള്‍, തെര്‍മോകോള്‍ പെട്ടികള്‍ തുടങ്ങിയവയില്‍ തികച്ചും ശാസ്ത്രീയവും ജൈവ രീതിയിലുമാണ് കൃഷി.
പുരപ്പുറത്ത് വിളയുന്ന കാര്‍ഷികോത്പന്നങ്ങള്‍ വില്‍ക്കുന്നതിനൊപ്പം "രമ ടെറസ് ഗാര്ഡന്’എന്ന ബ്രാന്‍ഡില്‍ ഈ വീട്ടമ്മ വന്‍തോതില്‍ വിത്തിനങ്ങളും വിറ്റുവരുന്നു.
രമാസ് ടെറസ് ഗാര്ഡന് എന്ന യുട്യൂബ് ചാനലിലൂടെ കാര്‍ഷിക വിഭവങ്ങളും വിത്തിനങ്ങളും വില്‍ക്കുന്നതിനൊപ്പം പുത്തന്‍ കാര്‍ഷിക അറിവുകള്‍ വീട്ടമ്മമാരുള്പ്പെടെയുള്ളവര്ക്ക് പകരാനും രമാദേവിക്കു കഴിയുന്നു.
കാര്‍ഷിക മികവിന് നിരവധി പുരസ്കാരങ്ങളും രമാദേവിയെ തേടിയെത്തിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷം കോട്ടയം ജില്ലയിലെ മികച്ച കര്‍ഷകയായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഫോണ്‍. 9446468569.